മുതലമടയ്ക്ക് ചൂരമലയോട് പറയാനുള്ളത്
കിഴക്ക് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്ലിയാമ്പതി മല നിരകൾ, പടിഞ്ഞാറ്, പച്ച പരവതാനി പോലെ നീണ്ടുകിടക്കുന്ന വിശാലമായ സമതലങ്ങൾ. ചുള്ളിയാർ ഡാമും, സീതാർ കുണ്ട് വെള്ളച്ചാട്ടവും, പറമ്പിക്കുളം ടൈഗർ റിസെർവോയറും തുടങ്ങി മുതലമടയിലെ മനം കുളിർക്കുന്ന കാഴ്ച്ചയാണ്. മുതലമടയുടെ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ, ഒരു മാമ്പഴക്കാലത്തിന്റെ സുഗന്ധം ഏറ്റു വാങ്ങിയ കാറ്റിനെയും കടന്ന് വേണം പോകാൻ. അവർക്ക് പറയാനുള്ള ഉയർത്തെഴുന്നേല്പിന്റെ കഥ ഒരിക്കലെങ്കിലും കേൾക്കേണ്ടിയിരിക്കുന്നു, മലയിടിച്ചലിൽ ഉറ്റവരും ഉടയവരും നഷ്ട്ടപ്പെട്ട് മരുഭൂമി പോലെയായ മണ്ണിൽ നിന്ന് കേരളത്തിന്റെ മാംഗോ സിറ്റി കെട്ടിപ്പടുത്ത ഉയിർത്തെഴുന്നേൽപ്പിന്റെ കഥയാണത്.
കർഷകർ താമസിക്കുന്ന താഴ് വരയിൽ നിന്ന് നോക്കിയാൽ നെല്ലിയാമ്പതി മല നിരകൾ കാണാനാകും. ഒരു നവമ്പർ മാസ കാലത്ത് പതിവിലും കൂടുതൽ പേമാരി ആ താഴ് വരയിൽ പെയ്തിറങ്ങി, മൂന്നാം പക്കം കലിതുള്ളി മല താഴേക്ക് ഇറങ്ങി വന്നു, അന്നേരം ചടയനും കുടുംബവും സുഖ നിദ്രയിലായിരുന്നു. പക്ഷെ ഉറക്കം വിട്ടുണർന്ന അയാൾ വെള്ളത്തിലൂടെ ഒഴുകി കൊണ്ടിരിക്കുകയായിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കും തണുപ്പും മേലാസകനം ചുട്ടു നീറുന്ന വേദനയും. നീന്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഭാരമുള്ള എന്തോ തലയിൽ വന്നിടിക്കുന്നത്. ആരൊക്കെയോ ചേർന്ന് രക്ഷപ്പെടുത്തിയ ചടയന് മൂന്ന് മാസക്കാലം ആശുപത്രയിൽ കഴിയേണ്ടി വന്നു, ആശുപത്രി വാസക്കാലത്ത് തലയോട്ടിയിലുണ്ടായ വലിയ മുറിവിന്റെ വേദന അയാൾ അറിഞ്ഞിരുന്നില്ല, അതിലും വലിയ ഹൃദയവേദനയിലായിരുന്നു അയാൾ, മലയിടിച്ചലിൽ വെള്ളം കൊണ്ടുപോയ അച്ഛനെയും അമ്മയെയും സഹോദരനെയും ഓർത്തുള്ള വേദന, സഹോദരിയെ മാത്രമാണ് അയാൾക്ക് ജീവനോടെ തിരികെ കിട്ടിയത്, പക്ഷെ അവരുടെ വലതു കാലും നഷ്ട്ടപെട്ടിരുന്നു. വെള്ളരിമലയുടെ താഴ്‍വാരത്ത് കൂടി ചൂരൽമലയിലെ ജീവനറ്റവരെ ചാലിയാർ പുഴ ഏറ്റുവാങ്ങിയ പോലെ അന്ന് ചുള്ളിയാർ ഡാമും, ഗായത്രി പുഴയും ചടയന്റെ കുടുംബത്തിന്റെയും, അന്നാട്ടുകാരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങി.
77 – ലെ മലയിടിച്ചിലും വെള്ളപ്പൊക്കവും
ഉരുൾപൊട്ടൽ എന്ന വാക്ക് കേരളത്തിന് അത്ര കണ്ട് പരിചയമില്ലാത്ത കാലമായിരുന്നു അത്, പ്രകൃതി ദുരന്തങ്ങളും കേട്ടുകേൾവി മാത്രം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രമമാണ് പാലക്കാട് മുതലക്കുളം. നിലക്കടല, മുതിര പോലുള്ള ധാന്യ വർഗങ്ങൾ കൃഷി ച്യ്തിരുന്ന മലയോര കർഷകരായിരുന്നു കൂടുതലും ആ ഭാഗങ്ങളിൽ താമസിച്ചിരുന്നത്. 1977 നവംബർ 5,6 ദിവസങ്ങളിലായി തുടർച്ചയായി മഴ പെയ്തു കൊണ്ടിരുന്നു. ചടയനെ പോലെ 77 – ലെ മലയിടിച്ചിലിന്റെ ഓർമ്മകളും പേറി നിരവധി പേർ ഇന്നും മുതലമടയിലുണ്ട്.
നവംബർ 7-ന് രാത്രി പത്തുമണിയോടെയാണ് രണ്ടു ദിവസം നിർത്താത്ത പെയ്ത മഴക്ക് ബാക്കിയെന്നോണം മുതലമട പഞ്ചായത്തിൽ ഉരുൾപൊട്ടലുണ്ടാകുന്നത്, അന്ന് ഇരുട്ടി വെളുക്കും മുൻപ് പലയിടത്തും വീണ്ടും ഉരുൾപൊട്ടി, ആദ്യം ഉരുൾപൊട്ടലുണ്ടായത് ചാപ്പകാട്ടിലാണ്, അതിനു പിന്നാലെ ചെമ്മണാംപതി, വെള്ളാരംകടവ്, മേച്ചിറ, പലകപ്പാണ്ടി, ശമാത്തൂർ, കൊല്ലങ്കോടുള്ള ആറുകാട് എന്നിവിടങ്ങളിലും ഉണ്ടായി.
മുതലമട സ്വദേശിയായ നിജാമുദ്ദീന് പ്രായം പതിനഞ്ചായിരുന്നു, ഓർമ്മകളുടെ കുത്തൊഴുക്കിൽ വീഴുമ്പോൾ അയാളിപ്പോഴും അന്നത്തെ ആ സംഭവം നേരിൽ കണ്ടത് പോലെ ഓർത്തെടുക്കുന്നുണ്ട്,പൂർവികരുടെ വാക്കുകളിലൂടെ അയാൾ ജീവിതത്തിൽ പല തവണ ആ ദുരന്തത്തെ കുറിച്ച് കേട്ടറിഞ്ഞിട്ടുമുണ്ട്. ” ഞങ്ങൾ മലയോര കർഷകരാണ് ഇവിടെ ഏറിയ പങ്കും താമസിക്കുന്നത്, കൃത്യമായി പറഞ്ഞാൽ 44 വർഷം മുൻപാണ്, ആളുകൾ കന്നുകാലികളുടെ കൃഷി പോലും തുടങ്ങിയിട്ടില്ല. മുതിര നിലക്കടലയൊക്കെയാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്. കൃഷി ചെയ്യുന്ന ഭൂവുടമകളുടെ ഭൂമിയിൽ തന്നെ ചെറിയ കുടിലുകളിലാണ് കർഷകർ താമസിച്ചിരുന്നത്. അന്ന് പതിവിലും കൂടുതൽ മഴയാണ് ഈ നെല്ലിയാമ്പതി ഭാഗത്ത് പെയ്തത്, പേമാരി എന്നൊക്കെ പറയാം.
സംഭവം ഉണ്ടായ ദിവസം രാത്രി വലിയ ശബ്ദം കേട്ടിരുന്നു, വീടിനടത്തു കൂടി 300 മീറ്ററോളം മാറി ഒഴുകിയിരുന്ന ചുള്ളിയാർ പുഴയിലൂടെയാണ് ഉരുൾ പൊട്ടി ഒഴുകിയത്, അതിനടുത്തുള്ള ഭൂമിയിൽ കൃഷി ചെയ്‌ത് ജീവിച്ചിരുന്ന നിരവധി ആളുകളാണ് മണ്ണിനടിയിലായത്. മനുഷ്യർ മാത്രമോ അവരുടെ ഷെഡ്ഡുകളും, കന്നുകാലികളും ഒന്നൊഴിയാതെ ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. പത്രങ്ങളിൽ വാർത്ത വരുന്നത് തന്നെ അപൂർവമായിരുന്നു അക്കാലത്ത്. എന്റെ ഓർമയിൽ പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ കേട്ടുകേൾവി പോലുമില്ല. എന്റെ ബന്ധുക്കളുടേതുൾപ്പെടെ കുറെയധികം കർഷകരുടെ ഭൂമി നഷ്ട്ടമായി. അന്ന് നിലക്കടലയുടെ വിളവെടുപ്പിന് ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങളെ വൈക്കോൽ കൂന എന്നാണ് വിളിച്ചിരുന്നത്, അന്ന് നേരം പുലർന്നപ്പോ ചുള്ളിയാർ ഡാമിലും, ഗായത്രി പുഴയിലും ഈ കൂനക്കൊപ്പം മനുഷ്യരുടെ മൃതദേഹങ്ങളും ഒഴുകി നടന്നിരുന്നു. ചടയന്റെ കുടുംബം മൊത്തം ഇല്ലാതായി അനിയത്തി മാത്രമാണ് ആവേശഷിച്ചത്, അവരെ പോലെ നിരവധി പേർ വികലാംഗരായി. കന്നുകാലികൾ, കളപ്പുരകൾ,ഡീസൽ എഞ്ചിൻ മോട്ടോർ പുരകൾ എല്ലാം വെള്ളത്തിനിടയിലായി.” അദ്ദേഹം ഓർത്തെടുത്ത് പറയുന്നു.
മുതലമടയുടെ അതിജീവനം
അന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പോലുള്ള സംവിധാനങ്ങൾ ഒന്നും ഒരുക്കിയിരുന്നില്ല. കയ്യിൽ കിട്ടിയവരെ രക്ഷാപ്രവർത്തനത്തിനെത്തിയവർ ആശുപത്രിയിലെത്തിച്ചു, ചിലർ മരണത്തിൽ നിന്ന് നീന്തി കയറി, മറ്റുചിലർ മുങ്ങി താഴ്ന്നു, പലരെയും കണ്ടെത്താനായില്ല, ഔദ്യോദിക രേഖകൾ പ്രകാരം അന്ന് മരണപ്പെട്ടത് 28 പേരാണ്. എന്നാൽ അതിൽ കൂടുതൽ ഉണ്ടെന്ന് ഓരോ തവണയും മുതലമുടക്കാർ ഉറപ്പിച്ചു പറയുന്നു. ചുള്ളിയാർ ഡാമിൽ നിന്നാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്, കൃഷി ചെയ്യാൻ ഫലാഭൂയിഷ്ടമായിരുന്ന മണ്ണ് ഉരുൾപൊട്ടലിൽ വലിയ പാറകൾ കൊണ്ട് നിറഞ്ഞ് മരുഭൂമിക്ക് സമാനമായി, ബാക്കിയായ ആളുകൾ ബന്ധുക്കളുടെ വീടുകളിലേക്കും മറ്റും മാറി താമസിച്ചു. ദുരന്തമുഖത്ത് നിന്ന് ജീവിതം ബാക്കിയവർ അതിലും വലിയ ദുരിതത്തിലേക്ക് തള്ളപ്പെട്ടു, ദാരിദ്ര്യം ജനങ്ങളെ കീഴടക്കി. പാറക്കൂട്ടം നിറഞ്ഞതോടെ ഭൂമി നിലക്കടല കൃഷിക്ക് അനുയോജ്യമല്ലാതായി, കർഷകർ കടക്കെണിയിലേക്ക് തള്ളപ്പെട്ടു. ദുരിത്വാശ്വാസ സഹായമൊന്നും അവരെ തേടിയെത്തില്ല, അത്തരം സഹചര്യങ്ങൾ കേരളത്തിന് അപരിചതവുമായതു കൊണ്ട് കൂടിയാവണം. പലരും തുച്ഛമായ തുകയ്ക്ക് സ്ഥലം വിറ്റ് മറ്റെങ്ങോട്ടോ പലായനം ചെയ്തു, ബാക്കിയുള്ളവർ അതിനെയും അതിജീവിക്കാനായി അവിടെ തന്നെ തുടർന്നു.
പിന്നീട് ആളുകൾ മാറി താമസിച്ച ഇടങ്ങൾ വനഭൂമിയാക്കി തിരിക്കപ്പെട്ടു, ആയിരക്കിണക്കിന് കർഷകരെ മറ്റൊരു ഭൂമിയിലേക്ക് മാറ്റി പാർപ്പിച്ചു, കാർഷിക വൃത്തി മാത്രം ഉപജീവനമാർഗമായിരുന്ന ഇവർ അഞ്ചു വർഷങ്ങൾക്ക് ശേഷം പാറക്കഷ്ണങ്ങൾ നിറഞ്ഞ ഭൂമിയിൽ മാവ് കൃഷി ആരംഭിച്ചു, ഇവിടെ വച്ചാണ് മുതലമടയുടെ ചരിത്രം തിരുത്തി കുറിക്കപ്പെടുന്നത്. 90 കളുടെ തുടക്കം മുതൽ മാവ് കൃഷി വ്യാപകമായി, കേരളത്തിന്റെ മാംഗോ സിറ്റി എന്ന വിശേഷണത്തിലേക്ക് കൃഷി വികസിച്ചു കൊണ്ടിരുന്നു. രാജ്യത്ത് ആദ്യം മാവു പൂക്കുന്ന പ്രദേശമെന്ന ഖ്യാതി കൂടി മാംഗോ സിറ്റിക്കുണ്ട്.
വീണ്ടും ഉരുൾപൊട്ടൽ ഭീഷണിയിൽ
2018 പ്രളയ കാലത്തും ഉരുൾപൊട്ടൽ ഭീഷണിയിലായിരുന്നു തങ്ങളെന്ന് നിജാമുദ്ദീൻ പറയുന്നു. അന്നുണ്ടായ ഉരുൾപൊട്ടലിൽ 8 ഓളം പേർ മരിക്കുകയും ചെയ്തു. ഈ ആശങ്കയെ പർവ്വതീകരിക്കുന്നതാണ് അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികൾ. ഇവ ഒരിക്കൽ കൂടി തങ്ങളെ ദുരന്തമുഖത്ത് എത്തിക്കുമോ എന്ന ഭയത്തിലാണ് നിലവിൽ മുതലമട സ്വദേശികൾ. കഴിഞ്ഞ കുറച്ചു കാലങ്ങളായി മാംഗോ സിറ്റിയുടെ പ്രതാപം ചോരുന്ന വാർത്തകൾ പലവുരു കേരളം കേട്ടിട്ടുണ്ട്, അതിന് വഴി വയ്ക്കുന്ന പ്രധാനം ഘടകം കാലാവസ്ഥാവ്യതിയാനമാണെന്ന് നിജാമുദ്ദീൻ പറയുന്നു. കൂടാതെ അനധികൃതമായി പ്രവർത്തനാനുമതി നേടി കൊണ്ടിരിക്കുന്ന ഒന്നിലധികം ക്വാറികളും പ്രകൃതിയുമൊത്തിണങ്ങിയുള്ള ജീവിതത്തിന് മേൽ കത്തിവയ്ക്കുന്നതായി ആരോപണം ഉണ്ട്, പരിസ്ഥിതി ലോല പ്രദേശമായിരുന്നിട്ടു പോലും ക്വാറികൾ പ്രവർത്തിച്ചു കൊണ്ടരിക്കുകയാണ്, ഒരു നാടിന്റെ മുഴുവൻ എതിർപ്പ് വകവെയ്ക്കാതെയാണ് ഈ ക്വാറികളുടെ പ്രവർത്തനമെന്ന ആരോപണവും ശക്തമാണ്.
മുതലമടയ്ക്ക് ചൂരൽമലയോട് പറയാനുള്ളത്
അങ്ങേയറ്റം ആശങ്കയോടെയാണ് മുതലമടയിലുള്ളവർ വയനാട് ദുരന്തത്തെ നോക്കി കണ്ടത്, ഉറ്റവരും ഉടയവരും നഷ്ട്ടപെട്ട വിലാപങ്ങൾ നാലു ദിക്കിൽ നിന്നും ഉയർന്നപ്പോൾ അവർ തങ്ങളുടെ ചരിത്രത്തിലേക്ക് തന്നെ തിരിഞ്ഞ് നോക്കി, നീന്തി കയറി വന്ന അതിജീവനത്തിന്റെ പാത പക്ഷെ ആത്മവിശ്വാസം പകരുന്നുണ്ട്, നമ്മൾ ഇതും അതിജീവിക്കും. ഈ അതിജീവനത്തിന്റെ പാതയാണ് അവർക്ക് മുൻപിലുള്ളതെന്ന് നിജാമുദ്ദീൻ പറയുന്നു. കേരളത്തിലെ എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ചു അവർക്ക് വേണ്ടി പുതു ജീവിതം കെട്ടിപ്പടുത്തു നൽകണമെന്ന് തന്നെയാണ് അവരുടെ ആവശ്യം. ദുരന്തത്തിന്റെ ഉള്ളുലക്കുന്ന കാഴ്ച്ചയാണ് അനാഥരായി പോയ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ, അവർക്കുൾപ്പെടെ സാധ്യമായതെല്ലാം കേരളം ചെയ്തു കൊടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.
നവംബറിൽ മുതലമട ദുരന്തമുണ്ടായി 44 വർഷം പിന്നിടുകയാണ്. മുതലമടയിൽ അന്നുണ്ടായ ദുരന്തത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റാണ് മാവ്, കുരുമുളക് തുടങ്ങി കൃഷിയിലൂടെ പുതിയ ജീവിതം അവർ പണിതെടുത്തത്. സ്കൂൾ, വീട് തുടങ്ങി അടിസ്ഥാനവശ്യങ്ങൾ വയനാടിന് നിറവേറ്റി നൽകാൻ കേരളത്തിന് കഴിയണമെന്നും മുതലമടക്കാർ ആഗ്രഹിക്കുന്നുണ്ട്.
Content summary : Muthalamada landslide occurred in 1977