ഐഎഎസ് തലപ്പത്തെ ചേരിപ്പോര് പുതിയ തലത്തിലേക്ക്. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് സസ്‌പെന്‍ഷനിലുള്ള മുന്‍ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. അഞ്ച് ചോദ്യങ്ങള്‍ അക്കമിട്ടാണ് പ്രശാന്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരനോട് ചോദിച്ചിരിക്കുന്നത്. തനിക്ക് മറുപടി തന്നാലേ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കാന്‍ കഴിയൂവെന്നാണ് പ്രശാന്തിന്റെ നിലപാട്.N Prasanth explanation from chief secretary
തന്റെ ഫേസ്ബുക് പോസ്റ്റുകള്‍ക്കെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനും പരാതി നല്‍കിയിട്ടില്ല. പരാതിക്കാരന്‍ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ എന്തിനെന്നും, സസ്‌പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ട്, തന്റെ ഫേസ്ബുക് പോസ്റ്റുകള്‍ ശേഖരിച്ചത് ആരാണ്, ഏത് അക്കൗണ്ടില്‍ നിന്നാണ് എടുത്തത്, വ്യാജമാണോയെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രശാന്ത് കത്തില്‍ ചോദിച്ചിരിക്കുന്നത്. ഡിസംബര്‍ 16 നാണ് പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക്, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ എന്നിവരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. പിന്നാലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വകുപ്പ് തല നടപടികളുടെ ഭാഗമായി ചാര്‍ജ് മെമ്മോയും നല്‍കുകയായിരുന്നു.
ഈ മാസം ഒമ്പതിനായിരുന്നു ചാര്‍ജ് മെമ്മോ പ്രശാന്ത് കൈപ്പറ്റിയത്. സസ്‌പെന്‍ഷന്‍ മെമ്മോ ലഭിച്ച് 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ വിശദാംശങ്ങള്‍ ലഭിച്ച ശേഷമേ മെമ്മോ നല്‍കൂവെന്ന ഉറച്ച നിലപാടിലാണ് പ്രശാന്ത്.
ഐഎഎസ് ഉദ്യോഗസ്ഥരായ കെ. ഗോപാലകൃഷ്ണനെയും ജയതിലകിനെയും വിമര്‍ശിച്ചത് തെറ്റാണെന്നും മെമ്മോയില്‍ പറയുന്നു. പരാമര്‍ശങ്ങള്‍ ഗോപാലകൃഷ്ണന് അപമാനവും മാനഹാനിയും ഉണ്ടാക്കിയെന്നും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ജയതിലകനെ വിമര്‍ശിച്ചത് കുറ്റകരമെന്നും മെമ്മോയില്‍ വ്യക്തമാക്കുന്നു. കൂടാതെ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്ന നിലയില്‍ കാംകോ പവര്‍ വീഡറിന്റെ പരസ്യം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് ‘കള പറിക്കാന്‍ ഇറങ്ങിയതാണ്’ എന്ന് പരാമര്‍ശം നടത്തിയത് ജയതിലകിനെയും ഗോപാലകൃഷ്ണനെയും ലക്ഷ്യംവച്ചാണെന്നും ചാര്‍ജ് മെമ്മോയില്‍ ആരോപിക്കുന്നു.
എസ്.സി, എസ്.ടി ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഉന്നതിയുടെ സിഇഒ ആയിരുന്ന കാലത്ത് തനിക്ക് വീഴ്ചയുണ്ടായി എന്ന തരത്തില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി ജയതിലകും, കെ ഗോപാലകൃഷ്ണനും തന്നെ കുടുക്കാന്‍ ശ്രമിച്ചതായാണ് പ്രശാന്തിന്റെ വാദം. സംഭവത്തില്‍ ഇരുവരും പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കുമെതിരെ പ്രശാന്ത് വക്കീല്‍ നോട്ടീസും നേരത്തെ അയച്ചിരുന്നു.
‘എസ്.സി, എസ്.ടി വകുപ്പിലെ തനിക്ക് എതിരായ വാര്‍ത്തയ്ക്ക് പിന്നില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണെന്നും’ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് ഐഎഎസ് തലപ്പത്തെ പോര് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായത്. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നുവെന്ന കമന്റിന് ‘മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്തരോഗി ജയതിലക് തന്നെ’ എന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തിരുന്നു.
ഐഎഎസ് തലപ്പത്തെ കടുത്ത ചേരിപ്പോരും മല്ലു വാട്‌സ് ആപ് ഗ്രൂപ്പ് വിവാദവും സര്‍ക്കാരിനും തലവേദനയായിട്ടുണ്ട്. തീര്‍ത്തും അസാധാരണമായ ഉദ്യോഗസ്ഥ ചേരിപ്പോരിലേക്കാണ് സംസ്ഥാനത്തെ ഐഎഎസുകാരുടെ തമ്മിലടി നീങ്ങുന്നത്. തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയതോടെ പ്രശാന്തിനെതിരെ കടുത്ത നടപടി വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.N Prasanth explanation from chief secretary
Content Summary: N Prasanth explanation from chief secretary
N Prasanth IAS N Prasanth Chief secretary kerala state Jayathilak mallu watsapps group latest news kerala news