‘നാനോ ബനാനാ’ ട്രെന്‍ഡ്: സൗന്ദര്യത്തിന് പിന്നിലെ ചതിക്കുഴിയില്‍ എങ്ങനെ സ്വകാര്യത സംരക്ഷിക്കാം ?

നാനോ ബനാന എത്രത്തോളം സുരക്ഷിതമാണ്?

ഗൂഗിളിന്റെ പുതിയ എഐ ഫോട്ടോ എഡിറ്റിംഗ് ടൂളായ ‘നാനോ ബനാന’ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഈ ഫീച്ചര്‍ സാധാരണ സെല്‍ഫികളെ അപേക്ഷിച്ച് തിളക്കമേറിയ ചര്‍മ്മവും, വലിയ കണ്ണുകളുമുള്ള 3D ഫിഗറിന്‍ പോര്‍ട്രെയ്റ്റുകളാക്കി മാറ്റുന്നു.

തുടക്കത്തിലേ ഈ ലുക്ക് ശ്രദ്ധ നേടിയെങ്കിലും, പിന്നീട് ഇത് വൈറലായ വിന്റേജ് സാരി എഐ എഡിറ്റിലേക്ക് മാറി. ഈ ഫില്‍ട്ടര്‍ സ്ത്രീകളുടെ ഛായാചിത്രങ്ങളെ ക്ലാസിക് ബോളിവുഡ് പോസ്റ്ററുകള്‍ പോലെ മനോഹരമായ റെട്രോ സ്‌റ്റൈല്‍ സാരി ലുക്കുകളാക്കി മാറ്റുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഈ ട്രെന്‍ഡ് പിന്തുടരുന്നതിനാല്‍ ഷിഫോണ്‍ സാരികളും, സിനിമയെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലങ്ങളുമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിറയുകയാണ്.

എന്നാല്‍ മറ്റ് എഐ ട്രെന്‍ഡുകളെപ്പോലെ, നാനോ ബനാനയുടെ കാര്യത്തിലും സ്വകാര്യത, ഡാറ്റാ സുരക്ഷ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ട്.

ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ടൂളാണ് ‘ജെമിനി 2.5 ഫ്‌ളാഷ് ഇമേജ്’ എന്നും അറിയപ്പെടുന്ന നാനോ ബനാന. സെപ്റ്റംബര്‍ പകുതിയോടെ ജെമിനി ആപ്പില്‍ മാത്രം അമ്പത് കോടിയിലധികം ചിത്രങ്ങള്‍ എഡിറ്റ് ചെയ്യപ്പെടുകയോ നിര്‍മ്മിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മറ്റ് പ്ലാറ്റ്ഫോമുകളിലും കോടിക്കണക്കിന് ചിത്രങ്ങളാണ് ഇതിലൂടെ ഉണ്ടാക്കിയിട്ടുള്ളത്.

ഈ ടൂള്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്; നിങ്ങള്‍ ചെയ്യേണ്ടത് ചിത്രം അപ്ലോഡ് ചെയ്ത് ഒരു നിര്‍ദേശം നല്‍കുക എന്നത് മാത്രമാണ്, നിങ്ങളുടെ ചിത്രം എഐ മാന്ത്രികതയിലൂടെ മാറിയെടുക്കുന്നത് കാണാം.

സൗന്ദര്യത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭയാനകത

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സാരി ട്രെന്‍ഡുമായി ബന്ധപ്പെട്ട് ജലക്ഭവാനി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച അനുഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്. ജെമിനിയിലേക്ക് തന്റെ ഒരു ഫോട്ടോ അപ്ലോഡ് ചെയ്തപ്പോള്‍, എഐ നിര്‍മ്മിച്ച ചിത്രത്തില്‍ യഥാര്‍ത്ഥ ഫോട്ടോയില്‍ ഇല്ലാതിരുന്ന ഒരു മറുക് അവരുടെ ഇടത് കൈയില്‍ കാണിച്ചു. ജലക്ഭവാനിയുടെ ശരീരത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു മറുകുണ്ട്.

‘എന്റെ ശരീരത്തിന്റെ ഈ ഭാഗത്ത് ഒരു മറുകുണ്ടെന്ന് ജെമിനിക്ക് എങ്ങനെ മനസ്സിലായി? ഇത് വളരെ ഭയാനകവും ഭീതിജനകവുമാണ്,’ ജലക്ഭവാനി പോസ്റ്റില്‍ കുറിച്ചു. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നുവരുന്നത്. ചിലര്‍ എഐ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചപ്പോള്‍, മറ്റുചിലര്‍ ഇത് യാദൃച്ഛികമായി സംഭവിച്ചതാണെന്ന് വാദിച്ചു. എന്നാല്‍, ചിലര്‍ ഇത് ശ്രദ്ധ നേടാനുള്ള വെറും ശ്രമമാണെന്നും ആരോപിച്ചു.

നാനോ ബനാന എത്രത്തോളം സുരക്ഷിതമാണ്?

ഗൂഗിളിന്റെ ജെമിനി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ സിന്ത്‌ഐഡി (SynthID) എന്ന പേരില്‍ അദൃശ്യമായ ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കും, മെറ്റാഡാറ്റ ടാഗുകളും ഉണ്ടെന്ന് കമ്പനി പറയുന്നു. ഈ ചിത്രങ്ങള്‍ എഐ നിര്‍മ്മിച്ചതാണെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്നും, ഉള്ളടക്കത്തിന്റെ ഉറവിടം മനസ്സിലാക്കാന്‍ ക്രിയേറ്റര്‍മാരെയും പ്ലാറ്റ്ഫോമുകളെയും സഹായിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.

അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ സ്ഥിരമായി സൂക്ഷിക്കില്ലെന്ന് ഗൂഗിളും, ഓപ്പണ്‍എഐ, എക്‌സ്എഐ തുടങ്ങിയ കമ്പനികളും ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, ഉപയോക്താക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വാട്ടര്‍മാര്‍ക്കിംഗ് സുരക്ഷ മാത്രം മതിയോ?

എഐ ചിത്രങ്ങള്‍ വ്യാപകമായതോടെ, വിഷയത്തില്‍ ജാഗ്രത വേണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗൂഗിളിന്റെ സിന്ത്‌ഐഡി പോലുള്ള വാട്ടര്‍മാര്‍ക്കുകള്‍ തിരിച്ചറിയാനുള്ള ടൂളുകള്‍ ഉപഭോക്താക്കള്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ല. അതിനാല്‍ സാധാരണ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ചിത്രത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ കഴിയില്ല. കൂടാതെ, വാട്ടര്‍മാര്‍ക്കുകള്‍ എളുപ്പത്തില്‍ വ്യാജമാക്കാനും, നീക്കം ചെയ്യാനും സാധിക്കുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

യുസി ബെര്‍ക്ലിയിലെ സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷനിലെ പ്രൊഫസറായ ഹാനി ഫരീദ് പറഞ്ഞത്, ‘വാട്ടര്‍മാര്‍ക്കിംഗ് മാത്രം മതിയാകുമെന്ന് ആരും കരുതുന്നില്ല’ എന്നാണ്. ഡീപ്‌ഫേക്കുകള്‍ക്കെതിരെ പോരാടാന്‍ വാട്ടര്‍മാര്‍ക്കിംഗ് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി സംയോജിപ്പിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു. അതേസമയം, യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ സോഹൈല്‍ ഫെയ്സി പറയുന്നത്, ‘ഈ ഘട്ടത്തില്‍ വിശ്വസനീയമായ ഒരു വാട്ടര്‍മാര്‍ക്കിംഗ് സംവിധാനം നമുക്കില്ല’ എന്നാണ്.

എഐ ഇമേജ് ടൂളുകള്‍ എങ്ങനെ സുരക്ഷിതമാക്കാം?

എഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വിദഗ്ദ്ധര്‍ നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ :

സ്വകാര്യ ചിത്രങ്ങള്‍ ഒഴിവാക്കുക: വ്യക്തിപരമായ വിവരങ്ങളോ തിരിച്ചറിയാന്‍ സാധ്യതയുള്ള ചിത്രങ്ങളോ എഐ ടൂളുകളിലേക്ക് അപ്ലോഡ് ചെയ്യാതിരിക്കുക.

മെറ്റാഡാറ്റ നീക്കം ചെയ്യുക: ചിത്രങ്ങള്‍ പങ്കിടുന്നതിന് മുന്‍പ് ലൊക്കേഷന്‍ ടാഗുകള്‍ പോലുള്ള മെറ്റാഡാറ്റ നീക്കം ചെയ്യുന്നത് സുരക്ഷ കൂട്ടും.

ആപ്പ് പെര്‍മിഷനുകള്‍ ശ്രദ്ധിക്കുക: അനാവശ്യമായി ക്യാമറയിലേക്കോ ഗാലറിയിലേക്കോ പ്രവേശനം ആവശ്യപ്പെടുന്ന ആപ്പുകള്‍ക്ക് അനുമതി നല്‍കാതിരിക്കുക.

നിലവാരം കുറഞ്ഞ ചിത്രങ്ങള്‍ ഉപയോഗിക്കുക: ഹൈ-ക്വാളിറ്റി ചിത്രങ്ങള്‍ക്ക് പകരം ലോ-റെസല്യൂഷന്‍ ചിത്രങ്ങള്‍ ഉപയോഗിക്കുക.

സ്വകാര്യതാ നയങ്ങള്‍ വായിക്കുക: നിങ്ങളുടെ ഡാറ്റ എങ്ങനെ ഉപയോഗിക്കുമെന്നും സംഭരിക്കുമെന്നും മനസ്സിലാക്കാന്‍ ആപ്പുകളുടെ സ്വകാര്യതാ നയങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക.

പ്രത്യേക ടൂളുകള്‍ ഉപയോഗിക്കുക: ഗ്ലേസ് (Glaze), നൈറ്റ്‌ഷെയ്ഡ് (Nightshade) പോലുള്ള ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങളില്‍ ‘നോയിസ്’ ചേര്‍ക്കുന്നത് എഐ പരിശീലനത്തിനായി ചിത്രങ്ങള്‍ ശേഖരിക്കുന്നത് ബുദ്ധിമുട്ടാക്കും.

നാനോ ബനാന എഐ ഉപയോഗിച്ചുള്ള പോര്‍ട്രെയ്റ്റ് എഡിറ്റിംഗ് രസകരമാണെങ്കിലും, ജാഗ്രത അത്യാവശ്യമാണ്. സിന്ത്‌ഐഡി പോലുള്ള വാട്ടര്‍മാര്‍ക്കുകള്‍ ഒരു പരിധി വരെ സുരക്ഷ ഉറപ്പാക്കുമെങ്കിലും, അവ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയില്ല. അതിനാല്‍, എഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താക്കള്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കുന്നത് സൂക്ഷിച്ച് വേണം. ‘Nano Banana’ Trend: How to protect your privacy ?

Content Summary: ‘Nano Banana’ Trend: How to protect your privacy ?

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment