2017 ഏപ്രില്‍ 8, അന്നേ ദിവസം തിരുവനന്തപുരം മാത്രമല്ല, കേരളം തന്നെ നടുങ്ങിയ ഒരു വാര്‍ത്ത പുറത്തു വന്നു. ഒരു വീട്ടില്‍ നാല് പേരെ കൂട്ടക്കൊല ചെയ്തിരിക്കുന്നു. ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോമ്പൗണ്ടിലെ 117ആം നമ്പര്‍ വീട്ടിലെ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൊലയാളി പുറത്തു നിന്നുള്ളയാള്‍ ആയിരുന്നില്ല. രാജ തങ്കത്തിന്റെയും പത്മയുടെയും മകന്‍, കരോളിന്റെ ചേട്ടന്‍; കേഡല്‍ ജീന്‍സണ്‍ രാജ. മൂന്നു മൃതദേഹങ്ങള്‍ കത്തിയ നിലയിലും ഒരെണ്ണം കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. വെട്ടിയും കഴുത്തറത്തും കൊന്നശേഷമായിരുന്നു കത്തിച്ചത്. കൊലകള്‍ക്ക് ശേഷം കേഡല്‍ ചെന്നൈയിലേക്ക് പോയി. അവിടെ നിന്നും തിരിച്ചെത്തിയശേഷമാണ് പൊലീസ് പിടിയിലായത്. യാതൊരു ഭാവദേദവുമില്ലാതെ, ചിരിച്ച മുഖവുമായി കൈവിലങ്ങ് അണിഞ്ഞ് പൊലീസിനൊപ്പം പോകുന്ന കേഡലിനെ ഞെട്ടലോടെയാണ് കേരളം കണ്ടത്. ആത്മാക്കളെ മോചിപ്പിക്കാന്‍ എന്ന പേരില്‍ നടത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷനായിരുന്നു കേഡല്‍ ആസൂത്രണം ചെയ്തത്.
എട്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഒരിക്കല്‍ കൂടി തിരുവന്തപുരവും ഒപ്പം കേരളവും മറ്റൊരു കൂട്ടക്കൊലയില്‍ നടുങ്ങിയിരിക്കുകയാണ്. നന്തന്‍കോട് അന്ന് നടന്നതിനോളം, അല്ലെങ്കില്‍ അതിനെക്കാള്‍ ക്രൂരമായ മറ്റൊരു കൂട്ടക്കൊലയാണ് വെഞ്ഞാറമ്മൂട് നടന്നത്. അഫാന്‍ എന്ന 23 കാരന്‍ 14 വയസ് മാത്രം പ്രായമുള്ള സ്വന്തം സഹോദരന്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് കൊന്നൊടുക്കിയത്. അമ്മ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കേഡലിനെ കൊലയാളിയാക്കിയത് സത്താന്‍ സേവയാണെങ്കില്‍ അഫാന്റെ കാര്യത്തില്‍ കാരണം വ്യക്തമായിട്ടില്ല. പണമോ പ്രണയമോ, അതോ ലഹരിയോ എന്നിങ്ങനെ പല ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒന്നിലും വ്യക്തത വന്നിട്ടില്ല.
അഫാന്‍ പെട്ടെന്നുള്ള പ്രകോപനത്തിന്റെ പുറത്താണോ, അതോ തീരുമാനിച്ചുറപ്പിച്ചാണോ കൊലകള്‍ നടത്തിയതെന്നു വ്യക്തമായിട്ടില്ല. എന്നാല്‍ കേഡല്‍ കൂട്ടകൊലയ്ക്കായി തയ്യാറെടുത്തിരുന്നു. കൊലയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മാതാപിതാക്കളുടെ ഡമ്മി ഉണ്ടാക്കി പരിശീലനം നടത്തിയിരുന്നു. യൂട്യൂബില്‍ മനുഷ്യന്റെ കഴുത്ത് മുറിക്കുന്നതിന്റെ വീഡിയോസും കണ്ടിരുന്നു. ഇത്തരം വീഡിയോകള്‍ കേഡലിന്റെ ലാപ്‌ടോപ്പില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. കത്തിയും മഴുവും പെട്രോളുമെല്ലാം നേരത്തെ തന്നെ കരുതിവച്ചിരുന്നു.
വെഞ്ഞാറമ്മൂടില്‍ അഫാന്‍, മൂന്നു വീടുകളിലായി അഞ്ചുപേരെ തലതല്ലിപ്പൊളിച്ചും മുഖം വികൃതമാക്കിയും ക്രൂരമായി കൊന്നിട്ടും അയല്‍ക്കാര്‍ പോലും ഒന്നും അറിഞ്ഞിരുന്നില്ല. ഒരു നിലവിളി ശബ്ദം പോലും കേട്ടിരുന്നില്ല. ഒടുവില്‍ അഫാന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി കാര്യങ്ങള്‍ വെളിപ്പെടുത്തിയശേഷം പൊലീസ് വീട്ടില്‍ എത്തുമ്പോഴായിരുന്നു കൊലപാതക വിവരങ്ങള്‍ നാട്ടുകാര്‍ അറിയുന്നത്. വീട് പൂട്ടി ഗ്യാസ് സിലണ്ടറും തുറന്നിട്ടിട്ടാണ് അഫാന്‍ സ്റ്റേഷനില്‍ എത്തിയത്.
നന്തന്‍കോട്ടെ സ്ഥിതി മറ്റൊന്നായിരുന്നു. രാത്രി 11 മണിയോടെ മുഖ്യന്ത്രിയുടെ ഔദ്യോഗിക ഭവനത്തിന് സമീപമുള്ള ഡോക്ടര്‍ ജീന്‍ പത്മയുടെ വീട്ടില്‍ തീ പിടിച്ചെന്ന് വാര്‍ത്തയാണ് ആദ്യം പരന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പരിസര വാസികള്‍ പഞ്ഞടുത്തു. ശക്തമായ തീയും പുകയും പൊട്ടിത്തെറിയും കേട്ടാണ് അയല്‍വാസികള്‍ അറിയുന്നത്. ഫയര്‍ഫോഴ്‌സിനെ ബന്ധപ്പെട്ടെങ്കിലും ഒടുവില്‍ മ്യൂസിയം പോലീസില്‍ വിവരമറിയിച്ചാണ് ഫയര്‍ഫോഴ്‌സ് എത്തുന്നത്.
ഫയര്‍ ഫോഴ്‌സ് എത്തുമ്പോള്‍ സിറ്റൌട്ടില്‍ തീ പടരുകയായിരുന്നു. 45 മിനുട്ടോളം പരിശ്രമിച്ചതിന് ശേഷമാണ് തീ കെടുത്താന്‍ സാധിച്ചത്. സോഫയും ബെഡും ഒക്കെ കത്തിയത് കൊണ്ട് പുക മൂടിയത് കാരണം അകത്ത് ഒന്നും കാണാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അകത്തു ആളുകള്‍ ഉണ്ടോ എന്നും തുടക്കത്തില്‍ മനസിലായില്ല. പിന്നീട് അകത്തെ മുറിയില്‍ അലമാര കത്തുന്നത് കണ്ട് തീ അണക്കാന്‍ പോയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീ പിടുത്തത്തില്‍ മരിച്ചതായിരിക്കാം എന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍ ഡോക്ടര്‍ പദ്മയുടെയും ബന്ധു ലളിതയുടെയും മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞതായി കണ്ടതാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പോലീസ് എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ വെട്ടി മുറിച്ചതായി കണ്ടെത്തിയതോടെ കൂട്ടക്കൊല സ്ഥീരീകരിക്കുകയായിരുന്നു.
കൂട്ടക്കൊല നടത്തിയിരിക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയാണ് എന്നു പോലീസിനു മനസിലായി. കൊല്ലപ്പെട്ട പ്രൊഫസര്‍ രാജരങ്കത്തിന്റെയും ഡോക്ടര്‍ പത്മയുടെയും മൃതദേഹത്തിന് സമീപത്ത് നിന്ന് മകന്‍ കേഡല്‍ ജിന്‍സന്‍ രാജിന്റെ രൂപത്തിലുള്ള ഡമ്മി, പാതി കത്തിയ നിലയില്‍ കണ്ടെത്തിയതാണ് ആസൂത്രണത്തിന്റെ സാധ്യതയിലേക്ക് വെളിച്ചം വീശിയത്. തുണി, ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവകൊണ്ട് ഉണ്ടാക്കിയ മനുഷ്യ രൂപമായിരുന്നു കിട്ടിയത്. വീടിന് തീ കൊടുത്ത് മുഴുവന്‍ പേരും വെന്തു മരിച്ചു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ഡമ്മി കത്തിച്ചത്. സംഭവത്തിന് കേഡല്‍ അപ്രത്യക്ഷനായതും കൊലപാതകം നടത്തിയത് അയാളാണെന്നു പൊലീസിന് മനസിലാക്കാന്‍ സാധിച്ചു. കേഡല്‍ ഒളിവില്‍ പോയെങ്കില്‍, അഫാന്‍ നേരിട്ട് പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കേഡലിലും അഫാനിലും പൊതുവായി കണ്ടൊരു കാര്യമുണ്ട്; ഇത്രവലിയ ക്രൂരത ചെയ്തിട്ടും ഒരുകുലുക്കവുമില്ലാത്ത, യാതൊരു പശ്ചാത്താപവും ഇല്ലാതെയാണവര്‍ നിന്നത്. Nanthancode and Venjaramoodu mass murder cases, Kedal jinson raja, Afan
Content Summary; Nanthancode and Venjaramoodu mass murder cases, Kedal jinson raja, Afan