‘വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും‘- കുഞ്ഞുണ്ണി
ഇന്ന് വായനാ ദിനം. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ഇന്ന്. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുന്നു. അങ്ങനെ ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായി
പുസ്തക വായനയെ കുറിച്ച് ,ഒരു രസകരമായ സംഭവം ഓർക്കുന്നു.
1960 കളിൽ ബോംബയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കറന്റ് വാരികയുടെ സ്ഥാപക പത്രാധിപരായിരുന്ന ഡി.എഫ് കാരകയോട് പുതിയതായി വന്ന ഏതോ പുസ്തകം വായിച്ചോ എന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ കാരക പറഞ്ഞു.’ ഞാൻ പുസ്തകങ്ങൾ വായിക്കാറില്ല, എഴുതാറെയുള്ളൂ !’
(നെഹ്റുവിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചിരുന്ന കാരക എഴുതിയ നെഹ്റുവിനെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പേര് ‘Lotus eater from Kashmir’ എന്നാണ്. ലോട്ടസ് ഈറ്റർ എന്ന പദം ഉദ്ദേശിക്കുന്നത് പ്രശ്നങ്ങളെ പ്രായോഗികമായി കൈകാര്യം ചെയ്യാതെ, ആനന്ദത്തിലും ആഡംബരത്തിലും മുഴുകി സമയം ചെലവഴിക്കുന്ന വ്യക്തി എന്നാണ് ).
പുസ്തകങ്ങളുടെ വിശാലമായ ലോകത്തേക്ക് കടന്നു വരുമ്പോൾ നിങ്ങൾ എന്തു വായിക്കണം? വായനക്കാർക്കും വായിച്ച് തുടങ്ങുന്നവർക്കും പ്രയോജനപെടുന്ന ചില വസ്തുതകൾ ഓർത്താൽ മുഷിയില്ല. വായന രസകരമായി തുടരാം.
കാണുന്ന എല്ലാ പുസ്തകങ്ങളും വായിക്കണോ?- വേണ്ട. വിവാദമായതോ, സമകാലീന സംഭവങ്ങളെ സ്പർശിക്കുന്ന ശ്രദ്ധയാകർഷിക്കുന്നതോ ആണെങ്കിൽ പോലും നിങ്ങൾക്ക് താൽപ്പര്യം തോന്നാത്ത ഒരു പുസ്തകവും വായിക്കരുത്. പേര് മാത്രം ഓർത്തിരിക്കുക. ആവശ്യം വരികയാണെങ്കിൽ ഈ പുസ്തകം വായിച്ച മറ്റ് ആരോടെങ്കിലും സംശയം ചോദിക്കാം. ഇപ്പോൾ ഇൻ്റനെറ്റ് വഴി അല്ലെങ്കിൽ വാട്സാപ്പ് വഴി എഴുതിയ ആളോട് വരെ നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം. എങ്കിലും സമൂഹമാധ്യമത്തിൽ എഴുതപ്പെടുന്നത് എല്ലാം ശരിയാണെന്ന് ധരിക്കരുത്. ഈ കാലത്ത് എല്ലാ വിഷയങ്ങളിലും വിദഗ്ധരുണ്ട്. അവരെഴുതുന്നത് ആധികാരികമായിരിക്കും. സോഷ്യൽ മീഡിയയിൽ വരുന്നത് ശേഖരിച്ച് വെച്ചാൽ മാത്രം മതി. ഇപ്പോൾ ലാപ്ടോപ്പും, ടാബ്‌ലറ്റും , മൊബൈൽ ഫോണുമുള്ളതിനാൽ ഫോട്ടോ രൂപത്തിൽ സൂക്ഷിക്കാം. വിജ്ഞാനം വിരൽത്തുമ്പിലൊതുങ്ങിയ ഈ കാലത്തും പുസ്തക വായനക്ക് പ്രസക്തി നഷ്ടപ്പെട്ടട്ടില്ല എന്നാണ് വിപണി തെളിയിക്കുന്നത്.
ആർതർ കോനൻ ഡോയലിൻ്റെ ആദ്യത്തെ ഷെർലക്ക് ഹോംസ് കഥയിൽ ഭൂമി സൂര്യനെ വലം വെയ്ക്കുകയാണന്ന് അറിയില്ല എന്ന് പറഞ്ഞ ഷെർലക്ക് ഹോംസിൻ്റെ വിജ്ഞാനത്തിൽ അന്തം വിട്ട് നിൽക്കുന്ന ഡോ. വാട്സനോട്, വിഖ്യാത കഥാപാത്രം ഷെർലക്ക് ഹോംസ് പിന്നീട് പറയുന്നുണ്ട്. ‘അത് എനിക്ക് അറിയാമെങ്കിൽ തന്നെ ഞാൻ മറക്കാനാണ് ശ്രമിക്കുക’.
‘മനുഷ്യൻ്റെ തലച്ചോറ് പ്രാഥമികാവസ്ഥയിൽ ഒഴിഞ്ഞ അറയായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾക്ക് ആവശ്യമായ സാമഗ്രികളെ അതിൽ നിറക്കാവൂ’ പുസ്തകവായനയുടെ കാര്യത്തിൽ ഹോംസ് പറഞ്ഞ ഈ തത്വം നമുക്കും പാലിക്കാവുന്നതാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പുറത്ത് വരുന്ന ഇടമാണ് മലയാള സാഹിത്യരംഗം. തീർച്ചയായും ഒരു ‘ വായനയിലെ സ്പെഷലൈസേഷൻ – കൂടിയേ തീരൂ. നിങ്ങൾക്ക് ആവശ്യമായി തോന്നുന്ന എന്തും വായിക്കാം. പക്ഷേ, ഒരു കാര്യം ഓർക്കുക. റഫറൻസ് പുസ്തകങ്ങൾ പൂർണ്ണമായി വായിക്കാൻ ഒരിക്കലും ശ്രമിക്കരുത്. ട്രാവൽ ഗൈഡുകൾ , ഇലക്ഷൻ ഗൈഡുകൾ, അവയൊക്കെ ആവശ്യം വരുമ്പോൾ മാത്രം റഫർ ചെയ്യാനുള്ളണെന്ന് ഓർമ്മിക്കുക. വായിച്ച് കഴിഞ്ഞാൽ മനസ്സിൽ ഒരു തവണയെങ്കിലും ഓർമ്മിക്കാവുന്ന ഉള്ളടക്കം ഉള്ളവ കുറെ നാൾ കഴിഞ്ഞ് വായിച്ചാൽ നന്നായിരിക്കും .
വായിച്ച് വളരുക എന്ന സന്ദേശത്തിലൂടെ മലയാളിക്ക് ദിശാബോധം നൽകിയ പ്രതിഭയാണ് പി.എൻ. പണിക്കർ. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ പ്രവർത്തനവും കടപ്പെട്ടിരിക്കുന്നത് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി.എൻ. പണിക്കരോടാണ്.

പി.എൻ. പണിക്കർ
1909 മാർച്ച് 1 ന് കോട്ടയത്ത് നിലംപേരൂർ ഗ്രാമത്തിൽ ജനിച്ച പി. എൻ. പണിക്കർ അധ്യാപകനായിരുന്നു. അമ്പലപ്പുഴ അധ്യാപകനായിരിക്കെ സാഹിത്യ പാഞ്ചാനൻ പി.കെ. നാരായണ പിള്ളയുടെ ഓർമ്മക്കായി ഒരു ഗ്രന്ഥശാല വേണമെന്ന നാട്ടുകാരുടെ ആഗ്രഹം ഫലവത്താക്കിയതോടെയാണ് പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 1945 ൽ പി.എൻ. പണിക്കരുടെ ശ്രമഫലമായി പതിനാലംഗ പ്രവർത്തകസമിതിയുടെ നേതൃത്വത്തിൽ 1947 ൽ ഗ്രന്ഥശാലാ സംഘം രജിസ്റ്റർ ചെയ്തു.
കേരളത്തിലങ്ങോളമുള്ള ഗ്രാമങ്ങളിൽ ഓടി നടന്ന് ഗ്രന്ഥശാലകൾ അദ്ദേഹം കെട്ടിപ്പൊക്കി. 1949 ൽ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടപ്പോൾ തിരു – കൊച്ചി ഗ്രന്ഥശാലാ സംഘം എന്നറിയപ്പെട്ട ഈ പ്രസ്ഥാനം കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ, 1958 ൽ കേരളാ ഗ്രന്ഥശാല സംഘം എന്ന പേര് സ്വീകരിച്ചു. കേരളീയ ഗ്രാമങ്ങളിൽ ഗ്രന്ഥശാലകളിലൂടെ വായനയുടെ പുതു വെളിച്ചം എത്തിച്ച സംസ്കാരിക നായകനായിരുന്നു പി.എൻ. പണിക്കർ.
‘കന്യാകുമാരി മുതൽ കാസർഗോഡ് വരെ അയ്യായിരത്തിലേറെ വരുന്ന ഗ്രാമങ്ങളിലൂടെ നെടുകെയും കുറുകെയും സഞ്ചരിച്ചിട്ടുള്ള ഒരാളെ ഈ ഭൂമുഖത്തുണ്ടായിട്ടുള്ളൂ’ അത് പി.എൻ. പണിക്കരാണ്. അക്ഷരത്തിൻ്റെയും വായനയുടേയും ലോകത്തേക്ക് കൈ പിടിച്ച് നടത്തിയ പി.എൻ. പണിക്കരെ കുറിച്ച് ഡി. സി. കിഴക്കേമുറി ഒരിക്കൽ പറഞ്ഞു.
1970 നവംബർ – ഡിസംബർ മാസങ്ങളിൽ ഗ്രന്ഥശാലാ സംഘത്തിൻ്റെ രജതജൂബിലിയോടനുബന്ധിച്ച് കാസർഗോഡ് മുതൽ പാറശ്ശാല വരെ നടത്തിയ ജാഥയിലൂടെയാണ് പണിക്കർ സാക്ഷരതാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ‘ വായിച്ച് വളരുക. ചിന്തിച്ച് വിവേകം നേടുക’ എന്ന മുദ്രവാക്യം കേരളത്തിൻ്റെ വിജ്ഞാനമണ്ഡലത്തിൽ ആദ്യം മുഴങ്ങിയത് ഈ ജാഥയിലാണ്. 1948 ൽ ഗ്രന്ഥാലോകത്തിൻ്റെ മുഖപത്രമായി പണിക്കർ ‘ഗ്രന്ഥാലോകം’ മാസിക ആരംഭിച്ചു. 1994 ൽ ഗ്രന്ഥശാലാ സംഘത്തിൻ്റെ സുവർണ്ണ ജൂബിലിയാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ കാൽനടജാഥയിൽ 85ാം വയസിലും തൻ്റെ ജീവിത ദൗത്യമായ പുസ്തക വായനക്ക് വേണ്ടി പി.എൻ. പണിക്കർ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. 1995 ജൂൺ 19 ന് പി. എൻ. പണിക്കർ അന്തരിച്ചു. 1996 മുതൽ കേരള സർക്കാർ അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു.
ഇനി ഒരു പുസ്തകത്തെക്കുറിച്ച്. മലയാള പുസ്തകങ്ങളിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകമാണ് ‘പഞ്ചതന്ത്രം’

പഞ്ചതന്ത്രം
1979 ൽ എൻ.ബി.എസ്. പുറത്തിറക്കിയ സുമംഗല പുനരാഖ്യാനം നടത്തിയ കൃതി. മലയാളത്തിൽ പ്രസിദ്ധീകരിച്ച മികച്ച 10 പുനരാഖ്യാനങ്ങളിൽ ഒന്നാണ് 50ാം പതിപ്പിലെത്തിയ ഈ ക്ലാസിക്ക്. 1853 ൽ ബോംബേയിൽ ഗംഗാ വിഷ്ണു പ്രസാദ് പ്രസിദ്ധീകരിച്ച പഞ്ചതന്ത്രത്തെയാണ് പുനരാഖ്യാനത്തിന് അവർ പ്രധാനമായും ആശ്രയിച്ചത്. കുഞ്ചൻ നമ്പ്യാരുടെയും , ആർ. ഡബ്ല്യു റൈഡറുടെ ഇംഗ്ലീഷ് പരിഭാഷയും സഹായ ഗ്രന്ഥങ്ങൾ.
‘ധാരാളം ഭൂമി പ്രതിഫലം തരാം ,തന്റെ മക്കളെ പഠിപ്പിച്ച് യോഗ്യൻമാരാക്കണമെന്നാവശ്യപ്പെട്ട രാജാവിനോട് ‘ കുറച്ച് ഭൂമിക്ക് വേണ്ടി വിദ്യ വിൽക്കുന്നവനല്ല താൻ, എന്നാലും ഞാൻ ഇത് ഏറ്റെടുക്കുന്നു ‘ എന്ന് പറഞ്ഞ വിഷ്ണുശർമ്മ, ലോകത്തിലെ എല്ലാ ശാസ്ത്രസാരങ്ങളും ശേഖരിച്ച് 5 ഗ്രന്ഥങ്ങളിൽ അടുക്കി വെച്ചതാണ് പഞ്ചതന്ത്രം .
നാലു വർഷം മുൻപ് അന്തരിച്ച സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാടിനോട് ഈ വ്യാഖ്യാനത്തിന് മലയാള സാഹിത്യം എക്കാലവും കടപ്പെട്ടിരിക്കുന്നു. 46 കൊല്ലം മുൻപ് വെറും 5000 രൂപക്കാണ് ഈ പരിഭാഷയുടെ ആജീവനാന്ത പകർപ്പവകാശം പ്രസാധകർക്ക് അവർ കൈമാറിയത്. ഇപ്പോൾ 50 പതിപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

സുമംഗല
ലളിതമായി വ്യാഖ്യാനിച്ച , ഒരു പരസ്യവും വേണ്ടാത്ത ഈ മഹാഗ്രന്ഥം ഒരു അഞ്ച് തലമുറയെങ്കിലും വായിച്ചിരിക്കും. ആറു മാസത്തിലൊരിക്കലെങ്കിലും , ആർക്കും വായിക്കാവുന്ന ഈ മഹാഗ്രന്ഥത്തിനാകട്ടെ ഈ വായനാ ദിനത്തിൽ പ്രണാമം!
Content Summary: national reading day special; The day honours P.N. Panicker, the “Father of the Library and Literacy Movement
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.