ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഒരു ഉച്ചകോടിയില്‍ ആതിഥേയ രാജ്യം തങ്ങളുടെ അതിഥികള്ക്ക്് സമ്മാനം നല്‍കുന്നത് പതിവാണ്. ആ സമ്മാനങ്ങള്‍ വിലപിടിച്ചതോ പാരമ്പര്യം വിളിച്ചോതുന്നതോ ഒക്കെയായിരിക്കും. സാധാരണ ഇത്തരം സമ്മാനങ്ങള്‍ അതിഥികളെ സന്തോഷിപ്പിക്കാനായിരിക്കും, അല്ലാതെ അവരില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാല്ല. എന്നാല്‍ അങ്കാറയില്‍ സമാപിച്ച നാറ്റോ ഉച്ചകോടിക്ക് ശേഷം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് നാറ്റോ നേതാക്കള്‍ക്ക് നല്കിയ സമ്മാനം കുറച്ച് വ്യത്യസ്തമായി; ആറ് വെടിയുണ്ടകളും ഒരു റിവോള്‍വറും. ഈ തോക്കു കൊണ്ട് ലോക നേതാക്കള്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നാണ് അന്താരാഷ്ട്ര നയതന്ത്ര ലോകം ചിന്തിക്കുന്നത്.
രണ്ട് ദിവസം നീണ്ട ഉച്ചകോടി കഴിഞ്ഞ് അങ്കാറയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ആണ് തനിക്കും മറ്റ് നേതാക്കള്‍ക്കും ലഭിച്ച ഈ അസാധാരണമായ സമ്മാനത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. കറുത്ത ലൈനിംഗ് ഉള്ള ചുവന്ന പെട്ടിയില്‍ സൂക്ഷിച്ച, അവരവരുടെ പേരുകള്‍ കൊത്തിയെടുത്ത ഓരോ റിവോള്‍വറുകളാണ് നേതാക്കള്‍ക്ക് ലഭിച്ചത്. ആ തോക്കിനൊപ്പം ആറ് വെടിയുണ്ടകളും ആയുധ കയറ്റുമതി നിയന്ത്രണങ്ങളില്‍ നിന്ന് ഇവയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു പ്രത്യേക കുറിപ്പും ഉണ്ടായിരുന്നു.
ഭരണത്തലവന്മാര് തമ്മിലുള്ള കൂടിക്കാഴ്ചകളില്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നത് വളരെ സാധാരണമാണെങ്കിലും, ഇത്തരമൊരു സമ്മാനം തികച്ചും അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്നണ് ഉച്ചകോടിക്ക് എത്തിയ വിവിധ നാറ്റോ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ഇത് ലോക നേതാക്കളുടെ സുരക്ഷാ സംഘങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഹംഗേറിയന്‍ പ്രധാനമന്ത്രി പീറ്റര്‍ മഗ്യാര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ തന്റെ പേര് കൊത്തിയ മാഗ്നം റിവോള്‍വറും വെടിയുണ്ടകളും അടങ്ങിയ ഉര്‍ദുഗാന്റെ ഈ അസാധാരണ സമ്മാനത്തെക്കുറിച്ച് പരസ്യമായി പങ്കുവെച്ചിരുന്നു. ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ഡി വെവര്‍ ആകട്ടെ, ബെല്‍ജിയത്തില്‍ വിമാനം ഇറങ്ങിയ ശേഷമാണ് തനിക്ക് ലഭിച്ച സമ്മാനം എന്താണെന്ന് മനസിലാക്കിയത്. അത്ഭുതപ്പെട്ട അദ്ദേഹം, സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി തോക്ക് ഉടനടി എയര്‍പോര്‍ട്ട് പോലീസിന് കൈമാറി. ഇത് സുരക്ഷിതമായ ലോക്കറിലേക്ക് മാറ്റാനാണ് ഡി വെവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് മേധാവികളായ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, അന്റോണിയോ കോസ്റ്റ എന്നിവര്‍ക്കും തോക്കുകള്‍ സമ്മാനം കിട്ടിയിരുന്നു. ഈ തോക്കുകളും ഡി വെവറുടെ സുരക്ഷാ സംഘത്തിന് കൈമാറി. പ്രോട്ടോക്കോളും സുരക്ഷയും നോക്കുമ്പോള്‍ ഈ സമ്മാനം വലിയ തലവേദനയാണുണ്ടാക്കിയതെങ്കിലും ഈ സമ്മാനത്തിന് ഉര്ദുഗാന് നന്ദി അറിയിച്ച ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്റെ വക്താവ്, ഈ തോക്ക് പ്രവര്‍ത്തനരഹിതമാക്കിയ ശേഷം ഒരു സൈനിക മ്യൂസിയത്തിന് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
പോളിഷ് പ്രസിഡന്റ് കരോള്‍ നാവ്റോക്കിക്കിനും റിവോള്‍വര്‍ സമ്മാനം കിട്ടിയിട്ടുണ്ട്. സുരക്ഷിതമായി തന്നെ അത് നാട്ടില്‍ എത്തിച്ചിട്ടുണ്ട്. എങ്കിലും, മുന്‍പ് നടന്ന ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് പോളണ്ട് ഈ സമ്മാനത്തെ കൈകാര്യം ചെയ്യുന്നത്. 2022 ഡിസംബറില്‍ പോളണ്ടിന്റെ പോലീസ് മേധാവി യുക്രെയ്നില്‍ നിന്ന് സമ്മാനമായി ലഭിച്ച ആന്റി-ടാങ്ക് ഗ്രനേഡ് ലോഞ്ചര്‍ വാര്‍സോയിലെ തന്റെ ഓഫീസിലേക്ക് കൊണ്ടുവരികയും, അത് അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ഓഫീസ് തകരുകയും ചെയ്തിരുന്നു. ആ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ‘ഇതാരും ഇവിടെ വെടിവെക്കാന്‍ പോകുന്നില്ല’ എന്നാണ് നാവ്റോക്കിയുടെ സഹായി ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനോട് പ്രതികരിച്ചത്.
പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഇത്തരം ആയുധങ്ങള്‍ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത് അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ച് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്‍ എന്നിവരുടേതുള്‍പ്പെടെയുള്ള പല നേതാക്കളുടെയും റിവോള്‍വറുകള്‍ ഇപ്പോള്‍ തുര്‍ക്കി തലസ്ഥാനത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തന്റെ റിവോള്‍വര്‍ കൂടെ കൊണ്ടുപോയെങ്കിലും വെടിയുണ്ടകള്‍ തുര്‍ക്കിയില്‍ തന്നെ ഉപേക്ഷിക്കുകയാണുണ്ടായത്. ഇതിന്റെ കാരണം വ്യക്തമാക്കാന്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സന്റെ സുരക്ഷാ സംഘം വ്യക്തമാക്കിയത് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് മാത്രമേ തോക്ക് സ്വീഡനിലേക്ക് എത്തിക്കൂ എന്നാണ്.
ഈ ആയുധങ്ങള്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കപ്പുറം, യുക്രെയ്ന്, ഇറാന്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടിയ ഈ ഉച്ചകോടിയില്‍ എന്തിനാണ് ഉര്ദുഗാന് ഇങ്ങനെയൊരു സമ്മാനം നല്‍കിയത് എന്ന ചോദ്യം പല നയതന്ത്ര പ്രതിനിധികളെയും വല്ലാതെ കുഴക്കുന്നുണ്ട്. സാധാരണയായി നേതാക്കള്‍ കൈമാറുന്ന സമ്മാനങ്ങള്‍ക്ക് ഇത്രയധികം കനത്ത സുരക്ഷാ മുന്‍കരുതലുകള്‍ ആവശ്യമോ ആശങ്കകളോ ഉണ്ടാക്കാറില്ല എന്നതാണ് ഇതിന് കാരണം. എന്നാല്‍ ഈ അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്കും ചോദ്യങ്ങള്‍ക്കും തുര്‍ക്കി പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
Content Summary; Nato leaders left puzzled after Turkish President Erdogan gifted them engraved Magnum revolvers with live ammunition at the Ankara summit.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.