June 04, 2026 |
Avatar
അമർനാഥ്‌
Share on

മുഖ്യമന്ത്രിമാരും ശൈലികളും! ഒരു പി.ആർ.ഡി ഡയറക്ടറുടെ “വാക്കും തോക്കും”

കാൽനൂറ്റാണ്ടിലധികം കാലം പബ്ലിക് റിലേഷൻസ് രംഗത്ത് പ്രവർത്തിച്ച തോട്ടം രാജശേഖരൻ താൻ പ്രവർത്തിച്ചിരുന്ന കാലത്തെ കേരള മുഖ്യമന്ത്രിമാരുടെയും ഭരണാധികാരികളുടെയും നയങ്ങളെക്കുറിച്ച് തുറന്നടിക്കുന്നു. 

ബ്യൂറോക്രാറ്റുകൾ മുഖ്യമന്ത്രിയുടെ നെറികേട് പരസ്യമായി പറയുന്ന ഈ കാലത്ത്, സർക്കാരിൻ്റെ മുഖമായ പി.ആർ.ഡി ഡയറക്ടർ ആയി താനിരുന്നപ്പോൾ കേരളമുഖ്യമന്ത്രിമാർ എങ്ങനെയൊക്കെ പ്രവർത്തിച്ചു? 90-കാരനായ തോട്ടം രാജശേഖരൻ ആ കാലം ഓർത്തെടുക്കുന്നു. കാൽനൂറ്റാണ്ടിലധികം പബ്ലിക് റിലേഷൻസ് രംഗത്ത് പ്രവർത്തിച്ച, എഴുത്തുകാരനും, നോവലിസ്റ്റും, സാമൂഹികപ്രവർത്തകനുമായ തോട്ടം രാജശേഖരൻ കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ഓഫീസ് ഭരണത്തിൻ്റെ നേട്ടവും കോട്ടവും അടുത്ത് കണ്ടറിഞ്ഞ വ്യക്തിയാണ്. അദ്ദേഹം അക്കാലത്തെ ഭരണാധികാരികളുടെ നയങ്ങളെക്കുറിച്ച് തുറന്നടിക്കുന്നു

തോട്ടം രാജശേഖരൻ

ഒറ്റക്കാര്യം  മാത്രം പ്രത്യേകം നിഷ്‌കർഷിക്കപ്പെടുന്നു: ഉന്നതങ്ങളിലെ സിംഹാസനങ്ങൾ കുലുങ്ങരുത്”

“സർക്കാരുദ്യോഗസ്‌ഥന്മാർ വേശ്യകളാണനിയാ! അവർ എല്ലാ മന്ത്രിസഭകളുടെയും, ഏതൊരു സെറ്റപ്പിൻ്റെയും കിടക്കയിൽ ശയിക്കും! മന്ത്രിസഭ മാറുമ്പോൾ അവർ കുളിച്ച്, മുല്ലപ്പൂചൂടി, പലതവണ ഉപയോഗിക്കപ്പെട്ട അവരുടെ ശരീരങ്ങൾ ആർക്കും വിശ്വസിക്കാനാവാത്ത പുതിയ കന്യകാത്വത്തോടെ പുതിയ യജമാനന്മാരുടെ മുമ്പിൽ പ്രദർശിപ്പിക്കും! അവരെ വളർത്തി വലുതാക്കരുത്. നാളെ നിങ്ങൾ ഭരിക്കാൻ വന്നാലും അവർ വിധേയരായിരിക്കണ്ടേ?” “യന്ത്ര”മെന്ന മലയാറ്റൂർ രാമകൃഷ്ണൻ്റെ പ്രശസ്ത നോവലിലെ ഒരു കഥാപാത്രമായ മന്ത്രി പ്രസന്നൻ പറയുന്ന വാചകങ്ങളാണിത്.

ഉദ്യോഗസ്ഥ ഭരണസംവിധാനത്തിൻ്റെ ഉയർന്ന തലങ്ങളെ വിഷയമാക്കി മലയാളത്തിൽ എഴുതപ്പെട്ട ആദ്യത്തെ പ്രമുഖ നോവലാണ് ഒരു ഐ.എ.എസ് കാരൻ കൂടിയായിരുന്ന കെ.വി. രാമകൃഷ്ണ അയ്യർ എന്ന മലയാറ്റൂർ രാമകൃഷ്ണന്റെ യന്ത്രം. യന്ത്രത്തിൻ്റെ ക്യാൻവാസ് നിറയെ  ധർമ്മസങ്കടങ്ങളുടെ ചിത്രമാണുള്ളത്. ‘ഞാനും യന്ത്രത്തിൻ്റെ ഭാഗമാണ്. അതുകൊണ്ട് ഭരണയന്ത്രം തിരിക്കുന്ന സഹപ്രവർത്തകരോട് ഒന്നു പറഞ്ഞോട്ടെ,  സർവീസിനെ കളിയാക്കുക എൻ്റെ ഉദ്ദേശമായിരുന്നില്ല.’-മലയാറ്റൂർ ആമുഖത്തിൽ എഴുതി.

മലയാറ്റൂർ രാമകൃഷ്ണൻ

67 വർഷങ്ങൾക്ക് മുൻപ് തെരഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭ, 1957-ലെ ഇം എം. എസ് നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രി സഭ , ഇന്ത്യൻ രാഷ്ട്രപതി 

1959 ജൂലൈ 31 ന് പിരിച്ച് വിട്ടു. ആയിരക്കണക്കിന് വിമോചന സന്നദ്ധ ഭടന്മാർ കേരളകമ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിൻ്റെ വിജയമാഘോഷിച്ചുകൊണ്ടിരുന്നപ്പോൾ, മുഖ്യമന്ത്രി ഇ.എം.എസ് സെക്രട്ടറിയേറ്റിൽ  ഒരു വിട പറയൽ പ്രസംഗം നടത്തി. ‘സർക്കാരുദ്യോഗസ്ഥന്മാരുടെ ഒരു ചെറുസംഘത്തോട്, മന്ത്രിമാർ വരികയും പോവുകയും ചെയ്യുമെന്നും എന്നാൽ ഉദ്യോഗസ്ഥന്മാർ അവരുടെ കർത്തവ്യം നിർവഹിക്കണമെന്നും’ ഇ.എം.എസ് പറഞ്ഞു. നെഹ്രുവിനോ കേന്ദ്രമന്ത്രിസഭയ്ക്കോ എതിരായി അദ്ദേഹം ഒരക്ഷരം പറഞ്ഞില്ല . എല്ലാവരും നിശ്ശബ്ദമായി കേട്ടുകൊണ്ടുനിന്ന ആ പ്രസംഗത്തിനുശേഷം അദ്ദേഹവും സഹപ്രവർത്തകരും സെക്രട്ടേറിയേറ്റിനോട് വിടപറഞ്ഞു. ഇ.എം.എസ് തികഞ്ഞ സമചിത്തയോടെയാണ് സർക്കാർ ഉദ്യോഗസ്ഥന്മാരോട് യാത്ര പറഞ്ഞത്.

ഇ.എം.എസ്

കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിനെയും ഭരണത്തെയും കുറിച്ച് ആക്ഷേപങ്ങൾ പലതുമുണ്ടായെങ്കിലും സർക്കാരിലെ ഉയർന്ന ഉദ്ദോഗസ്ഥർ, ആദ്യ കമ്യൂണിസ്റ്റ് സർക്കാരിൻ്റെ 

28 മാസം നീണ്ട ഭരണത്തിലെ  മുഖ്യമന്ത്രിയുൾപ്പെടെയുള്ള  മന്ത്രിമാരെക്കുറിച്ചോ ഭരണത്തിലെ അഴിമതികളേയോ അനാവശ്യ കൈ കടത്തലുകളെക്കുറിച്ചോ ഗൗരവമായി പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല. അതിന് കാരണമുണ്ട്(കേരളത്തിലെ ആദ്യത്തെ അഴിമതി ആരോപണമായ ആന്ധ്ര അരി കുംഭകോണം 1957-ൽ മന്ത്രിസഭക്കെതിരെ വന്നെങ്കിലും സർക്കാർ അന്വേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞു).

കേരളത്തിൻ്റെ മുഖ്യമന്ത്രിയാവാൻ യോഗ്യതയുള്ള അരഡസൻ മന്ത്രിമാരെങ്കിലും അന്നത്തെ ഇ.എം.എസ് മന്ത്രിസഭയിലുണ്ടായിരുന്നു. ഈ മന്ത്രിമാർ മുന്നിൽ വരുന്ന ഫയലുകൾ നല്ലപോലെ പഠിച്ച ശേഷമേ തീരുമാനമെടുത്തിരുന്നുള്ളൂ. ഇന്നത്തെപ്പോലെ പേഴ്സണൽ സ്‌റ്റാഫിനെ കുത്തിനിറച്ച് അവരുടെ സഹായത്താൽ ഭരണം നടത്തുന്ന സംവിധാനമായിരുന്നില്ല അന്ന്. ഉദ്യോഗസ്ഥരെ നിലക്ക് നിർത്തിയിരുന്ന മന്ത്രിമാർ, ചർച്ചകൾക്കും അഭിമുഖങ്ങൾക്കും പൊതു സമ്മേളനങ്ങൾക്കും സമയം കണ്ടെത്തിയിരുന്നു. 

മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഔദ്യോഗിക ബന്ധങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ആദ്യത്തെ കൃതികളിലൊന്നാണ് മലയാറ്റൂരിൻ്റെ “സർവീസ് സ്‌റ്റോറി”. അമ്പതുകളിലേയും അറുപതുകളിലേയും സിവിൽ സർവീസ്-മന്ത്രി ബന്ധങ്ങൾ അതിൽ ചുരുളഴിയുന്നുണ്ട്. എങ്കിലും, പഴയ പാർട്ടിക്കാരനായതിനാലുള്ള വ്യക്തിബന്ധങ്ങൾ കാരണം ഒരു പരിധി വരെ മലയാറ്റൂർ തുറന്ന വിമർശനങ്ങളിൽ അതിർ വരമ്പ് സൂക്ഷിച്ചിരുന്നു. 

‘ഇതെഴുതാനാരംഭിക്കുമ്പോൾ സാക്ഷിക്കൂട്ടിൽ കയറി സത്യം ചെയ്യണം. സത്യവാചകം ഇതാണ്: ‘ഞാൻ സത്യം പറയും; മുഴുവൻ സത്യവും പറയും; സത്യമല്ലാതെ മറ്റൊന്നും പറയുകയില്ല.’ ഈ സത്യവാചകം ചൊല്ലാൻ ഞാൻ സന്നദ്ധനല്ല, സത്യം പറയാം; സത്യമല്ലാതെ മറെറാന്നും പറയുകയില്ല. പക്ഷേ, മുഴുവൻ സത്യവും പറയാനൊക്കുമോ? ഈ ലേഖന പരമ്പരയിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പലരെപ്പറ്റിയും പറഞ്ഞേ പറ്റൂ. ആർക്കും നൊമ്പരമുണ്ടാകരുത്’. സർവ്വീസ് സ്‌റ്റോറിയുടെ ആരംഭത്തിൽ മുൻകൂർ ജാമ്യമെടുത്ത്  മലയാറ്റൂർ എഴുതി. ബാബുപോൾ, സി.പി നായർ തുടങ്ങിയ ഐ.എ.എസുകാരെല്ലാം തങ്ങളുടെ സർവീസ് കാലം ഉൾപ്പെടുത്തി ഓർമ്മക്കുറിപ്പുകളും ആത്മകഥയും ഒക്കെ എഴുതിയതാണ്. അവയൊക്കെ ശുഷ്കമായ, ശ്രദ്ധയിൽ പെടാത്ത, പാരായണ സുഖമില്ലാത്ത കാറ്റലോഗുകൾ ആയിപ്പോയെന്ന് മാത്രം. 

ഇതിൽ നിന്നൊക്കെ വ്യത്യസ്തനായ ഒരാൾ മുഖ്യമന്ത്രിമാരെ വിലയിരുത്തി തൻ്റെ സർവ്വീസ് സ്‌റ്റോറി  എഴുതിയിട്ടുണ്ട്. കേരളത്തിൻ്റെ ആറോളം മുഖ്യമന്ത്രിമാരുമായി ഇടപഴകിയ, മുൻ പബ്ലിക് റിലേഷൻസ് ഡയറക്ടററായ ‘തോട്ടം രാജശേഖര’നാണതെഴുതിയത്. അത് പുറത്ത് വന്ന് നാല് പതിറ്റാണ്ടിന് ശേഷം, ഈയിടെ പുറത്തിറങ്ങിയ അദ്ദേഹത്തിൻ്റെ  ലേഖന സമാഹരം- “വാക്കോ? തോക്കോ?” എന്ന പുസ്തകത്തിൽ അവസാന ഭാഗത്ത് ‘സാഹിത്യ വിമർശനം’ മാസികയിൽ കഴിഞ്ഞ വർഷം വന്ന തോട്ടം രാജശേഖരൻ്റെ അഭിമുഖം ഉൾപ്പെടുത്തിയിരിന്നു. മാസികയുടെ എഡിറ്റർ ആനന്ദൻ പിള്ളയുമായി നടത്തിയ ദീർഘമായ അഭിമുഖത്തിൽ രാഷ്ട്രീയ-സാമൂഹിക-സാഹിത്യ സംഭവങ്ങൾ ധാരാളം കടന്നു വരുന്നുണ്ട്. താൻ ഇടപെട്ട മുഖ്യമന്ത്രിമാരെയും അവരുടെ ഭരണ സംവിധാനത്തെയും കുറിച്ച് അതിൽ  തോട്ടം രാജശേഖരൻ വിലയിരുത്തുന്നുണ്ട്. 

തോട്ടം രാജശേഖരന്റെ “വാക്കോ തോക്കോ” എന്ന പുസ്തകം

ആരാണ് തോട്ടം രാജശേഖരൻ? പബ്ലിക് റിലേഷൻസ് വകുപ്പിൽ 27 വർഷത്തോളം ജോലി ചെയ്തു. അതിൽ 10 വർഷം ഡയറക്ടർ, ഗവർണറുടെ പി.ആർ.ഒ, തോന്നയ്ക്കൽ ആശാൻ സ്മാരക സെക്രട്ടറി , കേരള പ്രസ് അക്കാദമി ഡയറക്ടർ , കെ.എസ്.എഫ്.ഡി.സി. അംഗമായി രണ്ടു തവണ, ചലച്ചിത്ര അവാർഡ് നിർണയ സമിതി അംഗമായി 10 തവണ, സെൻസർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള പ്രസ് ആക്കാദമിയുടെ ആശയം ആദ്യമായി സർക്കാർതലത്തിൽ അവതരിപ്പിച്ച വ്യക്തിയാണദ്ദേഹം. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ശിൽപികളിലൊരാൾ. നാല് നോവലുകൾ എഴുതി. “സിനിമ; മിഥ്യയും സത്യവും” എന്ന പഠനഗ്രന്ഥത്തിന് 1982 ലെ സാഹിത്യ അക്കാദമി പുരസ്കാരം നേടി. ഉദ്വോഗത്തിൽ നിന്ന്  വിരമിച്ചിട്ടും 31 വർഷമായി, ഈ തൊണ്ണൂറാം വയസ്സിലും അദ്ദേഹം എഴുത്തിൽ സജീവമാണ്.

“പറയാനെന്തങ്കിലും ഉണ്ടാവുക. അത് മുഖം നോക്കാതെ ശക്തമായും വ്യക്തമായും പറയുക എന്നതാണ് തുടക്കം മുതലേ എൻ്റെ രീതി.” ദീർഘ സംഭാഷണത്തിൽ തോട്ടം രാജശേഖരൻ പറയുന്നു. അത് ഇന്നും ശരിയാണ്. പറച്ചിലിൻ്റെ തീവ്രത കൂട്ടിയിട്ടുണ്ടോ എന്നതുമാത്രമാണ്  സംശയം.

40 വർഷങ്ങൾക്ക് മുൻപ്, 1985-ൽ പബ്ലിക് റിലേഷൻസ് ഡയറക്ടറായി വിരമിച്ച ശേഷം തോട്ടം രാജശേഖരൻ തൻ്റെ സർവ്വീസ് അനുഭവങ്ങൾ എഴുതി. അക്കാലത്ത്, മലയാറ്റൂർ രാമകൃഷ്ണൻ്റെ ശ്രദ്ധേയമായ മറ്റൊരു സർവീസ് സ്റ്റോറി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ വന്നത് ഏറെ ചർച്ചകൾക്കു വഴി വെച്ചിരുന്നു. വിവാദമായ സർക്കാരിൻ്റെ വെള്ളാനിക്കര കാർഷിക കോളേജ് ഭൂമിയിടപാട്, മലയാറ്റൂർ എം.ഡിയായ ടി.ടി.സി യിലെ റെയ്ഡ്, മന്ത്രിയായ എം.എൻ ഗോവിന്ദൻ നായരുമായുള്ള കെ.എസ്.ആർ.ടി.സി യിലെ ഉരസൽ തുടങ്ങിയ അനുഭവങ്ങൾ സർവീസ് സ്റ്റോറിയിൽ സാഹിത്യകാരൻ കൂടിയായ മലയാറ്റൂർ മനോഹരമായ ഭാഷയിൽ പ്രതിപാദിച്ചത് വായനക്കാർ സ്വീകരിച്ചു. ഒരു സിവിൽ സർവ്വൻ്റിൻ്റെ സർവീസ് സ്‌റ്റോറിക്കപ്പുറം ആ പുസ്തകം വായിക്കപ്പെട്ടു. അതിലെ പല കഥാപാത്രങ്ങളും അപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നതും അതിന് ആധികാരികത നൽകി.

മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ പ്രചാരം ഈ കാലത്ത് വർധിച്ചു. അത് നിലനിർത്താൻ അന്നത്തെ മാതൃഭൂമി ദിനപത്രത്തിൻ്റെ എഡിറ്ററായ മോനു നാലപ്പാട്ട് ഒരു സ്വകാര്യ ചടങ്ങിൽ കണ്ടപ്പോൾ തോട്ടം രാജശേഖരനോട് പറഞ്ഞു, “Why don’t you write your story? ”മലയാറ്റൂരിനെ പോലെ പ്രശസ്തനല്ല താൻ എന്ന തോന്നലാകാം,  തോട്ടം രാജശേഖരൻ ആദ്യം തന്നെ ഒഴിഞ്ഞുമാറി. പക്ഷേ, മോനു നാലപ്പാട്ട് വിടാൻ തയാറായില്ല. “No.. No..You have got a story to tell and you can write it”, മോനു നാലപ്പാട്ട് പറഞ്ഞു. ഒടുവിൽ തോട്ടം രാജശേഖരൻ സമ്മതം മൂളി. നേരത്തെ തോട്ടം രാജശേഖരൻ പറഞ്ഞ  പോലെ ‘പറയാനെന്തങ്കിലും ഉണ്ടാവുക, അത് മുഖം നോക്കാതെ ശക്തമായും വ്യക്തമായും പറയുക’ എന്ന ശൈലിയിൽ തന്നെ  തുടങ്ങി.

1986 ഓഗസ്റ്റ് മുതൽ തോട്ടം രാജശേഖരൻ്റെ സേവന ചരിത്രം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിക്കാൻ തുടങ്ങി. പറയാനേറെയുള്ള തോട്ടം രാജശേഖരൻ തൻ്റെ കുരുക്ഷേത്രത്തിൻ്റെ കഥയെന്ന് സ്വയം വിശേഷിപ്പിച്ച അതിന് വ്യത്യസ്തമായൊരു പേരുമിട്ടു, “ഉദ്യോഗപർവ്വം”. അങ്ങനെ 1958 മുതൽ 1985 വരെയുള്ള കാലത്തെ കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക-ചരിത്രവും സർക്കാർ ബ്യൂറോക്രസിയുടെ അധ്യായങ്ങളും ചുരുൾ നിവർന്നു. മലയാറ്റൂരിനെപ്പോലെ മുൻകൂർ ക്ഷമാപണമൊന്നും പറയാൻ തോട്ടം രാജശേഖരൻ ആരംഭത്തിൽ തുനിഞ്ഞില്ല. മുഖം നോക്കാതെ വിമർശിച്ചു. കഥാപാത്രങ്ങൾ സെക്രട്ടറിയേറ്റിലുള്ളവരായത് കാരണം പലരുടെയും നെറ്റി ചുളിഞ്ഞു. തിരുവനന്തപുരത്ത് പ്രത്യേകിച്ചും. സെക്രട്ടറിയേറ്റിൽ ചെറുതല്ലാത്ത കോളിളക്കവുമുണ്ടായി.

തോട്ടം രാജശേഖരന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “ഉദ്യോഗപർവ്വം”

സാമാരാധ്യനായ പട്ടം താണു പിള്ളയേയും കെ.പി കേശവമേനോനെയും കുറിച്ചൊക്കെയുള്ള പരാമർശങ്ങൾ ഇങ്ങനെ പോയി- ‘ബിലാത്തിക്കുളത്തു കെ.പി കേശവമേനോൻെറ വീട്ടിലെത്തിയ മുഖ്യമന്ത്രിയുടെ മുഖം സന്തോഷം കൊണ്ടുചുവന്നു വികസിച്ചു. അത് പഴയ സുഹൃത്തിനെ കണ്ടതിലുള്ള ആഹ്ലാദം മാത്രമായിരുന്നില്ല. ജനാധിപത്യശക്തികൾക്ക് ‘മാതൃഭൂമി’ നൽകിപ്പോരുന്ന ശക്തമായ പിന്തുണയിലുള്ള കൃതജ്ഞതയും ഈ സന്തുഷ്ടിക്ക് പിന്നിലുണ്ടായിരുന്നു. എന്നാൽ, എല്ലാറ്റിനുമുപരി കേശവമേനോൻ ഒരുക്കിയിരുന്ന വിഭവസമൃദ്ധമായ ഉച്ച ഭക്ഷണമായിരുന്നു  താണു പിള്ളസാറിൻ്റെ പ്രസന്നതക്കുള്ള യഥാർത്ഥ കാരണം. കേശവ മേനോനെപ്പോലെ തന്നെ നല്ല ഭക്ഷണത്തോട് അപാരമായ ഭക്തിയായിരുന്നു ഈ സോഷ്യലിസ്റ്റിനും. 

പട്ടം തണു പിള്ള

കോഴിക്കറിയോടും വറുത്ത മീനിനോടും അവർ മത്സരിച്ച് നീതി പുലർത്തി. ജുബ്ബയുടെ കൈ തെറുത്തുകയറ്റി  നിതാന്തജാഗ്രതയോടെ നിശ്ശബ്ദമായിരുന്ന് താണു പിള്ള സാർ നടത്തുന്ന ഭക്ഷണയജ്ഞം കാണേണ്ട ഒരു കാഴ്ച്ച തന്നെയാണ്.’ കെ.പി കേശവ മേനോനെ കുറിച്ച് ഇത്തരത്തിലുള്ള പരാമർശങ്ങളൊക്കെ അച്ചടിച്ച് വന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും. സ്വാഭാവികമായും അതിനെതിരെ അമർഷമുണ്ടായി.

മഹാഭാരത കുരുക്ഷേത്രത്തിൽ പാണ്ഡവരും കൗരവരുമേയുള്ളൂ. എന്നാൽ, ഉദ്യോഗപർവ്വത്തിലെ കുരുക്ഷേത്രത്തിൽ കേരളത്തിൻ്റെ ഗവർണർമാരും, മുഖ്യമന്ത്രിമാരും, ബ്യൂറോക്രാറ്റുകളും ഒക്കെയുണ്ട്. പത്രപ്രവർത്തനവും തിരുവനന്തപുരത്തെ പത്രപ്രവർത്തകരുടെ രീതികളും ഉണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡും അതിനു പിന്നിലെ അണിയറക്കഥകളും ഉണ്ട്. ഒരു തലമുറയുടെ ഇതിഹാസ പുരഷനായ, വിഖ്യാതനായ സാഹിത്യ സംസ്കാരിക നായകൻ കെ. ബാലകൃഷ്ണനും നോവലിസ്റ്റ് ജി. വിവേകാനന്ദനും ഉണ്ട്. സർക്കാർ നടത്തുന്ന പരിപാടിയിലെ കഥകളിയിൽ ‘നളനെ’ അവതരിപ്പിക്കുന്ന നടനെ നിശ്ചയിക്കാൻ വകുപ്പ് സെക്രട്ടറി ഇടപെടുന്നത് വെരെയുണ്ട്.  ദിനപത്രങ്ങളുമായി ബന്ധപ്പെട്ട എബിസി ഓഡിറ്റ്  എന്താണെന്ന് അറിയാത്ത ഇൻഫർമേഷൻ മിനിസ്റ്റർ ഉണ്ട്. മുഖ്യമന്ത്രിമാരായ സി. അച്യുതമേനോനെയും കെ. കരുണാകരനേയും പേരെടുത്ത് പറഞ്ഞ് രൂക്ഷമായി തോട്ടം രാജശേഖരൻ ഇതിൽ വിമർശിച്ചിട്ടുമുണ്ട്. 

ഉദോഗപർവ്വത്തിന്റെ ഈ പംക്തിക്ക് വായനക്കാർ പെരുകിയതോടെ, സ്വാഭാവികമായും, ഇതിനെതിരായ സമ്മർദ്ദവും അത്യുന്നത കേന്ദ്രങ്ങളിൽ ആരംഭിച്ചു. പത്രാധിപർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതി പംക്തി നിർത്താൻ ഞാനും ഒരു ഘട്ടത്തിൽ സന്നദ്ധനായി. പക്ഷേ നാലപ്പാട് വഴങ്ങിയില്ല. അഭിപ്രായ സ്വാതന്ത്ര്യത്തോട് അദ്ദേഹം പുലർത്തുന്ന തീക്ഷ്ണമായ ആഭിമുഖ്യം എനിക്കപ്പോൾ കൂടുതൽ ബോധ്യപ്പെട്ടു. ഈ ജനുസ്സിൽപ്പെട്ട  പത്രാധിപന്മാർ നമ്മുടെ നാട്ടിൽ കുറവാണ്. കോഴിക്കോട്ട് വാരികയുടെ ഡസ്ക്കിൽ പ്രവത്തിച്ചിരുന്ന കുട്ടി എഡിറ്റർമാരിൽ ചിലർ ലേഖനത്തിൽ അവിടവിടെ കത്രിക വെച്ചും, എന്നെ അധിക്ഷേപിക്കുന്ന കത്തുകൾക്ക് മുൻഗണന നൽകി പൊടിപടലമുയർത്തിയും, സമ്മർദ്ദക്കാരെ സഹായിക്കാൻ ശ്രമിക്കാതിരുന്നില്ല. തിരുവനന്തപുരത്തുള്ള എഡിറ്ററുടെ(മോനു നാലപ്പാട്ട്)  ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും പെടാറുമില്ലായിരുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തോട്ടം രാജശേഖരനെ വിമർശിച്ചുകൊണ്ട് അക്കാലത്ത് വന്ന കത്തിൽ ഒരു വായനക്കാരൻ സർവീസ് സ്റ്റോറിയെ ഇങ്ങനെ വിശേഷിപ്പിച്ചു; ‘രാജശേഖരൻ്റെ  ഉദ്യോഗഗർവ്വം’).

‘എന്തായാലും എഴുത്തുകാരനെന്ന നിലയ്ക്ക് എനിക്കുള്ള ആശയ പ്രകാശന സ്വാതന്ത്ര്യത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തരുതെന്ന് നാലപ്പാടിന്  നിർബന്ധമായിരുന്നു. ഈ അദമ്യമായ സ്വാതന്ത്ര്യബോധം കാരണമാകാം മാതൃഭൂമിയിൽ നിന്ന് വിടപറയുവാൻ നാലപ്പാടിനെ നിർബന്ധിതനാക്കിയ സാഹചര്യങ്ങൾ ഉണ്ടാക്കിയവരോട് അദ്ദേഹത്തിന് പൊറുക്കാൻ കഴിയാത്തത്’- തോട്ടം രാജശേഖരൻ എഴുതി.

‘ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെൻറ് കേരളത്തിൻ്റെ രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ ആർക്കും മായ്ക്കാനാവാത്ത മുദ്രകൾ പതിച്ചുവെങ്കിലും ആശാസ്യമല്ലാത്ത ചില പ്രവണതകൾക്കു തുടക്കം കുറിക്കുകയും ചെയ്തു. അതിൽ എടുത്തു പറയേണ്ട ദുഷ്പ്രവണത സിവിൽ സർവീസിൻ്റെ രാഷ്ട്രീയവത്ക്കരണമായിരുന്നു. കഴിവും പഠിപ്പും സ്വഭാവ ശുദ്ധിയും പണിയെടുക്കാനുള്ള മടിയില്ലായ്മയുമായിരുന്നു അതു വരെ സിവിൽസർവീസിന് ആവശ്യമായിരുന്ന അടിസ്ഥാന യോഗ്യതകൾ. അതോടൊപ്പം സാമൂഹിക പ്രതിബദ്ധതയും ഗവണ്മെൻറ് ജീവനക്കാരൻറ പ്രവൃത്തികളെ നയിക്കണമെന്ന ചിന്താഗതിയും സ്വതന്ത്ര ഇന്ത്യയിൽ വളർന്നുകഴിഞ്ഞിരുന്നു.

പക്ഷേ, കക്ഷിരാഷ്ട്രീയപരമായ പ്രതിബദ്ധതയും അവർക്കാവശ്യമാണെന്ന അലിഖിതനിയമം ആദ്യമായി പ്രാബല്യത്തിൽ കൊണ്ടു വന്നത് കമ്മ്യൂണിസ്റ്റ് ഗവൺണ്മെൻറായിരുന്നു. പീന്നിട് വന്ന എല്ലാ ഗവണ്മെൻറുകളും ഈ പ്രവണതയെ പരിപോഷിപ്പിച്ചതിൻ്റെ ‘ഫലമായി സിവിൽ സർവീസിന്റെ അടിത്തറ തന്നെ തകർന്നുപോയി.’ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിൻ്റെ കാലത്തെ ബ്യൂറോക്രസിയെ കുറിച്ച് തോട്ടം രാജശേഖരൻ എഴുതുന്നു.

അന്നൊക്കെ ദിവസവും പതിനെട്ട് ഇരുപതു മണിക്കൂർ നേരം മുഖ്യമന്ത്രി(ഇ.എം.എസ്)  അധ്വാനിക്കുമായിരുന്നു. മുന്നിൽ വരുന്ന ഫയലുകൾ നല്ലപോലെ പഠിച്ചശേഷമേ തീരുമാനം എടുത്തിരുന്നുള്ളൂ. ഇന്നത്തെപ്പോലെ പേഴ്‌സണൽ സ്റ്റാഫിനെ ആശ്രയിച്ചു ഭരണം നടത്തുന്ന ഏർപ്പാട് അന്നു മന്ത്രിമാർ തുടങ്ങിയിരുന്നില്ല. പുറമേ നിരവധി ചർച്ചച്ചകൾ, ഇൻറർവ്യൂ, പൊതുസമ്മേളനങ്ങൾ എന്നിവയ്ക്കും സമയം കണ്ടെത്തിയിരുന്നു.

ഇ.എം.എസ്സിൻ്റെ  പ്രസംഗങ്ങളും ലേഖനങ്ങളും എല്ലാം അദ്ദേഹം സ്വയം തയ്യാറാക്കുകയായിരുന്നു പതിവ്. ‘ഗോസ്റ്റ് റൈററിംഗി’നെ ആശ്രയിക്കുന്നവരാരും ഇ.എം.എസ് ഗവൺമെന്റിൽ ഉണ്ടായിരുന്നില്ല. സ്വന്തം ആശയങ്ങൾ, സ്വന്തം ഭാഷയിൽ പ്രതിപാദിക്കാൻ അവർ ശ്രദ്ധിച്ചു. സ്ഥിരം സർവീസിൻെറയും പൊളിറ്റിക്കൽ എക്സിക്യൂട്ടീവിൻ്റെയും ജോലികൾ കൂട്ടിക്കുഴക്കരുതെന്നും ഇ.എം.എസ്സിന്  നിർബന്ധമുണ്ടായിരുന്നു. എന്നാൽ സിവിൽ സർവൻറ് തങ്ങളോടു പൊളിറ്റിക്കൽ കമ്മിറ്റ്മെൻറ് ഉള്ള ആളാണെങ്കിൽ ‘ക്ഷ’ നന്ന്!

സംസ്ഥാന ഗവൺമെന്റിനെക്കുറിച്ച് ദേശീയതലത്തിലും വിദേശ പ്രസിദ്ധീകരണങ്ങളിലും വരുന്ന വിമർശനങ്ങളെല്ലാം തെരഞ്ഞുപിടിച്ചു വായിക്കുകയും അവയ്ക്ക് കൃത്യമായി പ്രത്യാഖ്യാനങ്ങൾ എഴുതുകയും ചെയ്യാൻ ഈ ബദ്ധപ്പാടുകൾക്കിടയിലും മുഖ്യമന്ത്രി സമയം കണ്ടെത്തിയിരുന്നു. പലപ്പോഴും സ്വന്തം കൈപ്പടയിൽത്തന്നെ ഡ്രാഫ്ററ് തയ്യാറാക്കാനും അദ്ദേഹം മടിച്ചിരുന്നില്ല.

ഏതു കാര്യത്തിലും അദ്ദേഹത്തിൻ്റെ  സൂക്ഷ്മദൃഷ്ടി കടന്നു ചെല്ലുമായിരുന്നു. പക്ഷേ, ഒരു സംഭവം സംബന്ധിച്ച് കുശാഗ്ര ബുദ്ധിയുള്ള ആ സ്ട്രാററജിസ്റ്റിൻ്റെ  പ്രതികരണം മിക്കപ്പോഴും ഐഡിയലിസ്റ്റിന്റേതായിരുന്നു, പ്രായോഗികവാദിയുടേതായിരുന്നില്ല. അതിനാൽ ‘പ്രയോഗ’ങ്ങളെല്ലാം എ.കെ.ജി ക്കും എം.എന്നും (എം.എൻ ഗോവിന്ദൻ നായർ) വിട്ടു കൊണ്ട് പ്രത്യയശാസ്ത്രപരമായ ഇഴപിരിക്കലിൽ അദ്ദേഹം വ്യാപൃതനായി. 

തൻ്റെ ഗവൺമെൻ്റിൻ്റെ  മെച്ചപ്പെട്ട ഇമേജ് പ്രചരിപ്പിച്ചാൽ ഇന്ത്യയിലാകെ, കേന്ദ്രത്തിലും സ്റ്റേററുകളിലും കേരളത്തിലെപ്പോലുള്ള രാഷ്ട്രീയസംവിധാനമുണ്ടാകാൻ ഇടയാകുമെന്നും ആത്മാർത്ഥമായി വിശ്വസിച്ചിരുന്ന അദ്ദേഹം ഇംഗ്ലീഷിലുള്ള ലഘുലേഖകളിലും പ്രസിദ്ധീകരണങ്ങളിലും ആയിരുന്നു പ്രത്യേകം താത്പര്യം കാണിച്ചിരുന്നത്. ഒരു ദശകത്തിനകം ഇന്ത്യയിൽ ‘കമ്മ്യൂണിസ്റ്റ്‌ പാറേറൺ’ ഭരണം വരുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ  കണക്കുകൂട്ടൽ. കേരളത്തിൻ്റ ആദ്യ മുഖ്യമന്ത്രിയെ കുറിച്ച്  തോട്ടം രാജശേഖരൻ എഴുതുന്നു.

40 വർഷങ്ങൾക്ക് ശേഷം തൻ്റെ അഭിമുഖത്തിൽ തോട്ടം രാജശേഖരൻ മുഖ്യമന്ത്രിയായ ഇ.എം.എസിനെ കുറിച്ച് ഇങ്ങനെ ഉറപ്പിക്കുന്നു; ‘വേദപഠനത്തിലൂടെ കാറൽ മാർക്‌സിലെത്തിയ ഒരു നല്ല പ്രചാരണ എഴുത്തുകാരനും ബുദ്ധിജീവിയും ആയിരുന്നെങ്കിലും മുഖ്യമന്ത്രിയെന്ന നിലക്ക് നമ്പൂതിരിപ്പാടിന്റെ റേറ്റിംഗ് താഴെയാണ്. ഇന്ത്യയിൽ ബാലറ്റിലൂടെ ആദ്യമായി അധികാരത്തിൽ വന്ന ഗ്രൂപ്പിൻ്റെ നായകൻ എന്ന നിലക്ക് താൻ ഇന്ത്യയിലൊട്ടാകെ ചെങ്കടൽ സൃഷ്‌ടിച്ച് ഒരു കോൺഗ്രസ് വിരുദ്ധ സാമ്രാജ്യം പടുത്തുയർത്തുമെന്ന് അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. തനിക്ക് സമാന്തരമായ ഒരു പവർ സെൻ്റർ ഉണ്ടാവുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല.    അതുകൊണ്ട് ഗൗരിയമ്മയെ പുറത്താക്കി നായനാരെ വാഴിച്ചു. റ്റി.വി യെയും എം.എൻ നെയും ആവുന്നിടത്തോളം ചെറുത്തു. ഈ കറുത്ത നമ്പൂതിരിയുടെ ഉള്ളിൽ സവർണ്ണ ബിംബത്തിളക്കം പലപ്പോഴും കണ്ടിരുന്നു.

1960 ഫെബ്രുവരി ഒന്നിന് ഒരു ഇടക്കാല തിരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ്, പിഎസ്‌പി, മുസ്‌ലിം ലീഗ് കക്ഷികൾ ഒരു മുന്നണിയായി മത്സരിച്ചു ജയിച്ച് അധികാരത്തിലെത്തി. മുൻധാരണയനുസരിച്ച് പിഎസ് പിയുടെ നേതാവ് പട്ടം താണു പിള്ള മുഖ്യമന്ത്രിയായി. 1960 ഫെബ്രുവരി 22-ന് കേരളത്തിൽ ആദ്യത്തെ സംയുക്ത മന്ത്രിസഭ അധികാരമേറ്റു. ന്യൂനപക്ഷപാർട്ടിയുടെ നേതാവായ പട്ടം താണു പിള്ളയ്ക്ക് കേരളത്തിൻ്റെ മുഖ്യമന്ത്രിയാവുക എന്നത് എന്നെന്നുമുള്ള ഗൂഢ സ്വപ്നമായിരുന്നു.

തോട്ടം രാജശേഖരൻ എഴുതി- ‘താണു പിള്ള സാർ എന്ന സോഷ്യലിസ്റ്റ് ചരിത്രത്തിൻറ ഒരു വിനോദമാണ്’. നാം നിരന്തരം എതിർക്കുകയോ ഏറ്റുമുട്ടുകയോ ചെയ്യുന്ന വ്യക്തികളുടെയും പ്രതിഭാസങ്ങളുടെയും സ്വഭാവത്തിൻ്റെ അംശങ്ങൾ നമ്മിലേയ്ക്ക് പകരുമെന്ന മനശ്ശാസ്ത്രതത്വമനുസരിച്ച്, ആയുഷ്കാലത്തിലേറിയ പങ്കും അദ്ദേഹം ആരോടാണോ ഏറ്റുമുട്ടിയത്, ആ സി. പി. രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യരീതികളും താൻ പോരിമയും വലിയൊരളവിൽ താണു പിള്ള സാറിലും വളർന്നിരുന്നു. മററുള്ളവരുടെ അഭിപ്രായങ്ങൾ ആദരിക്കാൻ അദ്ദേഹം കൂട്ടാക്കാറില്ല. 

പട്ടം താണു പിള്ളയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ ബഹുകക്ഷിഭരണം പല കാരണങ്ങളാലും വിലയിരുത്തപ്പെടേണ്ട ഒരു ചരിത്രസംഭവമാണ്. അധികാരം പങ്കുവെക്കാനുള്ള വെപ്രാളത്തിൽ ഭരണകൂടത്തിൻ്റെ നൈതികമൂല്യങ്ങൾ എങ്ങനെ ചോർന്നുപോവുന്നു എന്നും ആദ്യമായി തെളിയിച്ചത് ഈ ഗവണ്മെന്റാണ്.

അധികാരം ഉറപ്പിക്കാനും ഉറപ്പിച്ച അധികാരം പൂർണ്ണമായും സ്വന്തമാക്കാനും ഉള്ള വ്യഗ്രതയായിരുന്നു താണു പിള്ള സാറിനും ശങ്കറിനും ചാക്കോയ്ക്കും. ‘വിട്ടുവീഴ്ചയാണ് കോംപ്രമൈസ്’ എന്ന പേരിലറിയപ്പെടുന്ന കീഴടങ്ങലായിരുന്നു കൂട്ടുകക്ഷി ഭരണത്തിൻറ നിലനിൽപ്പുതന്ത്രം. എന്നാൽ, ഈ വിശേഷ ഗുണം താണു പിള്ള സാറിൻ്റെ  പ്രകൃതത്തിനും ഇണങ്ങുന്നതായിരുന്നില്ല. തൻറ കൊച്ചുപാർട്ടിയെ വളർത്തണമെങ്കിൽ കൊള്ളാവുന്ന വകുപ്പുകൾ കൈയിൽ വേണം. ആ വകുപ്പുകൾ സ്വന്തമായി കൈയ്യാളാൻ സൗകര്യവുമുണ്ടായിരിക്കണം. അതിനായിരുന്നു താണു പിള്ള സാറിൻ്റെ  ശ്രമം. തന്നെ താനാക്കിയ തിരുവനന്തപുരം പട്ടണത്തോട് അദ്ദേഹത്തിനും സാമാന്യമായ കൂറ് എക്കാലവും ഉണ്ടായിരുന്നു’ .

കാര്യനിർവ്വഹണത്തിൽ നിന്നും ഒഴിഞ്ഞുമാറുന്ന തിയറികളോടും വിദഗ്ദ്ധന്മാരോടും അദ്ദേഹം മയമില്ലാതെ പെരുമാറി. താണു പിള്ള സാറിനോട് വ്യക്തിപരമായ അടുപ്പവും ആരാധനയുമുള്ള ഒരു സംഘം പ്രവർത്തകർ എപ്പോഴും അദ്ദേഹത്തെ ചൂഴ്ന്നുനിന്നു. അവർക്കു പ്രസാദങ്ങൾ കനിവോടെ എറിഞ്ഞുകൊടുക്കുവാൻ സാറും കുടുംബവും എന്നും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. സോഷ്യലിസം + കമ്മ്യൂണിസ്റ്റ് വിരോധം + തിരുവനന്തപുരം + സ്നേഹം + ജാതി + ഫ്യൂഡലിസം + ആശ്രിത വാത്സല്യം= താണു പിള്ള. അതായിരുന്നു അന്നത്തെ ഫോർമുല. 

ഭരണകാര്യങ്ങളിലും തൻ്റെ ഇഷ്ടാനിഷ്ട്ടങ്ങൾക്കായിരുന്നു അദ്ദേഹം മുൻതൂക്കം കൊടുത്തിരുന്നത്. തോട്ടം രാജശേഖരൻ എഴുതി.

പട്ടത്തിൻ്റെ മന്ത്രിസഭയിൽ ആദ്യം ഡെപൂട്ടി മുഖ്യമന്ത്രിയും പിന്നീട് പട്ടത്തിന് ശേഷം കേരളത്തിൻ്റെ മുഖ്യമന്ത്രിയുമായ ആർ.ശങ്കറിൻ്റെ കാലത്താണ് പ്രൈവറ്റ് മാനേജ്മെൻ്റിന് അധ്യാപക നിയമനത്തിന് നാല് കാശ് മനസമാധാനത്തോടെ വാങ്ങാൻ അവസരം കിട്ടിയതെന്ന് തോട്ടം രാജശേഖരൻ എഴുതുന്നു.

മുഖ്യമന്ത്രി പദത്തിൻ്റെ  അരുണോദയം ചക്രവാളത്തിൽ കണ്ട ഡെപ്യൂട്ടി മുഖ്യമന്ത്രി ശങ്കർ, തനിക്ക് അടുപ്പക്കാരും അനുയായികളും ഇല്ലാത്തതിന്റെ വാട്ടം തീർക്കാനായി ഉദ്യോഗസ്ഥന്മാരെ പ്രലോഭിപ്പിച്ചും ആശ്രിതർക്കു പള്ളിക്കൂടങ്ങൾ കൊടുത്തും തൻറെ ഇമേജ് വളർത്താൻ ഉത്സുകനായി. നൂറുരൂപ ശമ്പളത്തിൽ തിരുവനന്തപുരം ലേഖകനായി പ്രവർത്തിച്ചിരുന്ന തൻ്റെ നാട്ടുകാരനായ ഒരു പത്രപ്രവർത്തകന് ഒരു ഹൈസ്കൂൾ അദ്ദേഹം കൊടുത്തതിന്റെ പ്രത്യുപകാരമായി ലേഖകൻ ശങ്കർമാഹാത്മ്യം സ്ഥിരംപംക്തിയാക്കി.

ആർ ശങ്കർ

അധ്യാപകനിയമനത്തിന് നാലുകാശ് മനസമാധാനത്തോടെ വാങ്ങാൻ മാനേജ്മെൻറിനും അവസരം കിട്ടിയത് ശങ്കർവാഴ്ചക്കാലത്താണ്. ശമ്പളക്കുടിശ്ശികക്ക് അലട്ടിയിരുന്ന പഴയ ‘ദിനമണി’സ്റ്റാഫിലെ

(ശങ്കർ എഡിറ്ററായിരുന്ന കൊല്ലത്തെ ദിനപത്രം)  ചില ആശ്രിതർക്കും വിദ്യാലയരൂപത്തിൽ അദ്ദേഹം ‘അരിയർ’ തീർത്തുകൊടുത്തു. അധ്യാപക നിയമനത്തിന് സ്കൂൾ മാനേജർമാർ കൈക്കൂലി വാങ്ങുന്നുണ്ടോ എന്ന് അസംബ്ലിയിൽ ആരെങ്കിലും ചോദിച്ചാൽ മറുപടി റെഡിയായിരുന്നു ! “കൈക്കൂലി? ഗവൺമെന്റിന് അതേപ്പറ്റി അറിവില്ല! വാങ്ങുന്നവനും പരാതിയില്ലാത്ത പരസ്പര സഹായ പദ്ധതിയെന്ന നിലയ്ക്ക് തുറന്ന അഴിമതിക്ക് എഴുതപ്പെടാത്ത നിയമ പുസ്തകത്തിൽ സ്ഥാനം കൊടുത്തവരിൽ പ്രമുഖൻ ആർ. ശങ്കർ എന്ന വിദ്യാഭ്യാസ- നിയമ വിദഗ്ദ്ധൻ തന്നെയാണ്”. തോട്ടം രാജശേഖരൻ എഴുതുന്നു.

കേരളത്തിൽ എഴുപതുകളിൽ നിലനിന്ന ഭരണസ്ഥിരത ജനങ്ങൾക്ക് പ്രയോജനമുള്ള വികസനപരിപാടികൾ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾകക്ക് സഹായകമായി. 1970 ഒക്ടോബർ നാലാം തിയതി വീണ്ടും മുഖ്യമന്ത്രിയായി സി. അച്യുത മേനോൻ സത്യപ്രതിജ്ഞ ചെയ്തു. ടീമിൽ എം.എൻ, ടി. വി, നഹ, ബേബിജോൺ, സി. എച്ച്, ടി. കെ. ദിവാകരൻ, കെ. എം ജോർജ് എന്നിവരായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.

സി അച്യുത മേനോൻ

“ധർമ്മപുത്രരെപ്പോലെ കുലീനതയും നീതിബോധവും ആദർശനിഷ്ഠയും പുലർത്തിയിരുന്ന അച്യുതമേനോൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ അപഗ്രഥനപാടവമോ പ്രശ്ന സമീപനമോ വീറോ വിപ്ലവ ബോധമോ ഭരണരംഗത്ത്  കാണിച്ചെന്ന് പറഞ്ഞു കൂടാ. 1957-ലെ ഇ. എം. എസ്. മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നപ്പോഴും പരമ്പരാഗതമായ ധനതത്വമീമാംസക്കുള്ളിൽ  ഒതുങ്ങിനിന്ന് അദ്ദേഹം പ്രവർത്തിച്ചു. കല, സാഹിത്യം, മതം, സാമൂഹ്യപുരോഗതി എന്നിവയിലും ലിബറൽ വീക്ഷണത്തിനപ്പുറം പോകാൻ അദ്ദേഹം അഗ്രഹിച്ചില്ല. 

വ്യക്തിഗതമായ അഴിമതി അദ്ദേഹം കഠിനമായി വെറുക്കുന്നു. ദൈനംദിനജീവിതചര്യയിൽ അദ്ദേഹം തനി ഗാന്ധിയനാണ്. എന്നാൽ ഗവണ്മെന്റിലെയോ പാർട്ടിയിലെയോ അഴിമതി നിയന്ത്രിക്കാനോ ഉച്ഛംഖലമായ വ്യക്തിജീവിതം നയിക്കുന്ന ഉദ്യോഗസ്ഥന്മാരെയും പാർട്ടിക്കാരെയും കർശനമായി ശാസിക്കാനോ അദ്ദേഹത്തെക്കൊണ്ടായില്ല.

എ. ആർ. ഡി ഡയറക്ടർ സ്ഥാനത്തേക്ക് ആരെ നിയമിക്കണമെന്നത് അക്കാലത്ത് തർക്ക വിഷയമായി. ജി വിവേകാനന്ദനും തോട്ടം രാജശേഖരനുമായിരുന്നു ആ സ്ഥാനത്തേക്ക് അർഹതയുണ്ടായിരുന്ന മത്സരാർത്ഥികൾ. തർക്കം കോടതിയിലെത്താൻ സാധ്യതയുള്ളതിനാൽ സർക്കാർ ഇലക്കും മുള്ളിനും കേടില്ലാതെ ഒരു നടപടി സ്വീകരിച്ചു.

‘1973 ജൂൺ മാസത്തിൽ വിവേകാനന്ദനെ ഡി. പി. ആർ ആക്കാൻ അച്യുതമേനോൻ ഗവർണ്മെൻറ് തീരുമാനിച്ചു. അതോടൊപ്പം മറെറാരു നിശ്ചയവും. അതേ ശമ്പളത്തിലും പദവിയിലും എന്നെ അഡീഷണൽ ഡയറക്ടറാക്കാൻ! അന്നത്തെ നിലക്ക് ഈ മൈനർ ഡിപ്പാർട്ടമെൻറിനു രണ്ടു ഡയറക്ടർമാരുടെ ആവശ്യം ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. എന്നാൽ കേരളസർക്കാർ എന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചത് കുറുക്കു വഴിയിലൂടെയാണല്ലോ. തോട്ടം രാജശേഖരൻ എഴുതി- ‘ഒറ്റക്കാര്യം മാത്രം പ്രത്യേകം നിഷ്‌കർഷിക്കപ്പെടുന്നു: ഉന്നതങ്ങളിലെ സിംഹാസനങ്ങൾ കുലുങ്ങരുത്. അച്യുതമേനോൻ മന്ത്രിസഭയിൽ ഏറെക്കാലം ആഭ്യന്തരകാര്യ മന്ത്രിയും ഇൻഫോർമേഷൻ മന്ത്രിയുമായിരുന്ന കരുണാകരൻ മിക്ക കാര്യങ്ങളിലും അച്യുതമേനോന്റെ എതിർധ്രുവത്തിൽ നില്ക്കുന്നു. ഭീമസേനനെപ്പോലെ കരുണാകരനും ‘ഗദ’യിൽ വിശ്വസിക്കുന്നു’.

കെ കരുണാകരൻ

രണ്ട് മുഖ്യമന്ത്രിമാരേയും കുറിച്ച് തോട്ടം രാജശേഖരൻ എഴുതിയ കടുത്ത വിമർശനം ഇങ്ങനെ: “ഒറിജിനൽ തൃശ്ശിവപേരൂർക്കാരനായ അച്യുതമേനോനേയും  തൃശ്ശൂരിൽ കുടിപ്പാർപ്പുകാരനായ കരുണാകരനെയും ഒരുമിപ്പിച്ച മറെറാരു ആധി കടുത്ത തിരുവനന്തപുരം വിരോധമാണ്. കോയ്മക്കാലത്ത് പാർക്കാനുള്ള ഇടത്താവളമായി മാത്രമേ അവരിരുവരും ഈ പുരാതനനഗരത്തെ കണ്ടിട്ടുള്ളൂ. എല്ലാ അക്കാദമികളും കാർഷിക യൂണിവേഴ്‌സിററിയുമൊക്കെ കോടിക്കണക്കിന് അധിക ചിലവ്  വരുത്തി തൃശൂരും പരിസരത്തും കൊണ്ടുപോയി സ്ഥാപിച്ച അച്യതമേനോൻ തിരുവനന്തപുരത്ത് ഒരു വിളക്കുകാൽ അധികമായി സ്ഥാപിക്കാൻ പോലും യത്നിച്ചിട്ടില്ല. ദുർവഹമായ ചെലവും ഓർത്താണ് തലസ്ഥാനം വടക്കോട്ടു കൊണ്ടുപോകാൻ ഇവർക്ക്  തോന്നാഞ്ഞത്. എന്നാലും പലപ്പോഴായി രഹസ്യശ്രമങ്ങൾ നടന്നിരുന്നു. ടി. കെ. ദിവാകരൻ കൊല്ലവും, മാണിയും കൂട്ടരും കോട്ടയവും, ലീഗ് നേതാക്കന്മാർ കോഴിക്കോടും മോടിപിടിപ്പിച്ചപ്പോഴും തിരുവനന്തപുരം  ‘പദ്മനാഭ പാഹി’ പാടി മയങ്ങിക്കിടന്നു.”

എ.കെ ആന്റണി

‘അടിയന്തരാവസ്ഥക്ക് ശേഷം 1977-ൽ എ. കെ. ആൻ്റണി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി. മീഡിയക്ക് പുറത്ത് നിൽക്കുമ്പോൾ ആൻ്റണിയെ ഇഷ്ടം പോലെ ചായം തേച്ച്  വർണ്ണപ്പൊലിമയോടെ പ്രദർശിപ്പിക്കാൻ സാധിച്ചിരുന്നു. അപ്പോൾ സ്വതസ്സിദ്ധമായ കഴിവുകൾക്കല്ല, മറ്റുള്ളവർ ആരോപിക്കുന്ന ഇമേജിനാണ് പ്രാധാന്യം. ഗവൺമെന്റ് വക ട്രാവലേഴ്‌സ് ബംഗ്ലാവിൽ സാധാരണക്കാരനെപ്പോലെ താമസിച്ചതുകൊണ്ടോ കാൻറീനിൽനിന്നു ഭക്ഷണം വാങ്ങി കഴിച്ചതുകൊണ്ടോ ഒരു മുഖ്യമന്ത്രി മഹാനാകുന്നില്ല. യൂണിവേഴ്‌സിററി ഡിഗ്രിക്കാരനായ ആൻറണിയുടെ ബുദ്ധിപരമായ ചോദനകൾ ഉയർന്നതായിരുന്നില്ല. ഒരിക്കൽ അദ്ദേഹത്തിൻ്റെ  താമസ സ്‌ഥലത്ത് ചെന്നപ്പോൾ അദ്ദേഹം വായിക്കുന്ന ജേർണലുകൾ ഏതൊക്കെയാണെന്നു ഞാൻ ശ്രദ്ധിച്ചു. സിനിമാമാസികകൾ, പൈങ്കിളികൾ, സെൻസേഷണലിസത്തിൽ മുങ്ങിനിൽക്കുന്ന ട്രാഷുകൾ ഇവയൊക്കെയാണ് ഞാനവിടെ കണ്ടത്’- എ.കെ ആൻ്റണിയെ കുറിച്ച് തോട്ടം രാജശേഖരൻ എഴുതിയത്.

തൻ്റെ നീണ്ട 27 വർഷത്തെ സർവീസിന് ശേഷം ആനന്ദൻ പിള്ളക്ക് നൽകിയ അഭിമുഖത്തിൽ  ഔദ്യോഗികമായും അല്ലാതെയും താൻ നിരീക്ഷിച്ച കേരള മുഖ്യമന്ത്രിമാരെ ഒരിക്കൽ കൂടി തോട്ടം രാജശേഖരൻ വിലയിരുത്തുന്നു.

 ആരായിരുന്നു അഥവാ ആരാണ് ഏറ്റവും നീചനായ മുഖ്യമന്ത്രി?

ചില നീചന്മാർ മന്ത്രിമാരായിരുന്നെങ്കിലും മുഖ്യമന്ത്രിമാരിൽ നിലവാരമില്ലാത്തവരുണ്ടായിരുന്നെങ്കിലും അവർ നീചന്മാർ എന്ന ഗണത്തിൽ പെടുന്നില്ല. നിലവാരം കുറഞ്ഞവർ നായനാർ, പി.കെ.വി, എ. കെ. ആന്റണി എന്നിവരായിരുന്നു. 

ആർക്കും ഇഷ്‌ടം തോന്നുന്ന ഒരു ഹാസ്യകഥാപാത്രമായിരുന്നു നായനാർ. വ്യവസ്ഥാപിത ഭരണത്തിൻ്റെ  ആദ്യാക്ഷരം പോലും അറിയില്ലായിരുന്നു. അദ്ദേഹം ഇപ്പോൾ മഹത്വത്തിൻ്റെ മേൽപ്പടവുകളിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതിനാൽ നായനാർ നഗറിലെ മെഴുകുപ്രതിമയെ സ്പർശിക്കാൻ തുനിയുന്നില്ല. കുറേനാൾ കസേര മെനക്കെടുത്തിയ ഒരു വിദ്യാസമ്പന്നൻ എന്ന് മാത്രമേ പി. ഗോവിന്ദപ്പിള്ളയുടെ അളിയനായ പി.കെ.വി.യെപ്പറ്റി പറയാനാകൂ. വല്യേട്ടന്റെ കനിവിൽ അഞ്ചേ കാലും കോപ്പും വാങ്ങി നിരുപദ്രവകാരികളായി  കഴിയുന്ന ഒരു സംഘത്തിന് ഈ നേതാവ് നല്ലൊരലങ്കാരമാണ്.

നായനാർ

എ.കെ. ആൻ്റണി കേരള രാഷ്ട്രീയത്തിലെ ഒരു കടംകഥയാണ്. അടിസ്ഥാനപരമായ ജ്ഞാനമോ പ്രവർത്തന മികവോ പരക്ലേശവിവേകമോ ആരോടെങ്കിലും മൈത്രിയോ ഇല്ലാത്ത ഒരു മനുഷ്യൻ. ഇന്ദിര ചിക്കമംഗ്ലൂരുവിൽ തെരഞ്ഞെടുപ്പിന് നിന്നതായി അറിഞ്ഞ് എല്ലാം ത്യജിച്ച് ഓടിപ്പോയ ആൻ്റണി ഇറ്റലിക്കാരി സോണിയയുടെ ആജ്ഞാവാഹകനായി എത്രയോനാൾ സേവനം നടത്തി. വല്യമ്മ അപ്പപ്പോൾ എറിഞ്ഞ് കൊടുക്കുന്ന പദവി സ്വീകരിച്ച് വട്ടത്തൊപ്പിയും അണിഞ്ഞ് നടന്നു. ആൻ്റണി രാജ്യ രക്ഷാമന്ത്രിയായിരുന്ന കാലത്ത് ചൈനയോ പാകിസ്ഥാനോ അതിർത്തി ലംഘിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ എന്തായിരുന്നേനെ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ വകുപ്പിൽ ഞാൻ ഡയറക്ടറായിരുന്ന കാലത്ത് ഈ നേതാവിൻ്റെ രീതികൾ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. ഫയലുകളിൽ ഇംഗ്ലീഷിൽ ഒന്നോ രണ്ടോ വാക്കിൽ കൂടുതൽ എഴുതാറില്ല. അദ്ദേഹം സ്വന്തം കൈപ്പടയിൽ മലയാളത്തിൽ ഒരു ഖണ്ഡികയ്ക്കപ്പുറം ഒന്നും എഴുതിക്കണ്ടിട്ടില്ല. രാഷ്ട്രീയ ഉപജാപവും കൃത്രിമ വേലത്തരങ്ങളും മാത്രം വശമുള്ള ഈ മനുഷ്യൻ 12 വർഷം രാജ്യസഭയിലിരുന്നപ്പോൾ ഒരു ചോദ്യം ചോദിക്കുകയോ എന്തെങ്കിലും സംസാരിക്കുകയോ ചെയ്ത‌തായി റെക്കോർഡിൽ ഇല്ല. ഡൽഹിയിൽ രാഹുലിനും പ്രിയങ്കക്കും ഒരു അങ്കിൾ മാത്രം! ആന്റണിയുടെ വീട്ടിലേക്കുള്ള മടങ്ങിവരവും ഇന്ദിരാഭവനിലെ രഹസ്യ നിരീക്ഷണവും വലിയ പ്രശ്‌നത്തിൻ്റെ മുന്നോടിയാണ്. അർഹിക്കാത്ത ഇമേജിൻ്റെ പൂമ്പട്ട് ചാർത്തി അധികാര മണ്ഡപങ്ങളിൽ നിന്ന് ഇറങ്ങാതെ പറ്റിപ്പിടിച്ചിരിക്കുന്ന ഈ വ്യക്തിത്വത്തെപ്പറ്റി നാടും നാട്ടാരും അറിഞ്ഞ് വരുന്നതേയുള്ളൂ.

വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പരാജയമായിരുന്നില്ലേ?

പാർട്ടി നേതാവായതുകൊണ്ടുമാത്രം സുഖമായും സുഭിക്ഷമായും കഴിയുന്ന, നാടിനോ നാട്ടാർക്കോ അറിഞ്ഞുകൊണ്ട് ഒരു സൽകൃത്യവും ചെയ്യാത്ത ഭാഗ്യവാനാണ് അച്യുതാനന്ദൻ. പുന്നപ്ര വയലാർ സമരകാലത്ത് അന്യനാട്ടിൽ ഒളിവിൽ കഴിഞ്ഞ ഈ സഖാവ്  മറ്റേതോ സമരങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിച്ചു. ഭരണ ഘടന, ഭരണവ്യവസ്ഥ, ഫെഡറലിസ തത്വങ്ങൾ, മാർക്‌സിസം തുടങ്ങി അടിസ്ഥാനപരമായ ഒരു കാര്യത്തിലും സാമാന്യ അറിവുപോലുമില്ല. സ്വന്തം ഗ്രൂപ്പുണ്ടാക്കി പലരോടും ഇടഞ്ഞിരുന്നു. ഒടുവിൽ ഭരണപരിഷ്കാരം എന്ന ഭാണ്ഡക്കെട്ട് പാവത്തിൻ്റെ  പുറത്ത് കെട്ടിവച്ചു. കെട്ടഴിക്കാൻ സി.പി.നായരും എത്തി. ശിവഗിരി ഭരണം നായനാരെക്കൊണ്ട് എടുപ്പിച്ച് പാവം സന്യാസിമാരെ ഇറക്കിവിട്ട് പത്തുവർഷം അവിടെ ദുർഭരണം നടത്തിച്ച അച്യുതാനന്ദൻ ഗുരുനിന്ദാശാപവും ഏറ്റുവാങ്ങി. അന്ന് ശാശ്വതീകാനന്ദൻ എന്ന സന്യാസി(?)യുടെയും നടേശൻ എന്ന കൊടിയ അഴിമതിയാരോപണങ്ങൾക്ക് വിധേയനായ ജാതി രാജാവിൻ്റെയും വരുതിയിലായിരുന്നു സഖാവ്. ഇദ്ദേഹത്തിന്റെ ജീവിതകഥ ആരെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയില്ല. അത് കണ്ടിരുന്നെങ്കിൽ യാതൊരു വ്യക്തിഗുണവുമില്ലാത്ത ഈ സഖാവ് എങ്ങനെ ഓരോ പദവിയിൽ എത്തി എന്ന് അറിയാമായിരുന്നു.

ഒൻപത് കോൺഗ്രസ്സുകാരുടെ നേതാവായി തൃശൂരിൽനിന്ന് പോക്കറ്റിൽ ഒരു ഡയറിയും കൈയിൽ ഒരു പാക്കറ്റ് ബർക്ക്ലി സിഗരറ്റും മുഷിഞ്ഞ ഖദർ വേഷവും ചുണ്ടിൽ വരണ്ട ചിരിയും ആയി തലസ്ഥാനത്തു വന്ന ‘ഇൻടെക്’ കെ. കരുണാകരൻ വർഷങ്ങൾക്കുശേഷം ഇറ്റാലിയൻ ഗാന്ധിമാരുടെ വിശ്വസ്‌തനായി സ്ഥാനമൊഴിയുമ്പോൾ കൈവശമുണ്ടായിരുന്ന സ്വത്തിന് വിലമതിക്കാനാവുമോ? അടുക്കുന്നവരെ കഴിയുന്നത്ര തന്റെ കാര്യസാദ്ധ്യത്തിനായി പരമാവധി ഉപയോഗിക്കുകയും, അകലുന്നവരെ അവരുടെ ശത്രുക്കളെ കണ്ടുപിടിച്ച് അവരിലൂടെ ഒതുക്കുകയും ചെയ്യുന്ന പഴകിയ ചാണക്യതന്ത്രമാണ് ഈ ലീഡർ പയറ്റിയത്. മലയാള ഭാഷയിൽ വാമൊഴി സുലഭമായി ഉപയോഗിക്കുകയും വരമൊഴിയിലെ അജ്ഞത മറച്ചുപിടിക്കുകയും ചെയ്ത ഈ രാഷ്ട്രീയ നടൻ അറിവിൻ്റെ ആകാശങ്ങളിലേക്ക് എത്തിനോക്കുക പോലും ചെയ്യാതെ  അതിപ്രശസ്‌തനായത്  ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കൊണ്ട് മാത്രമാണോ? എട്ടുവർഷം ഔദ്യോഗികമായി അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച എനിക്ക് വൈരുദ്ധ്യങ്ങളുടെ സങ്കലനമായ ആ വ്യക്തിത്വത്തിൻ്റെ ശൂന്യമായ ഉള്ളറകൾ കണ്ടത്താനായില്ല. 

അങ്ങയുടെ അഭിപ്രായത്തിൽ ആരാണ് കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി?

ഓരോ മുഖ്യമന്ത്രിയുടെയും വ്യക്തിത്വവും പ്രവർത്തനശൈലിയും വ്യത്യസ്തമായതിനാൽ ക്വാളിറ്റി റേറ്റിംഗ് ബുദ്ധിമുട്ടാവും. ഇ.എം .എസ്സിന്റെ കാലം മുതൽക്കാണ് ഞാൻ സെക്രട്ടേറിയറ്റിലെ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ സേവനം തുടങ്ങിയത്. വേദപഠനത്തിലൂടെ കാറൽ മാർക്സ്‌സിലെത്തിയ ഒരു നല്ല പ്രചാരണ  എഴുത്തുകാരനും ബുദ്ധിജീവിയും ആയിരുന്നെങ്കിലും മുഖ്യമന്ത്രിയെന്ന നിലക്ക് നമ്പൂതിരിപ്പാടിന്റെ റേറ്റിംഗ് താഴെയാണ്. ഇന്ത്യയിൽ ബാലറ്റിലൂടെ ആദ്യമായി അധികാരത്തിൽ വന്ന ഗ്രൂപ്പിൻ്റെ നായകൻ എന്ന നിലക്ക് താൻ ഇന്ത്യയിലൊട്ടാകെ ചെങ്കടൽ സൃഷ്ട‌ിച്ച് ഒരു കോൺഗ്രസ് വിരുദ്ധ സാമ്രാജ്യം പടുത്തുയർത്തുമെന്ന് അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. 

തനിക്ക് സമാന്തരമായ ഒരു പവർ സെൻ്റർ ഉണ്ടാവുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഗൗരിയമ്മയെ പുറത്താക്കി നായനാരെ വാഴിച്ചു. ടി.വി.യെയും എം.എൻ നെയും ആവുന്നിടത്തോളം ചെറുത്തു. ഈ കറുത്ത നമ്പൂതിരിയുടെ ഉള്ളിൽ സവർണ്ണ ബിംബത്തിളക്കം പലപ്പോഴും കണ്ടിരുന്നു. 

മുഖ്യമന്ത്രി എന്ന നിലക്ക് അച്യുതമേനോനുമായി അടുത്തു പെരുമാറിയിരുന്നെങ്കിലും അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റായി കാണാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. മദ്രാസ് പ്രസിഡൻസിയിൽനിന്ന് ഒന്നാം റാങ്കോടെ നിയമബിരുദം നേടിയ മേനോൻ നല്ല അക്കാദമീഷ്യനും എഴുത്തുകാരനും കഠിനപ്രയത്നശാലിയുമായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം സാത്വികനും സമർത്ഥനും നീതിമാനും ആയിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ ഭാര്യയുടെ ആജ്ഞാനുവർത്തികളായി ചില പാർട്ടിക്കാർ ഉൾപ്പെടെയുള്ള ബന്ധു വലയം നിരന്തരസമ്മർദ്ദങ്ങളിലൂടെ അവിഹിതകാര്യങ്ങൾ നേടിയിരുന്നതായി പറഞ്ഞുകേട്ടിരുന്നു. പ്രായോഗികമല്ലാത്ത ആദർശസങ്കല്പങ്ങളുടെ ഉപാസകനായിരുന്നു അദ്ദേഹം. രാജൻ സംഭവത്തെപ്പറ്റി ആദ്യമായി അറിഞ്ഞ മുഖ്യമന്ത്രി ഒരിക്കലും അതേപ്പറ്റി ഒരക്ഷരം മിണ്ടാതിരുന്നത് തൻ്റെ കസേര സംരക്ഷണത്തിന് വേണ്ടിയായിരുന്നില്ലേ? സമ്മർദ്ദങ്ങളെ ചെറുക്കാനും അരുതായ്‌കകൾക്കെതിരെ ശബ്ദമുയർത്താനും ഈ ജെൻ്റിൽമാൻ കമ്മ്യൂണിസ്റ്റിനായില്ല. പക്ഷേ ആരോടും അമർഷമില്ല, മമതയുമില്ല. പാസ്സ് മാർക്കിനർഹൻ.

നമ്മുടെ സമൂഹത്തിൽനിന്ന് ധീരനും നിസ്വാർത്ഥനും സർവ്വർക്കും ബഹുമാന്യനുമായ ഒരു നേതാവ് ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാമോ?

ഒരു ജനവിഭാഗം അർഹിക്കുന്ന നേതാവിനെയാണ് അവർക്ക് കിട്ടുന്നത്. നേതൃത്വ അഭാവം  ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങളിലുമുണ്ട്. ജനങ്ങളുടെ ഉദ്ബുദ്ധത കൂടിവരുന്നതോടെ പുതിയ ബ്രാന്റ് നേതൃത്വം അവർ പ്രതീക്ഷിക്കുന്നു. കേരളം പോലെ പ്രബുദ്ധജനങ്ങൾ അധിവസിക്കുന്ന നാട്ടിൽ കരുണാകരനെയും അച്യുതാനന്ദനെയും പോലുള്ളവരുടെ നേതൃത്വം വെറും പ്രഹസനമാണ്. കേരളം, അർഹിക്കുന്ന മുഖ്യമന്ത്രിമാരെ ഇതുവരെ കിട്ടിയിട്ടില്ല. 

കടപ്പാട്- വാക്കോ? തോക്കോ? ലേഖനങ്ങൾ തോട്ടം രാജശേഖരൻ പച്ചമലയാളം ബുക്‌സ്ശ്രീ. തോട്ടം രാജശേഖരനുമായി ‘സാഹിത്യവിമർശം’ പത്രാധിപർ സി.കെ.ആനന്ദൻ പിള്ള നടത്തിയ സംഭാഷണം.

Content Summary: Former PRD Director Thottam Rajasekharan reflects on the leadership styles and governance of Kerala’s chief ministers across decades. The article sharply examines political power, bureaucracy, corruption and administrative culture in Kerala. Drawing from വാക്കോ? തോക്കോ?, it offers an insider account of the state’s political history and civil service system.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×