മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ പകല്‍ക്കൊള്ള; ഡീംഡ് കോളേജുകള്‍ കൊയ്യുന്നത് കോടികളുടെ ലാഭം

ഡീംഡ് മെഡിക്കല്‍ കോളേജുകളെ ഫീ റെഗുലേറ്ററി കമ്മിറ്റികളുടെ കീഴിലാക്കണം

നീറ്റ് പിജി കട്ട്ഓഫ് മാര്‍ക്ക് കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വെറുമൊരു അക്കാദമിക് പരിഷ്‌കാരമല്ല, മറിച്ച് രാജ്യത്തെ സ്വകാര്യ ഡീംഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് കോടികള്‍ കൊയ്യാന്‍ പാകത്തില്‍ ഒരുക്കിയ ‘വിപണി’ തന്ത്രമാണെന്ന ആക്ഷേപം ശക്തമാകുന്നു. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ നികത്തുക എന്ന വ്യാജേന കൊണ്ടുവന്ന ഈ മാറ്റം, യോഗ്യതയേക്കാള്‍ ഉപരിയായി പണത്തിന് മുന്‍ഗണന നല്‍കുന്ന ഒരു വിദ്യാഭ്യാസ കച്ചവടത്തെയാണ് തുറന്നുകാട്ടുന്നത്.

മൂന്നാം റൗണ്ട് കൗണ്‍സിലിംഗിന് തൊട്ടുമുമ്പ് കട്ട്ഓഫ് കുത്തനെ കുറച്ചതിലൂടെ രാജ്യത്തെ 48 സ്വകാര്യ ഡീംഡ് മെഡിക്കല്‍ കോളേജുകളിലേക്ക് ഒഴുകിയത് ഏകദേശം 2,000 കോടി രൂപയാണ്. പ്രീ-ക്ലിനിക്കല്‍, പാരാ-ക്ലിനിക്കല്‍ വിഭാഗങ്ങളിലെ 18,000 ത്തോളം ഒഴിവുകള്‍ നികത്താനെന്ന പേരിലാണ് നടപടിയുണ്ടായതെങ്കിലും, ഇതിന്റെ മറവില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള ക്ലിനിക്കല്‍ സീറ്റുകള്‍ വന്‍ തുകയ്ക്ക് വിറ്റഴിക്കപ്പെടുകയായിരുന്നു. ക്ലിനിക്കല്‍ സീറ്റുകള്‍ ലഭിച്ചവരില്‍ 78 ശതമാനവും ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള സമ്പന്നരായ വിദ്യാര്‍ത്ഥികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

യുജിസിയുടെ പ്രത്യേക പദവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡീംഡ് സര്‍വ്വകലാശാലകള്‍ക്ക് നിലവില്‍ യാതൊരുവിധ ഫീസ് നിയന്ത്രണങ്ങളുമില്ല. ഒരു സാധാരണ മെഡിക്കല്‍ കോളേജ് സംസ്ഥാനത്തെ ഫീ റെഗുലേറ്ററി കമ്മിറ്റിക്ക് മുന്നില്‍ കണക്കുകള്‍ ബോധിപ്പിക്കേണ്ടി വരുമ്പോള്‍, ഡീംഡ് സ്ഥാപനങ്ങള്‍ സ്വന്തമായി ഫീസ് നിശ്ചയിച്ച് കൊള്ളലാഭം കൊയ്യുകയാണ്.

ഡീംഡ് യൂണിവേഴ്‌സിറ്റികളെ ഫീ റെഗുലേറ്ററി കമ്മിറ്റികളുടെ കീഴിലാക്കുകയാണ് ഇതിന് ഏക പോംവഴിയെന്ന് കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം പ്രൊഫസറായിരുന്ന ഡോ. ജോസഫ് വര്‍ഗീസ് അഴിമുഖത്തോട് പ്രതികരിച്ചു.

”ഡീംഡ് മെഡിക്കല്‍ കോളേജുകള്‍ ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ കീഴിലല്ല പ്രവര്‍ത്തിക്കുന്നത്. ഈ കമ്മിറ്റിയില്‍ നിന്നും ഫീസ് അപ്രൂവ് ചെയ്ത് വാങ്ങിയ ശേഷമാണ് മറ്റ് മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഡീംഡ് യൂണിവേഴ്സിറ്റികള്‍ തീരുമാനിക്കുന്നതാണ് അവരുടെ ഫീസ്. നിലവില്‍ ഫീസ് നിയന്ത്രണ അതോറിറ്റികളെ നിയമിക്കുന്നത് അതത് സംസ്ഥാന സര്‍ക്കാരുകളാണ്. അതിനാല്‍, സ്വകാര്യ ഡീംഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജുകളെ ഈ ഫീ നിയന്ത്രണ അതോറിറ്റിക്ക് കീഴില്‍ കൊണ്ടുവരുകയോ, സ്വകാര്യ ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രമായി ഒരു ഫീസ് നിയന്ത്രണ അതോറിറ്റി രൂപീകരിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. വലിയ വലിയ രാഷ്ട്രീയ നേതാക്കളോ ബിസിനസ് ഗ്രൂപ്പുകളോ ആണ് ഡീംഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടത്ര സ്വാധീനം സമൂഹത്തില്‍ ഉണ്ട്” ഡോ. ജോസഫ് വര്‍ഗീസ് വ്യക്തമാക്കുന്നു.

ഒരു സാധാരണ സര്‍വ്വകലാശാലയ്ക്ക് ഉള്ള അതേ അക്കാദമിക് പദവിയും സ്വാതന്ത്ര്യവും ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ക്കും ലഭിക്കും. സ്വന്തമായി പാഠ്യപദ്ധതി തയ്യാറാക്കാനും, പരീക്ഷകള്‍ നടത്താനും, ബിരുദങ്ങള്‍ നല്‍കാനും ഇവയ്ക്ക് അവകാശമുണ്ട്. എന്നാല്‍ സ്വകാര്യ ഡീംഡ് മെഡിക്കല്‍ കോളേജുകളുടെ ഫീസ് ഘടനയില്‍ ഇതുവരെ കൃത്യമായ നിയന്ത്രണങ്ങളില്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 59 ഡീംഡ് മെഡിക്കല്‍ കോളേജുകളാണ് ഉള്ളത്. ഇവ എംബിബിഎസ് പ്രോഗ്രാമുകള്‍ക്കായി ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചവയാണ്.

എറണാകുളത്തെ അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആണ് കേരളത്തിലെ ഒരേയൊരു ഡീംഡ് മെഡിക്കല്‍ കോളേജ്. അമൃത വിശ്വവിദ്യാപീഠം എന്ന ഡീംഡ് സര്‍വകലാശാലയുടെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എംഡി യിലെ റേഡിയോളജി, ഡെര്‍മറ്റോളജി എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്ക് ഒരു കോടി രൂപ ഫീസ് ആയി വാങ്ങുന്ന ഡീംഡ് മെഡിക്കല്‍ കോളേജുകള്‍ ഉണ്ട്. മൂന്ന് വര്‍ഷത്തേക്ക് മൂന്ന് കോടി രൂപ ഫീസ് മാത്രം നല്‍കണം.

”സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമേ ഡീംഡ് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം സാധ്യമാകൂ. ഫീ റെഗുലേറ്ററി അതോറിറ്റിയുടെ കീഴിലായാല്‍ തന്നെ ഡീംഡ് മെഡിക്കല്‍ കോളേജുകളുടെ ഫീസ് കുറയും. ഈ ആവശ്യം ഇവിടുത്തെ ഒരു സ്റ്റുഡന്റ്സ് യൂണിയനോ മുഖ്യധാര മാധ്യമങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ പറയുന്നില്ല. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഈ സ്ഥാപനങ്ങള്‍ നല്‍കുന്ന വന്‍കിട പരസ്യങ്ങള്‍ അവരുടെ നാവടപ്പിക്കുന്നു” ഡോ. ജോസഫ് വര്‍ഗീസ് അഴിമുഖത്തോട് കൂട്ടിച്ചേര്‍ത്തു.

ഐഎംഎ പോലുള്ള സംഘടനകള്‍ പോലും ഡീംഡ് മെഡിക്കല്‍ കോളേജുകളുടെ ചൂഷണത്തിനെതിരെ മൗനം പാലിക്കുന്നത് ഡീംഡ് ലോബിയുടെ സ്വാധീനം എത്ര ത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണെന്ന ആക്ഷേപവും ശക്തമാണ്.

”ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ ഫീസുകള്‍ അവരുടെ ഇഷ്ടപ്രകാരമാണ് ഈടാക്കുന്നത്. വിഷയം കൂടുതല്‍ ചര്‍ച്ചയാകാത്തത് കൊണ്ടാകാം ഐഎംഎ പോലുള്ളവര്‍ ഇടപെടാത്തത്. മനപൂര്‍വം ഇടപെടാതെയിരിക്കേണ്ട ആവശ്യം ഐഎംഎ ക്ക് ഇല്ല. ഡീംഡ് യൂണിവേഴ്‌സിറ്റിയുമായി വേറെ ടൈ അപ്പ് ഒന്നും ഐഎംഎ ക്ക് ഇല്ല” കൊച്ചിന്‍ ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. ഹനീഷ് ജിഎച്ച് അഴിമുഖത്തോട് പറഞ്ഞു.

യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ പുറത്തുനില്‍ക്കുമ്പോള്‍, പണമുള്ളവര്‍ക്ക് മാത്രം സീറ്റ് ഉറപ്പാക്കുന്ന രീതിയിലേക്ക് നീറ്റ് പിജി സംവിധാനം മാറിയിരിക്കുന്നു. മെഡിക്കല്‍ സീറ്റുകള്‍ ലേലം വിളിച്ചു വില്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് രാജ്യത്തെ ആരോഗ്യരംഗത്തിന്റെ ഗുണനിലവാരത്തെ തകര്‍ക്കും. വിദ്യാഭ്യാസത്തെ വെറും കച്ചവടച്ചരക്കാക്കുന്ന ഡീംഡ് സര്‍വ്വകലാശാലകളുടെ ലാഭക്കൊയ്ത്തിന് കടിഞ്ഞാണിടാന്‍ ഭരണകൂടം തയ്യാറാകേണ്ടതുണ്ട്.

Content Summary: NEET PG cut-off slash: a strategic move for deemed medical colleges to reap billions?

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

This post was last modified on April 29, 2026 2:24 pm

രാജേശ്വരി പി ആര്‍: അഴിമുഖം ചീഫ് സബ് എഡിറ്റര്‍
Related Post
Leave a Comment