ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിൽ, കശ്മീർ താഴ്വര സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണം 10 ശതമാനം മാത്രമായെന്ന് റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു. ഇത് കാശ്മീർ താഴ്വരയിൽ സാധാരണ നില പുനസ്ഥാപിച്ചിട്ടുണ്ടെന്ന സർക്കാരിന്റെ അവകാശവാദത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
2019 നും 2024 നും ഇടയിൽ 9.47 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചതായാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ
വിനോദസഞ്ചാരികളിൽ ഏകദേശം 92.8 ലക്ഷം പേർ (10 ശതമാനത്തിൽ താഴെ) മാത്രമാണ് ആ സമയത്ത് കശ്മീർ താഴ്‌വര സന്ദർശിച്ചതെന്ന് ഒരു വിവരാവകാശ രേഖയിൽ വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സമാധാനം പുനസ്ഥാപിച്ചു എന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബാക്കിയുള്ള 8.5 കോടിയിലധികം വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ജമ്മു മേഖല സന്ദർശിക്കുകയാണ് ചെയ്തത്. ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും കശ്മീർ താഴ്‌വര സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം ഇപ്രകാരമാണ്. 2019- 5.65 ലക്ഷം, 2020 – 41,000, 2021- 6.65 ലക്ഷം, 2022 – 23.1 ലക്ഷം, 2023 – 22.1 ലക്ഷം, 2024 – 29.86 ലക്ഷം എന്നിങ്ങനെയാണ് കണക്കുകൾ. കശ്മീർ താഴ്‌വരയിലെ സാധാരണ നില പുനസ്ഥാപിക്കപ്പെട്ടതിനെയാണ് വിനോദസഞ്ചാരത്തിലെ വർദ്ധനവ് പ്രതിഫലിപ്പിക്കുന്നതെന്ന സർക്കാരിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് ശ്രീനഗർ വിമാനത്താവളത്തിലും താഴ്‌വരയിലേക്കുള്ള മുഴുവനും സഞ്ചരിക്കുന്ന ദേശീയ പാതയിലും ടൂറിസ്റ്റ് പോലീസ് വിനോദസഞ്ചാരികളുടെ എണ്ണം രേഖപ്പെടുത്തുന്നുണ്ട്. ഈ കണക്കുകളിൽ തദ്ദേശവാസികൾ, സുരക്ഷാ ഉദ്യോഗസ്ഥർ, വിനോദസഞ്ചാരികളല്ലാത്ത കുടിയേറ്റ തൊഴിലാളികൾ എന്നിവരും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.
ശ്രീനഗർ വിമാനത്താവളത്തിൽ, എത്തുന്ന എല്ലാ യാത്രക്കാരെയും വിനോദസഞ്ചാരികളായി കണക്കാക്കി പട്ടികപ്പെടുത്തുകയാണ് ചെയ്യുന്നത്.
അവർ വിദ്യാർത്ഥികളായാലും രോഗികളായാലും ബിസിനസുകാരായാലും സഞ്ചാരികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നു. ദേശീയ പാതയിലൂടെ കശ്മീരിലേക്ക് പ്രവേശിക്കുന്ന ബസുകളിലും ക്യാബുകളിലും വരുന്ന ഓരോ യാത്രക്കാരനും വിനോദസഞ്ചാരിയാണെന്നാണ് കണക്കാക്കുന്നത്.
പ്രാദേശിക ടൂറിസം അധികൃതരുടെ ഡാറ്റയിലും പൊരുത്തക്കേടുകളുണ്ട്. 2024 ൽ സോനാമാർഗ് വികസന അതോറിറ്റി ഏകദേശം 8.9 ലക്ഷം വിനോദസഞ്ചാരികൾ പട്ടണം സന്ദർശിച്ചതായി റിപ്പോർട്ട് ചെയ്തു. എന്നാൽ സോനാമാർഗിൽ 1,270 മുറികൾ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒരേ സമയം 77,050 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ കശ്മീരിന് ശേഷിയുണ്ടെന്നാണ് ടൂറിസം വകുപ്പ് അവകാശപ്പെടുന്നത്. ജമ്മു കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസം ഒരു പ്രധാന മേഖലയാണ്. മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് (GSDP) 7% മുതൽ 8% വരെ സംഭാവന ചെയ്യുന്നു. കൂടാതെ ഹോസ്പിറ്റാലിറ്റി, ഗതാഗതം എന്നിവയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. വിശ്വസനീയമല്ലാത്ത ഡാറ്റ ടൂറിസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Content Summary: Misinformation on Kashmir tourism; RTI exposes discrepancies