സ്വച്ഛ് ഭാരത്, ബേഠി ബച്ചാവോ ബേഠി പഠാവോ, കിസാൻ സേവ തുടങ്ങിയ സർക്കാർ പദ്ധതികളുടെ പേരിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് ഭാരതീയ ജനതാ പാർട്ടി പൊതുജനങ്ങളിൽ നിന്ന് നിയമവിരുദ്ധമായി സംഭാവനകൾ പിരിച്ചതായി സൂചനകൾ ‘ദ വയർ’ പുറത്ത് വിട്ടു. നാമോ ആപ്പ്, നരേന്ദ്രമോഡി ഡോട്ട് ഇൻ എന്ന പോർട്ടൽ എന്നിവയിലെ സംഭാവന പേജുകളിൽ ഇപ്പോഴും ഈ സർക്കാർ പദ്ധതികളിലേക്ക് പണം നൽകാനുള്ള ഓപ്ഷനുകൾ ലഭ്യമാണ്.
സത്യം ടിവി ചാനലിൻ്റെ ന്യൂസ് എഡിറ്റർ കൂടിയായ ചെന്നൈയിലെ മുതിർന്ന പത്രപ്രവർത്തകൻ ബി.ആർ. അരവിന്ദാക്ഷൻ സമർപ്പിച്ച വിവരാവകാശ ചോദ്യങ്ങൾക്കുള്ള മറുപടികളുടെ അടിസ്ഥാനത്തിലാണ് വയർ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഈ രേഖകൾ പ്രകാരം കേന്ദ്ര സർക്കാരിൻ്റെ ക്ഷേമ പദ്ധതികൾക്കായി സംഭാവനകൾ ശേഖരിക്കാൻ കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നോ പ്രധാനമന്ത്രിയുടെ ഓഫീസിൽ (പി.എം.ഒ) നിന്നോ ബി.ജെ.പിക്ക് പ്രത്യേക അനുമതിയോ മറ്റ് അംഗീകാരങ്ങളോ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാണ്.
2021 ഡിസംബറിനും 2022 ഫെബ്രുവരി മാസത്തിനും ഇടയിൽ നരേന്ദ്രമോഡി ഡോട്ട് ഇൻ എന്ന പോർട്ടൽ, നാമോ ആപ്പ് തുടങ്ങിയ സ്വകാര്യ പ്ലാറ്റ്ഫോമുകളിലൂടെ ബി.ജെ.പി ഒരു ഫണ്ട് ശേഖരണ പ്രചരണം നടത്തി. ഇതിൽ സ്വച്ഛ് ഭാരത്, ബേഠി ബച്ചാവോ ബേഠി പഠാവോ, കിസാൻ സേവ എന്നീ സർക്കാർ പദ്ധതികൾക്കായി ഫണ്ട് സംഭാവന ചെയ്യാൻ അവർ അഭ്യർത്ഥിച്ചു. സംഭാവന നൽകുന്നവരോട് ഈ മൂന്ന് സർക്കാർ പദ്ധതികളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനും, ‘സംഭാവനയുടെ കാരണം’ എന്ന സ്ഥാനത്ത് ‘പാർട്ടി ഫണ്ട്’ എന്ന് രേഖപ്പെടുത്താനും വെബ്‌സൈറ്റും ആപ്പും ആവശ്യപ്പെട്ടു.

എന്തായാലും വിവരാവകാശം വഴി ലഭിച്ച മറുപടികളിൽ ഈ പദ്ധതികൾ നടപ്പാക്കുന്നതിന് ചുമതലയുള്ള മന്ത്രാലയങ്ങൾ, ഈ പ്ലാറ്റ്ഫോമുകൾക്കോ, അതുപോലെ മറ്റ് പ്ലാറ്റ്ഫോമുകൾക്കോ, ഈ പദ്ധതികൾക്കായി ഫണ്ട് ശേഖരിക്കുന്നതിന് യാതൊരു പ്രോത്സാഹനമോ, അംഗീകാരമോ, പ്രത്യേക അനുമതിയോ നൽകിയിട്ടില്ലെന്ന് വ്യക്തമായി പറയുന്നു.
2021 ഡിസംബർ 25-ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, പാർട്ടി ശക്തിപ്പെടുത്തുന്നതിനായി ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ ‘ചെറുകിട സംഭാവന’ ക്യാമ്പെയ്ൻ പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ മാർഗ്ഗ ദർശക ബിംബങ്ങളിലൊരാളായ ദീൻ ദയാൽ ഉപാധ്യായയുടെ ചരമവാർഷിക ദിനമായ 2022 ഫെബ്രുവരി 11-ന് ഈ യജ്ഞം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയെയും അതിൻ്റെ ‘ജനകീയ പ്രസ്ഥാനത്തെയും’ ശക്തിപ്പെടുത്താൻ വേണ്ടിയാണ് സംഭാവനകൾ ശേഖരിക്കുന്നതെന്നാണ് നദ്ദ പറഞ്ഞത്. എന്നാൽ ബി.ജെ.പിക്ക് ‘പാർട്ടി ഫണ്ട്’ നൽകാൻ താത്പര്യമില്ലാത്തവരോട് സർക്കാർ പദ്ധതികളിലേക്ക് സംഭാവന ചെയ്യാൻ ആവശ്യപ്പെടുന്ന തരത്തിലാണ് വെബ്‌സൈറ്റിലും ആപിലും രേഖപ്പെടുത്തിയിരിക്കുന്നത്.
2021-ൽ ഇതേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൻ്റെ ഔദ്യോഗിക എക്സ് (അന്നത്തെ ട്വിറ്റർ) ഹാൻഡിൽ വഴി ഈ ക്യാമ്പെയ്ന് പിന്തുണ അറിയിക്കുകയും ഫണ്ടിലേക്ക് സംഭാവന നൽകാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ‘നിങ്ങളുടെ പിന്തുണ, രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് ആവേശം നൽകും,’ മോദി പറഞ്ഞു. നദ്ദയെപ്പോലെ പ്രധാനമന്ത്രിയും ഫണ്ടിലേക്ക് താൻ വ്യക്തിപരമായി നൽകിയ 1,000 രൂപയുടെ സംഭാവനയുടെ സ്‌ക്രീൻഷോട്ട് പങ്കുവെക്കുകയും ഇത് നിരവധി ബി.ജെ.പി. അനുയായികളെ അതുപോലെ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു.

മുമ്പ് സൂചിപ്പിച്ചതുപോലെ, ഈ ക്യാമ്പെയ്ൻ 2022 ഫെബ്രുവരിയിൽ അവസാനിച്ചുവെങ്കിലും, ഈ രണ്ട് പ്ലാറ്റ്ഫോമുകളിലെയും സംഭാവന പേജുകളിൽ ഇപ്പോഴും സർക്കാർ പദ്ധതികളിലേക്ക് സംഭാവന ചെയ്യാനുള്ള ഓപ്ഷൻ കാണിക്കുന്നുണ്ട്.
സത്യം ടിവിയുടെ ന്യൂസ് എഡിറ്റർ അരവിന്ദാക്ഷനും ഈ പ്ലാറ്റ്ഫോമുകളിലൂടെ ഈ സർക്കാർ പദ്ധതികൾക്കെല്ലാം 100 രൂപ വീതം സംഭാവന നൽകുകയും അതിന്റെ ഓൺലൈൻ രസീതുകൾ ബി.ജെ.പിയുടെ കേന്ദ്ര ഓഫീസിൽ നിന്ന് ഇമെയിൽ വഴി ലഭിക്കുകയും ചെയ്തു.
‘കേന്ദ്ര സർക്കാർ പദ്ധതികളുടെ പേരുകൾ പേയ്‌മെൻ്റെ ലിങ്കുകളിലും (വെബ്‌സൈറ്റിലും) നാമോ ആപ്പിലെ സംഭാവന മൊഡ്യൂളിലും പ്രദർശിപ്പിച്ചിരുന്നതിനാൽ, ഈ സംഭാവനകൾ ആ പദ്ധതികൾക്കുവേണ്ടിയുള്ളതാണെന്ന് ഞാൻ വിശ്വസിച്ചു. ഇത് എന്നെയും മറ്റ് പൗരന്മാരെയും സംഭാവന നൽകാൻ പ്രേരിപ്പിക്കുന്നതായിരുന്നു’ അരവിന്ദാക്ഷൻ പറഞ്ഞു.
തുടർന്ന്, 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ബി.ജെ.പി സംഭാവന പിരിച്ച മൂന്ന് സർക്കാർ പദ്ധതികൾക്ക് ചുമതലയുള്ള കേന്ദ്ര മന്ത്രാലയങ്ങൾക്ക് അരവിന്ദാക്ഷൻ നിരവധി വിവരാവകാശ ചോദ്യങ്ങൾ അയച്ചു. ഈ ക്ഷേമ പദ്ധതികൾ പൂർണ്ണമായും സർക്കാർ ഫണ്ട് ചെയ്യുന്നവയാണെന്നും അവയ്ക്ക് വേണ്ടി ഫണ്ട് ശേഖരിക്കാൻ ബി.ജെ.പിക്ക് അവരുടെ പക്കൽ നിന്ന് യാതൊരു അംഗീകാരമോ പ്രത്യേക അനുമതിയോ ലഭിച്ചിട്ടില്ലെന്നും ഉറപ്പുവരുത്തുന്ന മറുപടികൾ അദ്ദേഹത്തിന് ലഭിച്ചു. ഈ പദ്ധതികൾക്കായി ഫണ്ട് സമാഹരിക്കാൻ ഏതെങ്കിലും സർക്കാരിതര സംഘടനകളെയോ വ്യക്തികളെയോ അനുവദിച്ചിട്ടുണ്ടോയെന്നും, നാമോ ആപ്പിനും നരേന്ദ്രമോഡി ഡോട്ട് ഇന്നിനും അതിനായി പ്രത്യേക അനുമതി നൽകിയിട്ടുണ്ടോയെന്നും അരവിന്ദാക്ഷൻ മന്ത്രാലയങ്ങളോട് ചോദിച്ചു.
‘സ്വച്ഛ് ഭാരത് പദ്ധതികൾക്കായി എൻ.ജി.ഒ-കളോ വ്യക്തികളോ ഫണ്ട് സ്വരൂപിക്കുന്നതിനെക്കുറിച്ച് എസ്.ബി.എം(ജി) രണ്ടാം ഘട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യവസ്ഥകളൊന്നുമില്ല.’കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ കുടിവെള്ള, ശുചിത്വ വകുപ്പിന് (സ്വച്ഛ് ഭാരത് മിഷൻ-ഗ്രാമീൺ) അരവിന്ദാക്ഷൻ സമർപ്പിച്ച വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (സി.പി.ഐ.ഒ) വ്യക്തമാക്കി.

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻ്റെ വിവരാവകാശ മറുപടിയും സമാനമായിരുന്നു. സി.പി.ഐ.ഒ രചന ബോളിമേര തറപ്പിച്ചു പറഞ്ഞു, ‘ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിക്കായി നാമോ ആപ്പ് വഴി ഫണ്ട് സ്വരൂപിക്കാൻ പ്രത്യേക അനുമതി നൽകാൻ വ്യവസ്ഥയില്ല.’
എന്നാൽ കൃഷി, സഹകരണം, കർഷക ക്ഷേമ വകുപ്പിൽ നിന്ന് മറുപടി ലഭിക്കാൻ അരവിന്ദാക്ഷന് പാടുപെടേണ്ടി വന്നു. സി.പി.ഐ.ഒ ചന്ദൻ കുമാർ ‘വിഷയം ഡിജിറ്റൽ അഗ്രികൾച്ചർ ഡിവിഷനുമായി ബന്ധപ്പെട്ടതല്ല’ എന്ന് പറഞ്ഞ് ആദ്യം വിവരം നിഷേധിച്ചു.
ഈ മറുപടിക്കെതിരെ അരവിന്ദാക്ഷൻ ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീൽ നൽകിയപ്പോൾ, ഡിജിറ്റൽ അഗ്രികൾച്ചർ ഡിവിഷൻ ഡയറക്ടർ വിജയ് രാജ് മോഹൻ 2022 ഏപ്രിലിൽ അപ്പീൽ തള്ളിക്കളയുകയും വിഷയം വകുപ്പുമായി ബന്ധപ്പെട്ടതല്ലെന്ന് ആവർത്തിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം ഇതും കൂട്ടിച്ചേർത്തു, ‘(എ) അത്തരം ആപ്പുകളൊന്നും വകുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല; (ബി) കർഷകർക്കും കാർഷിക സമൂഹത്തിനും വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ക്ഷേമ ആപ്പുകൾക്കായി ഇന്ത്യാ ഗവൺമെന്റ് ഫണ്ട് ശേഖരിക്കുന്നില്ല.’ കൃഷി സംസ്ഥാന വിഷയമായതിനാൽ പ്രൊവിൻഷ്യൽ അധികാരികളെ സമീപിക്കാനും അരവിന്ദാക്ഷനെ ഡയറക്ടർ വിജയ് രാജ്മോഹൻ ഉപദേശിച്ചു.

അതോടൊപ്പം, സർക്കാരിനായി ഫണ്ട് ശേഖരിക്കാനുള്ള പ്ലാറ്റ്ഫോമുകൾ എന്ന നിലയിലുള്ള നാമോ ആപ്പിൻ്റെയും നരേന്ദ്രമോഡി ഡോട്ട് ഇന്നിൻ്റെയും നിയമസാധുതയെക്കുറിച്ച് 16 വിശദമായ ചോദ്യങ്ങൾ ഉന്നയിച്ച് അരവിന്ദാക്ഷൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലും വിവരാവകാശ ചോദ്യങ്ങൾ ഫയൽ ചെയ്തു. അദ്ദേഹത്തിൻ്റെ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ‘ആവശ്യപ്പെട്ട വിവരങ്ങൾ ഈ ഓഫീസിലെ രേഖകളുടെ ഭാഗമല്ല’ എന്ന് മറുപടി നൽകിക്കൊണ്ട് പി.എം.ഒ പ്രതികരിച്ചു. ഇലക്‌ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് നൽകിയ തുടർന്നുള്ള വിവരാവകാശ അപേക്ഷയ്ക്കും ഇതേ മറുപടിയാണ് ലഭിച്ചത്, അത് നാഷണൽ ഇ-ഗവേണൻസ് ഡിവിഷനിലേക്കും (എൻ.ഇ.ജി.ഡി) ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിലെ ‘മൈ ഗവ്’യൂണിറ്റിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. എൻ.ഇ.ജി.ഡിയും മൈ ഗവ്-ഉം അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ തങ്ങളുടെ ഓഫീസിലെ രേഖകളുടെ ഭാഗമല്ലെന്ന് മറുപടി നൽകി.
അത്തരം പരാജയ ശ്രമങ്ങൾക്ക് ശേഷം, 2023 ഒക്ടോബർ 10-ന് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് (പി.എം.ഒ) അരവിന്ദാക്ഷന് ഒടുവിൽ ഒരു വ്യക്തമായ മറുപടി ലഭിച്ചു. ഈ വിവരാവകാശ അപേക്ഷയിൽ അദ്ദേഹം പ്രത്യേകം മൂന്ന് കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടത്: ഒന്ന്, ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പേരിൽ ഏതെങ്കിലും പ്രത്യേക ഔദ്യോഗിക ആപ്പ് നിർമ്മിച്ചിട്ടുണ്ടോ; രണ്ട്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ/എക്സ് പേജ് പരിപാലിക്കുകയും പോസ്റ്റുകൾ തയ്യാറാക്കുകയും ചെയ്യുന്നത് ആരാണ്; മൂന്ന്, നാമോ ആപ്പും പി.എം.ഒയും തമ്മിൽ എന്തെങ്കിലും ഔദ്യോഗിക ബന്ധമുണ്ടോ.
സി.പി.ഐ.ഒ പർവേഷ് കുമാർ വഴി 2023 നവംബർ 16-ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിവരാവകാശ അപേക്ഷക്ക് ‘ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പേരിൽ ഔദ്യോഗിക ആപ്പില്ല’ എന്ന് മറുപടി നൽകി. ‘പി.എം.ഒയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ഉദ്യോഗസ്ഥൻ ഇല്ല; ഉദ്യോഗസ്ഥർ വിവരങ്ങൾ നൽകുകയും കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നു.-എന്നും ഉത്തരം നൽകി. നാമോ ആപ്പും പി.എം.ഒയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന്, ‘ആവശ്യപ്പെട്ട വിവരങ്ങൾ ഈ ഓഫീസിലെ രേഖകളുടെ ഭാഗമല്ല’ എന്നായിരുന്നു വിവരാവകാശ മറുപടി. അരവിന്ദാക്ഷന്റെ തുടർന്നുള്ള അപ്പീലുകളൊന്നും അപ്പലേറ്റ് അധികാരികളിൽ നിന്ന് മറുപടി ലഭിച്ചില്ല. കാരണം രേഖകളുടെ ഭാഗമായ മതിയായ വിവരങ്ങൾ പി.എം.ഒ ഇതിനകം നൽകിയിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
ഇതോടെ, ബി.ജെ.പി നടത്തിയ ‘ചെറുകിട സംഭാവന’ കാമ്പയിന് കേന്ദ്ര സർക്കാരോ മറ്റ് സർക്കാർ സ്ഥാപനങ്ങളോ അംഗീകാരം നൽകിയിട്ടില്ലെന്ന് മൂന്ന് പ്രധാന മന്ത്രാലയങ്ങൾ സ്ഥിരീകരിച്ചു.
ഈ വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2025 ഡിസംബർ 8-ന് അരവിന്ദാക്ഷൻ ചെന്നൈ പോലീസ് കമ്മീഷണർക്കും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സി.ബി.ഐ) റീജിയണൽ ഡയറക്ടർക്കും കത്തെഴുതി. ഇതിനുമുമ്പ്, പ്രധാനമന്ത്രിക്കും, ബന്ധപ്പെട്ട നാല് മന്ത്രാലയങ്ങളിലെയും സെക്രട്ടറിമാർക്കും, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറിക്കും ബി.ജെ.പി നടത്തിയ ഈ അനധികൃത സംഭാവനാ യജ്ഞത്തെക്കുറിച്ച് പരാതിപ്പെട്ട് കത്തയച്ചിരുന്നു.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷന്റെയും വ്യക്തമായ അഭ്യർത്ഥന പ്രകാരം, സംഭാവനകൾ ബി.ജെ.പിക്കും അതുപോലെ സ്വച്ഛ് ഭാരത്, ബേഠി ബച്ചാവോ ബേഠി പഠാവോ, കിസാൻ സേവ തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികൾക്കും വേണ്ടിയാണ് നൽകുന്നത് എന്ന വ്യക്തമായ ധാരണയിൽ നാമോ ആപ്പും ഡബ്ലിയു ഡബ്ലിയു ഡബ്ലിയു ഡോട്ട് നേരേന്ദ്രമോഡി ഡോട്ട് ഇൻ എന്ന വെബ്‌സൈറ്റും വഴി സംഭാവന നൽകാൻ പരാതിക്കാരൻ ഉൾപ്പെടെയുള്ള പൗരന്മാർ പ്രേരിപ്പിക്കപ്പെട്ടു. എന്നാൽ, സംഭാവന രസീതുകളിൽ നിന്ന് മനസിലാകുന്നത് ഈ തുകകൾ ലഭിച്ചത് രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയുടെ കേന്ദ്ര ഓഫീസിലാണ് എന്നാണ്. ഈ സർക്കാർ പദ്ധതികളുടെ പേരിൽ ഫണ്ട് ശേഖരിക്കുന്നതിന് യാതൊരു പദ്ധതിയും അനുമതിയും ഇല്ലെന്ന് കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ ഏകകണ്ഠമായി നിഷേധിക്കുകയും ചെയ്യുന്നു.’ അരവിന്ദാക്ഷൻ കത്തുകളിൽ പറഞ്ഞു.
ഈ സംഭാവന യജ്ഞം പണം നൽകിയവരെ ഇരുട്ടിൽ നിർത്തുകയും ക്ഷേമ പദ്ധതികൾക്കായുള്ള അവരുടെ സംഭാവനകൾ എങ്ങനെ, എപ്പോൾ സർക്കാരിൽ എത്തുമെന്ന് അവരെ സുതാര്യമായി അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംഭാവന യജ്ഞത്തിലൂടെ മൊത്തം എത്ര തുക ശേഖരിച്ചു, ഈ ഫണ്ടുകൾ കേന്ദ്ര സർക്കാരിലേക്ക് അയച്ചോ എന്നും ചോദിച്ച് അരവിന്ദാക്ഷൻ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് കത്തെഴുതി. ബി.ജെ.പി അധ്യക്ഷനിൽ നിന്ന് അദ്ദേഹത്തിന് മറുപടി ലഭിച്ചില്ല.
ഇന്ത്യൻ ശിക്ഷാ നിയമം 1860 പ്രകാരമുള്ള ‘വഞ്ചന, ക്രിമിനൽ വിശ്വാസ ലംഘനം, ക്രിമിനൽ ഗൂഢാലോചന, മറ്റ് കുറ്റകൃത്യങ്ങൾ, അഴിമതി നിരോധന നിയമം 1988 പ്രകാരമുള്ള സാധ്യമായ കുറ്റകൃത്യങ്ങൾ (ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതിൽ ഏതെങ്കിലും പൊതുപ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ), ജനപ്രാതിനിധ്യ നിയമം 1951-ന്റെ ലംഘനങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിംഗുമായി ബന്ധപ്പെട്ട നിയമങ്ങൾ’ എന്നിവ ബി.ജെ.പിക്കെതിരെ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് അരവിന്ദാക്ഷൻ പറഞ്ഞു.
‘സർക്കാർ പദ്ധതികളുടെ പേരിൽ ലഭിച്ച സംഭാവനകൾ ബി.ജെ.പിക്ക് വേണ്ടി സർക്കാരിന് ഔപചാരികമായി കൈമാറുമോ എന്ന് ചോദിച്ച് 2022 മാർച്ച് 7-ന് ഞാൻ ബി.ജെ.പി ദേശീയ അധ്യക്ഷന് കത്തയച്ചിരുന്നു. പക്ഷേ അവർ എന്റെ കത്തിന് മറുപടി നൽകിയില്ല,’ അദ്ദേഹം ‘ദി വയ്‌റി’നോട് പറഞ്ഞു.
‘എന്റെ പരാതിയിൽ കേന്ദ്ര സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ ഞാൻ തീർച്ചയായും കോടതിയെ സമീപിക്കും,’ അദ്ദേഹം പറഞ്ഞു, സർക്കാർ ക്ഷേമ പദ്ധതികളുടെ പേരിലുള്ള ഈ സംഭാവന യജ്ഞം, ‘കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികളെ പിന്തുണയ്ക്കുന്നു എന്ന് നല്ല വിശ്വാസത്തോടെ’ സംഭാവന നൽകിയ ഇന്ത്യൻ പൗരന്മാരെ ‘വ്യാപകമായി തെറ്റിദ്ധരിപ്പിച്ച’ ഒരു കേസാണെന്നും കൂട്ടിച്ചേർത്തു. അനധികൃതമായി ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ട സാധ്യതയുള്ള ഈ കേസിനെക്കുറിച്ച് ബി.ജെ.പിയുടെ കേന്ദ്ര ഓഫീസിലേക്കും ജെ.പി. നദ്ദയ്ക്കും ഒരു ചോദ്യാവലി അയച്ചിട്ടുണ്ടെന്നും അതിനുള്ള മറുപടി ലഭിക്കുന്നതനുസരിച്ച് ഈ വാർത്തയിലത് കൂട്ടിച്ചേർക്കുമെന്നും ‘ദി വയർ’ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കടപ്പാട് : ദി വയറിൽ നിന്നെടുത്ത സ്റ്റോറിയുടെ സ്വതന്ത്ര പരിഭാഷയാണ് അഴിമുഖം നൽകിയിരിക്കുന്നത്.
കൂടുതൽ വായനയ്ക്ക്; https://thewire.in/politics/bjp-collected-party-funds-donations-beti-bachao-govt-scheme-swachh-bharat-rti
Content Summary: RTI Reveals BJP Collected ‘Party Funds’ Under the Guise of Government Schemes in 2021–22