June 26, 2026 |
Share on

ബ്യൂട്ടി പാർലർ സ്വന്തമാക്കണം, റീൽസ് ചിത്രീകരിക്കുന്നതിലും വിരോധം; സ്ത്രീധനത്തിന്റെ പേരിൽ നിക്കി നേരിട്ടത് ക്രൂരപീഡനം

സ്കോർപിയോ, റോയൽ എൻഫീൽഡ് ബൈക്ക്, സ്വർണം, പണം എന്നിവ സ്ത്രീധനമായി നൽകി

സ്ത്രീധന പീഡനത്തെ തുടർന്ന് ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ നോയിഡ സ്വദേശി നിക്കിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിക്കുന്നതിന് ആറുമാസം മുൻപേ തന്നെ ഭർത്താവിന്റെ ഉപദ്രവം കാരണം ഭർത്തൃവീട് വിട്ട് സ്വന്തം വീട്ടിലേക്ക് യുവതി മാറി താമസിച്ചിരുന്നു.

പ്രശ്നം പരിഹരിക്കുന്നതിനായി ഒരു പഞ്ചായത്ത് യോഗം നടക്കുകയും, അവിടെ വെച്ച് ഭർത്താവായ വിപിൻ മാപ്പ് പറയുകയും ചെയ്തിരുന്നു. മേലിൽ നിക്കിയെ ഉപദ്രവിക്കില്ലെന്ന് വാക്ക് നൽകിയതിന്റെ വിശ്വാസത്തിലാണ് നിക്കി ഭർത്താവിനോടൊപ്പം തിരികെപോയത്.

നിക്കിയുടെ സഹോദരിയും വിപിൻ്റെ സഹോദരൻ രോഹിതിൻ്റെ ഭാര്യ കൂടിയായ കാഞ്ചനും ചേർന്ന് ഒരു ബ്യൂട്ടി പാർലർ നടത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും താരമായ നിക്കി ഇൻസ്റ്റാഗ്രാമിൽ റീലുകൾ ചെയ്യുന്നത് വിപിനും കുടുംബത്തിനും ഇഷ്ടമായിരുന്നില്ല. ഇതിനെ ചൊല്ലി വീട്ടിൽ സ്ഥിരം വഴക്കുകളും അരങ്ങേറിയിരുന്നു.

നിക്കിയുടെ വിവാഹ സമയത്ത്, സ്കോർപിയോ, റോയൽ എൻഫീൽഡ് ബൈക്ക്, സ്വർണം, പണം എന്നിവയും സ്ത്രീധനമായി വിപിന് ലഭിച്ചിരുന്നു. ഇതിന് പുറമെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിപിനും കുടുംബവും നിക്കിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ചയോടെ, ഈ വിഷയങ്ങളെല്ലാം വീണ്ടും വലിയ വഴക്കിലേക്ക് എത്തുകയും, വിപിനും അമ്മ ദയയും ചേർന്ന് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

നിക്കിയുടെ മരണത്തിന് ശേഷം തനിക്കും കുടുംബത്തിനും പിന്തുണ നൽകിയവരോട് നന്ദി പറഞ്ഞുകൊണ്ട് കാഞ്ചൻ ഇൻസ്റ്റാഗ്രാം റീൽ പങ്കുവെച്ചിരുന്നു. സാമൂഹിക സമ്മർദ്ദങ്ങൾ കാരണം നിക്കി ഒരുപാട് സഹിച്ചുവെന്ന് കാഞ്ചൻ പറഞ്ഞു.

“അവൾക്ക് ഏഴ് വയസ്സുള്ള ഒരു മകനുണ്ട്. അതുകൊണ്ട് എല്ലാം ശരിയാകുമെന്ന് കരുതി അവൾ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തു. ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങൾ ആരും കരുതിയില്ല,” കാഞ്ചൻ പറഞ്ഞു.

“ഇപ്പോൾ എടുത്ത നടപടികൾ ഫെബ്രുവരി 11-നോ 12-നോ എടുത്തിരുന്നെങ്കിൽ ഞങ്ങൾക്കിങ്ങനെയൊരു ദുരന്തം കാണേണ്ടി വരില്ലായിരുന്നു. എന്നാൽ നമ്മുടെ സാമൂഹികപരമായ ആചാരങ്ങൾക്കായി ഞങ്ങൾ ഒരുപാട് തീരുമാനങ്ങൾ എടുത്തുപോയി,” എന്നും കാഞ്ചൻ കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ നിക്കി സ്വന്തം വീട്ടിലേക്ക് വന്നപ്പോൾ കാഞ്ചനും കുട്ടികളും അവളോടൊപ്പം ഉണ്ടായിരുന്നു.

സഹോദരിയുടെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ കാഞ്ചൻ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വിപിൻ, അമ്മ ദയ, അച്ഛൻ സത്യവീർ, സഹോദരൻ രോഹിത് എന്നിവർക്കെതിരെയാണ് കേസ്. പ്രതികളായ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

content summary: Woman Burned Alive by Husband and Mother-in-law

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×