ചെന്താമര: സാമൂഹിക വിരുദ്ധനും അന്ധവിശ്വാസിയുമായ കൊടുംകുറ്റവാളിയോ?

ഇത്തരമാൾക്കാർ അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ശരിയാണ് എന്ന് അടിയുറച്ച് വിശ്വസിച്ച് മുന്നോട്ട് നീങ്ങുകയാണ്

Chenthaamara Nenmara murder case

“ഒരു മനുഷ്യന് എങ്ങനെയാണ് ഇത്രയും ക്രൂരനാവാൻ സാധിക്കുന്നത്?” 2025 ജനുവരി 27 -ന് നടന്ന നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ വാർത്തയറിഞ്ഞപ്പോൾ ഓരോ മലയാളിയുടെയും മനസ്സിൽ വന്ന ചോദ്യമായിരിക്കുമിത്. 2019 -ൽ സജിത എന്ന കുടുംബനാഥയെ കൊലപ്പെടുത്തി ജയിലിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ‘ചെന്താമര’, 2025 -ൽ ജാമ്യത്തിലിറങ്ങിയ ശേഷം സജിതയുടെ ഭർത്താവ് സുധാകരനേയും ഭർതൃമാതാവ് ലക്ഷ്മിയേയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇരട്ട കൊലപാതക കേസിൽ പ്രതി ചെന്താമരക്ക് പാലക്കാട് അഡിഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ജൂലായ് 20 -ന് വധശിക്ഷ വിധിച്ചു. പ്രതിക്ക് വിചാരണ സമയത്ത്  തെല്ലും കുറ്റബോധമുണ്ടായിരുന്നില്ല എന്ന് വിധി പ്രസ്താവത്തിൽ കോടതി എടുത്തുപറയുകയുമുണ്ടായി. 

ചെന്താമരയെ പോലുള്ള കൊടും കുറ്റവാളികളുടെ മനഃശാസ്ത്രം എന്താണ്? എന്തായിരിക്കും അവരെ  നിഷ്ഠൂരമായ  കൊലപാതകങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്? തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ. അരുൺ ബി. നായർ സംസാരിക്കുന്നു.

ഒരു സൈക്യാട്രിസ്റ്റ് എന്ന നിലയിൽ ചെന്താമരയുടെ മാനസികനിലയെ എങ്ങനെയാണ് മനസ്സിലാക്കുന്നത്?

ചെന്താമര എന്ന വ്യക്തിയെ നേരിട്ട് പരിശോധിച്ചിട്ടില്ലാത്തത് കൊണ്ട്  അയാളുടെ മനോനില എന്താണെന്ന് കൃത്യമായി ഉറപ്പിച്ച് പറയാനാവില്ല. എങ്കിലും മാധ്യമങ്ങളിൽ കണ്ടുവരുന്ന റിപ്പോർട്ടുകളനുസരിച്ച്, വളരെ തീവ്രമായൊരു പ്രതികാര ബുദ്ധിയോട് കൂടി കുറ്റകൃത്യം ചെയ്യുന്ന മനുഷ്യനാണ് ചെന്താമര. ആദ്യം ഒരു കൊലപാതകം ചെയ്ത് ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങി അതേ കുടുംബത്തിലെ മറ്റു രണ്ടുപേരെയും അയാൾ കൊലപ്പെടുത്തിയല്ലോ. സാധാരണഗതിയിൽ ഇത്തരത്തിൽ ഉള്ള ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ അഥവാ സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യം എന്ന പ്രശ്നം ഉള്ളവരാണ്. അതിന്റെ ഭാഗമായി ചെറിയ തോതിൽ നീണ്ടുനിൽക്കുന്ന തീവ്രമായ മാനസികസമ്മർദ്ദം വരുന്ന സമയത്ത് അവർക്ക് ചില സംശയങ്ങളും മിഥ്യാവിശ്വാസങ്ങളും ഒക്കെ വരാം. പക്ഷെ അതൊന്നും ചിത്തഭ്രമ രോഗത്തിലെന്ന പോലെ ദീർഘ നാൾ നീണ്ടുനിൽക്കുകയൊന്നും ചെയ്യാറില്ല. താത്കാലികമായിരിക്കും. അവർ സാമൂഹികമായി എങ്ങനെ ഇടപെടുന്നു എന്നതിന് അനുസരിച്ചിരിക്കും അവരുടെ വിശ്വാസങ്ങൾ രൂപപ്പെടുന്നത്. വിദ്യാഭ്യാസം, മറ്റുള്ളവരുമായുള്ള ഇടപെടലുകൾ, വായന, ലോകത്തെ കുറിച്ചുള്ള ധാരണ ഇതൊക്കെയായിരിക്കും അവരുടെ യുക്തിബോധത്തെ നിർണ്ണയിക്കുന്നത്. യുക്തിസഹമായി ചിന്തിക്കുന്ന വ്യക്തികളിൽ നിന്ന് അകന്ന് കഴിയുന്ന മനുഷ്യനാണെങ്കിൽ മന്ത്രവാദം പോലുള്ള അന്ധവിശ്വാസങ്ങൾ അയാളെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരം മനുഷ്യർക്ക് സ്വതവേ ഉള്ള സാമൂഹിക വിരുദ്ധ വ്യക്തിത്വത്തിനൊപ്പം തീവ്രമായ അന്ധവിശ്വാസങ്ങളുടെ സ്വാധീനം കൂടിയാകുമ്പോൾ അക്രമവാസനയും പ്രതികാര മനോഭാവവുമൊക്കെ കൂടാനുള്ള സാധ്യതയുണ്ട്.

ചില ആൾക്കാരിൽ ഭയങ്കരമായ സംശയ രോഗം ഉണ്ടാകാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ചെന്താമരയുടെ കേസിൽ അത്തരത്തിലുള്ള സാധ്യതയുണ്ടോ?

സംശയ രോഗം എന്ന് പറഞ്ഞാൽ ഡെല്യൂഷണൽ ഡിസോർഡർ ആണ്. അതായത് ഒരു വ്യക്തി തന്നെ ഉപദ്രവിക്കുന്നു എന്ന അടിയുറച്ച വിശ്വാസം. തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടിയാലും സംശയങ്ങൾ മാറാതെ നിൽക്കും. ഉദാഹരത്തിന്, ഭർത്താവിന് ഒരു തെളിവും ഇല്ലെങ്കിൽ പോലും സ്വന്തം ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് തോന്നുന്നതൊക്കെ അതിൽ പെടും. പക്ഷെ ഇവിടെ സംശയരോഗമാണിതെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ കാണുന്നില്ല. അങ്ങനെയാണെങ്കിൽ അയാൾ നിരന്തരമായി മറ്റുള്ളവരോട് അതിനെ പറ്റി പറയുകയും സംശയം തോന്നുന്ന വ്യക്തിയോട് വഴക്കിടുകയും ഒക്കെ ചെയ്യും. ഇന്ന വ്യക്തി തന്നെ ഉപദ്രവിക്കുന്നു എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ പോലും അത്തരം ആൾക്കാർ പരാതി കൊടുക്കും. ഒരു വ്യക്തിയോടുള്ള സംശയം ഇത്തരത്തിൽ  പല ലെവലുകളിലായി ദീർഘ കാലമായി പ്രകടമായിട്ടുണ്ടാകും. പക്ഷെ പുറത്ത് വന്ന വാർത്തകളിൽ നിന്ന് അത്തരമൊരു സംഗതി ഉണ്ടെന്ന് പറയാൻ സാധിക്കുന്നില്ല.

മനുഷ്യരിലെ കുറ്റവാസനയുടെ അടിസ്ഥാനമെന്താണ്. ജന്മനാ കിട്ടുന്ന സ്വഭാവമാണോ അത്?

അതൊരു വ്യക്തിത്വ വൈകല്യം ആണ്. കുട്ടിക്കാലത്ത് തന്നെ അത്തരം സ്വഭാവം കാണിച്ചു തുടങ്ങും. ജനിതകപരമായിട്ട് കിട്ടുന്ന ഒരു സ്വഭാവസവിശേഷതയാണ് എന്നതിന്റെ കൂടെ തന്നെ അത്തരം വ്യക്തികൾ വളർന്നു വരുന്ന സാഹചര്യവും വലിയ പങ്ക് വഹിക്കുന്നുണ്ട്. ജനിതകമായി കിട്ടിയതാണെങ്കിൽ അച്ഛനോ അമ്മക്കോ കുടുംബത്തിലെ മറ്റാർക്കെങ്കിലും ഒക്കെ ആയി ഇത്തരം സാമൂഹിക വിരുദ്ധ പ്രവണതകൾ കാണും. അങ്ങനെയുള്ള മനുഷ്യരെ കണ്ടുവളരുന്ന കുട്ടിയായിരിക്കുമല്ലോ അത്. ജനിതക സവിശേഷതയും വളർന്നു വരുന്ന സാഹചര്യവും കൂടിയാകുമ്പോഴാണ് ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത്. അത്തരത്തിലുള്ള വ്യക്തികൾ കുട്ടിക്കാലം തൊട്ട് തന്നെ നിഷേധം, അനുസരണക്കേട്,

അമിതമായ ദേഷ്യം, അനാവശ്യമായ കളവ് പറച്ചിൽ, മോഷണം, മൃഗങ്ങളേയും മനുഷ്യരേയും ദ്രോഹിക്കുന്നത് പോലുള്ള കുറ്റകൃത്യവാസനകൾ ഒക്കെ പ്രകടിപ്പിക്കും. നിയമലംഘനങ്ങൾ ആസ്വദിക്കും. നിയമലംഘനങ്ങൾ പിടിക്കപ്പെടാതിരിക്കുമ്പോൾ മനസ്സിൽ പ്രത്യേക സന്തോഷം ഉളവാകും. ഇതൊക്കെ കുട്ടിക്കാലത്ത് തന്നെ തുടങ്ങും. കൗമാരകാലത്തൊക്കെ ആകുമ്പോൾ സമാനസ്വഭാവമുള്ളയാൾക്കാരുമായി ചേർന്ന് സംഘടിതമായ കുറ്റകൃത്യത്തിലേക്കവർ നീങ്ങാം. കുട്ടിക്കാലത്ത് വരുന്ന ഈ സ്വഭാവങ്ങളെ കോണ്ടക്ട്  ഡിസോർഡർ എന്നാണ് പറയുന്നത്. കോണ്ടക്ട് ഡിസോർഡർ കുട്ടിക്കാലത്ത് തന്നെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യമായി അത് പിന്നീട് മാറാം.

ഇത്തരത്തിൽ സാമൂഹിക വിരുദ്ധ സ്വഭാവ വൈകല്യമുള്ള കുട്ടികൾ ഒരു തരത്തിലുമുള്ള ചികിത്സയും കിട്ടാതെ മുതിർന്ന് കൊടുംകുറ്റവാളികളായി മാറിയാൽ പിന്നീട് ചികിത്സയിലൂടെയും കൗൺസിലിംഗിലൂടെയും അവരെ മാറ്റിയെടുക്കാൻ കഴിയുമോ?

ചികിത്സയിലൂടെ അത് കുറയാൻ സാധ്യതയുണ്ട്. പക്ഷെ അവർ സാധാരണയായി ചികിത്സയോട് സഹകരിക്കാറില്ല. അവർ ചെയ്യുന്ന കാര്യങ്ങൾ ശരിയാണ് എന്ന് അടിയുറച്ച് വിശ്വസിച്ച് മുന്നോട്ട് നീങ്ങുകയാണ്. പൊതുവെ ചികിത്സയുടെ ഭാഗമായി ഡോക്ടർമാരോടും സൈക്കോളജിസ്റ്റുകളോടും ഒക്കെ സഹകരിച്ച് മുന്നോട്ട് പോകാൻ ഇവർക്ക് വല്ലാത്ത ബുദ്ധിമുട്ടാണ്. കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സമയത്തും ജയിലിൽ  പ്രശ്നങ്ങളുണ്ടാക്കുമ്പോഴാണ് ഒരു മനോരോഗ ചികിത്സാ കേന്ദ്രത്തിലേക്ക് അവരെ  എത്തിക്കുക. അവിടെ ചികിത്സിക്കപ്പെടുമ്പോൾ തീർച്ചയായിട്ടും അവരുടെ  പെരുമാറ്റത്തിൽ നല്ല പുരോഗതിയുണ്ടാകും. പക്ഷെ അവർ ജയിൽ മോചിതരായി കഴിഞ്ഞാൽ തുടർചികിത്സ നടത്തില്ല. വീണ്ടും തിരിച്ച് കുറ്റകൃത്യങ്ങളിലേക്ക് തിരികെ പോകും. ചികിത്സയോട് സഹകരിക്കാൻ സാധ്യത കുറവാണ് എന്നതാണ് വലിയ പ്രശ്നം.

Content Summary: Chenthamara’s brutal crimes highlight traits of antisocial personality disorder—rooted in childhood conduct issues, reinforced by distorted beliefs, and resistant to treatment.

വിനയൻ രാഘവൻ

അഴിമുഖം സബ് എഡിറ്റർ ട്രെയ്‌നി, ജേർണലിസത്തിൽ പിജി ഡിപ്ലോമ, ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം

More Posts

This post was last modified on July 22, 2026 11:35 am

വിനയൻ രാഘവൻ: അഴിമുഖം സബ് എഡിറ്റർ ട്രെയ്‌നി, ജേർണലിസത്തിൽ പിജി ഡിപ്ലോമ, ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം
Related Post
Leave a Comment