June 26, 2026 |

ന്യൂസ്റൂമിലെ വെടിക്കെട്ടുകള്‍

ഒരു കഥാസരിത്സാഗരമാണ് രാംകുമാറിന്റെ പുസ്തകം

ആദര്‍ശശാലികളായ അനവധി പത്രപ്രവര്‍ത്തകര്‍ കെട്ടിപ്പടുത്തതാണ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ആധാരശില. കൊല്‍ക്കത്തയില്‍ നിന്ന് ‘മോഡേണ്‍ റിവ്യൂ’ പ്രസിദ്ധീകരിച്ചിരുന്ന രാമാനന്ദ് ചാറ്റര്‍ജിയെ ഇന്ത്യന്‍ പത്രപ്രവര്‍ത്തന പിതാവായി കാണുന്നവരുണ്ട്. അദ്ദേഹത്തെപ്പറ്റി പി രാംകുമാര്‍ എഴുതിയ ‘ന്യൂസ്റൂമിലെ ഏകാകികള്‍’ എന്ന പുസ്തകത്തില്‍ പറയുന്നില്ലെങ്കിലും, 22 ലേഖനങ്ങള്‍ ഈടുറ്റവയാണ്. ‘മോഡേണ്‍ റിവ്യൂ’ വില്‍ ലാലാ ഹര്‍ദയാല്‍ എഴുതിയ മാര്‍ക്‌സിനെപ്പറ്റിയുള്ള ദീര്‍ഘപ്രബന്ധം കോപ്പിയടിച്ചതാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മാര്‍ക്‌സ് ജീവചരിത്രം. അതിനാല്‍, ഹര്‍ദയാല്‍ എഴുതിയ പ്രബന്ധം കണ്ടെത്തി ഞാന്‍ മലയാളത്തിലാക്കി.

നേരിയ പരിചയമെങ്കിലുമുള്ള പത്രപ്രവര്‍ത്തകരെപ്പറ്റി പോലും നമുക്കറിയാത്ത ധാരാളം കഥകള്‍ ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു. എഡ്വിന മൗണ്ട്ബാറ്റന് നെഹ്റു സിഗരറ്റ് കത്തിച്ചു കൊടുക്കുന്ന ചിത്രം കുപ്രസിദ്ധമാണ്. അതെടുത്തത് ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോഗ്രഫര്‍മാരില്‍ ഒരാളായ ഹോമായ് വാരിയാവാലയാണ്. ഇങ്ങനെ കുറേപ്പേരെപ്പറ്റി ആദ്യമായി മലയാളി വായിക്കുന്നത് ഈ പുസ്തകത്തില്‍ ആകും.

എനിക്ക് അത്യാവശ്യം പരിചയമുള്ള നിഖില്‍ ചക്രവര്‍ത്തിയെപ്പറ്റിയുള്ള ലേഖനം തന്നെ എനിക്കറിയാത്ത എത്രയോ നുറുങ്ങുകള്‍ കൊണ്ട് സമൃദ്ധമാണ്. ഒരു ചൈനാ യാത്രയില്‍ എനിക്കൊപ്പമുണ്ടായിരുന്ന അദ്ദേഹം വി കെ മാധവന്‍കുട്ടിയെ വെട്ടി എന്നെ പീപ്പിള്‍സ് ഹാളിലെ വിരുന്നില്‍ ഉള്‍പ്പെടുത്തി. അതിന് ശേഷം ചൈനീസ് പാര്‍ട്ടിയിലെ ഏതോ പി ബി അംഗത്തെ കാണാന്‍ പോയി. മനോരമയുടെ കൊല്ലം പതിപ്പ് ഉദ്ഘാടനത്തിന് വന്ന അദ്ദേഹത്തെ തിരുവനന്തപുരത്ത് ഞാന്‍ കൊണ്ടു നടന്നു.

കൊല്‍ക്കത്തയില്‍ ചരിത്ര പ്രൊഫസര്‍ സ്ഥാനം വിട്ടാണ് ചക്രവര്‍ത്തി പത്രപ്രവര്‍ത്തകനായത് എന്ന് ഈ പുസ്തകത്തില്‍ വായിക്കാം. പി സി ജോഷി ഉള്‍പ്പെടെ നാല് പേരെ ചക്രവര്‍ത്തി റഷ്യന്‍ അന്തര്‍വാഹിനിയില്‍ അങ്ങോട്ട് അയച്ച സംഭവം ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എഴുതിയിട്ടുണ്ട്.

എം ഒ മത്തായി എന്ന നെറികെട്ട പുഴു ചേച്ചമ്മ ട്രസ്റ്റുണ്ടാക്കി 23 ലക്ഷം രൂപ കൊയ്തത് വെളിച്ചത്ത് കൊണ്ട് വന്നത് ചക്രവര്‍ത്തിയാണ്. എന്നാല്‍, മത്തായി നെഹ്റുവിന്റെ അടുത്തെത്തുന്നത് നാഗാലാന്റിലും മറ്റും റെഡ്ക്രോസിന് കമ്പിളി വിതരണം ചെയ്തിരുന്ന കിച്ചറു എന്ന കശ്മീരി വഴിയായിരുന്നു.

രാംകുമാര്‍ എഴുതുന്നു: ‘സൗമ്യനായ നിഖിലിന് ആദ്യ കാഴ്ചയില്‍ തന്നെ ആരോടും വ്യക്തിബന്ധം സ്ഥാപിക്കാനും അത് ഊഷ്മളമായി നിലനിര്‍ത്താനും കഴിഞ്ഞിരുന്നു.’ സത്യമാണ്.

എങ്കിലും എം കെ കെ നായര്‍ക്കെതിരെ ‘രാസവളത്തിലെ പാമ്പ്’ എന്നൊരു ലേഖനം ചക്രവര്‍ത്തി ‘മെയിന്‍സ്ട്രീമി’ല്‍ അച്ചടിച്ച ശേഷം മാനനഷ്ടത്തില്‍ നിന്ന് ഊരിക്കൊടുത്തത് വ്യവസായമന്ത്രി ടി വി തോമസാണ്.

1990 ല്‍ ചക്രവര്‍ത്തി പത്മഭൂഷണ്‍ നിരസിച്ചത് ഇന്നത്തെ നിലയില്‍ അദ്ഭുതമാണ് -ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ വാങ്ങുന്നത് മാധ്യമപ്രവര്‍ത്തകര്‍ ആകുന്ന സാഹചര്യത്തില്‍. ഇത്തരം അവാര്‍ഡുകള്‍ നിഷ്പക്ഷ പത്രപ്രവര്‍ത്തനത്തെ ഹനിക്കും എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം തെറ്റല്ല.

മരിച്ചശേഷം അനുശോചനയോഗത്തില്‍ പ്രസംഗങ്ങള്‍ പാടില്ലെന്ന് മകന്‍ സുമിത്തിനോട് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. അനുശോചന പ്രസംഗങ്ങളില്‍ നുണകള്‍ നിറയും എന്നതായിരുന്നു കാരണം. യോഗത്തില്‍ സദസ്യരെ രബീന്ദ്രസംഗീതം കേള്‍പ്പിച്ചു. അതും മാതൃകയാണ്. കേരളത്തില്‍ തന്നെ കാക്കത്തൊള്ളായിരം രാഷ്ട്രീയ പ്രസംഗങ്ങള്‍ക്ക് പകരം, യേശുദാസ്, ചിത്ര, ഹരിഹരന്‍ തുടങ്ങിയവരുടെ പാട്ടുകള്‍ കേള്‍പ്പിച്ചാല്‍ നന്നായിരിക്കും.

ഇങ്ങനെ ഒരു കഥാസരിത്സാഗരമാണ് രാംകുമാറിന്റെ പുസ്തകം. news roomile ekakikal; review by journalist ks ramachandran

Content Summary: news roomile ekakikal; review by journalist ks ramachandran

കെ.എസ്. രാമചന്ദ്രന്‍

കെ.എസ്. രാമചന്ദ്രന്‍

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×