പല വര്‍ത്തമാന പത്രങ്ങളേയും നിരന്തരം കുഴയ്ക്കുന്ന പ്രശ്നമാണ് ആരാണ് തങ്ങളുടെ വായനക്കാര്‍ എന്നത്. വായനക്കാര്‍ക്കനുസരിച്ചാണ് പത്രങ്ങള്‍ ഉത്സാഹത്തോടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത് എന്നുള്ളത് കൊണ്ട് ഇതിനുള്ള ഉത്തരം എപ്പോഴും പ്രധാനമാണ്.newspapers must respond to readers
എന്നാല്‍ എപ്പോഴെങ്കിലും ഒരിക്കല്‍ ‘എന്തായിരിക്കും ഒരു ഉത്തമവായനക്കാരനെ സൃഷ്ടിക്കുന്നത്’ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാനുള്ള സാധ്യതകളിലേക്ക് നമ്മളപ്രതീക്ഷിതമായി എത്തിച്ചേരും.
അത്തരമൊരു അവസരമാണ് ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌ക്കൂള്‍ ഓഫ് ഇന്ത്യ സര്‍വ്വകലാശാലയുടെ മുന്‍ ഡയറക്ടറും സുപ്രീം കോടതിയുടെ ദേശീയ ജുഡീഷ്യല്‍ അക്കാദമിയുടെ മുന്‍ ഡയറക്ടറുമായിരുന്ന പ്രൊഫ.ജി.മോഹന്‍ ഗോപാലിനെ കണ്ടപ്പോള്‍ സംജാതമായത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുള്ള പ്രൊഫ മോഹന്‍ ഗോപാല്‍ ഭരണഘടനയേയും സാമൂഹ്യനീതിയേയും ആഴത്തില്‍ വ്യാഖ്യാനിക്കുന്നവരില്‍ ഒരാളാണ്.
ഒരു വായനക്കാരന് ഒരു പത്രറിപ്പോര്‍ട്ട് വായിച്ചതിന് ശേഷം ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് അറുതിവരുത്തുക എന്നത്, ആ സ്ഥാപനത്തിന് അതേക്കുറിച്ച് ചോദിച്ച് എഴുതിയതിന് ശേഷവും, എത്രയോ ബുദ്ധിമുട്ടുള്ള സംഗതിയാണ് എന്ന് പ്രൊഫ മോഹന്‍ ഗോപാല്‍ സൂചിപ്പിച്ചു. അതിന്റെ വിശദാംശങ്ങള്‍ ഞാനദ്ദേഹത്തോട് ചോദിച്ചു. ചില വ്യക്തതകള്‍ക്ക് വേണ്ടിയുള്ള വളരെ ആത്മാര്‍ത്ഥമായ ഒരു ശ്രമത്തെ കുറിച്ചുള്ള ഒരു വിവരണമാണ് ലഭിച്ചത്.
2024 ജൂണ്‍ ഒന്‍പതിന്, പൊതുതിരഞ്ഞെടുപ്പിന് തൊട്ടുശേഷം, സി.എസ്.ഡി.എസ്-ലോക്നീതി പോസ്റ്റ് പോള്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇരുപതില്‍ 18 സീറ്റുകളും യു.ഡി.എഫ് നേടുകയും ബി.ജെ.പിക്ക് കേരളത്തില്‍ നിന്നുള്ള ആദ്യത്തെ പാര്‍ലമെന്റ് സീറ്റ് ലഭിക്കുകയും ഭരണകക്ഷിയായ സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഒരു സീറ്റില്‍ ഒതുങ്ങുകയും ചെയ്ത ലോകസഭ തിരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുകയായിരുന്നു ഈ ലേഖനം.
തിരഞ്ഞെടുപ്പിലെ വോട്ടിങ് രീതികളെ പരാമര്‍ശിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. ‘ബി.ജെ.പിയുടെ വര്‍ദ്ധിച്ച വോട്ട് ഷെയര്‍ കേരളത്തിലെ ജാതിവിഭാഗങ്ങള്‍ക്കിടയില്‍ വോട്ടിങ് രീതിയില്‍ ഉണ്ടായി വന്നിട്ടുള്ള ചെറിയ വ്യതിയാനത്തിന്റെ സൂചനയാകാന്‍ സാധ്യതയുണ്ട്. ഏതാണ്ട് ഭൂരിപക്ഷം നായര്‍ സമുദായാംഗങ്ങളും (45 ശതമാനം) ബി.ജെ.പി/എന്‍.ഡി.എക്കാണ് വോട്ട് ചെയ്തിട്ടുള്ളത്. പരമ്പരാഗതമായി എല്‍.ഡി.എഫിനെ പിന്തുണയ്ക്കാറുള്ള ഈഴവ സമുദായമാകട്ടെ (32 ശതമാനം) ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഇത് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് തിരിച്ചടിയായി. മാത്രമല്ല, ആദ്യമായി അഞ്ച് ശതമാനത്തോളം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഈ മാറ്റങ്ങള്‍ക്കെല്ലാം ഇടയിലും യു.ഡി.എഫ് ആകട്ടെ അവരുടെ പരമ്പരാഗത മുസ്ലീം, ക്രിസ്ത്യന്‍ വോട്ടുകളും മറ്റ് ജാതി വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകളും നിലനിര്‍ത്തി. അതാണ് 18 സീറ്റുകള്‍ നേടാന്‍ അവര്‍ക്ക് സാധിച്ചത്.”
സി.എസ്.ഡി.എസ് -ലോക്നീതി നല്‍കുന്ന കണക്കുകളെ ആധാരമാക്കി ആ ലേഖനം നടത്തുന്ന നിഗമനങ്ങളെ എതിര്‍ക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. വിവരങ്ങള്‍ അന്വേഷിക്കുന്ന വായനക്കാര്‍ക്ക് നേരിടേണ്ടി വരുന്ന തടസങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ പ്രൊഫ.മോഹന്‍ ഗോപാല്‍ വിവരിച്ച അനുഭവങ്ങളെ റിപ്പോര്‍ട്ട് ചെയ്യുകയാണിവിടെ.
പ്രൊഫ മോഹന്‍ ഗോപാല്‍ ആ ലേഖനത്തെ കുറിച്ച് ചില വ്യക്തതകള്‍ തേടിയത് സ്വന്തം ആകാംക്ഷയടക്കുന്നതിന് മാത്രമായിരുന്നില്ല. വ്യക്തതയില്ലാത്തതും ചോദ്യങ്ങളുയര്‍ത്തുന്നതും എന്ന് അദ്ദേഹം കരുതുന്ന ചില വസ്തുവിവരണ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ആ ലേഖനത്തിന്റെ നിഗമനങ്ങള്‍ കേരളത്തിലെ മുസ്ലീങ്ങള്‍ക്കും പരമ്പരാഗതമായി ഇടതുപക്ഷത്തെ പിന്തുണച്ച് പോരുന്ന ഈഴവസമൂഹത്തിനും ഇടയില്‍ അകലം ഉണ്ടാക്കാന്‍ പോന്നതായിരുന്നു. പ്രത്യേകിച്ചും ഈ പൊതുതിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലെങ്കിലും മതേതര പാര്‍ട്ടികള്‍ സംഘപരിവാറുമായി രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ടോ എന്ന സംശയമുയര്‍ത്തുന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ബി.ജെ.പിയെ അതുവരെ അകറ്റിനിര്‍ത്തിയിരുന്ന സംസ്ഥാനമാണ് കേരളം എന്നുള്ളത് കൊണ്ട് ആ സംശയത്തിന്റെ ഉത്തരം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കാവുന്നതാണ്.
അതുകൊണ്ട് തന്നെ കേരളത്തിലെ 32 ശതമാനത്തോളം ഈഴവ സമുദായം ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്ന നിഗമനത്തിന്റെ അടിസ്ഥാനമെന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമമാണ് പ്രൊഫ.മോഹന്‍ ഗോപാല്‍ ചെയ്യുന്നത്.
ഈഴവസമുദായത്തിന് മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള ഈ കണക്ക് പരിശോധിക്കാനാണ് അദ്ദേഹം ശ്രമം നടത്തുന്നത്. സി.എസ്.ഡി.എസ് -ലോകനീതി വെബ്സൈറ്റിലെ പോസ്റ്റ് പോള്‍ സര്‍വ്വേയില്‍ ഈഴവസമുദായത്തില്‍ പെട്ടിട്ടുള്ള ഒരാളും പങ്കെടുത്തതായുള്ള വിവരമില്ല.
അപ്പോഴാ കുഴയ്ക്കുന്ന ചോദ്യം വീണ്ടും ഉയരുന്നു: എങ്ങനെയാണ് 32 ശതമാനം ഈഴവ സമുദായം എന്‍.ഡി.എയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു എന്ന നിഗമനത്തില്‍ ആ ലേഖനം എത്തിച്ചേര്‍ന്നത് ?
ജൂലായ് നാലിന്, തന്റെ മറ്റ് തിരക്കുകള്‍ മാറ്റിവച്ച്, പോസ്റ്റ് പോള്‍ സര്‍വ്വേയില്‍ പങ്കെടുത്തിട്ടുള്ളവരില്‍ എത്ര പേര്‍ ഈഴവരെന്നോ തീയ്യരെന്നോ സ്വയം പരിചയപ്പെടുത്തിയിരുന്നുവെന്ന് ചോദിച്ച് പ്രൊഫ.മോഹന്‍ ഗോപാല്‍ സി.എസ്.ഡി.എസ്-ലോകനീതിക്ക് ഈമെയില്‍ അയച്ചു.
Mohan Gopal
ഒരു മറുപടി ലഭിക്കാന്‍ പലകുറി ശ്രമിക്കേണ്ടി വന്നു. ”ഒട്ടേറെ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ശേഷം ജൂലായ് 23-ന് എനിക്ക് ഇനി പറയുന്ന വിശദീകരണം സി.എസ്.ഡി.എസ്-ലോകനീതിയില്‍ നിന്ന് ലഭിച്ചു”- അദ്ദേഹം പറഞ്ഞു. ”സര്‍വ്വേയില്‍ 90 ഈഴവരാണ് പങ്കെടുത്തത്. വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ള റിപ്പോര്‍ട്ടിലെ കോഡ് 455 (കള്ള് ചെത്തുകാര്‍) ഈഴവരെയാണ് സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് ആകെ 666 പേരാണ് ഈ സാമ്പിള്‍ സര്‍വ്വേയില്‍ പങ്കെടുത്തത്.”- അവരുടെ മറുപടി വിശദമാക്കുന്നു.
‘വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ള പോസ്റ്റ് പോള്‍ സര്‍വ്വേയെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ തീര്‍ച്ചയായും 455 എന്ന കോഡിന് കീഴില്‍ കള്ള് ചെത്തുകാരായ 90 പേര്‍ ഇതിനോട് പ്രതികരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ പോസ്റ്റ് പോള്‍ സര്‍വ്വേയില്‍ എത്ര പേര്‍ സ്വയം ഈഴവരാണ് എന്ന് പറഞ്ഞിട്ടുണ്ട് എന്നത് ഈ മറുപടിയിലും വ്യക്തമല്ല”- അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘കാരണം കള്ള് ചെത്തുകാര്‍ എന്നതിന് ഈഴവര്‍ എന്നര്‍ത്ഥമില്ല. എല്ലാ ഈഴവരും കള്ള് ചെത്തുകാരല്ല. 143 വര്‍ഷം മുമ്പുള്ള, 1881-ലെ, തിരുവിതാംകൂര്‍ സെന്‍സസ് പ്രകാരം 7.4 ശതമാനം ഈഴവര്‍ മാത്രമാണ് കള്ള് ചെത്തുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നുള്ളൂ. 1931-ലെ സെന്‍സസില്‍ (ജാതി തിരിച്ചുള്ള അവസാനത്തെ സെന്‍സസ് നടന്ന വര്‍ഷം) അത് 3.8 ശതമാനമായി കുറഞ്ഞു. ഏതാണ്ട് ഒരു നൂറ്റാണ്ടിനിപ്പുറം 2023-ലെ കണക്കുപ്രകാരം ഏതാണ്ട് 15,000 പേര് മാത്രമാണ് കേരളത്തില്‍ കള്ള് ചെത്തല്‍ തൊഴിലായി സ്വീകരിച്ചിട്ടുള്ളവര്‍. അവരെല്ലാം ഈഴവരാണ് എന്ന് സമ്മതിച്ചാല്‍ പോലും അത് ഈഴവ സമുദായത്തിലെ അതീവതുച്ഛമായ അനുപാതം മാത്രമാണ്.”-പ്രൊഫ. മോഹന്‍ ഗോപാല്‍ പറയുന്നു.
സി.എസ്.ഡി.എസ്-ലോകനീതി സര്‍വ്വേക്ക് ഉപയോഗിക്കുന്ന ചോദ്യങ്ങളിലെ ഇസഡ് ഏഴ് ‘എന്താണ് നിങ്ങളുടെ ജാതി/ഗോത്രനാമം’ എന്നതാണ്. ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും ‘കള്ള് ചെത്തുകാര്‍’ എന്നത് ജാതി, സമുദായ പേരല്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്ന് സ്വേച്ഛ പ്രകാരം ഈ സര്‍വ്വേയില്‍ പങ്കെടുക്കുന്ന ഒരാള്‍ തന്റെ ജാതി പേരായി ‘കള്ള് ചെത്തുകാര്‍’ എന്ന് ചേര്‍ക്കാനായി ഒരു സാധ്യതയുമില്ല- അദ്ദേഹം പറഞ്ഞു.
സര്‍വ്വേയില്‍ പങ്കെടുത്തതായി പറയപ്പെടുന്ന കള്ള് ചെത്തുകാര്‍ ഈഴവരാണ് എന്ന നിഗമനത്തിലേക്ക് സി.എസ്.ഡി.എസ്-ലോകനീതി എത്തിയതിന്റെ വസ്തുതാപരമായ അടിസ്ഥാനം എന്താണ് എന്നതില്‍ സുതാര്യത വേണം. അവര്‍ സ്വയം ഈഴവരാണ് എന്ന് പറഞ്ഞതാണോ? അങ്ങനെയാണെങ്കില്‍ കോഡ് 455 ന് കീഴില്‍ എന്തിനാണ് ‘കള്ള് ചെത്തുകാര്‍’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്? അതോ അവര്‍ കള്ള് ചെത്തുകാര്‍ എന്നാണോ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്? അങ്ങനെയാണെങ്കില്‍ അവരെ ഈഴവരായി കണക്കാക്കിക്കൊണ്ട് ഹിന്ദു ലേഖനത്തില്‍ വിശകലന ലേഖനം വന്നത് എന്തുകൊണ്ട്’- അദ്ദേഹം ചോദിക്കുന്നു.
സി.എസ്.ഡി.എസ് -ലോകനീതി സര്‍വ്വേയില്‍ ഈഴവരെ മാത്രമാണ് ഇങ്ങനെ വേര്‍തിരിച്ച് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും ഡോ.മോഹന്‍ ഗോപാല്‍ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് തെലുങ്ക് സംസാരിക്കുന്ന ഗൗഡ വിഭാഗക്കാര്‍, ഗാവല്ല, സെട്ടി ബാലിജ, ഇഡിന, കൃഷ്ണബാലി എന്നീ ജാതി വിഭാഗങ്ങളെ എല്ലാം കള്ള് ചെത്തുമായി ബന്ധപ്പെടുത്തി കണക്കാക്കാമെങ്കിലും സര്‍വ്വേയില്‍ കോഡ് 222ന് കീഴില്‍ ഇവരുടെ എല്ലാം ശരിയായ ജാതി തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
‘എല്ലാ കള്ള് ചെത്തുകാരേയും ഈഴവരായുള്ള (എല്ലാ ഈഴവരേയും കള്ള് ചെത്തുകാരായും) ആലോചനാശൂന്യവും തെറ്റായതുമായ വിശദീകരണം പതിറ്റാണ്ടുകളായി തികച്ചും ജാതീയവും വഞ്ചനാത്മകവുമായി ഈഴവ സമുദായത്തിനെ കള്ള് ചെത്തുമായി ബന്ധപ്പെട്ടുള്ള വാര്‍പ്പ് മാതൃകയില്‍ അവതരിപ്പിക്കുന്ന രീതിയുടെ തുടര്‍ച്ചയാണ്. മദ്യവുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നത് തൊട്ടുകൂടായ്മയ്ക്കുള്ള ന്യായീകരണമായാണ് വര്‍ണ സമ്പ്രദായത്തിനുള്ളില്‍ നൂറ്റാണ്ടുകളോളം കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ (കള്ള് ചെത്തുകാര്‍ എന്ന) ഈ വിശേഷണം ഈഴവരെ അയിത്ത ജാതിക്കാരായി മാറ്റി നിര്‍ത്താന്‍ കാരണമായിട്ടുണ്ട്. തത്ഫലമായി സമുദായത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ അടിമപ്പണിക്ക് വിധേയരാവുകയും അടിമചന്തയില്‍ വില്‍ക്കപ്പെടുകയും ചെയ്തു. ഈഴവസമുദായത്തിനെ ഏതെങ്കിലും ഒരു തൊഴിലുമായി മാത്രം ബന്ധപ്പെടുത്താന്‍ പറ്റില്ല എന്നതാണ് വസ്തുത. സമുദായാംഗങ്ങള്‍ വൈവിധ്യമാര്‍ന്ന തൊഴിലുകള്‍ ചെയ്യുന്നവരാണ്’- പ്രൊഫ. മോഹന്‍ ഗോപാല്‍ വിശദീകരിക്കുന്നു.
കേരളത്തില്‍ ആറ് ലോകസഭാ മണ്ഡലങ്ങളില്‍ പെട്ട ആറ് നിയമസഭാ മണ്ഡലങ്ങളിലെ ആറ് പോളിങ് സ്റ്റേഷനുകളില്‍ വീതം സര്‍വ്വേ നടത്തിയതായി സി.എസ്.ഡി.എസ്-ലോകനീതി പറയുന്നുണ്ടെങ്കിലും ഇവയേതാണ് എന്ന് വ്യക്തമാക്കുന്നില്ല. സുതാര്യതയ്ക്കായി ഇത് പരസ്യമാക്കിയാലേ ഈ സാമ്പിള്‍ സര്‍വ്വേയില്‍ ഏതെങ്കിലും തരത്തിലുള്ള മുന്‍ വിധികള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് വ്യക്തമാകൂ.
”ഹിന്ദു ദിനപത്രത്തിന്റെ വിശ്വാസ്യതയും നിഗമനത്തിലുള്ളതായി കണക്കാക്കപ്പെടുന്ന സൂക്ഷ്മതയും (32 ശതമാനം ഈഴവര്‍ ബി.ജെ..പിക്ക് അനൂകൂലമായി വോട്ട് ചെയ്തു എന്നത്) കാരണം ജൂലായ് ഒന്‍പതിലെ ഈ റിപ്പോര്‍ട്ട് കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരമ്പരാഗതമായ പുരോഗമന അടിത്തറയായ ഈഴവ വോട്ടുകള്‍ തീവ്രവലത് പക്ഷത്തിന് അനൂകൂലമായി മാറി എന്ന ശക്തമായ ആഖ്യാനം സൃഷ്ടിക്കപ്പെടാന്‍ കാരണമായി’-അദ്ദേഹം പറഞ്ഞു.
ഇതൊരു അക്കാദമിക് വിഷയം മാത്രമല്ല. ഒരു വലിയ വിഭാഗം (മൂന്നിലൊന്നോളം) ഈഴവര്‍ ഇസ്ലാമോഫോബിയയുടെ ഇരകളായി തീര്‍ന്നുവെന്ന തീര്‍പ്പിലേക്ക് മുസ്ലീം സമുദായത്തിനെ കൊണ്ട് എത്തിക്കാവുന്നതാണ് ഈ റിപ്പോര്‍ട്ട്. ഒന്നിച്ച് ചേര്‍ത്താല്‍ കേരളത്തിന്റെ ജനസംഖ്യയുടെ പകുതിയോളം വരുന്ന മുസ്ലീം-ഈഴവ സമുദായങ്ങള്‍ക്കിടയില്‍ അവരുടെ പരമ്പരാഗത മൈത്രിക്ക് വിഘാതമായുള്ള വിരോധം ഉണ്ടാകാനും കേരളത്തിലെ സാമൂഹ്യഐക്യത്തിനെ അപകടത്തിലാക്കാനും ഇതിന് കഴിയും- പ്രൊഫ.മോഹന്‍ ഗോപാല്‍ ചൂണ്ടിക്കാണിച്ചു.
ആഗസ്ത് അഞ്ചിന് ഹിന്ദുവിന് അയച്ച വിശദമായ കത്തില്‍ സി.എസ്.ഡി.എസ്-ലോകനീതി സര്‍വ്വേയുടെ അടിസ്ഥാനമായുള്ള ലേഖനം ‘അതീവ സൂക്ഷ്മമായി പരിശോധിക്കണമെന്നും അതിന്റെ അടിസ്ഥാനമായ വസ്തുതകള്‍ പൂര്‍ണമായും സുതാര്യമാക്കണമെന്നും വേണ്ടി വന്നാല്‍ തിരുത്തലുകള്‍ കൃത്യമാക്കി പ്രസിദ്ധീകരിക്കണമെന്നും പ്രൊഫ.മോഹന്‍ ഗോപാല്‍ ആവശ്യപ്പെടുന്നു.
ഡിസംബര്‍ അഞ്ച് വരെ, ഏതാണ്ട് 120 ദിവസങ്ങള്‍ക്കിപ്പുറവും, പ്രൊഫ.മോഹന്‍ ഗോപാലിന് ഈ കത്തിന് മറുപടി ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അറിവില്‍ പത്രത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിശദീകരണമോ വ്യക്തതവരുത്തലോ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ ലേഖകനും രണ്ട് വട്ടം, ഒക്ടോബര്‍ ഏഴിനും നവംബര്‍ 19നും, ഹിന്ദുവിനോട് വിശദീകരണം ചോദിച്ചുവെങ്കിലും ഡിസംബര്‍ അഞ്ച് വരെ പ്രതികരണങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല.
ഈ ലേഖനത്തിന്റെ ലക്ഷ്യം ഏതെങ്കിലും ഒരു പത്രത്തിനേയോ തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ നടത്തുന്നവരേയോ എഴുത്തുകാരേയോ കുറ്റപ്പെടുത്തുക എന്നതല്ല, മറിച്ച് വ്യക്തത ഉറപ്പ് വരുത്തുക എന്നത് മാത്രമാണ്. ഈ ലേഖകന്‍ പത്രാധിപരായിരുന്ന കാലത്ത് ഇത്തരത്തിലുള്ള പരാതികളുള്ള വായനക്കാരോട് ഇതുപോലെ തന്നെ നിശബ്ദത പാലിച്ചാകും പെരുമാറിയിട്ടുണ്ടാവുക. പക്ഷേ പ്രൊഫ. മോഹന്‍ ഗോപാലിനെ പോലുള്ള ജാഗ്രതയുള്ള വായനക്കാര്‍, വര്‍ത്തമാന പത്രങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. അവര്‍ സ്വയം നവീകരിക്കാനും വായനക്കാരോട് എത്രയും വേഗത്തില്‍ പ്രതികരിക്കാനും ഞങ്ങളെ ഓര്‍മ്മപ്പെടുന്നു.newspapers must respond to readers
* നിലവില്‍ ‘ദ ടെലിഗ്രാഫ്’ പത്രത്തിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് പദവി വഹിക്കുന്ന ആര്‍.രാജഗോപാല്‍ അദ്ദേഹത്തിന്റെ കോളമായി പത്രത്തില്‍ എഴുതുകയും 06.12.2024-ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതാണ് ഈ ലേഖനം.
Content Summary: newspapers must respond to readers
Prof Mohan Gopal Real Journalism CSDS Survey Ezhava community news papers