ദേശീയപാത 66-ന്റെ ഭാഗമായ അരൂർ-തുറവൂർ ആകാശപാത നിർമ്മാണം അതിവേഗം പുരോഗമിക്കുമ്പോൾ, വികസനത്തിന്റെ തിളക്കത്തിന് പിന്നിൽ ജീവിതമാർഗം നഷ്ടമാവുകയും സുരക്ഷാഭീതിയിൽ കഴിയുകയും ചെയ്യുന്ന ഒരു കൂട്ടം സാധാരണക്കാരുണ്ട്. വർഷങ്ങളായി ഈ പാതയോരത്ത് ഉപജീവനം കണ്ടെത്തിയിരുന്ന ചെറുകിട വ്യാപാരികൾ. നിർമ്മാണ പ്രവർത്തനങ്ങളിലെ സുരക്ഷാപ്പിഴവുകളും കച്ചവടത്തിലെ തകർച്ചയും ഈ മേഖലയിലെ വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
എരമല്ലൂർ സ്വദേശിയായ രാധാകൃഷ്ണനെപ്പോലുള്ളവരുടെ വാക്കുകളിൽ ഈ ദുരിതത്തിന്റെ ആഴം വ്യക്തമാണ്. 25 വർഷമായി ഈ റോഡ് സൈഡിൽ കച്ചവടം നടത്തുന്ന രാധാകൃഷ്ണൻ, വെളുപ്പിന് കട തുറക്കാനെത്തിയപ്പോൾ കണ്ട കാഴ്ച്ച ഇപ്പോഴും ഭീതിയോടെ ഓർക്കുന്നു. “ഗർഡറിന് അടിയിൽപ്പെട്ട പിക്കപ്പ് വാൻ കണ്ടപ്പോൾ നിസ്സഹായനായി നിൽക്കാനേ കഴിഞ്ഞുള്ളൂ. ആ കാഴ്ച്ച ഇപ്പോഴും കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല,” അദ്ദേഹം പറയുന്നു.
ദേശീയപാതയുടെ ഓരത്തോട് ചേർന്ന്, വെറും രണ്ടടി മാത്രം ദൂരത്തിലാണ് അദ്ദേഹത്തിന്റെ കട സ്ഥിതി ചെയ്യുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ ഒരപകടത്തിൽ, നിയന്ത്രണം വിട്ട ലോറി കടയുടെ തൊട്ടടുത്ത് ബ്രേക്കിട്ട് നിന്ന സംഭവം രാധാകൃഷ്ണൻ ഓർക്കുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്നു അത്. ഒരിക്കൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ വീൽ പൊട്ടി ഉരുണ്ട് കടയ്ക്കുള്ളിലേക്ക് വന്ന സംഭവവും ഈ പ്രദേശത്തെ കച്ചവടക്കാർ ജീവൻ പണയം വെച്ചാണ് മുന്നോട്ട് പോകുന്നതെന്ന സത്യം അടിവരയിടുന്നു. “കൊച്ചേ ജീവൻ പണയം വെച്ചാണ് ഞാൻ ഇവിടെ ഇരിക്കുന്നത്” രാധാകൃഷ്ണൻ നെടുവീർപ്പിട്ടു
സുരക്ഷാപ്രശ്നങ്ങൾ മാത്രമല്ല, നിർമ്മാണം ആരംഭിച്ചതോടെ കച്ചവടം പൂർണ്ണമായും തകർന്നതാണ് വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കുന്നത്. അരൂർ മുതൽ തുറവൂർ വരെയുള്ള 12 കിലോമീറ്ററിനിടയിൽ, 90 ശതമാനത്തോളം വഴിയോരക്കടകളും ഇതിനോടകം ഇല്ലാതായിട്ടുണ്ട്.
ദേശീയപാതയോട് ചേർന്ന് സൂപ്പർമാർക്കറ്റ് നടത്തുന്ന രമ്യയുടെ അനുഭവവും വ്യത്യസ്തമല്ല. നിർമ്മാണം ആരംഭിച്ച ഘട്ടം മുതൽ അവരുടെ സ്ഥാപനം പ്രശ്നങ്ങൾ നേരിടുന്നു. വാണിജ്യ ആവശ്യത്തിനായി സ്ഥാപിച്ചിരുന്ന സോളാർ പാനൽ തകർന്നത് ഗർഡറിന്റെ ഭാഗമായ സ്ക്രൂ പതിച്ചപ്പോഴാണ്. നിർമ്മാണ വസ്തുക്കൾ കടയുടെ മുന്നിൽക്കൊണ്ട് വന്ന് സ്ഥാപിച്ചത് കച്ചവടത്തെ സാരമായി ബാധിച്ചു.
മഴ പെയ്യുമ്പോൾ കടയ്ക്കുള്ളിലേക്ക് ചെളിയടിച്ച് കേറുന്ന ദുരിതം വേറെയും.
കച്ചവടത്തിൽ വന്ന ഇടിവ് കാരണം വ്യാപാരികൾ സ്ഥാപനങ്ങൾ പൂട്ടിപ്പോകാൻ നിർബന്ധിതരാവുകയാണ്. വ്യാപാരി വ്യവസായി സംഘടനകളുടെ കണക്കനുസരിച്ച്, ഈ കാലയളവിൽ ഏകദേശം മുന്നൂറോളം കടകളാണ് അരൂർ-തുറവൂർ മേഖലയിൽ അടച്ചുപൂട്ടിയത്. “ഉയരപാത വന്നതോടെ ഞങ്ങളുടെ ഉപജീവനം നഷ്ടപ്പെട്ട അവസ്ഥയാണ്. ഇനി ഈ വയസ്സുകാലത്ത് ആരു വേറെ ജോലി തരാനാണ്,” രാധാകൃഷ്ണൻ നിസ്സഹായതയോടെ ചോദിക്കുന്നു.
കടയുടെയും വീടിന്റെയും ഭാഗം മറയ്ക്കുന്ന രീതിയിൽ പൊതു ശൗചാലയം നിർമ്മിക്കാനുള്ള പുതിയ പദ്ധതി കൂടി പുറത്തു വന്നത് രമ്യയെയും കുടുംബത്തെയും കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇത് കച്ചവടത്തെ കൂടുതൽ തകർക്കുമെന്ന ഭയം കാരണം അവർ പരാതി നൽകിയിരിക്കുകയാണ്.
ദേശീയപാത വികസനം ഒരു നാടിന്റെ ആവശ്യകതയാണെങ്കിലും, അതിന്റെ ഭാരം താങ്ങേണ്ടി വരുന്നത് സാധാരണക്കാരായ വഴിയോരക്കച്ചവടക്കാരാണ്. വികസനം നടപ്പാക്കുമ്പോൾ, നഷ്ടപരിഹാരം, പുനരധിവാസം, നിർമ്മാണഘട്ടത്തിലെ സുരക്ഷാ ഉറപ്പുവരുത്തൽ എന്നിവയിൽ അധികൃതർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഇവരുടെ ആശങ്കകൾ പരിഹരിക്കപ്പെടാതെ, വികസനം പൂർണ്ണമാവില്ല.
content summary: They trade along the NH-66 roadside, risking their lives every day. Now, the rising elevated highway threatens to sever the very livelihood they depend on
WATCH on YouTube;