February 14, 2025 |

നീല്‍സ് ബോറും കുതിരലാടവും

വളരെ രസകരമാണ് മനുഷ്യന്‍ നെഞ്ചിലേറ്റുന്ന വിശ്വാസങ്ങള്‍

നീല്‍സ് ബോറിനെ അറിയാത്തവരുണ്ടാവില്ല. ഒരു ആറ്റത്തിന്റെ ഘടന കൃത്യമായി ന്യൂട്രോണ്‍, പ്രോട്ടോണ്‍, ഇലക്ട്രോണ്‍ എന്നിങ്ങനെ വേറിട്ടു വരച്ചുതന്ന ആദ്യത്തെയാള്‍. മെന്‍ഡലിയേഫിന്റെ പീരിയോഡിക് ടേബിളിനെ തന്റെ ആണവസിദ്ധാന്തമുപയോഗിച്ച് വിശദീകരിച്ചയാള്‍. അസാമാന്യനായ ആണവശാസ്ത്രജ്ഞന്‍. 1922-ലാണ് നീല്‍സ് ബോറിന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്.

അന്നു സമ്മാനം സ്വീകരിച്ച ശേഷമുള്ള മറുപടി പ്രസംഗത്തില്‍ നീല്‍സ് ബോര്‍ ഒരു പ്രഖ്യാപനം നടത്തി. അതുവരേക്കും ആര്‍ക്കുമറിയില്ലാതിരുന്നതും, എന്നാല്‍ മെന്‍ഡലിയേഫ് വളരെ പണ്ടുതന്നെ അങ്ങനെയൊന്നിനെക്കുറിച്ച് പ്രവചിക്കുകയും ചെയ്ത 72-ാമത്തെ മൂലകം കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞു എന്ന്. അതിന്റെ പേരും തീരുമാനിക്കപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാഫ്‌നിയം ആയിരുന്നു ആ പുതിയ മൂലകം. ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയില്‍ വെച്ചായിരുന്നു ആ കണ്ടുപിടുത്തം. നീല്‍സ് ബോര്‍ തന്റെ ഗവേഷണങ്ങളും ജോലിയും ചെയ്തിരുന്നതും അവിടത്തന്നെ. പുതിയ മൂലകം കണ്ടുപിടിക്കപ്പെട്ട നഗരം അല്ലെങ്കില്‍ നീല്‍സ് ബോറിന്റെ നഗരമായ കോപ്പന്‍ഹേഗന്റെ പഴയ ലാറ്റിന്‍ പേരായിരുന്നു ഹാഫ്‌നിയ. ആ പേരാണ് പുതിയ മൂലകത്തിനു പതിഞ്ഞത്.

1922-ലെ നൊബേല്‍ സമ്മാനദാനച്ചടങ്ങിന് മറ്റൊരു വലിയ പ്രത്യേകത കൂടിയുണ്ടായിരുന്നു. പറയാം. തലേവര്‍ഷം അതായത്, 1921-ല്‍ ഭൗതികശാസ്ത്രത്തിനു ആര്‍ക്കും നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. അര്‍ഹരായവര്‍ ഇല്ലെന്നായിരുന്നു കമ്മിറ്റിയുടെ നിലപാട്. അങ്ങനെ വരുമ്പോള്‍ ഒരു കൊല്ലം വരെ കാത്തുനിന്ന് പുതിയ നോമിനേഷനുകള്‍ കൂടി പരിശോധിച്ചിട്ടേ അവാര്‍ഡ് വേണ്ടെന്നു വെയ്ക്കാറുള്ളൂ. പക്ഷെ, അപ്രാവശ്യം ഏതാണ്ടൊരു വര്‍ഷത്തിനു ശേഷം ഒരവകാശിയെ കണ്ടെത്തി. അങ്ങനെ, 1922-ലാണ് പ്രകാശ വൈദ്യുതിപ്രഭാവ നിയമത്തിന്റെ കണ്ടുപിടുത്തത്തിനും സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ സേവനങ്ങളെ മാനിച്ചുകൊണ്ടും ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്ന മഹാപ്രതിഭയ്ക്ക് 1921-ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടത്. അങ്ങനെ 1921-ലേയും 1922-ലേയും ഊര്‍ജതന്ത്ര നൊബേല്‍ സമ്മാനങ്ങള്‍ ഒരുമിച്ച് 1922-ല്‍ പ്രഖ്യാപിക്കപ്പെട്ടു.

വിവരമറിഞ്ഞയുടനെ നീല്‍സ് ബോര്‍ ഐന്‍സ്‌റ്റൈന് ഇപ്രകാരം എഴുതി. ആണവഭൗതികശാസ്ത്രത്തിലെ അതിഗംഭീരന്മാരായ എണസ്റ്റ് റതര്‍ഫോര്‍ഡിനും, മാക്‌സ് പ്ലാങ്കിനും, ഇപ്പോള്‍ ആര്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനിനും പിന്നാലെ ഇതേ വിഷയത്തില്‍ സമ്മാനാര്‍ഹിതനാവുന്നതില്‍ തനിക്കേറെ അഭിമാനമുണ്ടെന്നായിരുന്നു ആ കത്തിന്റെ ചുരുക്കം.

ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ മറുപടി രസകരമായിരുന്നു. നീന്‍ബോറിന്റെ വരികള്‍ ഒരു തരം ‘ബോറിയന്‍’ വിനയത്തിന്റെ പ്രതിഫലനം ആണെന്നും അതില്‍ സ്വന്തം പ്രവൃത്തിമേഖല അംഗീകരിക്കപ്പെടുന്നതിന്റെ സംതൃപ്തിയാണ് സ്ഫുരിക്കുന്നത് എന്നുമായിരുന്നു ഐന്‍സ്‌റ്റൈന്റെ അനുമാനം. അതങ്ങനെത്തന്നെ അദ്ദേഹം എഴുതുകയും ചെയ്തു. അക്കാലത്ത് ആണവശാസ്ത്രം പിച്ചവെച്ചു നടക്കുന്ന കാലമായിരുന്നല്ലോ.

നൊബേല്‍ സമ്മാനത്തുക ഉപയോഗിച്ച് നീല്‍സ് ബോര്‍, തിസ്വില്‍ദേ എന്ന സ്ഥലത്ത് ഒരു വേനല്‍ക്കാല വസതി വാങ്ങി. കാട്ടിനരികിലായിരുന്നു ആ മനോഹരഭവനം.

Niels Bohr

മോട്ടോർ സൈക്കിൾ ഓടിക്കുന്ന നീൽസ് ബോറും പത്നി മാർഗ്രത്തേയും

ഈ വീട്ടില്‍ വെച്ചായിരുന്നു നീല്‍സ് ബോറും, പത്‌നി മാര്‍ഗരത്തും ഒഴിവുകാല കുടുംബജീവിതം നയിച്ചത്. അവര്‍ക്ക് അഞ്ചുകുട്ടികള്‍. അവരുടെ പേരുകളാകട്ടെ, ഏണസ്റ്റ്, എറിക്, ക്രിസ്റ്റ്യന്‍, ഹാന്‍സ്, ആഗെ എന്നിങ്ങനെയും. പിന്നെയൊരു കുഞ്ഞ് ഒരു വയസ്സിലേ മരിച്ചു പോയി. 19 വയസില്‍ ക്രിസ്റ്റ്യനും ഒരു ബോട്ടപകടത്തില്‍ മരണപ്പെട്ടു. ഏണസ്റ്റ് പിന്നീട് ഒളിമ്പിക് ഹോക്കി കളിക്കാരനായി. എന്നാല്‍ ആഗേയാകട്ടെ, അച്ഛനെപ്പോലെ ഊര്‍ജ്ജതന്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടുകയും ചെയ്തു. രണ്ടു മക്കളുടെ മരണം കാണേണ്ടിവരിക എന്ന കനത്ത നിര്‍ഭാഗ്യങ്ങളെ നേരിടേണ്ടിവന്നത് ചെറിയ കാര്യമായിരുന്നില്ല ബോര്‍ കുടുംബത്തിനെ സംബന്ധിച്ചിടത്തോളം. ഒപ്പം മക്കളുടെ വലിയ വിജയങ്ങളും അവര്‍ കാണുകയുണ്ടായി. അതായത്, ഒരു തരം സമ്മിശ്ര അനുഭവമായിരുന്നു നീല്‍സ് ബോറിന്റെ തിസ്വില്‍ദേയിലെ ഒഴിവുകാലജീവിതം.

തിസ്വില്‍ദേയിലേ ആ വീട്ടിലേക്കു കയറി ചെല്ലുന്നിടത്ത് നീല്‍സ് ബോര്‍ ഒരു കുതിരലാടം തൂക്കിയിട്ടിരുന്നു. പണ്ടുമുതലേ പുരാതന നോഴ്‌സുകളുടെ വിശ്വാസപ്രകാരം അത്തരത്തില്‍ കുതിരലാടം തൂക്കിയിടുന്നത് ഭാഗ്യം കൊണ്ടുവരും എന്നു പറയാറുണ്ട്. മാത്രമല്ല, ഭവനത്തിനതൊരു സുരക്ഷയും നല്‍കുമത്രെ. പക്ഷെ, നീല്‍സ് ബോറിനെ പോലെയൊരാളുടെ വീട്ടില്‍?

ഒരിക്കല്‍ ഒരു സന്ദര്‍ശകന്‍ ഇക്കാര്യം നീല്‍സ് ബോറിനോട് സൂചിപ്പിച്ചു. ‘നിങ്ങളെപ്പോലെയൊരു ആണവശാസ്ത്രജ്ഞന്‍ ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടോ’ എന്ന് ചോദിക്കുകയും ചെയ്തു.

‘ഇല്ല. ഒരിക്കലുമില്ല… ഞാനതില്‍ വിശ്വസിക്കുന്നേയില്ല.’

നീല്‍സ് ബോര്‍ തറപ്പിച്ചു പറഞ്ഞു.

‘പക്ഷെ, ഇത് ഭാഗ്യം കൊണ്ടുവരുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. വിശ്വാസമില്ലാത്തവര്‍ക്കു പോലും.’

ചിരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംഭവം അനിശ്ചിതത്വസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഹൈസന്‍ബര്‍ഗ് ഒരിക്കല്‍ എടുത്തു പറയുകയുമുണ്ടായിട്ടുണ്ട്.

‘നിങ്ങള്‍ക്കെന്തു തോന്നുന്നു ഇതു കേട്ടിട്ട്?’

നീല്‍സ് ബോറിനെ പോലെയാണ് പലരും അല്ലേ? വിശ്വാസമില്ലെങ്കിലും ചില കാര്യങ്ങള്‍ വേണ്ടെന്നുവെയ്ക്കാന്‍ പ്രയാസമാണ് മിക്ക മനുഷ്യര്‍ക്കും. അതു വേണ്ട, അര്‍ത്ഥമില്ലാത്തതാണത്, എനിക്കതിന്റെ ആവശ്യമില്ല എന്നു ഉറപ്പിച്ചൊരു തീരുമാനമെടുത്ത്, ആ അസംബന്ധചിന്തയേയോ അന്ധവിശ്വാസത്തേയോ പറിച്ചുകളയാന്‍ അവന്/അവള്‍ക്ക് വലിയ മടിയാണ്.’

‘അതവിടെയിരുന്നതു കൊണ്ട് നഷ്ടമൊന്നുമില്ലല്ലോ. ഇനി എങ്ങാനും ഭാഗ്യം വരുന്നെങ്കില്‍ വന്നോട്ടെ’ എന്നാവും ഭൂരിപക്ഷത്തിന്റേയും ചിന്ത. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യന്‍ അതില്‍ നിന്ന് മോചിതനായിട്ടുണ്ട് എന്നെനിക്കു തോന്നുന്നില്ല.

പണ്ടെന്നല്ല, ഇപ്പോഴും പരീക്ഷയെഴുതുമ്പോള്‍ ഭാഗ്യപേനയും ഭാഗ്യകുപ്പായവും ഭാഗ്യനിറവുമെല്ലാം ഉപയോഗിക്കുന്ന എത്രയോ പേരെ നമുക്കറിയാം. എന്തിന്, ഇന്ത്യയുടെ കളി കാണുമ്പോള്‍ വിക്കറ്റ് വീഴുമെന്നു വിചാരിച്ച് സീറ്റ് മാറാതെ ഇരിക്കുന്നയാളായിരുന്നു ഈ ഞാനും. ഇപ്പോള്‍ പിന്നെ ടെന്‍ഷന്‍ അസഹനീയമായതോടെ ഇന്ത്യയുടെ കളികള്‍ ലൈവ് ആയി കാണുന്നത് നിര്‍ത്തിയതോടെയാണ് ആ അന്ധവിശ്വാസത്തില്‍ നിന്ന് ഞാന്‍ മോചിതനായത്. പണ്ട് ക്രിക്കറ്റ് കളിക്കുമ്പോഴും ഉണ്ടായിരുന്നു ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍. പ്രത്യേകരീതിയില്‍ കോളര്‍ പൊക്കിവെക്കല്‍, ഓരോ പന്തും നേരിടുന്നതിനു മുമ്പുള്ള പ്രത്യേകമായ ചില ചേഷ്ടകള്‍. ഒന്നും പറയണ്ട. ഇതൊക്കെ മണ്ടത്തരമാണെന്നു അറിയുമെങ്കിലും, പിന്നേയും പിന്നേയും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. നിങ്ങള്‍ക്കുമുണ്ടാകാം അത്തരത്തില്‍ ചിലതൊക്കെ പറയാന്‍ അല്ലേ…

വളരെ രസകരമാണ് മനുഷ്യന്‍ നെഞ്ചിലേറ്റുന്ന വിശ്വാസങ്ങള്‍. ഇത്തരം കാര്യങ്ങള്‍ കൊണ്ടുനടക്കുന്നവരില്‍ ദൈവവിശ്വാസം തീരെയില്ലാത്തവര്‍ പോലുമുണ്ടെന്ന് ഈയിടെ ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയുടെ ഒരു പഠനം കാണിക്കുകയുണ്ടായി. അതിനെ അറിവില്ലായ്മയായോ അന്ധവിശ്വാസമായോ അല്ല ഈ പഠനം കാണുന്നത്. മറിച്ച്, ചില സാമൂഹികശാസ്ത്രജ്ഞന്മാരുടെ നിഗമനപ്രകാരം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിപ്പോവുന്ന സാമൂഹികചിന്തയുടെ സ്വാഭാവികമായ ഒരു സൈഡ് ഇഫക്റ്റാണത്രെ ഇത്.

ഒരു പക്ഷെ, ഇത്തരം ചിന്തകളിലേക്കു മനുഷ്യരെ നയിക്കുന്ന ഒരു കാരണം ഭയമാണ്. പരാജയഭീതി. ആത്മവിശ്വാസമില്ലായ്മയില്‍ ഉടലെടുക്കുന്ന ഒന്ന്. ചിലപ്പോള്‍ ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞ ജീവിതാനുഭവങ്ങളും അതിലേക്കു നയിക്കാം. എന്തായാലും, ഏറെ പഠിക്കണ്ട ഒരു വിഷയം തന്നെ ഇത്.  Niels Bohr horseshoe and people who believe in luck 

Content Summary; Niels Bohr horseshoe and people who believe in luck

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

×