യുവതാരങ്ങൾക്കിടയിൽ ഇതാദ്യം! കല്യാൺ ഡെവലപ്പേഴ്സിന്റെ 15 കോടിയുടെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി നിവിൻ പോളി

സ്വകാര്യ ഡെക്കും കായലിന്റെ മനോഹരമായ കാഴ്ചയും ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടുത്തെ സവിശേഷതയാണ്

തന്റെ സിനിമാ ജീവിതത്തിൽ ശക്തമായ ഒരു തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് നിവിൻ പോളി. അടുത്തിടെയായി അദ്ദേഹം തിരഞ്ഞെടുക്കുന്ന പ്രോജക്റ്റുകളും രൂപമാറ്റവുമെല്ലാം ഇതിന്റെ സൂചന നൽകുന്നവയാണ്. ‘ബേബി ഗേൾ’, ‘സർവ്വം മായ – ദി ഗോസ്റ്റ് സ്റ്റോറി’ തുടങ്ങിയ സിനിമകളിലൂടെ താരം വീണ്ടും സജീവമാവുകയാണ്.

2024-ൽ പുറത്തിറങ്ങിയ ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’ യാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം. നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ ആണ് ഇനി പുറത്തിറങ്ങാനുള്ളത്.

വിനീത് ജയിന്റെ മാവെറിക് മൂവീസിന്റേയും പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും.

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിലെന്ന പോലെ ജീവിതശൈലിയുടെ കാര്യത്തിലും നിവിൻ ഏറെ ശ്രദ്ധാലുവാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. സിനിമയ്ക്ക് പുറമേ, 15 കോടി രൂപ മുടക്കി ഒരു ആഡംബര അപ്പാർട്ട്മെന്റ് താരം സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് രംഗത്താണ് ഈ വാർത്ത സജീവ ചർച്ചയായിരിക്കുന്നത്.

തേവരയിൽ 15,000 ചതുരശ്ര അടി വിസ്തീർണമുള്ള വാട്ടർഫ്രണ്ട് അപ്പാർട്ട്മെന്റാണ് നിവിൻ വാങ്ങിയതെന്നാണ് സൂചന. കേരളത്തിലെ ഒരു സിനിമാ താരത്തിന്റെ കൈവശമുള്ള ഏറ്റവും വിലയേറിയതും വലുപ്പമേറിയതുമായ ഫ്ലാറ്റായിരിക്കും ഇത്. കല്യാൺ ഡെവലപ്പേഴ്സിന്റെ ഒരു എക്സ്ക്ലൂസീവ് പ്രോജക്ടിന്റെ ഭാഗമാണ് ഈ ഫ്ലാറ്റ്.

സ്വകാര്യ ഡെക്കും കായലിന്റെ മനോഹരമായ കാഴ്ചയും ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടുത്തെ സവിശേഷതയാണ്. മലയാളത്തിലെ യുവതാരങ്ങൾ ഇതുവരെ വാങ്ങിയതിൽ വെച്ച് ഏറ്റവും വിലപിടിപ്പുള്ള ഒന്നായിരിക്കും ഈ ഫ്ലാറ്റ്.

content summary: Nivin Pauly  Now Owns Kerala’s Most Expensive Apartment

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment