February 14, 2025 |
Share on

ഈ ​ഗ്രാമത്തിൽ ആരും രോ​ഗബാധിതരാകരുത്; വിചിത്ര ഉത്തരവിന് പിന്നിലെ കാരണം

ഇറ്റലിയിലെ ഏറ്റവും ദരിദ്രമായ മേഖലയായ കലാബ്രിയയിലാണ് ബൽകാസ്ട്രോ ​ഗ്രാമം

തെക്കൻ ഇറ്റലിയിലെ ബൽകാസ്ട്രോ ​ഗ്രാമത്തിൽ ജനുവരി ആറിന് മേയർ അന്റോണിയോ ടോർച്ചിയ വിചിത്രമായൊരു നിയമം കൊണ്ടുവന്നു. ​ഗ്രാമത്തിൽ താമസിക്കുന്നവർക്ക് അസുഖങ്ങൾ വരാൻ പാടില്ല. Belcastro Italy

ഏകദേശം 1300 ഓളം പേരാണ് ബൽകാസ്ട്രോ ​ഗ്രാമത്തിലുള്ളത്. അതിൽ പകുതിയിലേറെ പേരും 65 വയസിന് മുകളിൽ പ്രായമുള്ളവരാണ്. വൈദ്യസഹായം ആവശ്യമുള്ള അസുഖങ്ങൾ പിടിപെടുന്നതിൽ നിന്നും ജാ​ഗ്രത പാലിക്കണമെന്നും വീടുകളിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങളിൽ നിന്നും അകന്ന് നിൽക്കണമെന്നുമാണ് നിയമത്തിൽ പറയുന്നത്. ഇടയ്ക്കിടെ വീടിന് പുറത്തിറങ്ങരുതെന്നും യാത്രകളും കായിക വിനോദങ്ങളും ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു. കൂടുതൽ സമയവും വിശ്രമിക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. ​

ഗ്രാമത്തിലെ ആരോ​ഗ്യസംരക്ഷണ കേന്ദ്രങ്ങളുടെ അഭാവമാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ മേയറെ പ്രേരിപ്പിച്ചത്. ആകെയുള്ള ആരോ​ഗ്യകേന്ദ്രം പലപ്പോഴും അടഞ്ഞുകിടക്കുന്നതിനാൽ ജനങ്ങൾക്ക് അടിയന്തിര വൈദ്യസഹായം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുന്നു. ഏറ്റവും അടുത്തുള്ള ആശുപത്രി 45 കിലോമീറ്റർ ദൂരെയാണ്.

ഇത് അസ്വീകാര്യമായ അവസ്ഥയാണ്. ആരോ​ഗ്യ കേന്ദ്രങ്ങളുടെ അഭാവത്തെക്കുറിച്ചുള്ള വിഷയത്തിൽ അധികാരികൾ നടപടിയെടുക്കുന്നതിന് വേണ്ടിയാണ് ഇങ്ങനൊരു നിയമം കൊണ്ടുവന്നത്, മേയർ അന്റോണിയോ ടോർച്ചിയ പറഞ്ഞതായി ഇറ്റാലിയൻ പ്രാദേശിക മാധ്യമമായ കൊറിയർ ഡെല്ല കലാബ്രിയ റിപ്പോർട്ട് ചെയ്തു.

ന​ഗരത്തിലെ പൊതുജനാരോ​ഗ്യ കേന്ദ്രം പതിവായി തുറന്ന് പ്രവർത്തിക്കുന്നത് വരെ ഓർഡിനൻസ് നിലനിൽക്കുമെന്നും നിർദേശം എങ്ങനെ നടപ്പാക്കുമെന്നതിൽ വ്യക്തതയില്ലെന്നും മേയർ കൂട്ടിച്ചേർത്തു. 45 കിലോമീറ്റർ അകലെയുള്ള കാന്റൻസാരോയിൽ മാത്രമാണ് ആശുപത്രിയുള്ളതെന്നും ആരോ​ഗ്യസുരക്ഷക്ക് അത് മതിയെന്നും കരുതി ഞങ്ങളുടെ ​ഗ്രാമത്തിൽ വന്ന് ഒരാഴ്ച താമസിച്ച് നോക്കൂ. ശേഷം ഈ സാഹചര്യം നിങ്ങൾക്ക് സ്വീകാര്യമാണെങ്കിൽ എന്നോട് പറയൂ, അന്റോണിയോ ടോർച്ചിയ പറഞ്ഞു.

ഇറ്റലിയിലെ ഏറ്റവും ദരിദ്രമായ മേഖലയായ കലാബ്രിയയിലാണ് ബൽകാസ്ട്രോ ​ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏകദേശം 15 വർഷങ്ങളായി കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഭരണത്തിന് കീഴിലാണ് ഈ പ്രദേശം. സർക്കാരിന്റെ കെടുകാര്യസ്ഥതയും മാഫിയ ഇടപെടലും പ്രദേശത്തെ ആരോ​ഗ്യ സംവിധാനത്തെ തകർത്തുവെന്ന് ബിബിസിയും റിപ്പോർട്ട് ചെയ്തു.

2009 മുതൽ മേഖലയിലെ 18 ആശുപത്രികളാണ് അടച്ചുപൂട്ടിയത്. കാലാബ്രിയയിലെ ഏകദേശം രണ്ട് ദശലക്ഷത്തോളം നിവാസികളിൽ പകുതി പേരും പ്രദേശത്തിന് പുറത്ത് നിന്നാണ് വൈദ്യസഹായം തേടുന്നത്. Belcastro Italy

Content summary: no one be sick in this village; The reason behind the strange order
Italy Antonio Torchia Belcastro Catanzaro

×