കവിയൂര്‍ പൊന്നമ്മ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരിക വലിയ വട്ടപ്പൊട്ടും നിറഞ്ഞ പുഞ്ചിരിയുമാണ്. അഭിനയത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന കലാകാരിയാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയില്‍ സ്ഥിരം അമ്മ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന പൊന്നമ്മ ഒരു അസാധാരണ കലാകാരിയാണ്. സ്ഥിരമായി ഒരു കലാകാരി ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് കാഴ്ച്ചക്കാരെ മടുപ്പിക്കാറാണ് പതിവ്, എന്നാല്‍ പൊന്നമ്മ ചെയ്ത എല്ലാ അമ്മ കഥാപാത്രങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. തന്റെ കയ്യിലെത്തുന്ന ഏത് കഥാപാത്രത്തിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ടായിരുന്നു, ഇത് ഓരോ കഥാപാത്രങ്ങളെയും വത്യസ്ഥമാക്കി. ഒരു കലാകാരന്‍ അല്ലെങ്കില്‍ കലാകാരി ഏതെങ്കിലും ഒരു വേഷം ചെയ്ത് അത് ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ടാല്‍ പിന്നീട് അവരെ തേടി വരുന്ന കഥാപാത്രങ്ങളെല്ലാം അതേ പാറ്റേണില്‍ ഉള്ളവയായിരിക്കും. അത്തരത്തില്‍ ഒരു ലൂപ്പില്‍പ്പെട്ടുപോയ നടിയാണ് കവിയൂര്‍ പൊന്നമ്മയും. non mother characters of kaviyoor ponnamma
700ല്‍ പരം സിനിമകളില്‍ അഭിനയിച്ച പൊന്നമ്മ പക്ഷെ അമ്മയല്ലാതെ അഭിനയിച്ച കഥാപാത്രങ്ങള്‍ ചുരുക്കമാണ്. നിഷ്‌കളങ്കളയായ അമ്മ എന്ന മുദ്ര അവരുടെ തലയില്‍ പതിഞ്ഞുപോയതില്‍ സംവിധായകരുടെയും പ്രേക്ഷകരുടെയും പങ്ക് ചെറുതല്ല. ഏത് തരം വേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള അസാമാന്യ നടി തന്നെയാണ് കവിയൂര്‍ പൊന്നമ്മ, അമ്മ വേഷങ്ങള്‍ക്കപ്പുറമുള്ള വേഷങ്ങള്‍ താന്‍ ആഗ്രഹിക്കുന്നതായി അവര്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. 1965ല്‍ പുറത്തിറങ്ങിയ തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തില്‍ മധുവിന്റെയും സത്യന്റെയും അമ്മയായി വേഷമിട്ടതാണ് പൊന്നമ്മയുടെ ആദ്യ അമ്മ കഥാപാത്രം. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ മിക്കവരുടെയും അമ്മയായി അഭിനയിച്ചിച്ചുണ്ട്. കവിയൂര്‍ പൊന്നമ്മ പലപ്പോഴും സവര്‍ണ്ണ കഥാപാത്രങ്ങളുടെ അമ്മയാകാന്‍ സര്‍വ്വയോഗ്യതയുള്ള നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അത്ര നിഷ്‌കളങ്കമായ തിരഞ്ഞെടുപ്പായി തോന്നുന്നില്ല. non mother characters of kaviyoor ponnamma
700 ഓളം മലയാള സിനിമകളില്‍ അഭിനയിച്ച പൊന്നമ്മയുടെ അമ്മയല്ലാത്ത കഥാപാത്രങ്ങള്‍ വളരെ ചുരുക്കമാണ്. ഇവരുടെ സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് ലഭിച്ച ഏതാനും കഥാപാത്രങ്ങളൊഴികെ മറ്റെല്ലാം അമ്മ വേഷങ്ങളായിരുന്നു. ശ്രീരാമ പട്ടാഭിഷേകം, കലയും കാമിനിയും, കുടുംബിനി, ഭര്‍ത്താവ്, ആറ്റം ബോംബ്, റോസി, ഓടയില്‍ നിന്ന്, ദാഹം, വെളുത്ത കത്രീന, മുഖാമുഖം, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, കാട്ടുകുതിര, രാജവാഴ്ച്ച, ബെന്‍ഡെര്‍ ഡാനിയേല്‍ സ്‌റ്റേറ്റ് ലൈസന്‍സി, തേന്മാവിന്‍ കൊമ്പത്ത്, ഞങ്ങള്‍ സന്തുഷ്ടരാണ്, അമ്മക്കിളിക്കൂട്, സുല്‍ത്താന്‍ എന്നീ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളാണ് പൊന്നമ്മയെ വത്യസ്തമായ രീതികളില്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ചന്ദനക്കുറി തൊട്ട്, ചിരിച്ച് പ്രസാദമുള്ള മുഖവുമായി നില്‍ക്കുന്ന കവിയൂര്‍ പൊന്നമ്മ മലയാളികളുടെ ഉത്തമ സ്ത്രീ സങ്കല്‍പ്പം കൂടിയാണ്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വത്യസ്ഥമായ ചില കഥാപാത്രങ്ങള്‍ പൊന്നമ്മ അവതരിപ്പിച്ചിട്ടുണ്ട്. ചില നോട്ടങ്ങള്‍, സംസാരം, ചിരി, കരച്ചില്‍, ഭാവമാറ്റം എന്നിവയിലൂടെ അമ്മ കഥാപാത്രങ്ങള്‍ക്കപ്പുറത്തേക്ക് തനിക്ക് പോകാന്‍ കഴിയുമെന്ന് പൊന്നമ്മ തെളിയിച്ചിട്ടുണ്ട്.
വെളുത്ത കത്രീന
മുട്ടത്തുവര്‍ക്കിയുടെ വെളുത്ത കത്രീന എന്ന നോവലിനെ ആസ്പദമാക്കി അദ്ധേഹം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 1968ല്‍ പുറത്തിറങ്ങിയ വെളുത്ത കത്രീന. ഷീല നായികയായി എത്തിയ ചിത്രത്തില്‍ മാര്‍ത്തപ്പുലയി എന്ന കഥാപാത്രമായാണ് കവിയൂര്‍ പൊന്നമ്മ എത്തുന്നത്. മുട്ടത്തുവര്‍ക്കിയുടെ രചനയിലൊരുങ്ങിയ ‘വെളുത്ത കത്രീന’യിലെ മാര്‍ത്തപ്പുലയി അവരുടെ എണ്ണംപറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ്. ‘ചാവണേണ്ട മുമ്പ് എനിക്കെന്റെ കുട്ടനാടൊന്നു കാണാനൊക്കുമോ ദൈവേ’ എന്ന് മാര്‍ത്ത ചോദിക്കുന്നുണ്ട്. കുട്ടനാട് കാണിക്കാമെന്ന് പ്രേംനസീര്‍ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നു. ഒടുവില്‍ കുട്ടനാട്ടിലേക്ക് ഒറ്റയ്ക്കു മടങ്ങുന്ന മാര്‍ത്ത മംഗലംകായലിന്റെ വരമ്പിലെത്തും മുന്‍പേ വള്ളത്തില്‍വെച്ചു മരിച്ചു.
ഓടയില്‍ നിന്ന്
പി കേശവദേവിന്റെ ഓടയില്‍ നിന്ന് എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് 1965ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് സത്യന്‍ നായകനായി എത്തിയ ഓടയില്‍ നിന്ന്. ചിത്രത്തില്‍ കല്ല്യാണി എന്ന കഥാപാത്രമായാണ് കവിയൂര്‍ പൊന്നമ്മ എത്തുന്നത്. പൊന്നമ്മ എന്ന നടിയുടെ അന്നുവരെ കണ്ടിട്ടില്ലാത്ത ഭാവങ്ങള്‍ ആ സിനിമ എടുത്ത് കാണിക്കുന്നു.
‘അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍ അയലത്തെ പെണ്ണുങ്ങള്‍ കളിയാക്കി’ എന്ന മനോഹര ഗാനത്തോടൊപ്പം ബ്ലാക്ക്് ആന്‍ഡ് വൈറ്റില്‍ നാണിക്കുന്ന കല്യാണി കവിയൂര്‍ പൊന്നമ്മയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
മുഖാമുഖം
അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ ചലചിത്രമാണ് മുഖാമുഖം. ചിത്രത്തില്‍ 30 സെക്കന്റ് നേരം മാത്രം നീണ്ടുനില്‍ക്കുന്ന ഒരു ഷോട്ടില്‍ കവിയൂര്‍ പൊന്നമ്മ എന്ന കലാകാരിയുടെ പ്രതിഭ മനസിലാക്കി തരുന്നു.
തന്റെ ജീവിതത്തിലെ പുരുഷനെക്കുറിച്ചുള്ള ഓര്‍മ്മയില്‍ വിടര്‍ന്ന കണ്ണുകള്‍, അയാളുടെ തിരോധാനത്തിന്റെ ഓര്‍മ്മയില്‍ മങ്ങുന്നു, സന്തോഷം തീവ്രമായ, അടക്കിയ ഒരു തേങ്ങലായി മാറുന്നു. ഈ സന്ദര്‍ഭത്തെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ തന്റേതാക്കാന്‍ പൊന്നമ്മക്ക് സാധിച്ചിട്ടുണ്ട്.
തനിയാവര്‍ത്തനം
സിബി മലയില്‍ സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് തനിയാവര്‍ത്തനം. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ അമ്മ വേഷമാണ് കവിയൂര്‍ പൊന്നമ്മ ചെയ്തത്. വളരെ വൈകാരികമായ ക്ലൈമാക്‌സ് ആണ് ഈ ചിത്രത്തിന്റെ അടിത്തറ. തന്റെ മകനെ ഒരു ഭ്രാന്തന്‍ എന്ന് സമൂഹം മുദ്രകുത്തുന്നത് കാണാനാകാതെ ബാലന്‍ മാഷിന്റെ ചോറില്‍ വിഷം ചേര്‍ത്ത് നല്‍കുന്ന അമ്മ കാണികളുടെ ചങ്ക് പിടപ്പിച്ചിരുന്നു. ഈ അമ്മ കഥാപാത്രം തനിയാവര്‍ത്തനം കണ്ട ഒരു പ്രേക്ഷകന്റെയും മനസില്‍ നിന്ന് മായുകയില്ല.
ആണും പെണ്ണും
2021ല്‍ വേണു, ആഷിക് അബു, ജയ് കെ എന്നിവര്‍ സംവിധാനം ചെയ്ത മലയാള സിനിമയാണ് ആണും പെണ്ണും. എന്നാല്‍ അവസാനമായി പൊന്നമ്മ അഭിനയിച്ച ഈ ചിത്രത്തില്‍ ഇതുവരെ കാണാത്ത കവിയൂര്‍ പൊന്നമ്മയെയായിരുന്നു മലയാളികള്‍ കണ്ടത്. സ്ഥിരം അമ്മ വേഷങ്ങളില്‍ നിന്ന് മാറി നിഗൂഢമായ പൊട്ടിച്ചിരിയുമായി എത്തിയ ആ കഥാപാത്രം, കവിയൂര്‍ പൊന്നമ്മയെ മലയാള സിനിമ അമ്മ വേഷങ്ങളിലേക്കായി ചുരുക്കരുതായിരുന്നു എന്ന അഭിപ്രായങ്ങള്‍ വരെ ഉയര്‍ത്തിയിരുന്നു. ലൈംഗികത പറയുന്ന കഥാപാത്രമായി പൊന്നമ്മയെ കാണാന്‍ കഴിയാത്തതാ കൊണ്ടോ എന്തോ മലയാളികള്‍ ഇതിനെ സ്വീകരിക്കാന്‍ അല്‍പം ബുദ്ധിമുട്ടിയിരുന്നു.
1944 ജനുവരി 6 ന് പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ ടി പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി ജനിച്ചു. അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയ സംഗീതത്തോടുള്ള താല്‍പര്യത്തില്‍ സംഗീതം പഠിച്ചു. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലാണ് ആദ്യമായി പാടിയത്. പിന്നീട് അതേ നാടകത്തില്‍ തന്നെ നായികയായി അഭിനയിച്ചു. പാട്ടിലൂടെയാണ് പൊന്നമ്മ സിനിമ രംഗത്ത് എത്തുന്നത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും കവിയൂര്‍ പൊന്നമ്മക്ക് ശോഭിക്കാന്‍ കഴിഞ്ഞിരുന്നു. കുടുംബിനിയില്‍ രണ്ട് കുട്ടികളുടെ അമ്മയായി സിനിമയില്‍ തുടക്കമിടുമ്പോള്‍ പ്രായം 19 വയസായിരുന്നു. ആറ് പതിറ്റാണ്ട് സിനിമയില്‍ തിളങ്ങിയ അവര്‍ മലയാളസിനിമയുടെ അമ്മ മുഖമായിരുന്നു. സത്യന്‍, മധു തുടങ്ങി തന്നേക്കാള്‍ പ്രായം കൂടിയ താരങ്ങളുടെ മുതല്‍ മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി പിന്നീടുള്ള തലമുറയിലെ നായകന്മാരുടെയും അമ്മയായി വേഷമിട്ടു. നിര്‍മാതാവും സംവിധായകനുമായ മണിസ്വാമിയെ 1969ല്‍ വിവാഹം കഴിച്ചു. ഏകമകള്‍ ബിന്ദു കുടുംബസമേതം അമേരിക്കയിലാണ് താമസം.
കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടിലൂടെ മലയാളികള്‍ക്ക് നഷ്ടമായത് മറ്റൊരു ഇതിഹാസ പ്രതിഭയെക്കൂടിയാണ്. മലയാളികളുടെ മനസ്സില്‍ പൊന്നമ്മക്ക് എന്നും അമ്മയുടെ സ്ഥാനമാണ്. അര പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ തിളങ്ങിയ പകരം വക്കാനാവാത്ത കലാകാരിക്ക് ആദരാഞ്ജലികള്‍.
Content summary; non mother characters of kaviyoor ponnamma
This post was last modified on September 22, 2024 4:31 pm
Leave a Comment