നോര്‍ത്ത്, സൗത്ത് കരോലിനയില്‍ കാട്ടുതീ പടരുന്നതായി റിപ്പോര്‍ട്ട്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റിനെയും തുടര്‍ന്നാണ് കാട്ടുതീ പടര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വരണ്ട കാലാവസ്ഥയും കുറഞ്ഞ ഈര്‍പ്പവുമുള്ള അന്തരീക്ഷമായതിനാല്‍ തീ ഇനിയും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സൗത്ത് കരോലിന ഗവര്‍ണര്‍ ഹെന്റി മക്മാസ്റ്റര്‍ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തീരദേശ റിസോര്‍ട്ട് നഗരമായ മര്‍ട്ടില്‍ ബീച്ചിന് പടിഞ്ഞാറുള്ള കരോലിന ഫോറസ്റ്റ് ഏരിയയില്‍ ഉണ്ടായ തീപിടുത്തം ഇപ്പോള്‍ നിയന്ത്രണവിധേയമായമാണ്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച വരെ ഹോറി, സ്പാര്‍ട്ടന്‍ബര്‍ഗ്, ഒകോണി, യൂണിയന്‍, പിക്കന്‍സ് കൗണ്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെ 4,200 ഏക്കര്‍ കത്തിനശിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നോര്‍ത്ത് കരോലിനയിലെ നാല് കാടുകളിലായാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. തീ അണക്കുവാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ പരിശ്രമിക്കുകയാണ്. ഉഹാരി നാഷണല്‍ ഫോറസ്റ്റിലാണ് ഏറ്റവും വലിയ കാട്ടുതീയുണ്ടായത്. 400 ഏക്കറോളമാണ് കത്തിനശിച്ചത്.
പോള്‍ക്ക് കൗണ്ടിയിലെ ട്രയോണില്‍, അതിവേഗം പടരുന്ന തീ പ്രദേശത്തുള്ളവര്‍ക്ക് ഭീഷണിയായതിനാല്‍ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
Content Summary: north-south carolina wildfires; Governor declares state of emergency
south carolina wildfires state of emergency