മണാലി യാത്ര നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ നബീസുമ്മക്ക് കൈയ്യടിച്ച് നിരവധി പേർ എത്തുമ്പോൾ ഒരു വശത്തുനിന്ന് മതത്തിന്റെ പേര് പറഞ്ഞ് ആ ഉമ്മയെ ഒറ്റപ്പെടുത്താനും നോവിക്കാനുമുള്ള ശ്രമത്തിലാണ് ചില മതപണ്ഡിതന്മാർ. അതിന്റെ ഭാഗമായാണ് നബീസുമ്മയെയും അവരുടെ യാത്രയെയും അധിക്ഷേപിച്ചുള്ള കാന്തപുരം വിഭാഗം നേതാവും സുന്നി വോയ്സിൻ്റെ എഡിറ്റർ ഇൻ ചാർജുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പരാമർശം.
‘25 വർഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യസ്റ്റേറ്റിലേക്ക് മഞ്ഞിൽ കളിക്കാൻ പോയി. മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി’, പ്രമുഖ പ്രഭാഷകന്റെ ഈ പരാമർശത്തിൽ നിറഞ്ഞു നിൽക്കുന്നത് വിദ്വേഷവും മതഭ്രാന്തും ആണഹന്തയും തന്നെയാണ്.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ നബീസുമ്മക്ക് പ്രായം 55 ആണ്. മൂന്ന് പെൺമക്കളുടെ ഉമ്മയായ അവർ ഒരു വിധവയും കൂടിയാണ്. ഭർത്താവ് മരിച്ച് കഴിഞ്ഞാൽ ഒരു സ്ത്രീയുടെ ജീവിതം അവിടെ അവസാനിക്കണമെന്നാണോ? അവൾക്ക് പിന്നീട് ആഗ്രഹിക്കാനും നേടാനും അവകാശമില്ലേ? ആരാണ് സ്ത്രീക്ക് ഇത്തരത്തിലുള്ള വിലങ്ങുകൾ ഇടുന്നത്? ആഗ്രഹങ്ങളും മോഹങ്ങളും അടക്കിവെച്ച് ജീവിതം വീടിനുള്ളിൽ കഴിച്ചു കൂട്ടുന്ന നിരവധി വീട്ടമ്മമാർ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. ഉറക്കെ വിളിച്ചു പറയാൻ താൽപര്യമുണ്ടെങ്കിലും സമൂഹത്തിന്റെ കുത്തുവാക്കുകളും പഴിചാരലുകളും ഭയന്ന് എല്ലാം അടക്കിപിടിച്ച് ജീവിക്കുന്നവർ. അവർക്ക് മുന്നിലാണ് മഞ്ഞുകട്ടകൾ വാരിവിതറി തന്റെ സ്വാതന്ത്ര്യം ആസ്വദിച്ച് നബീസുമ്മ എത്തുന്നത്. യാത്ര പോകാൻ പ്രായം ഒരു തടസമല്ലെന്ന് നബീസുമ്മ നമുക്ക് പറഞ്ഞ് തരുന്നു. വീട്ടിൽ ഒതുങ്ങിക്കൂടി തീർക്കാനുള്ളതല്ല പെണ്ണിന്റെ സ്വപ്നങ്ങളെന്ന് അവർ കാണിച്ച് തരുന്നു.
ഒരു പക്ഷേ പല വീട്ടമ്മമാരും വിധവകളായ സ്ത്രീകളും പെൺകുട്ടികളുമെല്ലാം ആഗ്രഹിക്കുന്ന ഒരു അനുഭവമാണ് നബീസുമ്മ തന്റെ മണാലി യാത്രയിലൂടെ നേടിയിരിക്കുന്നത്. അവർ സ്വപ്നം കണ്ടു, അത് നേടിയെടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സ്ത്രീകളുടെ സ്വപ്നങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന മതപണ്ഡിതന്മാരുടെ കണ്ണിലെ കരടായി നബീസുമ്മ മാറി. ഉമ്മ നടത്തിയ ഒരു യാത്രയെ മതപരമായ രീതിയിലേക്ക് വളച്ചൊടിച്ച് ഗുരുതര പ്രശ്നമായി അവർ ചിത്രീകരിക്കുകയാണ്. നബീസുമ്മയെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗം അതിന് ഉദാഹരണമാണ്.
സമൂഹത്തിൽ വിശ്വാസത്തിൻ്റെ മറപിടിച്ച് വിദ്വേഷം പടർത്തുന്നു, അതിന് വിധവയായ ഒരു സ്ത്രീയുടെ സന്തോഷം തല്ലിക്കെടുത്തി അവരെ അപമാനിക്കുകയും ചെയ്തു. അതാണ് പ്രമുഖ പണ്ഡിതൻ ചെയ്തിരിക്കുന്നത്. ലോകം പുരുഷന് കാണാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്നും സ്ത്രീകൾ വിശ്വാസത്തെ മുറുകെ പിടിച്ച് വീടുകളിൽ കഴിഞ്ഞ് കൂടേണ്ടവരാണെന്നുമുള്ള ചിന്തയാണ് ഇത്തരം പരാമർശങ്ങൾ നടത്താൻ ഇങ്ങനെയുള്ളവരെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് ആയുസിന്റെ പകുതിയോളം കഷ്ടപ്പാടും ദുരിതവും അനുഭവിച്ച നബീസുമ്മ ഒരു യാത്ര പോയതിനെ കൊടും പാപമായി അവർ കാണുന്നതും സമൂഹത്തിന് മുന്നിൽ ചിത്രീകരിക്കുന്നതും.
Content Summary: Not Nabeesumma; What needs to be corrected is the idea that the world belongs to men
nabeesumma viral manali travel