January 21, 2025 |

അലയൊടുങ്ങാത്ത അനുരാഗഗാനം പോലേ…

ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതം

”മഞ്ഞലയിൽ മുങ്ങിത്തോർത്തി” എന്ന എക്കാലത്തെയും പ്രിയപ്പെട്ട ഗാനത്തിലൂടെ മലയാളിയുടെ മനസിൽ മായാത്ത സ്ഥാനം നേടിയ ഗായകനാണ് പി ജയചന്ദ്രൻ. കാലമെത്ര കഴിഞ്ഞിട്ടും ആ സ്ഥാനത്തിനും സ്വീകാര്യതക്കും മാറ്റമൊന്നുമുണ്ടായിട്ടില്ല. ”അഴകെ കൺമണിയെ” എന്ന ഗാനം കേൾക്കുമ്പോഴൊക്കെ വിരഹത്തിന്റെ മുള്ളുകൊണ്ട് ഹൃദയത്തിലൊരു മുറിവുണ്ടാക്കുന്നത് പോലെ തോന്നും. പാട്ടിന്റെ ആഴത്തിലെ വികാരങ്ങളെക്കൂടി കേൾവിക്കാരനിലെത്തിക്കുന്ന ജയചന്ദ്രൻ കേരളത്തിന്റെ സ്വന്തം ഭാവ ഗായകനാണ്. പാട്ടുകൾ പാടുക എന്നതിനപ്പുറം പാട്ടിനൊപ്പം കേൾവിക്കാരനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുവാനുള്ള കഴിവുകൂടി ജയചന്ദ്രനുണ്ട്.

”ഓലഞ്ഞാലി കുരുവി” എന്ന ഗാനത്തിൽ ജയചന്ദ്രനെയല്ലാതെ മറ്റൊരാളെ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ ആ പാട്ട് മനോഹരമാക്കാൻ അദ്ധേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 60കളിൽ തുങ്ങിയ പാട്ടിന്റെ തേരോട്ടത്തിൽ അന്നത്തെ ആളുകളുടെ പ്രിയപ്പെട്ട ഗായകനായി മാറുക, പിന്നീട് 6 പതിറ്റാണ്ടുകൾക്കിപ്പുറം ഇന്നത്തെ തലമുറയുടേയും പ്ലേ ലിസ്റ്റിൽ ഇടം പിടിക്കാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട ഗായകനായി ഇത്രയും കാലം നിലനിൽക്കാൻ കഴിഞ്ഞത് അദ്ദേഹമാലപിച്ച ഗാനങ്ങളിലെ ഭാവപ്പകർച്ചകൊണ്ടാണ്.

1965ൽ’കുഞ്ഞാലിമരയ്ക്കാർ’ എന്ന പടത്തിൽ പി ഭാസ്കരന്റെ രചിച്ച ‘ഒരുമുല്ലപ്പൂമാലയുമായ് ‘എന്ന ഗാനമാണ് ജയചന്ദ്രൻ ആദ്യമായി സിനിമക്ക് വേണ്ടി ആലപിച്ച ​ഗാനം. ആ ചിത്രം പുറത്തുവരുന്നതിനു മുന്നേ മദ്രാസിൽ നടന്ന ഒരു ഗാനമേളയിൽ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകൾ കേട്ട സംവിധായകൻ എ വിൻസെന്റിന്റെ ശുപാർശ പ്രകാരം സംഗീത സംവിധായകൻ ജി ദേവരാജൻ പി ഭാസ്കരന്റെ രചിച്ച ‘മഞ്ഞലയിൽമുങ്ങിത്തോർത്തി’ എന്ന ഗാനം ‘കളിത്തോഴൻ’ എന്ന ചിത്രത്തിനായി പാടിച്ചു. ഈ ചിത്രം 1967ൽ പുറത്തുവരികയും ​ഗാനം ഏറെ ജനപ്രീതി നേടുകയും ചെയ്തു.

ഇന്ത്യയിലെ പല ഭാഷകളിലായി 16,000 പാട്ടുകളാണ് ജയചന്ദ്രൻ പാടിയിട്ടുള്ളത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രൻറെ ​ഗാനങ്ങൾ ശ്രദ്ധനേടി. 2008ൽ എ. ആർ. റഹ്‌മാൻ സംഗീതം നൽകിയ ‘ADA..എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അൽക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ടാണ് ജയചന്ദ്രൻ ആദ്യമായി ഹിന്ദി ഗാനരംഗത്ത് എത്തുന്നത്. ദേശീയ പുരസ്കാരവും 5തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും മികച്ച പിന്നണി ഗായകനുള്ള തമിഴ് നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. 2021ൽ കേരള സർക്കാരിൻറെ ജെ സി ഡാനിയൽ പുരസ്കാരവും ലഭിച്ചു.

അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം, പ്രായം നമ്മിൽ മോഹം നൽകി, നിൻ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹർഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകിൽ കാട്ടിലെ തുടങ്ങി ഒട്ടവനധി ​മനോഹര ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിൻറെ സ്വരം സം​ഗീതാസ്വാദകരുടെ ഹൃദയത്തിൽ ആഴത്തിൽ വേരുറപ്പിച്ചിട്ടുണ്ട്.

Post Thumbnail
കര്‍ഷക നേതാവിന്റെ ആരോഗ്യസ്ഥിതി ഗുരുതരം; ചര്‍ച്ചയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് ദല്ലേവാള്‍വായിക്കുക

content summary; P Jayachandran’s noted songs

×