പൗരന്മാര്‍ക്ക് വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍. ഈയൊരു തീരുമാനം എടുക്കുന്ന, ഗള്‍ഫ് മേഖലയിലെ ആദ്യത്തെ അറബ് രാജ്യമായി ഒമാന്‍ മാറും. എണ്ണ, പ്രകൃതി വാതക വരുമാനത്തില്‍ നിന്ന് പൗരന്മാര്‍ക്ക് സബ്സിഡി നല്‍കി വരികയും, ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ ജോലിക്കാരെ നികുതി രഹിത വരുമാനത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിരുന്ന ഗള്‍ഫ് മേഖലയിലെ ദീര്‍ഘകാലത്തെ കീഴ്‌വഴക്കത്തിനാണ് ഒമാന്‍ വിരാമം ഇടാന്‍ പോകുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 1.8 മില്യണ്‍ വിദേശ പൗരന്മാര്‍ ഒമാനില്‍ തൊഴിലെടുക്കുന്നുണ്ട്. രാജ്യത്തിന്റെ എണ്ണ വരുമാനത്തിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്നാണ് പറയുന്നത്.
വര്‍ഷം 42,000(109,000 ഡോളര്‍, ഏകദേശം 9.44 ലക്ഷം ഇന്ത്യന്‍ രൂപ) ഒമാനി റിയാലില്‍ കൂടുതല്‍ വരുമാനമുള്ള ഒമാനികള്‍ക്ക് അവരുടെ വരുമാനത്തിന്റെ അഞ്ച് ശതമാനം ആദായനികുതി ഏര്‍പ്പെടുത്താനാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സയീദ് ഞായറാഴ്ച ഒരു രാജകീയ ഉത്തരവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
2028 വരെ നികുതി പ്രാബല്യത്തില്‍ വരില്ല എന്നാണ് അറിയിച്ചിട്ടുള്ളത്. ആരോഗ്യ സംരക്ഷണ ചെലവുകള്‍ക്കും ജീവകാരുണ്യ സംഭാവനകള്‍ക്കും നികുതിയിളവ് അനുവദിക്കും. ഒമാനിലെ അഞ്ചു ദശലക്ഷം പൗരന്മാരില്‍ ഒരു ശതമാനത്തിന് മാത്രമേ നികുതി അടയ്‌ക്കേണ്ടതുള്ളൂവെന്നാണ് രാജ്യത്തെ നികുതി അതോറിറ്റി സ്റ്റേറ്റ് ന്യൂസിനെ അറിയിച്ചിരിക്കുന്നത്.
തദ്ദേശവാസികള്‍ക്കുള്ള സബ്സിഡിയും നികുതി രഹിത ശമ്പളവും ഗള്‍ഫ് മേഖലയെ സാമ്പത്തികമായി ദുര്‍ബലമാക്കിയെന്ന വിലയിരുത്തലിനിടയിലാണ് ഒമാന്റെ തീരുമാനം വരുന്നത്.
എന്നാല്‍ നികുതി ചുമത്താനുള്ള തീരുമാനം രാജ്യത്ത് നിന്നും വമ്പന്‍ വ്യവസായികളെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്.
ഒമാനിലെ ചില സമ്പന്നര്‍ ‘ഒമാനില്‍ തുടരണോ അതോ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കണോ’ എന്ന് വിശകലനം ചെയ്യുമെന്നാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നികുതി ഉപദേഷ്ടാവായ തോമസ് വാന്‍ഹീ പറയുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘അഞ്ച് ശതമാനം വളരെ വലുതല്ല, എന്നാല്‍ ചില ആളുകള്‍ക്ക് എത്ര ദിര്‍ഹമായാലും നയാ പൈസയാണെങ്കിലും വളരെ വലുതാണ്’ എന്നാണ് വാന്‍ഹി ഈ പ്രശ്‌നത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് പറയുന്നത്.
മറ്റൊരു പ്രധാന കാര്യമായി വാന്‍ഹീ ചൂണ്ടിക്കാണിക്കുന്നത്, ഒമാന്‍ ആദായ നികുതി നടപ്പില്‍ വരുത്തിയശേഷം മറ്റ് ജിസിസി രാജ്യങ്ങളും ഈ ആശയം പിന്തുടരാന്‍ സാധ്യതയുണ്ടെന്നതാണ്. മറ്റ് ജിസിസി രാജ്യങ്ങള്‍ ഇതിന്റെ സാധ്യതകളും പ്രത്യാഘാതങ്ങളും വിശകലനം ചെയ്യുമെന്നാണ് വാന്‍ഹീ പറയുന്നത്.
കാലങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ പൊതു ചെലവുകള്‍ക്കായി എണ്ണ, വാതക വരുമാനത്തെയായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ അസ്ഥിരമായ വിലകള്‍, ബജറ്റ് കമ്മി, ഫോസില്‍ ഇന്ധനങ്ങളുടെ അനിശ്ചിതത്വം എന്നിവ അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യമാണ് വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്നത് പരിഗണിക്കാന്‍ പ്രേരിപ്പിച്ചത്. സമീപ വര്‍ഷങ്ങളില്‍ ചില ജിസിസി രാജ്യങ്ങള്‍ സാധനങ്ങള്‍ക്കും കമ്പനികള്‍ക്കും മേല്‍ ലെവികള്‍ കൂട്ടിയിട്ടുണ്ട്.
വിദേശ തൊഴിലാളികള്‍ക്ക് ആദായനികുതി ചുമത്തുന്നതിനെക്കുറിച്ച് സൗദി അറേബ്യ മുമ്പ് ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ പുറത്തേക്കുള്ള പണമയയ്ക്കലിന് നികുതി ചുമത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
മിഡില്‍ ഈസ്റ്റിലെ പ്രധാനപ്പെട്ട എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഒമാന്‍. അസംസ്‌കൃത എണ്ണയും ധാതുക്കളും കയറ്റുമതി ചെയ്യുന്നവരില്‍ പ്രധാനിയാണെങ്കിലും അവര്‍ ഒപെക്കില്‍ അംഗമല്ല. അതേസമയം അറബ് രാജ്യങ്ങളില്‍ ഗള്‍ഫിലെ ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ ജിഡിപിയുള്ള രാജ്യവും ഒമാനാണ്. 2023 ല്‍ ഇത് 22,000 ഡോളറാണെന്ന് ലോകബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാരിന്റെ വരുമാനത്തിന്റെ 85 ശതമാനം വരെ എണ്ണയില്‍ നിന്നാണ്. എന്നാല്‍ ഈ വരുമാനം ഇപ്പോള്‍ അസ്ഥിരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എണ്ണ വരുമാനത്തിലുള്ള അമിതമായ ആശ്രയത്വം കുറയ്ക്കാനാണ് ഒമാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എണ്ണ ഉത്പാദനമാണ്, രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ ഒരു ഭാഗവും സര്‍ക്കാരിന്റെ വരുമാനത്തിന്റെ 85 ശതമാനവും ഇതില്‍ നിന്നാണ് നിര്‍വഹിക്കുന്നത്. എണ്ണയെ അമിതമായി ആശ്രയിച്ചാല്‍, ആഗോള എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതിനനുസരിച്ച് തങ്ങളുടെ സമ്പദ്വ്യവസ്ഥ ദുര്‍ബലമാകുമെന്ന ഭയം ഒമാന്‍ ഭരണകൂടത്തിനുണ്ട്.
‘പൊതു വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനുള്ള ഒരു പുതിയ വരുമാന മാര്‍ഗമായി ആദായ നികുതി മാറുമെന്നാണ്, ഒമാന്‍ സാമ്പത്തിക മന്ത്രി മുഹമ്മദ് അല്‍ സഖ്രി ദേശീയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ‘പ്രാഥമിക വരുമാന സ്രോതസ്സായി എണ്ണയെ ആശ്രയിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ഇത് ലഘൂകരിക്കുമെന്നും’ മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഷന്‍ 2040 എന്ന പേരില്‍ ഒമാനി സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി സാമ്പത്തിക-പൊതുമേഖല പരിഷ്‌കാരങ്ങള്‍ ഒമാന്‍ സുല്‍ത്താന്‍ തുടരുന്നതിന്റെ ഭാഗമാണ് ആദായ നികുതി ചുമത്തലും എന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ മേഖലയെ മെച്ചപ്പെടുത്തുന്നതിനൊപ്പം ഒമാന്‍ സര്‍ക്കാരിനെ ശക്തിപ്പെടുത്തുകയും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സുല്‍ത്താന്റെ പദ്ധതി ലക്ഷ്യമിടുന്നത്. Oman is set to become the first Arab country in the Gulf to introduce personal income tax
Content Summary; Oman is set to become the first Arab country in the Gulf to introduce personal income tax
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.