ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്ന്. വ്യവസായി ആനന്ദ് മഹീന്ദ്ര കടമക്കുടിയെക്കുറിച്ച് പങ്കുവച്ച വാക്കുകളായിരുന്നു ഇത്. ‘ഭൂമിയിലെ തന്നെ ഭംഗിയുള്ള ഗ്രാമങ്ങളുടെ പട്ടികയില്‍ പലപ്പോഴായും കടമക്കുടി ഉള്‍പ്പെട്ടിട്ടുണ്ട്. കൊച്ചിയിലേക്കുള്ള ബിസിനസ് യാത്രയില്‍ ഈ ഡിസംബറില്‍ പോകാന്‍ താല്പര്യമുള്ള സ്ഥലങ്ങളില്‍ ഈ സ്ഥലമുണ്ട്’, എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കടമക്കുടിയുടെ വീഡിയോ പങ്കുവച്ചു കൊണ്ട് എക്സിൽ കുറിച്ചത്.
13 ദ്വീപുകളുടെ സമുച്ചയമാണ് കടമക്കുടി. പരമ്പരാഗത മത്സ്യത്തൊഴിലാളികളും പൊക്കാളി നെൽ കർഷകരുമൊക്കെ സജീവം. വിശാലമായ പൊക്കാളി പാടശേഖരങ്ങൾ, കണ്ടൽക്കാടുകൾ, തൈത്തെങ്ങുകൾ, ദേശാടനപക്ഷികൾ..ഇതെല്ലാമാണ് കടമക്കുടിയെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കിയത്. വലിയ കടമക്കുടി (പ്രധാന ദ്വീപ്), മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കടമ്പാടം തുടങ്ങി പച്ചപ്പണിഞ്ഞ പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി ദ്വീപുകൾ. വലിയ കടമക്കുടിയിൽ ഒത്തിരി കുടിലുകളും അതിന്റെ തീരത്ത് ചൈനീസ് മത്സ്യബന്ധന വലകളും കാണാം. കണ്ടെയ്നർ റോഡിന് അടുത്തുള്ള മൂലമ്പിള്ളിയിൽനിന്നു ഫെറി വഴിയും വരാപ്പുഴ റോഡ് മാർഗവും ഇവിടേക്ക് എത്തിച്ചേരാം. ഫെറി മാർഗം ഒരു ദ്വീപിൽ നിന്നു മറ്റൊരു ദ്വീപിലേക്കും സഞ്ചരിക്കാം.
ദൂരവും ഏറെയില്ല. നെടുമ്പോശ്ശേരി വിമാനത്താവളത്തിൽനിന്ന് 31 കിലോമീറ്റർ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് 14 കിലോ മീറ്റർ. കൊച്ചിനഗരത്തോട് ചേർന്നാണെങ്കിലും ഗ്രാമീണജീവിതവും പരമ്പരാഗത മത്സ്യബന്ധനരീതികളുമുള്ള കടമക്കുടി ഒട്ടേറെ ഗൃഹാതുര കാഴ്ചകൾ സമ്മാനിക്കുന്നു. നാടൻ പുഴമത്സ്യങ്ങൾ ഉൾപ്പെടുത്തിയ കടമക്കുടി സ്പെഷ്യൽ ഭക്ഷണക്കൂട്ടുകളുടെ രുചിയറിയാനും എത്തുന്നവർ ഏറെയാണ്. പൊക്കാളിനെൽ കൊയ്തുകഴിഞ്ഞാൽ നവംബർ ആരംഭിക്കുന്നതോടെ ദേശാടന കിളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കിളികളാണ് ഇവിടേക്ക് എത്തുന്നത്. പക്ഷിക്കാലമായാൽ അവയെ ക്യാമറയിൽ പകർത്താൻ ഒട്ടേറെ പക്ഷിപ്രേമികളും ഇവിടേക്കെത്തും. പാടശേഖര വരമ്പിലൂടെയുള്ള നടത്തം ആരെയും മോഹിപ്പിക്കും. സിനിമാ ഷൂട്ടിങ്ങുകളുടെയും ഫോട്ടോ ഷൂട്ടുകാരുടെയും പ്രിയപ്പെട്ടയിടമാണിപ്പോൾ കടമക്കുടി.
കടമക്കുടിയെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ച മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്രയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. അവിശ്വസനീയമായ സ്ഥലങ്ങളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് സ്വാഗതമെന്ന് റിയാസ് എക്സില്‍ കുറിച്ചത്. കേരള ടൂറിസത്തിന് കടമക്കുടിയില്‍ നിങ്ങള്‍ക്ക് വേണ്ടി ആതിഥേയത്വം വഹിക്കുന്നതിന് കേരള ടൂറിസം സന്തുഷ്ടരാണെന്നും റിയാസ് പറഞ്ഞു.
content summary: One of the most beautiful villages on Earth, not in Switzerland, but in Kerala. A rural charm so captivating, it even enchanted Anand Mahindra