ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാന്റെ എക്‌സ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ‘രാഷ്ട്രീയമായി വീടില്ലാത്തവൻ’ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ”എനിക്ക് രാഷ്ട്രീയമായി ഒരു വീടില്ല. പക്ഷേ, അതിൽ കുഴപ്പമില്ല. ഏതൊരു രാഷ്ട്രീയ പാർട്ടിയേക്കാളും അമേരിക്കക്കാരനായിരിക്കുന്നതിൽ അഭിമാനിക്കുന്നു” എന്നാണ് ആൾട്ട്മാൻ കുറിച്ചിരിക്കുന്നത്.
” സ്വത്വങ്ങളിൽ എനിക്ക് വലിയ താല്പര്യമില്ല. പക്ഷേ, അമേരിക്കക്കാരനായതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു. ഭൂമിയിലെ എക്കാലത്തെയും മഹത്തായ രാജ്യമാണ് അമേരിക്കയെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു” ആൾട്ട്മാൻ പോസ്റ്റിൽ പറയുന്നു.
ലോകത്തിലെ മുൻനിര എഐ കമ്പനികളിൽ ഒന്നിന്റെ തലവനായ ആൾട്ട്മാൻ, ശാസ്ത്രം, സാങ്കേതികവിദ്യ, സ്വതന്ത്ര വിപണികൾ എന്നിവ സമൃദ്ധിയുടെ ചാലകങ്ങളായി വിശ്വസിക്കുമ്പോഴും സമ്പത്ത് വിശാലമായി പങ്കിടമെന്നാണ് തന്റെ വിശ്വാസമെന്ന് പറയുന്നു. ടൺ കണക്കിന് പണം സമ്പാദിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ആൾട്ട്മാൻ അവ വിതരണം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന മുതലാളിത്തത്തിന്റെ മാന്ത്രികതയെ കുറിച്ചും കുറിപ്പിൽ പങ്കുവയ്ക്കുന്നു.
യുഎസിലെ ഡെമോക്രാറ്റിക് പാർട്ടിയെയും ആൾട്ട്മാൻ വിമർശിച്ചു. സർക്കാർ പലപ്പോഴും വിപണികളേക്കാൾ മോശം പ്രകടനമാണ് നടത്തുന്നതെന്നും നൂതനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയും ശക്തമായ സംസ്‌കാരം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
20 വയസ്സ് മുതൽ താൻ ഈ കാഴ്ചപ്പാടുകൾ പുലർത്തുന്നുണ്ടെന്നും 40 വയസ്സായിട്ടും അവയിൽ ഉറച്ചുനിൽക്കുകയാണെന്നും ആൾട്ട്മാൻ പറഞ്ഞു. ഒരിക്കൽ ഡെമോക്രാറ്റിക് പാർട്ടിയോട് അടുപ്പം തോന്നിയിരുന്നെങ്കിലും ഇനി ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രതിനിധീകരിക്കില്ലെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു.
സ്ഥാനാർത്ഥികൾ കോടീശ്വരന്മാരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പകരം കോടീശ്വരന്മാരുടെ അതേ സേവനങ്ങളും ഉപകരണങ്ങളും സാധാരണക്കാർക്കും ലഭ്യമാക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറയുന്നു. അടുത്ത 250 വർഷത്തെ അമേരിക്കയുടെ പുരോഗതിക്കായി പ്രത്യാശ പ്രകടിപ്പിക്കുന്ന പോസ്റ്റ്, അമേരിക്കൻ പരീക്ഷണങ്ങളെ ‘കുഴപ്പം നിറഞ്ഞത്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്. open ai ceo sam altman sparks new debate in social media
Content Summary: open ai ceo sam altman sparks new debate in social media