ഓപ്പറേഷന്‍ സിന്ദൂര്‍; 100 തീവ്രവാദികളെ വകവരുത്തിയെന്ന് പ്രതിരോധമന്ത്രി

ഇന്ത്യ-പാക് ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ തമ്മില്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ 100 ഭീകരവാദികളെ കൊന്നൊടുക്കിയെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലായിരുന്നു പ്രതിരോധ മന്ത്രി ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച്ച പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഇടങ്ങളിലായാണ് ഇന്ത്യ ആക്രമണം നടത്തിയത്. പഹല്‍ഗാമില്‍ 26 സാധാരണക്കാരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഇന്ത്യയുടെ സൈനിക ഓപ്പറേഷന്‍.

പാര്‍ലമെന്റ് കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്‌നാഥ് സിംഗിനെ കൂടാതെ, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ എന്നിവര്‍ രാഷ്ട്രീയ നേതാക്കളെ ഓപ്പറേഷന്‍ സിന്ദൂറമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ധരിപ്പിച്ചു.

ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ തുടങ്ങിയതാണ് അതിര്‍ത്തിയിലെ പാക് പ്രകോപനം. വിവേചനരഹിതമായി അവര്‍ തുടരുന്ന ഷെല്ലാക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 12 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു ഇന്ത്യന്‍ ആര്‍മി ഓഫിസറും കൊല്ലപ്പെട്ടു. രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ യുദ്ധസമാനമായ സാഹചര്യമാണ്. ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ അതിര്‍ത്തി മേഖലകളിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. എല്ലാ സജ്ജീകരണങ്ങളുമായി തയ്യാറായി നില്‍ക്കുന്ന അഭ്യന്തര മന്ത്രി അമിത് ഷാ അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുദ്ധസമാന സാഹചര്യത്തില്‍ രണ്ടു രാജ്യങ്ങളും എത്തിനില്‍ക്കുമ്പോള്‍, കാര്യങ്ങള്‍ സംയമനത്തിലേക്ക് എത്തുമെന്ന സൂചന നല്‍കി ഇന്ത്യയുടെയും പാകിസ്താന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ ആശയവിനിമയം നടത്തിയെന്ന വാര്‍ത്തയും വരുന്നുണ്ട്. ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും, പാകിസ്താന്റെ സുരക്ഷ ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറല്‍ അസിം മാലിക്കും പരസ്പരം ബന്ധപ്പെട്ടുവെന്നാണ് വിവരം. ഇന്ത്യ-പാക് ഹൈക്കമീഷനുകള്‍ വഴിയും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് അറിയുന്നു.  പാകിസ്താന്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദര്‍, രണ്ട് രാജ്യങ്ങളുടെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ തമ്മില്‍ ബന്ധപ്പെട്ടുവെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടിആര്‍ടി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ദര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയുടെ ആക്രമണത്തിന് ശേഷം, ഇരു സുരക്ഷ ഉപദേഷ്ടാക്കളും തമ്മില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പാക് മന്ത്രി പറഞ്ഞത്. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഡയറക്ടര്‍ ജനറലായിരുന്നു ലഫ്. ജനറല്‍ അസിം മാലിക്കിനെ അടുത്തിടെയാണ് പാകിസ്താന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ചത്. സഹാചര്യങ്ങള്‍ സങ്കീര്‍ണമാണെങ്കില്‍ തന്നെയും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രപാത ഇപ്പോഴും തുറന്നു കിടക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. india-pak national security advisors in touch

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ചുമതലയുള്ള ഗീതിക ശ്രീവാസ്തവ ഇസ്ലാമാബാദിലെ പ്രധാന മധ്യസ്ഥരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിക്കാന്‍ ബുധനാഴ്ച പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഗീതികയെ വിളിച്ചുവരുത്തിയിരുന്നു. അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറിയും അവിടുത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ കൂടി ചുമതല വഹിക്കുകയും ചെയ്യുന്ന മാര്‍ക്കോ റൂബിയോ, അജിത് ഡോവലുമായി സംസാരിച്ചിരുന്നു. ഇതിനു ശേഷമാണ് പാകിസ്താനും ഇന്ത്യയും നയതന്ത്ര വഴിയിലേക്ക് ഇറങ്ങിയതെന്നാണ് വിവരം. എന്നാല്‍, നയതന്ത്രബന്ധത്തില്‍ തുടരുന്നു എന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങിയെന്ന് അര്‍ത്ഥമില്ലെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയുടെ എല്ലാ സേനാവിഭാഗങ്ങളും ഇപ്പോഴും തികഞ്ഞ ജാഗ്രതയിലാണ്. പാകിസ്താനില്‍ നിന്നുണ്ടാകുന്ന ഏതുതരം നീക്കത്തെയും ചെറുക്കാന്‍ ഇന്ത്യ സജ്ജമായി നില്‍ക്കുകയാണ്.  Operation Sindoor; 100 terrorists killed, said Rajnath singh in All Party Meeting 

Content Summary; Operation Sindoor; 100 terrorists killed, said Rajnath singh in All Party Meeting

This post was last modified on May 8, 2025 2:26 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment