‘ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന വാ​ക്ക് പാലിക്കുന്നു’ ; ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ്

ഇന്ന് പുലർച്ചെ 1.44 ഓടെയായിരുന്നു പാകിസ്ഥാൻ ഭീകരാക്രമണത്തിനെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടി

പഹൽ​ഗാം ഭീകരാക്രമണം നടന്ന് രണ്ടാഴ്ചക്ക് ശേഷമാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയുടെ തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ മൂന്ന് സേനകൾ ചേർന്ന് സംയുക്തമായാണ് പാകിസ്ഥാനെതിരെ ആക്രമണം നടത്തുന്നത്. ഇന്ന് പുലർച്ചെ 1.44 ഓടെയായിരുന്നു പാകിസ്ഥാൻ ഭീകരാക്രമണത്തിനെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടി.

ഭീകരരെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആക്രമണത്തെക്കുറിച്ചുള്ള പത്രക്കുറിപ്പും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യൻ സായുധ സേന തീവ്രവാദ ക്യാമ്പുകളിൽ ആക്രമണം നടത്തി എന്ന തലക്കെട്ടോട് കൂടിയുള്ളതായിരുന്നു പത്രക്കുറിപ്പ്.

ഇന്ത്യക്കെതിരെ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും അത് നടപ്പാക്കുകയും ചെയ്ത പാകിസ്ഥാൻ ഭീകരാക്രമണ കേന്ദ്രങ്ങൾ തകർത്തുകൊണ്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചുവെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഒൻപത് ഭീകരാക്രമണ കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. തങ്ങളുടെ ആക്രമണം പരിമിതവും ശ്രദ്ധാപൂർവ്വം നടത്തിയതുമാണ്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യംവെച്ചിട്ടില്ലെന്ന് ഇന്ത്യ ഊന്നിപ്പറയുന്നു. ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും വധശിക്ഷ നടപ്പിലാക്കുന്ന രീതിയിലും ഇന്ത്യ സംയമനം പാലിക്കുകയും ചെയ്തു. ഭീകരർ നടത്തിയ പഹൽ​ഗാം ആക്രമണത്തിൽ 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നടപടി. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ തിരിച്ചടിക്കുമെന്ന ഞങ്ങളുടെ വാ​ഗ്ദാനം പാലിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

മുരിഡ്കെ, ബഹവല്‍പൂര്‍, കോട്ലി ,ചക് അമ്രു, ഭീംബര്‍, ഗുല്‍പൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. ജെയ്‌ഷെ ഭീകരന്‍ മസൂദ് അസറിന്റെയും ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെയും ശക്തികേന്ദ്രങ്ങളിലെ ലക്ഷ്യം വെച്ചാണ് ആക്രണം നടന്നത്.

കഴിഞ്ഞ മാസമാണ് പഹൽഗാമിനടുത്തുള്ള ബൈസരൻ പുൽമേട്ടിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ വിനോദസഞ്ചാരികളായ 26 പേർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിരുന്നു. ഒന്നര വർഷം മുൻപ് കശ്മീരിലേക്ക് നുഴഞ്ഞുകയറിയ പാക് ഭീകരരാണ് പ്രദേശത്ത് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞിരുന്നു. തിരിച്ചറിഞ്ഞ ഭീകരരുടെ രേഖാചിത്രങ്ങളും അന്ന് പൊലീസ് പുറത്തിവിട്ടിരുന്നു.

Content Summary: Operation Sindoor; Ministry of Defence Press Release

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment