പഹൽഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 തീവ്രവാദ ക്യാമ്പുകൾ ആക്രമിച്ച് ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷനിൽ 12 ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുമ്പേയാണ് ഇന്ത്യ തിരിച്ചടിച്ചത്. പഹൽഗാം ഭീകരാക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള രാജ്യത്തെ സ്ഥിതിവികാസങ്ങൾ.
2025 ഏപ്രിൽ 22- പഹൽഗാം ഭീകരാക്രമണം
അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വച്ച് ഏകദേശം 2;50ന് പാകിസ്ഥാൻ ഭീകരരുടെ ആക്രണമുണ്ടാവുന്നു. ഇന്ത്യൻ വിനോദസഞ്ചാരികളെ ലക്ഷ്യം വച്ച ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. മതം ചോദിച്ചതിന് ശേഷമാണ് ആക്രമണകാരികൾ വെടിയുതിർത്തത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാരുടെ മരണം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (LeT) യുടെ ഒരു ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഭീകരാക്രമണത്തിന്റെ വാർത്തയെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കുള്ള തന്റെ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങുകയും ഉന്നത മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചേർന്നുള്ള സുരക്ഷാ കാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗത്തിന് അധ്യക്ഷത വഹിക്കുകയും ചെയ്തു.
2025 ഏപ്രിൽ 23- പാകിസ്ഥാനെതിരെ നയതന്ത്ര നടപടികൾ പ്രഖ്യാപിച്ച് ഇന്ത്യ
സിന്ധു നദീജല കരാർ (1960) താൽക്കാലികമായി നിർത്തിവയ്ക്കൽ, അട്ടാരി-വാഗ അതിർത്തി അടയ്ക്കൽ, പാകിസ്ഥാൻ പൗരന്മാർക്കുള്ള സാർക്ക് വിസ ഇളവ് പദ്ധതി റദ്ദാക്കൽ എന്നിവ ഉൾപ്പെടെയുള്ള നയതന്ത്ര നടപടികൾ ഇന്ത്യ പാകിസ്ഥാനെതിരെ പ്രഖ്യാപിച്ചു. അത്തരം വിസയിലുള്ളവർക്ക് ഇന്ത്യ വിടാൻ 48 മണിക്കൂർ സമയം നൽകുന്നു. പാകിസ്ഥാൻ സൈനിക നയതന്ത്രജ്ഞരെ ഇന്ത്യ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കുകയും ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ജീവനക്കാരുടെ എണ്ണം 55 ൽ നിന്ന് 30 ആയി കുറയ്ക്കുകയും ചെയ്തു.
ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി, ഉന്നതതല സുരക്ഷാ യോഗം ചേർന്നു. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ റദ്ദാക്കുകയും, വ്യാപാരം താൽക്കാലികമായി നിർത്തിവയ്ക്കുകയും, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തുകൊണ്ട് പാകിസ്ഥാൻ പ്രതികരിച്ചു.
2025 ഏപ്രിൽ 24: ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെ സർവകക്ഷി യോഗം
പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ച് കൊണ്ട് ആരംഭിച്ച യോഗം പാകിസ്ഥാനെതിരെ തിരിച്ചടിക്കാനുള്ള തീരുമാനമെടുത്തു. ഇന്ത്യൻ സൈന്യം ഭീകരർക്കായി തിരച്ചിൽ ആരംഭിക്കുന്നു. ഭീകരരെക്കുറിച്ചി വിവരം നൽകുന്നവർക്ക് കശ്മീർ പൊലീസ് പാരിതോഷികം പ്രഖ്യാപിക്കുന്നു. സുരക്ഷ മുൻനിർത്തി പഹൽഗാം അടച്ചുപൂട്ടി.
2025 ഏപ്രിൽ 25 – ശക്തമായി തിരിച്ചടിക്കുമെന്ന് മോദിയുടെ പ്രഖ്യാപനം
ഭീകരാക്രമണത്തിന് ഉത്തരവാദിയായവർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത പ്രത്യാഘാതങ്ങളാവും നേരിടേണ്ടി വരിക. അവർക്കെതിരെ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നു. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരരുടെ വീടുകൾ സേന തകർക്കുന്നു.
2025 ഏപ്രിൽ 26: എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നു
ജമ്മു കശ്മീർ പോലീസിൽ നിന്ന് അന്വേഷണം എൻഐഎയുടെ കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ (സിടിസിആർ) വിഭാഗം ഏറ്റെടുത്തു. പാകിസ്ഥാനിൽ നിന്നുള്ള എല്ലാ തപാൽ സേവനങ്ങളും ഇന്ത്യ താൽക്കാലികമായി നിർത്തിവയ്ക്കുകയും പാകിസ്ഥാൻ പതാകയുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് നിരോധിക്കുകയും ചെയ്തു.
2025 ഏപ്രിൽ 27: ആക്രമണത്തിൽ എൽഇടിയെയും ഐഎസ്‌ഐയെയും പങ്ക് സൂചിപ്പിച്ച് എൻഐഎ
എൽഇടിയുമായും പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസുമായും (ഐഎസ്ഐ) ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തി.
കശ്മീരിലെ തീവ്രവാദി കുടുംബങ്ങളുടെ വീടുകൾ സുരക്ഷാ സേന പൊളിച്ചുമാറ്റുകയും 1,500-ലധികം ആളുകളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
2025 ഏപ്രിൽ 28 കശ്മീർ നിയമസഭ പ്രമേയം
പഹൽഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട് ജമ്മു കശ്മീർ നിയമസഭ ഒരു പ്രമേയം പാസാക്കുകയും ഭീകരതയെ പരാജയപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചു.
2025 ഏപ്രിൽ 29 മുൻ കമാൻഡോയായ പാകിസ്ഥാൻ ഭീകരൻ
ആക്രമണത്തിൽ ഉൾപ്പെട്ട പാകിസ്ഥാൻ ഭീകരൻ ഹാഷിം മൂസ പാകിസ്ഥാൻ സ്‌പെഷ്യൽ ഫോഴ്‌സിന്റെ മുൻ പാരാ കമാൻഡോ ആണെന്നും എൻഐഎ കണ്ടെത്തുന്നു. സുരക്ഷാ യോഗത്തിന് ശേഷം പ്രതികാര നടപടികളുടെ രീതി, ലക്ഷ്യങ്ങൾ, സമയം എന്നിവ തീരുമാനിക്കാൻ പ്രധാനമന്ത്രി മോദി സായുധ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു.
2025 ഏപ്രിൽ 30 പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യ നിരോധിക്കുന്നു
പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിന് പകരമായി ഇന്ത്യ പാകിസ്ഥാൻ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇരകളുടെ കുടുംബങ്ങളെ സന്ദർശിക്കുന്നു.
2025 മെയ് 1 ഇന്ത്യ പാകിസ്ഥാൻ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്തുന്നു
ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും ഇന്ത്യ നിരോധനം ഏർപ്പെടുത്തുന്നു. ഹാഷിം മൂസയും അലി ഭായിയും പാകിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ആശയവിനിമയം നടത്തിയിരുന്നതായി എൻഐഎ റിപ്പോർട്ട് ചെയ്യുന്നു.
2025 മെയ് 2- ഭീകരാക്രമണത്തെക്കുറിച്ച് എൻഐഎയുടെ പ്രാഥമിക റിപ്പോർട്ട്
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്താന്റെ രഹസ്യവിഭാഗമായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റേയും(ഐഎസ്‌ഐ) ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടേയും സംയുക്ത പ്രവർത്തനമുണ്ടെന്ന സൂചനയോടെ ദേശീയ അന്വേഷണ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട് പുറത്തു വിടുന്നു.
2025 മെയ് 4 ഭീകരർക്ക് കൂടുതൽ പദ്ധതികളുണ്ടായിരുന്നുവെന്ന് എൻഐഎ
ആക്രണമത്തിനായി ഭീകരർക്ക് കൂടുതൽ പദ്ധതിയുണ്ടായിരുന്നുവെന്നും ഏപ്രിൽ 15 മുതൽ ആക്രമണകാരികൾ ബൈസരൻ, അരു, ബേതാബ് താഴ്‌വരകൾ, ഒരു അമ്യൂസ്‌മെന്റ് പാർക്ക് എന്നിവ പരിശോധിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നു. സുരക്ഷ കുറവായതിനാലാണ് ബൈസരൻ തിരഞ്ഞെടുത്തത്.
മെയ് 5–6, 2025: പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനങ്ങൾ
പാക്കിസ്ഥാൻ സൈന്യം തുടർച്ചയായി നിയന്ത്രണരേഖയ്ക്ക് കുറുകെ ഒന്നിലധികം മേഖലകളിൽ വെടിയുതിർക്കുന്നു, ഇന്ത്യൻ സൈന്യം പ്രതികരിക്കുന്നു.
മെയ് 7, 2025: ഓപ്പറേഷൻ സിന്ദൂർ – ഇന്ത്യ തിരിച്ചടിക്കുന്നു
മെയ് 7 ന് പുലർച്ചെ 2 മണിക്ക്, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ഭീകര വിക്ഷേപണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു.
content summary: A timeline of events in India from the Pahalgam terror attack to Operation Sindhoor