ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ആളാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി.
2022 മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെ അദ്ദേഹം വിദേശത്തും സ്വദേശത്തും ആയി സഞ്ചരിച്ച ദൂരം 3.8 ലക്ഷം കിലോമീറ്റര്‍ ആണ്. ഇതൊരു ചെറിയ ദൂരം അല്ല. ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം 3.8 ലക്ഷം കിലോമീറ്റര്‍ ആണ്! ഇത്ര അധികം കിലോമീറ്റര്‍ സഞ്ചരിച്ച ഒരാള്‍ക്ക് ഇതുവരെ മണിപ്പൂരില്‍ പോകാന്‍ ധൈര്യമുണ്ടായിട്ടില്ല(രാജ്യസഭയില്‍ മോദിയെ വിമര്‍ശിച്ച് സംസാരിക്കവേ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിന്‍ പറഞ്ഞത്), പഹല്‍ഗാമില്‍ പോകാന്‍ ധൈര്യമുണ്ടായിട്ടില്ല. വിദേശയാത്ര റദ്ദ് ചെയ്ത് പഹല്‍ഗാമില്‍ പോകാന്‍ ഓടി വന്നെങ്കിലും നേരെ പോയത് ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയിലേക്കാണ്. രാജ്യത്തിന്റെ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അതിന്റെ തെളിവാണ് കലാപം നടക്കുന്നിടങ്ങളിലേക്കും തീവ്രവാദികള്‍ ദുരന്തം ഉണ്ടാക്കിയ ഇടങ്ങളിലേക്കും അദ്ദേഹം പോകാതിരിക്കുന്നതിന്റെ കാരണം. പഹല്‍ഗാം സംഭവം ഉണ്ടായിട്ടും പൂഞ്ചില്‍ നിരവധി ഇന്ത്യക്കാര്‍ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും മോദി ആ വഴിക്ക് പോയിട്ടില്ല. കയ്യില്‍ പരിഹാരം ഇല്ലാത്ത ഒരിടത്തേക്കും അദ്ദേഹം പോകാറില്ല എന്നര്‍ത്ഥം. അതുകൊണ്ട് കൂടിയാണ് ഇത്ര അധികം വിദേശയാത്രകള്‍ നടത്തിയിട്ടും അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് വിശദീകരിക്കാനായി വിദേശരാജ്യങ്ങളിലേക്ക് പോകാതിരുന്നത്. പകരം വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള ആളുകളെ തെരഞ്ഞെടുത്ത് പറഞ്ഞയച്ചതും. മോദി പോകുന്നതും പോകാതിരിക്കുന്നതും രാജ്യതന്ത്ര പോരായ്മകളെ തുറന്നു കാണിക്കുന്ന സംഗതിയാണ്.
വിശ്വഗുരു ലോകം മുഴുവന്‍ സഞ്ചരിക്കുന്നു അതിനാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മറ്റ് രാഷ്ട്രത്തലവന്മാര്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടെന്നാണ് ട്രോള്‍ ആര്‍മികള്‍ പ്രചരിപ്പിച്ചിരുന്നത്. സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ പഹല്‍ഗാം സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സിന്ദൂര്‍ ഓപ്പറേഷനെ കുറിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ മോദി തന്നെ ഇറങ്ങിപ്പുറപ്പെടുമായിരുന്നില്ലേ? രാഷ്ട്രീയ പ്രസംഗം അല്ല ഡിപ്ലോമസി. ലോകരാഷ്ട്രങ്ങളില്‍ ‘ വിശ്വ ഗുരുവിന് ‘ഒരു സ്വാധീനവും ഇല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കാനഡയില്‍ നടക്കുന്ന ജി-7 യോഗത്തിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി അവസാന നിമിഷം ക്ഷണിക്കപ്പെട്ടത് എന്നത്. 2019 മുതല്‍ സ്ഥിരമായി ഇന്ത്യയെ വിളിച്ചു കൊണ്ടിരുന്നതാണ്…
പഹല്‍ഗാം സംഭവത്തിന്റെ വെളിച്ചത്തില്‍ താനൊരു തോറ്റ വിശ്വഗുരു ആണെന്ന ബോധ്യം അദ്ദേഹത്തിനെങ്കിലും ഉണ്ടായി കാണണം. ഇന്ത്യ കണ്ട ഏറ്റവും കരുത്തുള്ള രാഷ്ട്രീയ നേതാവാണ് മോദി എന്ന സംഘപരിവാര്‍ ട്രോളുകളുടെ വ്യാജ പ്രചാരണം ആണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. വിദേശ രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ മുഖം രക്ഷിക്കാന്‍ മോദിക്ക് ബിജെപി ഇതര പാര്‍ട്ടികളിലെ നേതാക്കളെ തന്നെ തെരഞ്ഞെടുത്ത് അയക്കേണ്ടി വന്നത് തന്റെയും തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെയും പരിമിതികള്‍ ഈ കാര്യത്തില്‍ പൂര്‍ണ്ണ ബോധ്യമായതുകൊണ്ടാണ്. മുഖ്യ ശത്രുവായ കോണ്‍ഗ്രസിന്റെ നേതാക്കളെ തന്നെ തിരഞ്ഞെടുക്കേണ്ടി വന്നത് അതുകൊണ്ടാണ്. സഖ്യ കക്ഷികളെ പോലും താറടിക്കാനും വിഭജിക്കാനും കഴിഞ്ഞ 11 വര്‍ഷക്കാലങ്ങളില്‍ ശ്രമിച്ചിരുന്ന ബിജെപിയുടെയും മോദിയുടെയും പ്രധാന മുദ്രാവാക്യം കോണ്‍ഗ്രസ് മുക്ത ഭാരതം എന്നായിരുന്നു. എന്നിട്ട് ഇപ്പോള്‍ എന്തായി? കോണ്‍ഗ്രസില്‍ തന്നെയുള്ള ശശി തരൂരിനെ പോലുള്ള ഒരാളെ ടീമില്‍ എടുക്കേണ്ടി വന്നു! വീമ്പടിച്ച വിശ്വഗുരു തോറ്റു. ഏഴ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ വിദേശങ്ങളിലേക്ക് പറഞ്ഞയക്കാന്‍ തീരുമാനിച്ചതിനെ പബ്ലിസിറ്റി സ്റ്റണ്ട് ആയോ ഇവന്റ് മാനേജ്‌മെന്റ് പരിപാടിയായോ കണ്ടു വിമര്‍ശിക്കുന്നവരും ഉണ്ട്. പക്ഷേ ഓപ്പറേഷന്‍ സിന്ദൂരിലൂടെ തന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാനും വ്യാജ ദേശീയത ഉത്പാദിപ്പിക്കാനും വേണ്ടി മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണ് മോദി നടത്തിയത്. പട്ടാളക്കാരന്റെ വേഷത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയ ശേഷം രാജ്യം മുഴുവന്‍ ഫ്‌ളക്‌സുകള്‍ വച്ചു. റെയില്‍വേ ടിക്കറ്റുകളില്‍ പോലും ആ ചിത്രങ്ങള്‍ അച്ചടിച്ചു വന്നു. വിമാനം പറപ്പിച്ച പ്രധാനമന്ത്രിയും പ്രസിഡന്റും ഉണ്ടായിരുന്ന ഒരു രാജ്യത്താണ് ഇപ്പോള്‍ ഒരു പ്രധാനമന്ത്രി ‘ഫാന്‍സി ഡ്രസ്സ്’ നടത്തുന്നത്. പഹല്‍ഗാമില്‍ ആക്രമണം അഴിച്ചുവിട്ട തീവ്രവാദികളെ പിടിക്കാന്‍ ഇതുവരെ മോദിക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ട് ഓപ്പറേഷന്‍ സിന്ദൂരിന്റെ ക്രെഡിറ്റ് പറഞ്ഞു നടക്കുന്നു. മമത ബാനര്‍ജി ചോദിച്ചതാണ് ശരി.’ എല്ലാ സ്ത്രീകള്‍ക്കും ആത്മാഭിമാനം ഉണ്ട്, അവര്‍ സിന്ദൂരം എടുക്കുന്നത് ഭര്‍ത്താവില്‍ നിന്നാണ്. നിങ്ങള്‍ ആദ്യം പോയി സ്വന്തം ഭാര്യയെ സിന്ദൂരമണിയിക്കൂ’. ഓപ്പറേഷന്‍ സിന്ദൂരിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ച മോദിയോട് മമത തുറന്നടിച്ചത് മോദിയെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. സിന്ദൂരത്തിന്റെ സെന്റിമെന്റ്‌സ് വോട്ടാക്കി മാറ്റാനുള്ള പണി അതോടെ നിന്നു.
പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഭീകരവാദത്തിന്റെ ഇരയാണ് എക്കാലത്തും ഇന്ത്യ എന്ന് ലോകത്തിന്റെ മുമ്പില്‍ സ്ഥാപിക്കാനുള്ള അവസരമാണ് പഹല്‍ഗാം സംഭവവും ഓപ്പറേഷന്‍ സിന്ദൂരും, എങ്കിലും ഈ കാര്യം ലോകത്തെ ബോധ്യപ്പെടുത്താന്‍ ആയി സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവരെക്കാളും സ്വന്തം ഗവണ്‍മെന്റിനെക്കാളും മോദിക്ക് ആശ്രയിക്കേണ്ടി വന്നത് പ്രതിപക്ഷ പാര്‍ട്ടികളെ ആയിരുന്നു. ലോക തലസ്ഥാനങ്ങളില്‍ ചെന്ന് ഈ കാര്യം ഉറക്കെ ശബ്ദിക്കാന്‍ തന്റെ വിശ്വഗുരു പട്ടം പോരാ എന്ന് മോദിക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. രാജ്യത്തിന് നേരിട്ട ഒരു പ്രശ്‌നം തങ്ങളുടെ രാഷ്ട്രീയപാര്‍ട്ടികളുടെ നേട്ടത്തിനു വേണ്ടി ഉപയോഗിക്കില്ല എന്നുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം മാതൃകാപരമായിരുന്നു. പ്രധാനമന്ത്രിയാണ് ഓപ്പറേഷന്‍ സിന്ദൂരിനെ രാഷ്ട്രീയവല്‍ക്കരിച്ചത്. ബില്‍ഡ് അപ്പ് കൊണ്ട് ലോക തലസ്ഥാനങ്ങളില്‍ ചെന്ന് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റില്ലെന്ന് മോദിയുടെ പി ആര്‍ ടീമിനും ഇതോടെ പിടികിട്ടി കാണും. ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഇച്ഛാശക്തിയും ഡിപ്ലോമസിയും കാര്യപ്രാപ്തിയും നയതന്ത്രജ്ഞതയും പി ആര്‍ കൊണ്ട് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതല്ല. 1971 ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് പാകിസ്ഥാനില്‍ നിന്ന് അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് പലായനം ചെയ്തു കൊണ്ടിരുന്ന സമയത്ത് അന്തര്‍ദേശീയ തലസ്ഥാനങ്ങളില്‍ ചെന്ന് ഒറ്റയ്ക്ക് ലോക നേതാക്കളോട് ഇന്ത്യയുടെ നിലപാട് അറിയിച്ച ആളായിരുന്നു ഇന്ദിരാഗാന്ധി. കടലാസിലെ വിശ്വഗുരുവിന് ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള ഉരുക്കുശക്തിയില്ല.
സ്വന്തം രാജ്യത്തെ ജനങ്ങളെ കരുത്തുറ്റവരും സമ്പന്നരും ആക്കാന്‍ സാധിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് വിശ്വഗുരു ആവാന്‍ സാധിക്കുക.
ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞ ഉടനെ, കൊളംബിയ പാക്കിസ്ഥാന് അനുകൂലമായ നിലപാടാണ് എടുത്തത്. ഈ മിലിറ്ററി ഓപ്പറേഷന്റെ ഭാഗമായി പാകിസ്ഥാനില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊളംബിയ അനുശോചനം അറിയിക്കുകയാണ് ഉണ്ടായത്. പഹല്‍ ഗാമില്‍ തീവ്രവാദികള്‍ 26 പേരെ നിഷ്‌കരുണം വക വരുത്തിയതിനെക്കുറിച്ച് കൊളംബിയ യാതൊന്നും മിണ്ടിയില്ല. വിശ്വഗുരുവിന്റെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് നോക്കണേ. അവസാനം ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി പാര്‍ലമെന്ററി പ്രതിനിധി സംഘം കൊളംബിയയില്‍ എത്തുകയും അവിടുത്തെ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ ഫലമായി കൊളംബിയ നിലപാട് മാറ്റുകയാണുണ്ടായത്. പാക്കിസ്ഥാന് അനുകൂലമായ പ്രസ്താവന അവര്‍ പിന്‍വലിച്ചു. എഎന്‍ഐ ഈ കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ്. അവിടെയും വിശ്വഗുരു തോറ്റു. ഇതിനുശേഷമാണ് ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ചുള്ള മോദിയുടെ ഷോ ഇന്ത്യക്കാര്‍ കണ്ടത്. എട്ടു ദിവസത്തിനുള്ളില്‍ 9 റാലികളില്‍ മോദി പങ്കെടുത്തു. രാജസ്ഥാന്‍ ഗുജറാത്ത് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നടത്തിയ റാലികളില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ വിജയം തന്റെ മിടുക്കാണെന്നുള്ള രീതിയില്‍ പ്രസംഗിച്ചു. തന്റെ സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിക്കാന്‍ കാരണമെന്നും പറയുകയുണ്ടായി. സ്വദേശ നിര്‍മ്മിത ആയുധങ്ങള്‍ കൊണ്ടാണ് പട്ടാളം കരുത്ത് കാണിച്ചതെന്നും പ്രസംഗിച്ചു (ബുദ്ധിയുള്ളവരുടെ ഓര്‍മ്മയില്‍ ഒരു കാര്യം തീര്‍ച്ചയായും കാണും, പട്ടേലിന്റെ പ്രതിമ നിര്‍മിച്ചപ്പോഴും പുതിയ പാര്‍ലമെന്റ് പണികഴിപ്പിച്ചപ്പോഴും അതിന് ആവശ്യമായ ഉരുക്ക് ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുകയാണുണ്ടായത്. ഇതാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ മഹത്വം). പങ്കെടുത്ത റാലികളില്‍ ഉടനീളം പട്ടാളക്കാരന്റെ വേഷത്തിലുള്ള മോദിയുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും, ഓപ്പറേഷന്‍ സിന്ദൂരും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ മാത്രമേ വിശ്വഗുരുവിന് സാധിക്കുന്നുള്ളൂ… തന്റെ പാര്‍ട്ടിയിലുള്ള മന്ത്രിമാര്‍ പോലും ഓപ്പറേഷന്‍ സിന്ദൂരില്‍ പങ്കെടുത്ത ആര്‍മി ഓഫീസറെ അവഹേളിച്ചതിനെക്കുറിച്ചൊന്നും മോദിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി അയയ്ക്കപ്പെട്ട പ്രതിസംഘങ്ങളിലൊന്ന്
ഇതിനിടെ ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി ഉണ്ടായി. ഇന്ത്യന്‍ ഡിഫന്‍സ് സ്റ്റാഫിന്റെ തലവന്‍ ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ മോദിയെയും വെട്ടില്‍ ആക്കിയിരിക്കുന്നത്. ‘എത്ര ഫൈറ്റര്‍ ജെറ്റുകള്‍ വെടിവെച്ചിട്ടു എന്നതല്ല പ്രശ്‌നം. അത് എന്തുകൊണ്ട് വെടിവെച്ചിട്ടു, ഈ കാര്യത്തില്‍ എന്തു വീഴ്ചയാണ് വന്നത് എന്നതാണ് പ്രധാനം’. സിംഗപ്പൂരില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി പോളിസി ഇവന്റിലാണ്, ബ്ലൂ ബര്‍ഗ് ടിവി റിപ്പോര്‍ട്ടറുടെ ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
വീഴ്ചകള്‍ അന്വേഷിക്കപ്പെടേണ്ടതാണ്. ഓപ്പറേഷന്‍ സിന്ദൂരിന്റെ ക്രെഡിറ്റ് മോദി എടുക്കുന്നുണ്ടെങ്കില്‍ വീഴ്ചകള്‍ സംഭവിച്ചതിന്റെയും ക്രെഡിറ്റ് മോദിക്ക് ഉള്ളതാണ്. 240 സീറ്റുള്ള ബിജെപിയുടെയും മോദിയുടെയും കഴിവില്ലായ്മ, സര്‍വ്വകക്ഷി പ്രതിനിധി സംഘം തുറന്നുകാട്ടിയിരിക്കുകയാണ്. ലോകത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ നിലപാട് ഉറക്കെ സംസാരിക്കാന്‍ വിശ്വഗുരുവിനും അവരുടെ പി ആര്‍ ടീമിനും ശക്തി പോരാ എന്നാണ് ഈ കാര്യങ്ങളെല്ലാം അടിവരയിടുന്നത്. മോദി തോറ്റ വിശ്വഗുരുവാണ്. Operation Sindoor proved that Narendra Modi is a failed world leader.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary; Operation Sindoor proved that Narendra Modi is a failed world leader.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.