UPDATES

ബ്ലോഗ്

അഴീക്കോടും കൊടുവള്ളിയും ചില തത്പരകക്ഷികളുടെ രാഷ്ട്രീയക്കളികളും

ഒരേ കോടതിയിലെ രണ്ടു വ്യത്യസ്ത ജഡ്ജിമാര്‍ പുറപ്പെടുവിച്ച വിധി പ്രസ്താവനകളെ രണ്ടായി കാണാനാണ് തല്പര കക്ഷികള്‍ക്ക് താല്‍പ്പര്യം എന്നതാണ് ഏറെ കൗതുകകരം

കെ എ ആന്റണി

കെ എ ആന്റണി

                       

കോഴിക്കോട് ജില്ലയില്‍പ്പെട്ട കൊടുവള്ളി നിയമസഭ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തിരെഞ്ഞെടുപ്പ് അസാധുവാക്കി കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഇന്നലെ പുറപ്പെടുവിച്ച വിധിയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ(തല്പര കക്ഷികളുടെ) പ്രതികരണങ്ങള്‍ ഒട്ടൊരു ചിരിക്കും അതിലേറെ ചിന്തക്കും വഴിവെക്കുന്ന ഒന്നു തന്നെ. കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗിലെ കെ എം ഷാജിയുടെ തെരെഞ്ഞെടുപ്പ് അസാധുവാക്കുകയും ടിയാന് തുടര്‍ന്നങ്ങോട്ട് ആറു വര്‍ഷം മത്സരിക്കാന്‍ അര്‍ഹതയില്ലെന്നും കേരള ഹൈക്കോടതിയുടെ മറ്റൊരു സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവം രണ്ടു മാസം പിന്നിടുന്നതിനിടയിലാണ് ഏതാണ്ട് സമാനമായ മറ്റൊരു വിധി കൊടുവള്ളിയില്‍ നിന്നുള്ള കാരാട്ട് റസാഖിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളത്. ഏതാണ്ട് എന്ന് സൂചിപ്പിച്ചത് റസാഖിന്റെ കാര്യത്തില്‍ ആറു വര്‍ഷത്തെ വിലക്കിന്റെ കാര്യം കോടതി വിധിയില്‍ പറഞ്ഞിട്ടില്ല എന്നത് കൊണ്ടു മാത്രമാണ്. സത്യത്തില്‍ വിധി രണ്ടും ഒന്നു തന്നെ. ഹര്‍ജിക്കാരുടെ പരാതികള്‍ കോടതി പരിശോധിക്കുകയും അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്നു വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവം നടത്തുകയും ചെയ്തിരിക്കുന്നു എന്നു മാത്രമേ പൊതുവായി കാണാനാകൂ.

എന്നാല്‍ ഒരേ കോടതിയിലെ രണ്ടു വ്യത്യസ്ത ജഡ്ജിമാര്‍ പുറപ്പെടുവിച്ച വിധി പ്രസ്താവനകളെ രണ്ടായി കാണാനാണ് തല്പര കക്ഷികള്‍ക്ക് താല്‍പ്പര്യം എന്നതാണ് ഏറെ കൗതുകകരം. തത്പരകക്ഷികള്‍ എന്നു പറയുമ്പോള്‍ പ്രധാനമായും യു ഡി എഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗും എല്‍ ഡി എഫിനെ നയിക്കുന്ന സിപിഎമ്മും തന്നെ. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അവര്‍ ജയിച്ച അഴീക്കോട് മണ്ഡലത്തില്‍ കോടതി വിധി ക്ഷീണം ഉണ്ടാക്കിയെങ്കില്‍ കൊടുവള്ളി തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അഴീക്കോട് ഉണ്ടായ ക്ഷീണം മറക്കാന്‍ പോന്ന ഒരു അനുകൂല വിധി വന്നിരിക്കുന്നു. അതേ സമയം സിപിഎമ്മിനാവട്ടെ അഴിക്കോട് തിരെഞ്ഞെടുപ്പ് സംബന്ധിച്ചു ഉണ്ടായ കോടതി വിധിയുടെ ഗ്ലാമര്‍ കൊടുവള്ളിയില്‍ നഷ്ടപ്പെട്ടിരിക്കുന്നു. അപ്പോള്‍ പിന്നെ അഴീക്കോട് ആഹ്ലാദിച്ചവര്‍ കൊടുവള്ളിയില്‍ നിരാശപ്പെടുകുകയും അഴീക്കോട് നിരാശപ്പെട്ടവര്‍ കൊടുവള്ളിയില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നത് തികച്ചും സ്വാഭാവികം മാത്രം.

എന്നാല്‍ ഏറെ ചരിപ്പിക്കുന്ന മറ്റൊരു കാര്യം അഴീക്കോട് മണ്ഡലം സംബന്ധിച്ച കോടതി വിധി വന്നപ്പോള്‍ വിധി പ്രസ്താവിച്ച ജഡ്ജി സിപിഎമ്മുകാരന്‍ എന്നു പറഞ്ഞ മുസ്ലിം ലീഗ് തങ്ങള്‍ക്കു അനുകൂലമായ ഒരു വിധി കൊടുവള്ളിയുടെ കാര്യത്തില്‍ പ്രസ്താവിച്ച ജഡ്ജിയെ വാഴ്ത്തുന്നത് തന്നെയാണ്. കൊടുവള്ളിയുടെ കാര്യത്തില്‍ വിധി പ്രസ്താവം നടത്തിയ ജഡ്ജിയുടെ കാര്യത്തില്‍ സി പി എം നേതൃത്വത്തിന് ഇതേ നിലപാട് തന്നെയാണോ ഉള്ളതെന്നറിയില്ല. എങ്കിലും അത്ര പരസ്യമാല്ലാത്ത വിധം ചിലരൊക്കെ ജഡ്ജിയെ കുറ്റം പറയുന്നുണ്ടുതാനും. ഇതൊക്കെ കാണുമ്പോള്‍ സത്യത്തില്‍ അനുകൂല വിധി വരുമ്പോള്‍ ജഡ്ജിയെ സ്തുതിക്കുകയും വിധി എതിരെങ്കില്‍ ഭളള് പറയുകയും ചെയ്യുന്ന സിവില്‍ കേസുകള്‍ നടത്തി തറവാട് കുളം തോണ്ടിയ പഴയ കാല കാരണവന്മാരെയാണ്. പൊതു തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച ഒരു ഹൈക്കോടതി വിധിയും അക്കാര്യത്തില്‍ ഒരു അവസാന വാക്കല്ലെന്നു അറിയാത്തവരല്ല നമ്മുടെ രാഷ്ട്രീയക്കാര്‍. എങ്കിലും താല്‍ക്കാലികമായെങ്കിലും ഏല്‍ക്കുന്ന ഇത്തരം പ്രഹരങ്ങള്‍ക്കു മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ചില ഗിമ്മിക്കുകളൊക്കെ കാണിച്ചേ മതിയാവു എന്നവര്‍ക്കറിയാം. അതുകൊണ്ടു തന്നെ ആളുകളുടെ കണ്ണില്‍ പൊടിയിട്ട് തങ്ങളാണ് ശരിയെന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇക്കാര്യങ്ങളൊക്കെ പൊതുജനത്തിനും അറിയാമെന്നു അവര്‍ക്കറിയാമെങ്കിലും പഠിച്ചത് പാടാന്‍ തന്നെയാണ് പെരുത്തിഷ്ടം എന്നു വേണമെങ്കില്‍ പറയാം.

എന്നാല്‍ ചിന്തിപ്പിക്കുന്ന മറ്റൊരു വിഷയം കൂടി ഇത്തരം ഗിമ്മിക്കുകള്‍ക്കു പിന്നിലുണ്ടെന്നത് കാണാതെ പോകരുത്. തങ്ങളുടെ മഞ്ചേശ്വരം എം എല്‍ എ ആയിരുന്ന അബ്ദുല്‍ റസാഖിന്റെ തിരെഞ്ഞുടുപ്പു വിജയം കോടതി കയറുകയും വിധി വരും മുന്‍പേ അദ്ദേഹം മരണപ്പെടുകയും ചെയ്തതിനു തൊട്ടു പിന്നെയായിരുന്നു അഴീക്കോട്ടെ തങ്ങളുടെ തന്നെ എം എല്‍ എ ആയിരുന്ന കെ എം ഷാജിയുടെ തിരെഞ്ഞുടുപ്പു കേരള ഹൈക്കോടതി റദ്ദാക്കിയതെന്നത് മുസ്ലിം ലീഗിനെ ഒട്ടൊന്നുമല്ല ക്ഷീണിപ്പിച്ചത്. കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിച്ച തിരുവമ്പാടിക്ക് പിന്നാലെ കൊടുവള്ളിയിലും പരാജയം സംഭവിച്ചെങ്കിലും യു ഡി എഫില്‍ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രെസ്സിനെക്കാള്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയെന്നു അഹങ്കരിച്ചു കോണ്‍ഗ്രെസ്സിനെക്കൂടി ഭരിച്ചു നടക്കുന്നതിനിടയിലായിരുന്നു കെ എം ഷാജിയുടെ തിരെഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധിയും അതിനു സ്‌റ്റേ തേടി സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് അത് ലഭിക്കാതിരുന്നതും. ലോക് സഭ തിരെഞ്ഞെടുപ്പ് പടിവാതുക്കല്‍ നില്‍ക്കുമ്പോള്‍ മൂന്നാം സീറ്റെന്ന പഴയ പൂതി മുന്നോട്ടു വെക്കാനുള്ള ഒരു അവസരമായാണ് മുസ്ലിം ലീഗ് കൊടുവള്ളിയിലെ അനുകൂല വിധിയെ നോക്കിക്കാണുന്നത് എന്നതാണ് വാസ്തവം.

സി പി എമ്മിനെ സംബന്ധിച്ചിടത്തോളം മുസ്ലിം ലീഗിന്റെ തട്ടകങ്ങളില്‍ അവരെ തോല്‍പ്പിക്കാന്‍ പോന്നവരെ എക്കാലത്തും പ്രോത്സാഹിപ്പിച്ച ചരിത്രമാണുള്ളത്. അക്കൂട്ടത്തില്‍ പെട്ട ഒരാള്‍ തന്നെയാണ് സീറ്റു നിഷേധത്തെ തുടര്‍ന്ന് റിബലായി മത്സരിക്കാന്‍ ഇറങ്ങിയ കാരാട്ട് റസാഖും. കരം വെട്ടിച്ചു കൊണ്ടുവന്ന തന്റെ കാറില്‍ കയറ്റി സി പി എം സാംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അപഹാസ്യനാക്കിയ ആളൊക്കെയാണ് റസാഖ് എന്നതൊക്കെ ശരിയെങ്കിലും സി പി എം കോഴിക്കോട് കമ്മിറ്റിക്കു ഏറെ വേണ്ടപ്പെട്ട ഒരാള്‍ എന്ന നിലയിലാവണം പാര്‍ട്ടിയിലെ ചിലരെങ്കിലും റസാഖിനെ ഇപ്പോഴും ന്യായീകരിക്കുന്നത്. പക്ഷെ മുസ്ലിം ലീഗിനെ എതിര്‍ക്കുമ്പോഴും ഇത്തരം സ്വതന്ത്രന്മാര്‍ അഥവാ വരത്തന്മാര്‍ പാര്‍ട്ടിക്ക് ഉണ്ടാക്കിവെക്കുന്ന ക്ഷീണം ചില്ലറയൊന്നുമല്ലെന്നു തിരിച്ചറിഞ്ഞാല്‍ നല്ലത്‌

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

Share on

മറ്റുവാര്‍ത്തകള്‍