UPDATES

കേരളം

പെണ്ണുടുപ്പിനുള്ളിലെ മുഴുപ്പ് തിരയുന്നവര്‍

കുടുംബത്തിന്റെ അഭിമാനം പോയെന്നും ഇനി എന്നെ വിവാഹം കഴിക്കാന്‍ ആരും വരില്ലെന്നും അമ്മ പതം പറഞ്ഞു.

                       

ഭവ്യ വേലായുധന്‍

അലറിക്കരഞ്ഞും പുതപ്പു വലിച്ചു നീക്കിയുമാണ് ഞാന്‍ ഉണര്‍ന്നത്. വിയര്‍പ്പുതുള്ളികള്‍ നട്ടെല്ലിലൂടെ ഒഴുകിയിറങ്ങി പാവാടയുടെ നേര്‍ത്തതുണിയെ കുതിര്‍ക്കുന്നത് ഞാന്‍ അറിഞ്ഞു. ഉറയ്ക്കാത്ത ഇളംമുലകള്‍ അവിടെത്തന്നെയുണ്ടോ എന്ന് ഉടുപ്പിനുള്ളിലേയ്ക്ക് നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു. ജഗ്ഗെടുത്ത് വെള്ളം കുടിച്ചപ്പോള്‍ ഉടുപ്പും കുതിര്‍ന്നു. എനിക്ക് ശരീരത്തില്‍ നിന്ന് മുലകള്‍ നീക്കം ചെയ്യണമായിരുന്നു. ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇത്രമേല്‍ ദുരിതത്തിലാക്കുന്ന മറ്റൊരു അവയവമില്ല. അല്‍പ്പസമയം കിടന്നത് ഒരു ആശ്വാസമായി. കിടപ്പു മുറിയിലെത്തിയ തണുത്ത കാറ്റ് തലവേദനയും ശമിപ്പിച്ചു. പുറത്തെ മരങ്ങളുടെ നിഴലുകള്‍ ജനാലയില്‍ വിചിത്രരൂപങ്ങള്‍ തീര്‍ത്തിരുന്നു. തെരുവ് വിളക്കുകള്‍ അണഞ്ഞുകിടന്നത് അത്ഭുതപ്പെടുത്തിയില്ല.

‘നേരത്തെ എണീറ്റ് മുറ്റമടിച്ചാലെന്താ?’ അമ്മ ഉറക്കെ ചോദിച്ചു. ഞാന്‍ മുഖത്തുനിന്നും പുതപ്പുമാറ്റി അമ്മയെ നോക്കി. ചൂലുമായി അമ്മ മുറിയിലെത്തിയിരുന്നു. ചൂലിലെ പൊടി എനിക്ക് തുമ്മലുണ്ടാക്കി. ടൈംപീസില്‍ സമയം ആറുമണി.

‘മടിപിടിച്ചിരുന്നോ, ഭര്‍ത്താവിന്റെ വീട്ടില്‍ ചെല്ലുമ്പോ പഠിക്കും’, അമ്മ അടുക്കളയില്‍ നിന്ന് വിളിച്ചുപറഞ്ഞു. എനിക്ക് മറുപടി പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും മിണ്ടിയില്ല. പതിമൂന്നാംവയസ് മാത്രമുള്ള എന്റെ കല്യാണത്തെപ്പറ്റി ചിന്തിക്കാന്‍ അമ്മയ്ക്ക് കഴിയുന്നതെങ്ങനെ എന്ന് ഞാന്‍ ഓര്‍ത്തു. ജോലികിട്ടുന്നത് വരെ ഞാന്‍ കല്യാണം കഴിക്കില്ല. അത്ര തന്നെ.

ഞാന്‍ എന്തിനാണ് ഈ വീട്ടില്‍ വന്നു ജനിച്ചത്? ഞാന്‍ പ്രകാശ് മാമ്മന്റെ മകളായി ജനിച്ചാല്‍ മതിയായിരുന്നു. മാമന്‍ ചെന്നൈയിലാണ്, മക്കള്‍ നല്ല നിലയിലാണ് ജീവിക്കുന്നത്. എന്നെപ്പോലെയല്ല, അവര്‍ ബുദ്ധിയുള്ളവരാണ്, സ്മാര്‍ട്ട് ആണ്. പത്താം ക്ലാസ് നന്നായി പഠിച്ചുപാസായാല്‍ എന്നേയും ചെന്നൈയ്ക്ക് കൊണ്ടുപോകാം എന്ന് മാമന്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മുതല്‍ അമ്മ എന്നെ ‘കളക്ടര്‍ മാഡം, തുണി അലക്കിയാട്ടെ, കളക്ടര്‍ മാഡം, എണീറ്റാട്ടെ എന്നൊക്കെപ്പറഞ്ഞു കളിയാക്കും. എനിക്കത് വെറുപ്പാണ്. ചില നേരം എനിക്ക് അമ്മയെ വല്ലാതെ വെറുപ്പാണ്. എന്റെ അമ്മ അതാല്ലായിരുന്നെങ്കില്‍. ഭാവനയുടെ അമ്മയാണ് ഏറ്റവും നല്ല അമ്മ. ഭാവനയുടെ അമ്മയ്ക്ക് അവളോട് വലിയ ഇഷ്ടമാണ്. ഒരിക്കലും അവളെ വഴക്ക് പറയാറില്ല. അവര്‍ കൂട്ടുകാരെപ്പോലെയാണ് അന്യോന്യം സംസാരിക്കാറ്. ഭാവനയ്ക്ക് അമ്മയറിയാത്ത രഹസ്യങ്ങള്‍ ഒന്നുമില്ല. അവള്‍ ഭാഗ്യവതിയാണ്. ഞാന്‍ അമ്മയോട് മനസു തുറന്നു സംസാരിച്ച ഓര്‍മ്മ പോലുമില്ല.

സ്‌കൂളിലേയ്ക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങും മുന്‍പ് ഞാന്‍ നന്നായി പ്രാര്‍ത്ഥിച്ചു. ദൈവം എന്റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നില്ലെന്ന് തോന്നുന്നു. ഞാന്‍ ഒരുവര്‍ഷത്തിലേറെയായി പ്രാര്‍ഥിക്കുന്നെങ്കിലും സ്‌കൂളില്‍ പോകുന്നവഴി ഞാന്‍ ഇന്നുവരെ പീഡിപ്പിക്കപ്പെടുന്നു. മെയിന്റോഡിലേയ്ക്ക് നടക്കുന്ന വഴിയൊക്കെ ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നെ സഹായിക്കാന്‍ ആരുമില്ല. എനിക്കൊരു സഹോദരനുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു.

ഞാന്‍ എട്ടേകാലിന്റെ ബസില്‍ കയറി എന്റെ കാല്‍വിരല്‍ നോക്കിനിന്നു. പെട്ടെന്ന് ആരോ എന്നെ തൊട്ടു, ഞാന്‍ ആ സ്പര്‍ശം തിരിച്ചറിഞ്ഞു. ഞാന്‍ എന്റെ സ്‌കൂള്‍ യൂണിഫോമിന്റെ പോക്കറ്റില്‍ നിന്നും ഒരുരൂപ നാണയമെടുത്തു. അയാളുടെ മുഖം നോക്കാതെ ഞാന്‍ അത് കൊടുത്തു. വീണ്ടും ടിക്കറ്റ് വയ്ക്കാന്‍ ഞാന്‍ പോക്കറ്റിനുള്ളില്‍ വലതുകൈ കടത്തി. അയാളെ എനിക്ക് വെറുപ്പാണ് .

ബസില്‍ നിന്നിറങ്ങവേ വീണ്ടും ഞാന്‍ ആ സ്പര്‍ശം തിരിച്ചറിഞ്ഞു. എന്തുകൊണ്ടു കേരളത്തിലെ ബസുകളില്‍ സ്ത്രീകളെ സഹായിക്കാനെന്ന വ്യാജേന ഈ ക്ലീനര്‍മാരെ നിര്‍ത്താതെ ഓടിച്ചു കൂടായെന്ന് ഞാന്‍ പല ഉറക്കംകിട്ടാത്ത രാത്രികളിലും ഓര്‍ത്തിട്ടുണ്ട്. അഞ്ചുമാസം മുന്‍പ് ഞാന്‍ മുന്‍സീറ്റിലിരുന്നപ്പോള്‍ അയാള്‍ എന്റെ കയ്യില്‍ പിടിച്ചു. ഞാന്‍ തുറിച്ചുനോക്കിയപ്പോള്‍ അയാള്‍ കണ്ണിറുക്കികാണിച്ചു. പെട്ടെന്നു ഒരു മിന്നല്‍പോലെ ഉള്ളില്‍ ഒരു തണുപ്പ്, എന്റെ ഹൃദയം വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി. എന്റെ സീറ്റിനരികില്‍ സാധാരണയെന്ന പോലെ അയാള്‍ കൈ വെച്ചതാണെന്നു എനിക്ക് മനസിലായി. അയാള്‍ എന്റെ കാലില്‍ നുള്ളി. ഞാന്‍ മരവിച്ചുപോയി. എന്റെ സുഹൃത്തുക്കള്‍ ഇറങ്ങാനായി ഡോറിന് അരികിലെത്തുന്നത് ഞാന്‍ കണ്ടെങ്കിലും എനിക്ക് സീറ്റില്‍ നിന്ന് എണീക്കാന്‍ പോലും കഴിഞ്ഞില്ല. എന്റെ കാലുകള്‍ വിറച്ചിരുന്നു. എന്റെ കൈകള്‍ വിയര്‍ത്തിരുന്നു. വയറ്റില്‍ പൂമ്പാറ്റകള്‍ പറന്നിരുന്നു. സാധാരണപോലെ ഇരിക്കാനായി ഞാന്‍ ഒരു ദീര്‍ഘശ്വാസം എടുത്തപ്പോഴാണ് അതുണ്ടായത്. കണ്ടക്ടര്‍ എന്റെ കയ്യില്‍ പിടിച്ച് എന്നെ സീറ്റില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു, ‘സ്വപ്നം കണ്ടിരിക്കുവാണോ?’. എന്റെ കയ്യില്‍ പിടിക്കാനായി അയാള്‍ ഈ അവസരത്തില്‍ എന്റെ ഉടുപ്പിന്റെ കയ്യുടെ ഉള്ളിലേയ്ക്ക് കൈ കടത്തി. ഞാന്‍ ഡോറിലേയ്ക്ക് ഓടി പതിയെ ചലിച്ചുതുടങ്ങിയ ബസില്‍ നിന്നും ചാടിയിറങ്ങി. ഇറങ്ങുന്നതിനിടെ എന്നെ പുറത്തിറക്കാണെന്ന ഭാവത്തില്‍ ക്ലീനര്‍ എന്നെ കെട്ടിപ്പിടിച്ചു.

എന്റെ അമ്മയ്ക്ക് എന്നോട് സ്‌നേഹമില്ലെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. അമ്മ ഞാന്‍ പറയുന്നത് കേള്‍ക്കാറേയില്ല. എന്നെ വിവാഹം കഴിച്ചയാക്കാന്‍ സ്ത്രീധനം ഉണ്ടാക്കാനുള്ള പണം എങ്ങനെയുണ്ടാക്കും എന്നുമാത്രമാണ് അമ്മ സംസാരിക്കുന്നത്. അച്ഛന്‍ ഇല്ലാത്തത്തിന്റെ സങ്കടത്തിലാണ് എന്നോട് അമ്മ ഇങ്ങനെ വിചിത്രമായി, സ്‌നേഹമില്ലാതെ ഇടപെടുന്നത് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.

എന്റെ പേടിസ്വപ്നങ്ങളിലും എന്റെ പകല്‍ക്കിനാവുകളിലും വരാറുള്ള പുരുഷന്മാരെപ്പറ്റി അമ്മയോട് പറയാന്‍ എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ടായിരുന്നു. എനിക്കവരെ എത്ര വെറുപ്പാണെന്നും അവര്‍ എന്നെ തൊടുകയും നുള്ളുകയും ഒക്കെ ചെയ്യുമ്പോള്‍ എത്രത്തോളം ഞാന്‍ എന്നെത്തന്നെ വെറുക്കുന്നുവെന്നും. ഒരിക്കല്‍ ഉച്ചനേരത്ത് ഞാന്‍ രേഷ്മയോട് അയാളെപ്പറ്റി പറഞ്ഞു. സ്‌കൂളില്‍ ചേര്‍ന്ന കാലം മുതല്‍ ക്ലാസില്‍ അടുത്ത് ഇരിക്കുന്നതു കൊണ്ടു അവളെ വിശ്വസിക്കാം എന്നെനിക്ക് തോന്നി. എന്നാല്‍ അവള്‍ പറഞ്ഞത് എനിക്ക് വിശ്വസിക്കാനായില്ല. അവള്‍ പറഞ്ഞത് അവരുടെ കൂടെ താമസിക്കുന്ന അച്ഛന്റെ അനുജന്‍ എപ്പോഴും അവളെ മടിയില്‍ ഇരുത്തുമെന്നാണ്. അമ്മ അടുക്കളയില്‍ ഉള്ളപോള്‍ അയാള്‍ അവളുടെ മുലകളെ തഴുകുകയും അയാളുടെ കാല്‍ തിരുമ്മാന്‍ ആവശ്യപ്പെടുകയും സ്‌നേഹത്തോടെയെന്ന പോലെ തലമുടി തഴുകുകയും ചെയ്യുമത്രേ. രേഷ്മയുടെത് ഒരു കൂട്ടുകുടുംബമാണ്. അച്ഛന്‍ കഷ്ടപ്പെട്ടാണ് വീട് നടത്തുന്നത്. എന്തുകൊണ്ടാണ് അമ്മയോട്ട് ഇത് പറയാത്തത് എന്ന് ഞാന്‍ ചോദിച്ചു . അമ്മയ്ക്ക് ഇത് അറിയാമെന്നും അച്ഛനോട് പറയാന്‍ അമ്മ ശ്രമിച്ചെന്നും കേട്ടപ്പോള്‍ ഞാന്‍ വാ പൊളിച്ചുപോയി. എന്റെ ഹൃദയത്തിലേയ്ക്കും ശരീരത്തിലേയ്ക്കും ഒഴുകിവരുന്ന രക്തത്തെപ്പറ്റി എനിക്ക് വിശദീകരിക്കാനറിയില്ല. ചീത്ത കമന്റ് പറയുകയോ തൊടുകയോ ഒക്കെ ചെയ്യുമ്പോള്‍ മുഖത്ത് ഇടിക്കാനാണ് എനിക്ക് തോന്നുക. എന്നാല്‍ മുഷ്ടി ചുരുട്ടിപ്പിടിച്ചു കൊണ്ടു കല്ലുപോലെ ഇരിക്കാന്‍ മാത്രമേ എനിക്ക് കഴിയാറുള്ളൂ. ഞായറാഴ്ചാ മാത്രമാണ് സമാധാനമുള്ള പകല്‍. പക്ഷെ ഞായറാഴ്ച രാത്രികള്‍ കഠിനമാണ്. വീണ്ടും അതേ പീഡകള്‍ സഹിക്കുന്നത് ഓര്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം കൊണ്ടു അലറാന്‍ തോന്നും.

കുറച്ചു ദിവസം മുന്‍പ് ഞാന്‍ മുന്‍ സീറ്റില്‍ കണ്ടക്ടറുടെ സീറ്റില്‍ നിന്ന് ഏറെ അകലെ ഇരിക്കുകയായിരുന്നു. ഞാന്‍ അയാള്‍ക്ക് മുഖം നോക്കാതെ ഒരു രൂപ കൊടുത്തു. ടിക്കറ്റ് തിരികെ പോക്കറ്റിലിട്ടു. തിരക്ക് കൂടിയപ്പോള്‍ അയാള്‍ വന്നു എന്റെ സീറ്റിന്റെ അടുത്ത് നിന്നു. എന്റെ സീറ്റിനരികില്‍ ചാരി നിന്നപ്പോഴേ അയാള്‍ എന്റെ മുലകളിലേക്ക് നോക്കുകയാണെന്ന് എനിക്ക് മനസിലായി. എന്റെ രക്തം തിളച്ചു. ഞാന്‍ ബാഗ് നെഞ്ചോട് ചേര്‍ത്ത് പുറത്തേയ്ക്ക് നോക്കി. ഒരു വൃദ്ധ കയറി വന്നപ്പോള്‍ അയാള്‍ എന്നോട് എണീക്കാന്‍ ഓര്‍ഡറിട്ടു.

വിദ്യാര്‍ഥികള്‍ കേരളത്തിലെ പ്രൈവറ്റ് ബസുകള്‍ നഷ്ടത്തിലാക്കുകയാണെന്ന് അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ഞാന്‍ എണീറ്റ് സീറ്റിന്റെ കൈപിടിയില്‍ പിടിച്ചുനിന്നു. അപ്പോഴാണ് അയാള്‍ ആള്‍ക്കൂട്ടത്തോട് വഴിമാറാനും അയാളെ കടത്തിവിടാനും പറഞ്ഞത്. അപ്പോഴാണ് അതുണ്ടായത്. എന്നെ തള്ളുന്നു എന്നാ ഭാവത്തില്‍ അയാള്‍ എന്റെ മുല പിടിച്ച് ഞെരിച്ചു. എനിക്ക് അപ്പോള്‍ ബോധം പോകുമെന്ന് തോന്നി. എനിക്ക് വയറ് സുഖമില്ലാത്തത് പോലെയും ചര്‍ദ്ദിക്കാന്‍ വരുന്നത് പോലെയും ഒക്കെ തോന്നി. ഞാന്‍ ബലത്തോടെ സീറ്റിന്റെ കമ്പിയില്‍ പിടിച്ച് ആള്‍ക്കൂട്ടത്തിനിടെ നിന്നു. ഈ സംഭവത്തിനു ശേഷം അപരിചിതരായ ആണുങ്ങള്‍ എന്റെ മുലയില്‍ പിടിക്കുന്ന പേടിസ്വപ്നങ്ങള്‍ ഞാന്‍ കണ്ടു. എന്റെ അമ്മ അടുത്ത മുറിയില്‍ കിടന്നിരുന്നു. എങ്കിലും അവര്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. നേരത്തെ കിടന്ന് ഉറങ്ങണമെന്നും അമ്മയുടെ ഉറക്കം കളയരുതെന്നും പറഞ്ഞു. അമ്മ ഉറങ്ങിക്കഴിഞ്ഞാല്‍ എന്നെ മറക്കും. എന്നെ സഹായിക്കാന്‍ ആരെങ്കിലുമുണ്ടായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.

എനിക്ക് രണ്ടുവയസ് ഉള്ളപ്പോഴാണ് അച്ഛനെ നഷ്ടപ്പെടുന്നത്. എന്റെ നിര്‍ഭാഗ്യം എത്രയെന്ന് മനസിലാക്കി തരാനായി അമ്മ പറഞ്ഞിരുന്ന കഥകളിലൂടെ മാത്രമാണ് ഞാന്‍ അച്ഛനെ അറിഞ്ഞത്. രേഷ്മയില്‍ നിന്നാണ് അമ്മയ്ക്ക് എന്നോടുള്ള ദേഷ്യത്തിന്റെ രഹസ്യം ഞാന്‍ അരിഞ്ഞത്. അച്ഛന്‍ മരിക്കാന്‍ കാരണം എന്റെ ജാതകദോഷമാണെന്ന് എതോ ജ്യോത്സ്യന്‍ പറഞ്ഞിരുന്നത്രെ. പലപ്പോഴും ഗ്രാമത്തിലെ മറ്റു അമ്മമാരെപ്പോലെ എന്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു. അവര്‍ മക്കളുടെ തലമുടി ചീകും, അവര്‍ പെണ്മക്കള്‍ മുതിരുന്നത് ആഘോഷിക്കും, അവളെ കാത്തിരിക്കുന്ന രാജകുമാരന്റെ കാര്യം പറഞ്ഞു കളിയാക്കും. ഒരിക്കല്‍ ഞാന്‍ നടയിലിരുന്ന അമ്മയുടെ അരികിലേയ്ക്ക് എണ്ണക്കുപ്പിയുമായി ചെന്നു. അമ്മ എന്നെ ദേഷ്യത്തോടെ നോക്കിയ നോട്ടത്തില്‍ നിന്ന് എനിക്ക് കാര്യം മനസിലായി. എന്നെ വെറുക്കുന്ന ഒരു സ്ത്രീയോട്, എന്റെ സ്ത്രീധനം ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്നതിനെപ്പറ്റി മാത്രം പറയുന്ന ഒരു സ്ത്രീയോട് എന്നെ പീഡിപ്പിക്കുന്നവരെപ്പറ്റി എങ്ങനെ പറയും?

ബസില്‍ കയറുമ്പോഴെല്ലാം എന്നെ തൊടുന്ന ക്ലീനറുടെ കൈ പിടിച്ച് മാറ്റിയശേഷം ഒറ്റയടി കൊടുക്കാന്‍ ധൈര്യമുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. എന്നാല്‍ സ്‌കൂളിലെ കൂട്ടുകാരേയും അയല്‍ക്കാരേയും പരിചയക്കാരേയും ഓര്‍ത്ത് ഞാന്‍ പദ്ധതി ഉപേക്ഷിക്കും. അയാള്‍ എന്നെ പീഡിപ്പിച്ചിരുന്ന രീതി ആലോചിച്ചു എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ആണുങ്ങള്‍ എന്നെ ഇങ്ങനെ പീഡിപ്പിക്കുന്നത്? എന്തിനാണ് സ്ത്രീകള്‍ ഇറങ്ങുന്ന വാതിലില്‍ ഒരു പുരുഷന്‍? സ്ത്രീകള്‍ ഇറങ്ങുമ്പോള്‍ അയാള്‍ ഒരിക്കലും ബസിന്റെ പടിയില്‍ നിന്നും ഇറങ്ങാത്തതെന്ത്? ബസില്‍ കയറുന്ന ഓരോ സ്ത്രീയെയും അയാള്‍ തൊടും. ബസില്‍ ഇരിക്കുന്ന ഓരോ സ്‌കൂള്‍ കുട്ടിയേയും കളിയാക്കും.

ഒന്‍പതാംക്ലാസ് പരീക്ഷ കഴിഞ്ഞു ഞാന്‍ ഉച്ചയ്ക്ക് തിരികെ വീട്ടില്‍ പോവുകയായിരുന്നു. മിക്കവാറും ബസ് ഞാന്‍ ഇറങ്ങുന്ന അവസാന സ്റ്റോപ്പ് എത്തുമ്പോള്‍ കാലിയായിരിക്കും. പലപ്പോഴും റോഡ് പണിക്ക് മേല്‍നോട്ടം വഹിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് ഉണ്ടായിരുന്നതു കൊണ്ടു ഞാന്‍ രക്ഷപെട്ടു. എന്റെ ഭാഗ്യം എന്ന് കരുതി ഞാന്‍ ഈ സുരക്ഷിതത്വം ആസ്വദിച്ചു. വഴിയുടെ നടപ്പാതകളുടെ സൗന്ദര്യം ആസ്വദിച്ചു. പേടിച്ചരണ്ടു ബസില്‍ ഇരിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കാര്യങ്ങള്‍ അന്ന് സാധാരണ പോലെയല്ല എന്നെനിക്ക് തോന്നി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ സ്ഥിരം സീറ്റില്‍ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടില്ല. ക്ലീനറുടെ കണ്ണില്‍ കാമത്തിന്റെ തിളക്കം ഞാന്‍ കണ്ടു. ഞാന്‍ നേരെ നോക്കിയിരുന്നു. എന്റെ ഹൃദയമിടിഞ്ഞു. എനിക്ക് ബസില്‍ നിന്ന് ചാടാന്‍ തോന്നി. ആകെ ബസില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞു പോകുന്ന രണ്ടു സെക്യൂരിറ്റിക്കാരും ട്യൂഷന്‍ കഴിഞ്ഞുപോകുന്ന രണ്ടു പത്താം ക്ലാസുകാരും. ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍, പിന്നെ ഞാനും. പത്താംക്ലാസുകാരില്‍ ഒരാള്‍ എന്റെ അയല്‍ക്കാരനാണ്. ഞാന്‍ ഇപ്പോഴേ തന്നെ അവന്റെ പുസ്തകങ്ങള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സെക്യൂരിറ്റിക്കാര്‍ ഒഴിഞ്ഞ സീറ്റില്‍ കാല്‍ കയറ്റിവെച്ച് സുഖമായ് ഉറങ്ങുന്നു.

ക്ലീനര്‍ എന്റെ അരികില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ സീറ്റില്‍ നിന്നും ചാടിയെണീറ്റു. അയാള്‍ തിരിഞ്ഞ് ഈ ആണ്‍കുട്ടികളെ നോക്കി കണ്ണിറുക്കി. അവരുടെ ചിരി ഞാന്‍ കേട്ടു. അയാള്‍ സുഖമായി ചാരിയിരുന്ന് ഞാന്‍ അയാളുടെ കാമുകിയാണെന്ന പോലെ എന്റെ തോളില്‍ കൈവെച്ചു. ഞാന്‍ മരിച്ചോ ജീവിക്കുന്നോ എന്നെനിക്ക് ഉറപ്പില്ലായിരുന്നു. എനിക്ക് അനങ്ങാന്‍ കഴിഞ്ഞില്ല, ഞാന്‍ വിറച്ചു. അയാള്‍ എന്റെ തലമുടിയില്‍ തൊട്ടപ്പോള്‍ ഞാന്‍ സീറ്റില്‍ നിന്ന് ചാടിയെണീറ്റു. ചിരിച്ചുകൊണ്ടു അയാള്‍ എന്നെ പിടിച്ച് വലിച്ചു. കണ്ടക്ടര്‍ ക്ലീനറെ പ്രോത്സാഹിപ്പിക്കുന്ന ഒരു കമന്റ് പറഞ്ഞു. അയാള്‍ കൈകള്‍ എന്റെ തോളില്‍ തന്നെ വെച്ചു. എന്റെ ഉള്ളില്‍ എന്തോ ധൈര്യം തോന്നി ഞാന്‍ അയാളുടെ ചെകിട്ടത്ത് അടിച്ചു. അയാള്‍ സീറ്റില്‍ നിന്ന് താഴെ വീണു. അയാള്‍ എന്നെ തെറിവിളിച്ചു കൊണ്ടു എന്റെ യൂണിഫോം ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു. ഞാന്‍ അയാളെ തൊഴിച്ചപ്പോള്‍ തന്നെ ഡ്രൈവര്‍ സഡന്‍ബ്രേക്ക് ഇട്ടു. ഞങ്ങള്‍ രണ്ടാളും വീണു. അയാളുടെ തല ഗിയര്‍ബോക്‌സില്‍ ഇടിച്ചു. അയാള്‍ വലിയ ദേഷ്യത്തിലായിരുന്നു. ഞാന്‍ ബസിന്റെ കതക് തുറന്നു ഓടി. ഞാന്‍ ഓടി. വീട്ടില്‍ എത്തുന്നത് വരെ ഓടി. കതക് വലിച്ചടച്ച് ഞാന്‍ മുറിയില്‍ കയറി.

ഞാന്‍ ബേഡ്ഷീറ്റ് പുതച്ചിരുന്നു. വിറയ്ക്കാതിരിക്കാന്‍ ഞാന്‍ അത് ചേര്‍ത്തുപിടിച്ചു. ചെരിപ്പിട്ടു വീട്ടില്‍ കയറിയതിനു അമ്മ ശാസിക്കുന്നത് കേള്‍ക്കാം. ഞാന്‍ ഒരു നല്ല പെണ്‍കുട്ടിയല്ലെന്നു അമ്മ പുലമ്പി. എനിക്ക് ശ്വാസമേടുക്കാന്‍ വിഷമം തോന്നി, ഞാന്‍ കരഞ്ഞു. ഒടുവില്‍ കരഞ്ഞു കരഞ്ഞു ഞാന്‍ എന്റെ ആത്മാവും ദേഷ്യവും പുറത്താക്കി. അമ്മ ഈ വിവരം അറിയും വരെ എന്റെ കരച്ചില്‍ തുടര്‍ന്നു. അമ്മയുടെ കൈകള്‍ എന്റെ കതകില്‍ ഊക്കോടെ ഇടിച്ചു.ഞാന്‍ കട്ടിലില്‍ നിന്നെണീറ്റ് മെല്ലെ കതക് തുറന്നു. അമ്മ അലറുകയാണോ കരയുകയാണോ എന്നെനിക്ക് മനസിലായില്ല. ഞാന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് പതിയെ കതക് തുറന്നു. അമ്മയുടെ തല്ലുകൊണ്ടു ഞാന്‍ വീണ്ടും കട്ടിലില്‍ വീണു. എന്തിനാണ് അയാളെ അടിച്ചതെന്ന് അമ്മ എന്നെ ഉയര്‍ത്തിക്കൊണ്ടു ചോദിച്ചു.

കുടുംബത്തിന്റെ അഭിമാനം പോയെന്നും ഇനി എന്നെ വിവാഹം കഴിക്കാന്‍ ആരും വരില്ലെന്നും അമ്മ പതം പറഞ്ഞു. പരാതികള്‍ തലയില്‍ വീണു തലപൊട്ടുമെന്നു തോന്നുന്നു. ആളുകള്‍ എന്റെ വീടിനു വെളിയില്‍ വന്നുനിന്നിരുന്നു. അമ്മയുടേയും കുടുംബത്തിന്റേയും മേല്‍ ഞാന്‍ അപമാനം കൊണ്ടുവന്നെന്ന് അമ്മ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കട്ടിലില്‍ തന്നെ കിടന്ന് കണ്ണുകള്‍ അടച്ചു.

കണ്ണു തുറന്നപ്പോള്‍ ഇരുട്ടായിരുന്നു. ചുറ്റും ഇരുട്ട്. എനിക്ക് സമയം നോക്കാന്‍ ക്ലോക്ക് കാണാന്‍ പറ്റിയില്ല. ഞാന്‍ നന്നായി ഉറങ്ങിയെണ്ണ് എനിക്ക് മനസിലായി. കവിളില്‍ അമ്മയുടെ വിരലിന്റെ പാടുകള്‍ ഉണ്ടായിരുന്നു. എന്റെ ചെവി വേദനിച്ചു. എന്റെ ഇടതുചെവിയില്‍ നിന്ന് ചോര കട്ടയായത്തിന്റെ മണം വന്നു. ഞാന്‍ എണീറ്റ് മുറിക്കുപുറത്തിറങ്ങി. ഞാന്‍ ചില പാത്രങ്ങളില്‍ തട്ടി. ലൈറ്റ് ഇട്ടപ്പോള്‍ അമ്മ തറയില്‍ കിടക്കുന്നത് കണ്ടു. ഞാന്‍ അമ്മയുടെ അടുത്തേയ്ക്ക് ഓടിയെങ്കിലും അവര്‍ ഒരു വികാരവുമില്ലാതെ മുഖം മറച്ചുകൊണ്ടു എന്നെ ശപിച്ചു.

അടുക്കളയില്‍ നിന്ന് കുറച്ചു വെള്ളം കുടിച്ച് ഞാന്‍ തിരിച്ചുപോയി. ആ രാത്രി ഞാന്‍ സുഖമായുറങ്ങി. ബീച്ചിലൂടെ നടക്കുന്നതും പാട്ടുപാടുന്നതും തോട്ടത്തിലൂടെ നടക്കുന്നതും സ്വപ്നം കണ്ടു. എന്റെ രാജകുമാരന്‍ എനിക്ക് ചുറ്റും നൃത്തം വയ്ക്കുന്നത് കണ്ടു. അയാള്‍ എന്നെ ഉമ്മ വെച്ചപ്പോള്‍ ഞാന്‍ ഉണര്‍ന്നു. എന്റെ അമ്മ എന്നെ കെട്ടിപ്പിടിക്കുന്നത് കണ്ടു ഞാന്‍ നിലവിളിച്ചു. അവരുടെ മുഖം രാത്രിയിലെ സമുദ്രം പോലെ നിശ്ചലമായിരുന്നു. തുടര്‍ച്ചയായി കരഞ്ഞ് കണ്ണുകള്‍ വീങ്ങിയിരുന്നു. അമ്മയുടെ കൈകള്‍ ചുറ്റും വന്നപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ഒടുവില്‍ അമ്മ എന്നെ കേട്ടിപ്പിടിച്ചത് എന്റെ ഓര്‍മ്മയിലില്ല. ഞാന്‍ അമ്മയെ ഇറുക്കെ കെട്ടിപ്പിടിച്ചു. അമ്മ എന്റെ കവിളില്‍ ഉമ്മ വെച്ച ശേഷം സ്‌കൂളില്‍ പോകണ്ട എന്ന് പറഞ്ഞു. ഈ നാണക്കേട് സഹിക്കാനുള്ള പ്രായം എനിക്കായില്ലെന്നു പറഞ്ഞു. ഒന്‍പതാം ക്ലാസ് പാസാകാനുള്ള പരീക്ഷ ഇനി ഒരെണ്ണം കൂടി ഉണ്ടായിരുന്നതുകൊണ്ടു ഞാന്‍ അമ്മയോട് തര്‍ക്കിച്ചു.

‘നിറുത്ത് പ്രിയ, ആളുകള്‍ നിന്നെപ്പറ്റി അതുമിതും പറയും. ഞാന്‍ പ്രകാശിനോട് പറഞ്ഞ് വേഗം നിന്റെ കല്യാണം നടത്താം’, അമ്മ കണ്ണുനീര്‍ തുടച്ചു കൊണ്ടു പറഞ്ഞു.

ഞാന്‍ ജനാലയ്ക്ക് പുറത്തേയ്ക്ക് നോക്കിക്കൊണ്ട് കട്ടിലിലേയ്ക്ക് വീണു. തെരുവ് വിളക്കുകള്‍ അണഞ്ഞിരുന്നെങ്കിലും എനിക്ക് ചന്ദ്രനേയും നക്ഷത്രങ്ങളും കാണാമായിരുന്നു. എന്റെ ഉള്ളില്‍ ഒരു കോടി ചോദ്യങ്ങള്‍ തികട്ടിവന്നു. ഞാന്‍ പഠിക്കാന്‍ മിടുക്കിയാണ്. അല്‍പ്പം കൂടി ശ്രമിച്ചാല്‍ എനിക്ക് പത്താംക്ലാസില്‍ നല്ല മാര്‍ക്ക് വാങ്ങാമെന്നാണ് മീന ടീച്ചര്‍ പറഞ്ഞത്. അതുകഴിഞ്ഞാല്‍ എനിക്ക് ടൗണില്‍ പോയി കൂടുതല്‍ പഠിക്കാം. പ്രകാശ് മാമ്മനോട് പഠിക്കാന്‍ പണം ചോദിക്കാനും ജോലി കിട്ടുമ്പോള്‍ തിരിച്ചു കൊടുക്കാനുമായിരുന്നു എന്റെ പദ്ധതി. ജോലി, ശമ്പളം എന്നൊക്കെയുള്ള ചിന്തകള്‍ എന്നെ കോരിത്തരിപ്പിച്ചു.

ഞാന്‍ നേരത്തെ ഉണര്‍ന്ന് സ്‌കൂളില്‍ പോകാന്‍ ഒരുങ്ങി. ഞാന്‍ വീടിനു വെളിയില്‍ ഇറങ്ങിയപ്പോള്‍ അമ്മ ഒന്നുംപരഞ്ഞില്ല. അയയില്‍ തുണിവിരിച്ചിരുന്ന അയല്‍ക്കാരി എന്നെ തുറിച്ചുനോക്കി. അവര്‍ എന്റെ കാഴ്ച മറയ്ക്കാന്‍ എന്നോണം നിലത്ത് തുപ്പി. പ്രധാനവഴിയിലേയ്ക്ക് നടക്കവേ ആളുകള്‍ എന്റെ പിറകില്‍ പിറുപിറുക്കുന്നത് കേട്ടു. ആളുകള്‍ എന്നെ കാണാനായി വീടിനുവെളിയില്‍ ഇറങ്ങിവന്നു. അവരൊക്കെ എന്റെ ഉള്ളിലെ ശക്തി ചോര്‍ത്തുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ വേഗം നടന്നു. ബസ് സ്‌റ്റോപ്പിലെ ആളുകള്‍ അവരുടെ നോട്ടം കൊണ്ടു എന്നെ പൊതിഞ്ഞു. ഞാന്‍ ശാന്തയാകാനായി ഉറക്കെ നിശ്വസിച്ചു. എന്നെ വീടിനു വെളിയിലിറങ്ങാന്‍ അനുവദിക്കണോ എന്ന് ആളുകള്‍ എനിക്ക് ചുറ്റും ചര്‍ച്ച ചെയ്തു. ഞാന്‍ സ്‌കൂളില്‍ പോയി പഠിക്കാന്‍ തീരുമാനിച്ചത് ഈ നാല്‍ക്കവലയില്‍ വെച്ചാണ്.

ബസ് വന്നപ്പോള്‍ ഞാന്‍ ആദ്യം കയറി. ഞാന്‍ ക്ലീനറെ നോക്കിയെങ്കിലും അയാള്‍ നോട്ടം മാറ്റി. അയാള്‍ക്ക് എന്റെ നേരെ നോക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടിരുന്നു. ഞാന്‍ മുന്‍സീറ്റിലെ ജനലിനരികില്‍ ഇരുന്നു. കണ്ടക്ടര്‍ എത്തിയപ്പോള്‍ ഞാന്‍ അയാളുടെ മുഖത്തും നോക്കി. അയാളും എന്നെ നോക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ ഒരു രൂപ എടുത്ത് അയാള്‍ക്ക് കൊടുത്തു. ടിക്കറ്റ് പോക്കറ്റിലിട്ട ശേഷം ഞാന്‍ ജനലിനു വെളിയിലേയ്ക്ക് നോക്കി. അഭിനന്ദിച്ചുകൊണ്ടു കാറ്റ് എന്റെ പുറത്ത് തട്ടി. ആദരവോടെ മരങ്ങള്‍ നിന്നു. എന്റെ സ്വാതന്ത്ര്യത്തിലെ സന്തോഷം കൊണ്ടു തലമുടി കാറ്റില്‍ പറന്നു.

ഞാന്‍ ചിരിച്ചു.

പിഎസ്: ഇതൊരു കഥയല്ല. ഇതില്‍ എന്റെ സ്‌കൂള്‍ കാലത്ത് നിന്നുള്ള വൃത്തികെട്ട ഓര്‍മ്മകളുണ്ട്. എന്നാല്‍ ഈ സംഭവം പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന എന്റെ ബന്ധു എന്നോട് പറഞ്ഞതാണ്. ഈ പെണ്‍കുട്ടി ഇപ്പോള്‍ ആ ഗ്രാമത്തില്‍ ടീച്ചറായി ജോലി ചെയ്യുന്നു. ഇത് വായിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ധൈര്യം തോന്നാനും അവര്‍ക്ക് ചില തെമ്മാടികള്‍ കാരണം സ്വപ്‌നങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതില്ലെന്ന് തോന്നാനും വേണ്ടിയാണ് ഈ കഥയുടെ അവസാനം ഇങ്ങനെ എഴുതിയിരിക്കുന്നത്.

കേരളത്തിലെ ബസുകളില്‍ കതകിനോട് ചേര്‍ന്ന് ഒരു ക്ലീനര്‍ ഉണ്ടാകേണ്ട ആവശ്യമില്ല. പത്തുവര്‍ഷം മുന്‍പ് ഞാന്‍ സ്‌കൂളില്‍ പോയപ്പോള്‍ സ്ഥിതിഗതികള്‍ മോശമായിരുന്നു, ഇപ്പോള്‍ അതിലും മോശം. ഞാന്‍ സ്‌കൂള്‍ കുട്ടികളില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ഭീകരമാണ്. എന്തുകൊണ്ട് കേരള സര്‍ക്കാരിന് ഒരു ഓട്ടോമാറ്റിക് ഡോര്‍ നിര്‍ബന്ധമാക്കിക്കൂടാ? ഒരു കതക് തുറന്നു തനിച്ചു കയറാനും ഇറങ്ങാനും ഒക്കെ സ്ത്രീകള്‍ക്ക് അറിയാം. ഓരോ തവണ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോള്‍ ഒരാള്‍ തൊടുന്നതിലും കമന്റ് അടിക്കുന്നതിലും ഞങ്ങള്‍ ഇഷ്ടപ്പെടുന്നത് ഇതാണ്.

(ബ്ലോഗറാണ് എഴുത്തുകാരി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Share on

മറ്റുവാര്‍ത്തകള്‍