ആശമാര്‍ക്ക് അധിക വേതനം നല്‍കാന്‍ പ്രതിപക്ഷ പഞ്ചായത്തുകള്‍ക്ക് സാധിക്കുമോ, ലക്ഷ്യം രാഷ്ട്രീയ നേട്ടം മാത്രമോ?

ഫണ്ട് വിനിയോഗത്തിന് ചട്ടങ്ങള്‍ ബാധകമായിരിക്കെ പ്രതിപക്ഷ പഞ്ചായത്തുകളുടെ ലക്ഷ്യം രാഷ്ട്രീയലാഭമോ?

കേരളത്തിലെ ആശ പ്രവര്‍ത്തകരുടെ സമരം 48 ദിവസം പിന്നിട്ടിരിക്കുകയാണ്. ഹോണറേറിയം വര്‍ദ്ധനവാണ് ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ മുടിമുറിക്കാന്‍ വരെ തയ്യാറായിരിക്കുകയാണ്.

ആശ സമരം സര്‍ക്കാരിനെ പൊളിക്കുമ്പോള്‍, ഇതിലൂടെ രാഷ്ട്രീയലാഭം കൊയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രധാന പ്രതിയാകുന്ന സമരത്തില്‍, പക്ഷേ കേരളത്തിലെ ബിജെപിയും നേട്ടമുണ്ടാക്കാന്‍ ഇറങ്ങിയിട്ടുണ്ട്.

ആശപ്രവര്‍ത്തകര്‍ക്ക് സ്വന്തം നിലയില്‍ വേതനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. തനതു ഫണ്ടില്‍ നിന്ന് ആശപ്രവര്‍ത്തകര്‍ക്ക് സഹായകമാവുന്ന തരത്തില്‍ അധിക വേതനത്തിനായുള്ള തുക കണ്ടെത്താനാണ് പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രമം. എന്നാല്‍, തനതു ഫണ്ടില്‍ നിന്ന് പണം വകയിരുത്തി ആശപ്രവര്‍ത്തകരുടെ വേതനം വര്‍ദ്ധിപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടോ എന്ന ചോദ്യത്തിന് ഇവര്‍ക്ക് വ്യക്തമായ മറുപടിയില്ല. ആശമാര്‍ക്ക് നല്‍കുന്ന വാഗ്ദാനം വെറുംവാക്കായി ഒതുങ്ങുമോ എന്നു ചോദിച്ചാല്‍, നടന്നില്ലെങ്കില്‍ കുറ്റം സംസ്ഥാന സര്‍ക്കാരിനാണെന്നാണ് മറുപടി.

വേതന വര്‍ദ്ധനവിനായുള്ള ആശപ്രവര്‍ത്തകരുടെ സമരം കടുത്ത സാഹചര്യത്തില്‍ അധികവേതനമായി ഒരു നിശ്ചിത തുക അനുവദിച്ച് കൊണ്ട് ആദ്യം മുന്നോട്ട് വന്നത് കൊല്ലം ജില്ലയിലെ തൊടിയൂര്‍ പഞ്ചായത്തും, പിന്നാലെ തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ പഞ്ചായത്തുമായിരുന്നു. തനതു ഫണ്ടില്‍ ഉള്‍പ്പെടുത്തിയാകും അധിക വേതനമായി ഒരു നിശ്ചിത തുക നല്‍കുകയെന്നായിരുന്നു രണ്ടു പഞ്ചായത്തുകളെയും ബന്ധപ്പെട്ടപ്പോള്‍ അഴിമുഖത്തോട് പറഞ്ഞത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഫണ്ടുകളും
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് രണ്ടു തരം ഫണ്ടുകളാണുള്ളത്. പ്ലാന്‍ ഫണ്ടും, തനത് ഫണ്ടും. പ്ലാന്‍ ഫണ്ട് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജനകീയാസൂത്രണത്തിന്റെ ഭാഗമായി നല്‍കിവരുന്ന ഫണ്ടാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍വ്വഹണത്തിനായി കൈമാറിയ വകുപ്പുകളില്‍ ഓരോ പ്രദേശത്തും ഏറ്റെടുക്കേണ്ട പദ്ധതികള്‍ വികസന സെമിനാറിലൂടെ തീരുമാനിക്കും. ഇവ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമാണോ എന്ന് പരിശോധിച്ച് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കും. ഡിപിസി ദേദഗതിയോ തിരുത്തലോ നിര്‍ദ്ദേശിച്ചാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം മാറ്റം വരുത്തിയ ശേഷം വീണ്ടും ആസൂത്രണ സമിതി അംഗീകാരത്തിനയക്കണം. ഗഡുക്കളായാണ് സംസ്ഥാന വിഹിതം ലഭിക്കുക. ഇതില്‍ നിന്ന് ഒരു പൈസ പോലും നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്കല്ലാതെ വിനിയോഗിക്കാന്‍ സാധിക്കില്ല. തൊഴില്‍ നികുതി, പരസ്യ ഫീസ്, നിര്‍മാണ പെര്‍മിറ്റ് ഫീസ്, വിനോദനികുതി, മറ്റിനങ്ങളിലെ ഫീസ് ചാര്‍ജ് എന്നിവയില്‍ നിന്നുള്ള വരുമാനമാണ് തനതു ഫണ്ട്. പഞ്ചായത്തീരാജ് മുനിസിപ്പാലിറ്റി ആക്ടിനും അതിനു കീഴില്‍ ഉണ്ടാക്കപ്പെട്ട ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമേ ഈ ഫണ്ടും ചെലവാക്കാന്‍ കഴിയൂ.

തൊടിയൂര്‍, പഴയന്നൂര്‍ പഞ്ചായത്തുകള്‍ക്ക് പുറമേ ആശമാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് വന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മരട്, പാലക്കാട് മുനിസിപ്പാലിറ്റികളും കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്തും. ആശമാര്‍ക്ക് ഹോണറേറിയം വര്‍ദ്ധിപ്പിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് മുത്തോലി ഗ്രാമ പഞ്ചായത്താണ്. ഏഴായിരം രൂപ വീതം പ്രതിമാസ അധിക വേതനം നല്‍കുമെന്നാണ് മുത്തോലി പഞ്ചായത്തിന്റെ പ്രഖ്യാപനം.
സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെയുള്ള പ്രതിരോധമായാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മുത്തോലി പഞ്ചായത്തിലെയും, പാലക്കാട് മുനിസിപ്പാലിറ്റിയിലെയും ഭരണപക്ഷ പ്രതിനിധികള്‍ അഴിമുഖത്തോട് വ്യക്തമാക്കുന്നു.

7000 കൊടുക്കുമെന്ന് മുത്തോലി പഞ്ചായത്ത്
സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്ന ആശമാരെ ചേര്‍ത്തു പിടിക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് ബിജെപി ഭരിക്കുന്ന പഞ്ചായത്തായ കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്ത് ആശമാര്‍ക്ക് മാസം 7000 രൂപ അധികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്റ് രഞ്ജിത്ത് മീനഭവന്‍ ഇക്കാര്യം അഴിമുഖത്തോട് സ്ഥിരീകരിക്കുന്നുണ്ട്.

രഞ്ജിത്തിന്റെ വാക്കുകള്‍; ‘ഓണറേറിയം പതിനായിരമായി വര്‍ദ്ധിപ്പിക്കണമന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. തൊഴിലുറപ്പ് ജീവനക്കാരുടെ കൂലി പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. രാപ്പകല്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് നിസാരമായ ശമ്പളമാണ് ലഭിക്കുന്നത്. അതിനു പകരം 84,000 രൂപ ഒരു വര്‍ഷം ലഭിക്കുന്ന തരത്തില്‍ 12 ലക്ഷം രൂപയാണ് ഒരു ആശ പ്രവര്‍ത്തകയ്ക്കായി മുത്തോലി പഞ്ചായത്ത് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് പഞ്ചായത്താണ് സര്‍ക്കാര്‍ അല്ല, എന്നാണ് രഞ്ജിത്തിന്റെ വാദം. ‘പ്രാദേശിക തലത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചായത്തിന് അധികാരമുണ്ട്. അടിയന്തരമായി ഒരു പ്രൊജക്ട് വച്ചാല്‍ 25,000 രൂപ വരെ എടുക്കാന്‍ സാധിക്കും. കമ്മിറ്റി പാസാക്കിയാല്‍ 10,000 രൂപ വരെ എപ്പോ വേണമെങ്കിലും തനതു ഫണ്ടില്‍ നിന്ന് എടുക്കാന്‍ സാധിക്കും. പഞ്ചായത്തിലെ വീട്ടുകരം, പെര്‍മിറ്റ്, ലൈസന്‍സ് ഫീസ് എന്നിവ ഉള്‍പ്പെടുന്നതാണ് തനതു ഫണ്ട്. ഈ തനതു ഫണ്ടില്‍ നിന്നാണ് 12 ലക്ഷം രൂപ മാറ്റി വച്ചിരിക്കുന്നത്. മുത്തോലി പഞ്ചായത്തില്‍ പതിമൂന്ന് ആശപ്രവര്‍ത്തകരാണുള്ളത്. ആ 13 പേര്‍ക്ക് കൂടിയാണ് 12 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്”.

തനത് ഫണ്ട് തോന്നും പോലെ ഉപയോഗിക്കാമോ?
രഞ്ജിത്ത് പറയുന്നതുപോലെയല്ല, നിയമങ്ങളും ചട്ടങ്ങളും പറയുന്നതെന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നത്. തനത് ഫണ്ട് ഉപയോഗിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. ഫണ്ട് വിനിയോഗത്തിന്റെ മാനദണ്ഡങ്ങള്‍ തദ്ദേശ സ്വയംഭരണ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സി.പി. വിനോദ് അഴിമുഖത്തോട് വിശദീകരിക്കുന്നുണ്ട്.

‘ഫണ്ട് ഉപയോഗിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. സ്വയമേവ അങ്ങനെയൊരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. ഏത് അടിസ്ഥാനത്തിലാണ് എങ്ങനെയാണ് ചിലവഴിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് അറിയില്ല. അത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. പ്ലാന്‍ ഫണ്ട്, തനത് ഫണ്ട് എന്നിങ്ങനെ രണ്ടു തരത്തിലുള്ള ഫണ്ടുകളാണ് നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ളത്. നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് മാത്രമേ ഈ ഫണ്ടുകള്‍ വിനിയോഗിക്കാന്‍ സാധിക്കൂ, അതിന്റെതായ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കണം’.

സര്‍ക്കാര്‍ അനുമതി വേണ്ടെന്ന് പ്രസിഡന്റ്‌
എന്നാല്‍ മുത്തോലി പഞ്ചായത്ത് ഉറപ്പിച്ച് പറയുന്നത് ഫണ്ട് ചെലവാക്കുന്നതില്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നാണ്. ആശ പ്രവര്‍ത്തകര്‍ക്ക് 20,000 രൂപ ലഭ്യമാക്കാനാണ് മുത്തോലി പഞ്ചായത്ത് ആഗ്രഹിക്കുന്നതെന്നാണ് പ്രസിഡന്റ് പറയുന്നത്. ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലാണ് ഇതിനായി അനുമതി തേടേണ്ടത് സര്‍ക്കാര്‍ അനുമതിയല്ല ആവശ്യമെന്നും രഞ്ജിത്ത് വാദിക്കുന്നു. അനുമതി തരുന്നില്ല എന്നുണ്ടെങ്കില്‍ അപ്പീലിന് പോകാനാണ് പഞ്ചായത്തിന്റെ തീരുമാനമെന്നു കൂടി അദ്ദേഹം എടുത്തു പറയുന്നുണ്ട്. കോര്‍ഡിനേഷന്‍ കമ്മിറ്റി വരെ ഇത് പോകാം. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ഞാനാണ് അങ്ങോട്ട് ഇങ്ങനെയൊരു നിര്‍ദ്ദേശം വയ്ക്കുന്നത്. ഡിപിസിയുടെ അനുമതിയോടെ തനതു ഫണ്ട് ഉപയോഗിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്. സര്‍ക്കാരിന്റെ കണ്ണില്‍പൊടിയിടാനുള്ള നീക്കമാണ് മുത്തോലിയിലെ ഭരണസമതിയുടേത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണവും രഞ്ജിത്ത് തള്ളിക്കളയുന്നു.

ഫണ്ട് വകമാറ്റാന്‍ കഴിയില്ലെന്നു ചട്ടം പറയുന്നു
ഏതെല്ലാം വിഭാഗത്തില്‍ അനുവദിച്ച ഫണ്ടുകളാണോ അത് കൃത്യമായി ആ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നാണ് തദ്ദേശസ്വയംഭരണ കമ്മീഷന്‍ ചെയര്‍മാന്‍ സി പി. വിനോദ് പറയുന്നത്. സാമ്പത്തികമായി അച്ചടക്കം പാലിക്കാതെ ഇതൊന്നും വക മാറി ചിലവഴിക്കാന്‍ സാധിക്കില്ല. തനതു വരുമാനമാണ് ഇവര്‍ക്ക് എടുത്ത് ഉപയോഗിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ അത് ഉപയോഗിക്കുന്നതിലും സര്‍ക്കാരിന്റെ നിഷ്‌കര്‍ഷയുണ്ടെന്നും വിനോദ് പറഞ്ഞു.

‘തദ്ദേശ സ്ഥാപനങ്ങള്‍ എടുക്കുന്ന ഏതൊരു തീരുമാനത്തിനും സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അല്ലാത്ത പക്ഷം ഇത് കൈകാര്യം ചെയ്യുന്നത് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ്. സര്‍ക്കാരിന്റെ അല്ലെങ്കില്‍ പിന്നെ അനുമതി വേണ്ടത് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആണ്. തനതു ഫണ്ട് ഇത്തരത്തില്‍ ഉപയോഗിക്കുന്നത് അവരുടെ സാമ്പത്തിക നിലയെക്കൂടി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതെല്ലാം മനസിലാക്കിയിട്ടാണോ തദ്ദേശ സ്ഥാപനങ്ങള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന സംശയമാണ് സിപി വിനോദ് അഴിമുഖവുമായി പങ്കുവയ്ക്കുന്നത്.

പാലക്കാട് നഗരസഭയുടെ വാദങ്ങള്‍
കേന്ദ്രസര്‍ക്കാരാണ് ആശ പ്രവര്‍ത്തകരുടെ ഹോണറേറിയം വര്‍ദ്ധപ്പിക്കേണ്ടതെന്നിരിക്കെ, സംസ്ഥാനത്തെ ബിജെപി, എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തിയാണ് സമരക്കാരെ പിന്തുണയ്ക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പാലക്കാട് നഗരസഭയിലെ ബിജെപി ഭരണസമതിയും അധിക വേതനം നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍ പ്രമീള കുമാരി കെ തങ്ങളുടെ പദ്ധതിയെക്കുറിച്ച് അഴിമുഖത്തോട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്;

‘ആശ പ്രവര്‍ത്തകര്‍ക്ക് വളരെ തുച്ഛമായ വേതനമാണ് നിലവില്‍ ലഭ്യമാകുന്നത്. അത് ഉയര്‍ത്തണമന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇവരുടെ പ്രയത്നങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള പരിഗണനയും നല്‍കാത്ത സാഹചര്യത്തിലാണ് പാലക്കാട് നഗരസഭയിലെ തനതു ഫണ്ടില്‍ ഉള്‍പ്പെടുത്തി ആശമാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത്.’

തനതു ഫണ്ട് എങ്ങനെയാണ് കണ്ടെത്തുന്നതെന്ന ചോദ്യത്തിന്, പാലക്കാട് നഗരസഭയ്ക്ക് 65 ലക്ഷം രൂപ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല, ഞങ്ങള്‍ കോടികള്‍ ചിലവാക്കുന്ന നഗരസഭയാണെന്നായിരുന്നു പ്രമീളയുടെ മറുപടി. ’25 ലക്ഷം രൂപ പ്രതിവര്‍ഷം നല്‍കുന്നതിന് ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും വരുന്നില്ല. ഏകദേശം 60 ഓളം ആശപ്രവര്‍ത്തകരാണ് പാലക്കാട് നഗരസഭയിലുള്ളത്. തനതു ഫണ്ട് ഉപയോഗിക്കുന്നതിലുള്ള തടസം നീക്കം ചെയ്യാനാണ് നിലവില്‍ ഇത് സംസ്ഥാന സര്‍ക്കാരിന് അയച്ചിരിക്കുന്നതെന്നും പ്രമീള വ്യക്തമാക്കി.

കുറ്റം സര്‍ക്കാരിനു മേല്‍ ചാരും
മുത്തോലിയിലെ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അവകാശപ്പെടുന്നതുപോലെ, സര്‍ക്കാരിന്റെ അനുമതിയല്ലാതെ പഞ്ചായത്തിന് സ്വന്തം നിലയ്ക്ക് ഫണ്ട് കൈകാര്യം ചെയ്യാമെന്ന വാദം പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ക്കില്ല. തദ്ദേശസ്വയംഭരണ കമ്മീഷന്‍ ചെയര്‍മാന്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ പ്രമീള അംഗീകരിക്കുന്നുണ്ട്.

‘സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഇത് നടപ്പിലാക്കാന്‍ സാധിക്കില്ല. ഞങ്ങളുടെ തീരുമാനം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും, അനുമതി ലഭിച്ചാല്‍ ഉടന്‍ നടപ്പിലാക്കും. ബജറ്റിന്റെ മിനിറ്റ്സ് സംസ്ഥാന സര്‍ക്കാരിന് അയച്ചു കൊടുക്കുകയും, എന്നാണോ അനുമതി ലഭിക്കുന്നത് അതനുസരിച്ചു തുക നല്‍കി തുടങ്ങുമെന്നും പ്രമീള പറഞ്ഞു.

വരുമാനത്തിന് അനുസരിച്ചാണോ വാഗ്ദാനം?
ആശമാര്‍ക്ക് പ്രഖ്യാപിച്ച വേതനം സ്ഥിരമായി നല്‍കാനുള്ള തനതു വരുമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടോ ഇല്ലയോ എന്നുള്ള കാര്യങ്ങളില്‍ വ്യക്തതയില്ലെന്നാണ് സിപി വിനോദ് പറയുന്നത്. ‘ഓഡിറ്റിന് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഇത് നടപ്പിലാക്കാന്‍ സാധിക്കാത്തത് കൊണ്ട് തന്നെ ഇത് നടപ്പിലാവാനും സാധ്യത കുറവാണ്. ഈ വാഗ്ദാനങ്ങള്‍ നടത്തുമ്പോള്‍ അത് നടപ്പിലാക്കാനുള്ള വരുമാനം കൂടി അവര്‍ക്ക് ആവശ്യമാണ്. ഇത് കൂടി വിലയിരുത്തും. ഏത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതെന്നും അറിയില്ല. തനതു വരുമാനത്തില്‍ ഫണ്ട് എടുക്കാനോ വിനിയോഗിക്കാനോ അനുമതി നല്‍കില്ല. അങ്ങനെയൊരു പതിവുമില്ല. തനതു വരുമാനമെടുത്ത് ഒരു സ്‌കീമിലുള്ള ആളുകള്‍ക്ക് നല്‍കാന്‍ ഒരിക്കലും സര്‍ക്കാര്‍ ആവശ്യപ്പടില്ല. പഞ്ചായത്തുകള്‍ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് അറിയില്ല, വിനോദ് എടുത്തു പറയുന്ന കാര്യങ്ങളാണിവ.

രാഷ്ട്രീയ ലക്ഷ്യം മാത്രമോ?
സര്‍ക്കാര്‍ അനുമതി ആവശ്യമെങ്കില്‍, അത് കിട്ടാത്തപക്ഷം ഈ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷ പഞ്ചായത്ത്/ നഗരസഭകള്‍ ശ്രമിക്കുമെന്നതിന് തെളിവാണ് പ്രമീളയുടെ വാക്കുകള്‍.

‘മാര്‍ച്ച് 27നായിരുന്നു ബജറ്റ്. ഒരാഴ്ചയ്ക്കുള്ളില്‍ മിനിറ്റ്സ് വച്ച് സംസ്ഥാന സര്‍ക്കാരിന് അയക്കാനാണ് തീരുമാനം. ഞങ്ങളുടെ വാഗ്ദാനം മാത്രമാണിത്. സംസ്ഥാന സര്‍ക്കാരാണ് ഇതിന് അനുമതി നല്‍കേണ്ടത്. ഇനി അനുമതി തന്നില്ലെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിനല്ലേ നാണക്കേട്. പാലക്കാട് നഗരസഭ ബിജെപി ഭരിക്കുന്ന നഗരസഭയാണ്, ബിജെപി ഭരിക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരത്തില്‍ അനുകൂലമായ നിലപാട് എടുത്തിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ അത് ജനങ്ങളോട് സര്‍ക്കാര്‍ നടത്തുന്ന ഒരു വെല്ലുവിളി കൂടിയാണ്’.

‘ആശ സ്നേഹം കപടം’
ആശപ്രവര്‍ത്തകരുടെ വേതന വര്‍ദ്ധനവിനെതിരെ യുഡിഎഫും ബിജെപിയും സ്വീകരിച്ച നിലപാടിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിപക്ഷം ആരോപിക്കുന്നത്. കേന്ദ്ര നിലപാട് മറച്ചു വച്ചു കൊണ്ട് സംസ്ഥാനത്തെ പഴി ചാരുന്ന യുഡിഎഫ് ബിജെപി നിലപാടിനെതിരെ പ്രതികരിക്കുകയാണ് മരട്, പാലക്കാട് നഗരസഭകളിലെ പ്രതിപക്ഷ നേതാക്കളായ ഷാനവാസും സുജന .

‘ആശ വര്‍ക്കര്‍മാരുടെ വേതനം രണ്ടായിരം രൂപ വര്‍ദ്ധിപ്പിക്കാനാണ് മരട് നഗരസഭയുടെ തീരുമാനം. കൊവിഡ് കാലത്ത് ആശപ്രവര്‍ത്തകര്‍ക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവ പോലും നല്‍കാന്‍ തയ്യാറാവാത്ത നഗരസഭയാണ് ആശ പ്രവര്‍ത്തകര്‍ക്ക് വേതനം വര്‍ദ്ധിപ്പിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്, മരട് നഗരസഭയിലെ പ്രതിപക്ഷ നേതാവായ സി പി ഷാനവാസ് അഴിമുഖത്തോട് പറയുന്നു.

ഇതിന് സമാനമായ നിരവധി പ്രഖ്യാപനങ്ങള്‍ മുമ്പും നഗരസഭ ചെയര്‍മാന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ തനതു ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കൂ. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവര്‍ തന്നെയാണ് ഇത്തരം നാടകം കളിക്കുന്നത്. ഇതിനെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും ഷാനവാസ് വ്യക്തമാക്കി.

സര്‍ക്കാരിന്റെ മുമ്പാകെ ഈ കാര്യം ആവശ്യപ്പെട്ട് ഒരു പ്രൊപ്പോസല്‍ വയ്ക്കുക പോലും ഉണ്ടായിട്ടില്ല. ആശ സമരത്തിന്റെ ഭാഗമായി കെപിസിസിയുടെ തീരുമാനമാണ് യുഡിഎഫ് ഭരണ പഞ്ചായത്തുകളില്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കുക എന്നത്. അതിന്റെ ഭാഗമായുള്ള പൊള്ളായ പ്രഖ്യാപനമാണിത്. ആശ സമരത്തിന്റെ മറവില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്. ഐഎന്‍ടിയുസി പോലും അംഗീകരിക്കാത്ത സമരത്തിന് പിന്തുണ നല്‍കാനുള്ള തീരുമാനം അവ്യക്തമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളെ ബോധപൂര്‍വ്വം മറച്ചു വച്ചു കൊണ്ടാണ് സതീശനും കൂട്ടരും ആശ സമരത്തെ പിന്തുണച്ചു കൊണ്ട് നാടകം കളിക്കുന്നതെന്നും ഷാനവാസ് പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള ഫണ്ട് ലഭിക്കാത്ത് സാഹചര്യത്തെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറാവുന്നില്ലെന്ന് പാലക്കാട് നഗരസഭയിലെ സിപിഎം കൗണ്‍സിലറായ സുജന എം അഴിമുഖത്തോട് പറഞ്ഞത്.

‘വാഗ്ദാനം നല്‍കിയിട്ട് മാത്രം കാര്യമില്ല, സര്‍ക്കാര്‍ അനുമതിയോടെ മാത്രമായിരിക്കും നടപ്പിലാവുക. പാലക്കാട് ജില്ലയിലെ മറ്റു രണ്ട് പഞ്ചായത്തുകളും ഇത്തരത്തിലൊരു തീരുമാനമെടുത്തതായി പത്രത്തില്‍ വായിച്ചിരുന്നു. ആശമാര്‍ക്ക് കൃത്യമായി വേതനം നല്‍കാന്‍ പോലും തയ്യാറാവാത്ത ആളുകളാണ് അവര്‍ക്ക് വേതനം കൂട്ടി നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്, സുജന പറയുന്നു.

‘വേതനം നല്‍കുന്നതില്‍ സംസ്ഥാനത്തിന്റെ പങ്ക് മറച്ചു വയ്ക്കുക കൂടിയാണ് ഇവര്‍ ചെയ്യുന്നത്. ഇലക്ഷന് മുന്നോടിയായുള്ള രാഷട്രീയക്കളിയാണ് ഇതെന്ന് വ്യക്തം. ആശ പ്രവര്‍ത്തകരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ അവിടെ പോയി സമര പിന്തുണ നാടകം കളിച്ചിട്ട് യാതൊരു കാര്യവുമില്ല. വാഗ്ദാനം മാത്രമാണിത്. ഇതൊരിക്കലും പ്രാബല്യത്തില്‍ വരാന്‍ പോകുന്നില്ല’ സുജനയുടെ വാക്കുകള്‍.

വേതനം കൂട്ടാന്‍ പഞ്ചായത്തുകള്‍ക്കാകുമോ?
പ്രാദേശിക സര്‍ക്കാരുകളായാണ് തദ്ദേശ സ്ഥാപനങ്ങളെ കണക്കാക്കുന്നത്. എന്നാല്‍ പ്രാദേശിക വികസനത്തില്‍ നിര്‍ണായക അധികാരമുണ്ട് എന്നല്ലാതെ, തങ്ങളുടെ താത്പര്യം പോലെ പണം പിരിക്കാനും ചെലവാക്കാനും അവയ്ക്ക് അധികാരമില്ല. ഭരണസമിതിക്ക് സാമ്പത്തിക വിനിയോഗത്തില്‍ തന്നിഷ്ടം കാണിക്കാന്‍ കഴിയില്ല എന്നാണ് ചട്ടം പറയുന്നത്. ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കാന്‍ പറ്റുന്നതരത്തിലേക്ക് ഒരു പ്രചാരണ വിഷയമായി മാത്രമായി ആശമാര്‍ ഒതുങ്ങുമോയെന്നത് കാത്തിരുന്നു കാണണം. Asha workers’ wage hike; is it just a political goal for UDF and BJP-ruled panchayats?

Content Summary; Asha workers’ wage hike; is it just a political goal for UDF and BJP-ruled panchayats?

This post was last modified on March 29, 2025 4:27 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment