June 05, 2026 |

നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയെ ഏകപ്രതിയാക്കി കുറ്റപത്രം, എഡിഎം ആത്മഹത്യ ചെയ്യാൻ കാരണമായത് ദിവ്യയുടെ പരാമർശം

നവീൻ ബാബു മരിച്ച് അഞ്ച് മാസങ്ങൾക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്യാൻ പ്രേരണയായത് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യയുടെ വാക്കുകളാണെന്ന് പോലിസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ദിവ്യയാണ് കേസിലെ ഏക പ്രതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിനും കുറ്റപത്രത്തിലൂടെ മനസിലാകുന്നു. നവീൻ ബാബുവിന്റെ ആത്മഹത്യാ പ്രേരണ കേസിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. PP Divya as the sole accused

നവീൻ ബാബു മരിച്ച് അഞ്ച് മാസങ്ങൾക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. നൂറിലേറെ പേജുകളുള്ള കുറ്റപത്രം ഇന്ന് ഉച്ചതിരിഞ്ഞ് സമർപ്പിക്കും. നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതിന് നേരിട്ട് തെളിവുകളൊന്നുമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെ പാർട്ടി നടപടിയെടുക്കുകയായിരുന്നു. നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.

നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽ വച്ച്, എഡിഎം അഴിമതിക്കാരനാണെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവനകൾ ദിവ്യ നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഈ സംഭവത്തിൽ ദിവ്യക്കെതിരേ ശക്തമായ ജനരോഷമാണ് ഉയർന്നത്. പാർട്ടിയും നവീൻ ബാബുവിനൊപ്പം നിൽക്കുകയാണ് ചെയ്തത്. അതുവരെ സംരക്ഷിച്ചിരുന്ന പാർട്ടിയും കൈവിട്ടതോടെ ദിവ്യ പ്രതിരോധത്തിലായി. പത്തനംതിട്ടയിലെ അടിയുറച്ച് പാർട്ടി കുടുംബമാണ് നവീൻ ബാബുവിന്റെത്. അതു തന്നെയാണ് ദിവ്യക്ക് തിരിച്ചടിയായതും. കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ, പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു, മന്ത്രി വീണ ജോർജ്, റവന്യു മന്ത്രി കെ. രാജൻ, കോന്നി എംഎൽഎ കെ യു ജിനേഷ് കുമാർ, മുൻ മന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ ജി സുധാകരൻ തുടങ്ങി സിപിഎമ്മിലെയും എൽഡിഎഫിലെയും നേതാക്കൾ നവീൻ ബാബുവിനു വേണ്ടി സംസാരിച്ചപ്പോൾ, പി പി ദിവ്യ പൂർണമായും ഒറ്റപ്പെട്ടു.

അഴിമതിക്കെതിരായ വിമർശനമാണ് താൻ ഉയർത്തിയതെന്നായിരുന്നു ദിവ്യയുടെ വാദം. അതേസമയം തന്റെ പ്രതികരണം അതിരു കടന്നു പോയെന്ന സ്വയം വിമർശനവും അവർ നടത്തിയിരുന്നു. ‘ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ ഞാൻ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻശരിവയ്ക്കുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവയിൽ നിന്നും മാറി നിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.’ പി പി ദിവ്യ പാർട്ടി നിലപാടിൽ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞത്.

പെട്രോൾ ബങ്കിന് എൻഒസി കിട്ടാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാണ് ദിവ്യ പരോക്ഷമായി ഉയർത്തിയ ആരോപണം. എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് ടി വി പ്രശാന്തൻ എന്നയാൾ പരാതി ഉയർത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപ നവീൻ ബാബു ആവശ്യപ്പെട്ടെന്നാണ് പ്രശാന്തൻ പറയുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും പ്രശാന്തൻ പുറത്തു വിട്ടിരുന്നു. എന്നാൽ മെഡിക്കൽ കോളേജിൽ ജീവനക്കാരനായ പ്രശാന്തന് എങ്ങനെ പെട്രോൾ ബങ്ക് നടത്താനാകുമെന്ന ചോദ്യത്തിന് ഇതുവരെ പരാതിക്കാരൻ വിശദീകരണം നൽകിയിട്ടില്ല. നവീൻ ബാബുവിനെതിരായ അഴിമതിയാരോപണത്തിൽ ഇപ്പോഴും വ്യക്ത വന്നിട്ടില്ല. അതേസമയം, നവീൻ ബാബു അഴിമതിക്കാരനല്ലെന്ന നിലപാടാണ് മന്ത്രിയടക്കം റവന്യൂ വകുപ്പ് ആവർത്തിക്കുന്നത്. കളക്ടർമാർ മുതൽ നവീൻ ബാബുവിനെ പരിചയമുള്ള രാഷ്ട്രീയക്കാരുമെല്ലാം അദ്ദേഹത്തിന് ക്ലീൻ ചിറ്റ് ആണ് നൽകുന്നത്. ഈയൊരു സാഹചര്യത്തിൽ ദിവ്യയുടെ ആരോപണങ്ങളും, അഴിമതി പരാതികളും വ്യക്തമായി തെളിയിക്കാത്ത പക്ഷം, ഇപ്പോൾ ഉയരുന്ന ആക്ഷേപങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ നവീൻ ബാബുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം സിപിഎം വനിത നേതാവിന് മേൽ തന്നെ നിൽക്കുകയാണ്. PP Divya as the sole accused

content summary; ADM Naveen Babu’s death: Police charge sheet names PP Divya as the sole accused

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×