June 04, 2026 |
Share on

‘മാസ്കിന്റെ ഇലാസ്റ്റിക് കൂട്ടിക്കെട്ടി ആത്മഹത്യ’; നാസിക് ജയിലിലെ കസ്റ്റഡി മരണം

5 വർഷങ്ങൾക്ക് ശേഷം അന്വേഷണം

നാസിക് ജയിലിലെ തടവുകാരനായിരുന്ന മൻസൂരി പോളിത്തീൻ കവറിൽ ആത്മഹത്യാക്കുറിപ്പ് പൊതിഞ്ഞ് വിഴുങ്ങിയ ശേഷം, ജയിലിനുള്ളിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചിട്ട് അഞ്ച് വർഷം പിന്നിടുന്നു. മകന്റെ നീതിയ്ക്ക് വേണ്ടി മൻസൂരിയുടെ പിതാവ് മംതാസ് അലി മുട്ടാത്ത വാതിലുകളില്ല. ഒടുവിലിതാ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്ഥലപരിശോധന നടത്തുന്നതിനായി ഒരു സമിതിയെ രൂപീകരിച്ചിരിക്കയാണ്.

2020 ഒക്ടോബർ 7നാണ് മൻസൂരി ജയിലിൽ വച്ച് ആത്മഹത്യ ചെയ്തത്. പോലീസിൻ്റെ വിശദീകരണം അനുസരിച്ച്, മാസ്കുകളുടെ ഇലാസ്റ്റിക് സ്ട്രാപ്പുകൾ കൂട്ടിക്കെട്ടിയാണ് മൻസൂരി സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്.

എന്നാൽ, മൻസൂരിയുടെ പിതാവ് മംതാസ് അലി ഈ വാദത്തെ ചോദ്യം ചെയ്ത് രം​ഗത്ത് വന്നിരുന്നു. 75 കിലോയിലധികം ഭാരമുള്ള ഒരു പൂർണ്ണ വളർച്ചയെത്തിയ മനുഷ്യന്, സർജിക്കൽ മാസ്കുകളുടെ ദുർബലമായ ഇലാസ്റ്റിക് സ്ട്രാപ്പുകൾ ഉപയോഗിച്ച് എങ്ങനെ തൂങ്ങിമരിക്കാൻ കഴിയും? എന്നാണ് അദ്ദേഹം ചോദിച്ചത്.

താൻ അനുഭവിച്ച പീഡനങ്ങളുടെ ഏക തെളിവായിരുന്ന ആത്മഹത്യാക്കുറിപ്പ് ജയിൽ അധികൃതർ നശിപ്പിക്കുമെന്ന് ഭയന്നാണ് മൻസൂരി അത് വിഴുങ്ങിയത്. പോസ്റ്റ്‌മോർട്ടം സമയത്ത് വയറ്റിൽ നിന്നാണ് ഈ കുറിപ്പ് കണ്ടെത്തിയത്. മരണമൊഴി ആയി കണക്കാക്കേണ്ടിയിരുന്ന കുറിപ്പ് അവഗണിക്കപ്പെടുകയും, മഹാരാഷ്ട്ര പോലീസ് ഈ വിഷയത്തിൽ അന്വേഷണം നടത്താൻ വിസമ്മതിക്കുകയും ചെയ്തു. പ്രതികളായ ചില ജയിൽ ഉദ്യോഗസ്ഥരെ മറ്റ് ജയിലുകളിലേക്ക് സ്ഥലം മാറ്റുകയും, ചിലർ വിരമിക്കുകയും ചെയ്തിട്ടുണ്ട്.

സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷം, നാസിക് ജയിലിൽ സ്ഥലപരിശോധന നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തീരുമാനിച്ചു. ‘ദി വയറിൻ്റെ’ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ലഭിച്ച രണ്ട് പരാതികളെ തുടർന്നാണ് കമ്മീഷൻ ഈ സന്ദർശനം നടത്തുന്നത്.

മൻസൂരി ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഏകദേശം 14 വർഷമായി ജയിലിൽ കഴിയുകയായിരുന്നു. ദീർഘകാല തടവുകാരൻ എന്ന നിലയിൽ, മൻസൂരി ജയിലിൽ വാർഡറായാണ് ജോലി ചെയ്തിരുന്നത്. ഈ ജോലി ചെയ്യുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് പീഡനവും ശിക്ഷയും നേരിടേണ്ടി വന്നതായി മൻസൂരി തൻ്റെ കുറിപ്പിൽ എഴുതിയിരുന്നു.

ശിക്ഷയുടെ ഭാഗമായി മൻസൂരിയെ ഒരു വർഷത്തോളം ഏകാന്ത തടവിൽ പാർപ്പിച്ചിരുന്നു. വിഷാദത്തിലായിരുന്ന അദ്ദേഹം, തന്നെ മറ്റ് തടവുകാർക്കൊപ്പമുള്ള പൊതു വാർഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയിൽ അധികൃതർക്ക് നിരവധി അപേക്ഷകൾ നൽകിയിരുന്നു.

കോവിഡ് സമയത്ത്, തടവുകാർക്ക് പുറം ലോകവുമായി ബന്ധമില്ലാതായപ്പോൾ, മൻസൂരിക്ക് തൻ്റെ പിതാവുമായി വീഡിയോ കോളുകളിലൂടെ മാത്രമേ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നുള്ളൂ. ആഴ്ചതോറുമുള്ള ഈ കോളുകളിൽ, താൻ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് മൻസൂരി പിതാവിനോട് സൂചിപ്പിച്ചിരുന്നതായി അദ്ദേഹത്തിൻ്റെ പിതാവ് മുംതാസ് അലി വ്യക്തമാക്കിയിരുന്നു.

അഞ്ച് ജയിൽ ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിച്ചതിൻ്റെയും ഉപദ്രവിച്ചതിൻ്റെയും ഭീകരമായ വിശദാംശങ്ങൾ മൻസൂരിയുടെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു. ഈ കുറിപ്പിൽ ബവിസ്കർ, ചവാൻ, സർപാഡെ, ഗിതെ, കർക്കർ എന്നിങ്ങനെ അവരുടെ അവസാന പേരുകൾ മാത്രമാണ് പരാമർശിച്ചിരുന്നത്.

മൻസൂരിയുടെ മരണത്തെത്തുടർന്ന്, അദ്ദേഹത്തിൻ്റെ ആറ് സഹതടവുകാർ, നാസിക് ജയിലുകളിലെ മോശം സാഹചര്യങ്ങളെക്കുറിച്ചും ജയിൽ ഉദ്യോഗസ്ഥരിൽ നിന്ന് തടവുകാർക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുകൾ എഴുതി. ഈ കത്തുകളിൽ ഒരു നടപടിയും ഉണ്ടായില്ല.

2020 ഒക്ടോബർ 14ന് ‘ദി വയർ’ ഈ സംഭവം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, എഴുത്തുകാരനും ഗവേഷകനുമായ സഞ്ജോയ് ഹസാരികയും, ‘നാഷണൽ കാമ്പയിൻ എഗൈൻസ്റ്റ് ടോർച്ചർ’ എന്ന സംഘടനയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ ധനകുമാറും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പ്രത്യേകം പരാതികൾ നൽകി.

അതേ വർഷം ഒക്ടോബർ 29ന് കമ്മീഷൻ ആദ്യ ഹിയറിംഗ് നടത്തി. അതിനുശേഷം, നാസിക് ജയിൽ അധികൃതർ, ജില്ലാ കളക്ടറുടെ ഓഫീസ്, നാസിക് പോലീസ് കമ്മീഷണർ എന്നിവരിൽ നിന്ന് അന്വേഷണ റിപ്പോർട്ട് കമ്മീഷൻ ആവശ്യപ്പെട്ടു. പലതവണ നോട്ടീസുകൾ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.

2022 ഒക്ടോബറിൽ, മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന അധികാരികൾക്ക് കർശനമായ മുന്നറിയിപ്പ് നൽകി, വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. അത് നൽകുന്നതിൽ പരാജയപ്പെട്ടാൽ, മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം അവർക്കെതിരെ നടപടിയെടുക്കുമെന്നും കമ്മീഷൻ തങ്ങളുടെ ഉത്തരവിൽ വ്യക്തമാക്കി. ഇതിന് മറുപടിയായി, അപൂർണ്ണമായ ചില രേഖകൾ മാത്രമാണ് ലഭിച്ചത്.

ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം ജീവനൊടുക്കാൻ നിർബന്ധിതനായ സാഹചര്യങ്ങളും, മരണത്തിന് ഉത്തരവാദികളായവരെക്കുറിച്ചും വിവരിച്ചിരുന്നു. എന്നിട്ടും പോലീസ് ഈ കേസ് വേണ്ടത്ര പരിഗണിച്ചില്ല.

തൻ്റെ മകൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടും നഷ്ടപരിഹാരം തേടിയും മൻസൂരിയുടെ പിതാവ് മുംതാസ് അലിയെ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ സഹായിച്ചത് തടവുകാരുടെ അവകാശ പ്രവർത്തകനായ വാഹിദ് ഷെയ്ഖാണ്. അവസാന വാദം കേൾക്കുന്നതിനിടെ, ജുഡീഷ്യൽ മജിസ്‌ട്രേറ്റിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

മൻസൂരിയുടെ മരണശേഷം, നാസിക് ജയിലിൽ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിരുന്ന നിരവധി തടവുകാർ, മൻസൂരിക്ക് നേരിടേണ്ടി വന്ന ദുരുപയോഗത്തെക്കുറിച്ചും, വിഷയം സംസാരിച്ചതിന് തങ്ങൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും പരാതിപ്പെടാൻ മുന്നോട്ട് വന്നു. അവരിലൊരാൾ, ദുരുപയോഗങ്ങളെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. കത്തെഴുതിയ ഈ തടവുകാരനെ പിന്നീട് അതിക്രൂരമായി ഉപദ്രവിക്കുകയും, ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകുന്നത് തടയാനായി നാഗ്പൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

content summary: ‘Suicide by tying mask elastic’, Investigation into Nashik jail custodial death reopened after 5 years

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×