തിരുവനന്തപുരം, പേരൂർക്കട എസ് എ പി ക്യാമ്പിൽ പൊലീസ് ട്രെയ്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനങ്ങൾ ശക്തമാവുകയാണ്. മാനസിക പീഡനം മൂലമാണ് വിതുര സ്വദേശി ആനന്ദ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. എസ് എ പി ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡൻ്റിനെതിരെ മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങളുണ്ടായതായി ആക്ടിവിസ്റ്റുകളടക്കം പറയുന്നു.
ആനന്ദിന്റെ മരണം ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സമൂഹത്തോടുള്ള ഭയം വർദ്ധിക്കാൻ കാരണമാകുമെന്നും സംഭവത്തിൻ്റെ സത്യാവസ്ഥ പുറത്തുവരണമെന്നും ദളിത് ആക്ടിവിസ്റ്റ് ധന്യ രാമൻ അഴിമുഖത്തോട് പറഞ്ഞു.
‘പേരൂർക്കട എസ്എപി ക്യാമ്പിൽ ഡെപ്യൂട്ടി കമാൻഡർ, അസിസ്റ്റൻ്റ് കമാൻഡർ എന്നിവർ ട്രെയിനികൾക്ക് മാനസിക സമ്മർദം നൽകുന്നുവെന്നത് ഇതിന് മുൻപും കേട്ടിട്ടുള്ളതാണ്. ആത്മഹത്യാശ്രമങ്ങൾ നടന്നിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. വിതുര, തേവിയാർകുന്ന് പോലൊരു സ്ഥലത്ത് നിന്നെത്തിയ പട്ടികവർഗ വിഭാഗത്തിൽ പെട്ട ഒരാളായിരുന്നു ആനന്ദ്. ഇവിടെ വരെ എത്താൻ അവൻ സഹിച്ച കഷ്ടപ്പാടുകൾ വളരെ വലുതായിരിക്കും. അത് അനുഭവിച്ചിട്ടില്ലാത്തവർക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കാൻ കഴിയില്ല.
മുൻപത്തെ പോലെയല്ല, പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇപ്പോൾ നന്നായി പഠിക്കുന്നവരാണ്. പല തരം സാമൂഹിക സാഹചര്യങ്ങളിൽ നിന്നുകൊണ്ട് നല്ല മാർക്ക് വാങ്ങിയാണ് ഇവരൊക്കെ ഇത്തരം ട്രെയിനിങ്ങ് ക്യാമ്പുകളിലെത്തുന്നത്. എസ്എപി ക്യാമ്പ് എന്ന് പറയുന്നത് ഒരു ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂഷനാണ്. ഭാവിയിലേക്കുള്ള പൊലീസുകാരെ ശാരീരികമായും മാനസികമായും സജ്ജരാക്കാനുള്ള ഇടമാണത്. എന്നാൽ, മാനസികപരമായി ട്രെയിനികളെ ഫിറ്റ് ആക്കാൻ അവർക്ക് കഴിയുന്നില്ലായെന്നാണ് ഇത്തരം സംഭവങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്നത്. ട്രെയിനിങ്ങ് ക്യാമ്പുകളിൽ നിന്ന് മെൻ്റലി ഫിറ്റ് ആകാതെ പഠിച്ചിറങ്ങുന്നവർക്ക് എങ്ങനെ സമൂഹത്തിലിറങ്ങി ഉദ്യോഗസ്ഥരായി പ്രവർത്തിക്കാൻ കഴിയും. ക്യാമ്പുകൾക്കുള്ളിൽ തന്നെ ഇത്രയും ഭീകരമായ പീഢനങ്ങളാണ് അവർ നേരിടുന്നതെങ്കിൽ ഭാവിയിൽ എങ്ങനെ ഇവർ ജോലി ചെയ്യും. ഒരു ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഗുണമേന്മയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
അട്ടപ്പാടിയിലുള്ള ഒരു കേസും ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരാളുടെ ആത്മഹത്യയെ തുടർന്ന് ഏഴ് പൊലീസ് ഉദ്യോഗസ്ഥരെയാണ് ആ കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
ആനന്ദിനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ട്രെയിനിങ്ങ് ക്യാമ്പിലെ ഉദ്യോഗസ്ഥർക്ക് കഴിയുമായിരുന്നു. കൃത്യമായ കൗൺസിലിംഗ് കൊടുക്കാൻ പോലും ക്യാമ്പിലുള്ള പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. ട്രെയിനിങ്ങ് ക്യാമ്പിൽ നിൽക്കാൻ കഴിയാത്തത്ര എന്ത് അവസ്ഥയാണ് ആനന്ദ് നേരിട്ടതെന്നാണ് അന്വേഷിക്കേണ്ടത്. ആദ്യം അവൻ കൈ ഞരമ്പ് മുറിച്ചു. പിന്നീടാണ് തൂങ്ങി മരിക്കുന്നത്. ഇതിൻ്റെയെല്ലാം സത്യാവസ്ഥ പുറത്തുവരണം.
ആദിവാസികളും ദളിതരുമെല്ലാം സമൂഹത്തിൽ മുന്നോട്ട് വരണമെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ മുന്നോട്ട് വരുന്നവരുടെ അവസ്ഥയെന്താണ്? ഇത് ഭീകരമായ അവസ്ഥയാണ്. സമൂഹത്തിലിറങ്ങി ജീവിക്കാൻ പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ഭയമാണ്. കുറച്ച് നാളുകൾക്ക് മുൻപ് കേന്ദ്ര സർക്കാർ ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. 10 ലക്ഷം രൂപ കൈപ്പറ്റി ആദിവാസികൾ കാട്ടിൽ നിന്നും നാട്ടിലേക്ക് പോകണമെന്നായിരുന്നു അത്. ഭൂമി വാങ്ങി അവർക്ക് നാട്ടിലേക്ക് പോകാൻ കഴിയും. എന്നാൽ ആദിവാസികൾ അതിന് തയ്യാറായില്ല. അവർക്ക് പൊതുസമൂഹത്തിലിറങ്ങി ജീവിക്കാൻ അവർക്ക് പേടിയാണ്. ജനങ്ങൾ അവരോട് പെരുമാറുന്ന രീതി, സംസാരിക്കുന്ന ഭാഷ ഇതെല്ലാം അവരിൽ ഭയമുണ്ടാക്കുന്നു.
പഠനങ്ങൾക്കായുള്ള ഓൺലൈൻ ക്ലാസുകളുള്ളത് കൊണ്ട് കുട്ടികൾക്ക് വളരെ ഉപയോഗപ്രദമാണ്. അതെല്ലാം ആദിവാസി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മുന്നോട്ട് വരാനുള്ള അവസരങ്ങൾ നൽകുന്നുണ്ടെങ്കിലും സാഹചര്യങ്ങളോട് പൊരുതി മുന്നോട്ട് വരുന്ന കുട്ടികളുടെ ഇത്തരം അവസ്ഥകൾ മറ്റ് കുട്ടികളെ കൂടി ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. അവർ സമൂഹത്തെ വല്ലാതെ ഭയക്കാൻ തുടങ്ങും’, ധന്യ രാമൻ അഴിമുഖത്തോട് പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആനന്ദിനെ ക്യാമ്പിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് ആനന്ദ് പരിശീലനത്തിനെത്തിയത്.
Content Summary: kerala police trainee suicide; Dalit activist dhanya raman responds
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.