യെമൻ പൌരനെ വധിച്ച കേസിൽ 2017 മുതൽ യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ പബ്ലിക് പ്രോസിക്രൂട്ടർ ഉത്തരവിട്ടിരിക്കയാണ്. ജൂലൈ 17ന് വധശിക്ഷ നടപ്പിലാക്കാനാണ് തീരുമാനം. 2017 ജൂലൈയില്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ല്‍ സനയിലെ വിചാരണ കോടതിയും യെമന്‍ സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.
ആരാണ് നിമിഷപ്രിയ
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ. 2012ലാണ് യെമനിൽ നഴ്സായി ജോലിയിൽ പ്രവേശിക്കുന്നത്. യെമനിൽ ജോലിയിൽ പ്രവേശിക്കുന്നതിന് ഒരു വർഷം മുമ്പായിരുന്നു തൊടുപുഴ സ്വദേശിയായ ടോമി തോമസിനെ വിവാഹം കഴിക്കുന്നത്. പിന്നീട് ഇരുവരും ഒരുമിച്ചാണ് യെമനിലെ സനയിൽ താമസം ആരംഭിക്കുന്നത്. തോമസ് ഇലക്ട്രീഷനായിരുന്നു. മികച്ച ജീവിതം സ്വപ്നം കണ്ട ഇരുവർക്കും ലഭിച്ചിരുന്ന വരുമാനം വലിയൊരു തിരിച്ചടിയായിരുന്നു. ഇതോടെയാണ് ഇരുവരും ഒരു ക്ലിനിക് ആരംഭിക്കാൻ പദ്ധതിയിടുന്നത്. എന്നാൽ പിന്നീടാണ് വിദേശികൾക്ക് ഇത്തരമൊരു സംരഭം ആരംഭിക്കാൻ സാധിക്കില്ലെന്ന് മനസിലാക്കുന്നത്. അതോടെ യെമൻ പൗരനായ തലാലിന്റെ സഹായം തേടുന്നത്. അയാളോടൊപ്പം ചേർന്നും നിമിഷപ്രിയയും ഭർത്താവും പിന്നീട് ഒരു ക്ലിനിക് ആരംഭിച്ചു.
യെമനില്‍ വച്ച് ഇരുവരും പണം മുഴുവന്‍ ഇതിനായി ഉപയോഗിച്ചിരുന്നു. നിമിഷപ്രിയയും തലാലും ഒരു ഡോക്ടറും നഴ്സും ചേർന്നായിരുന്നു ഈ ക്ലിനിക് നടത്തിയിരുന്നത്. ബിസിനസിന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള വളർച്ചയാണുണ്ടായത്. ഇതിൽ പ്രകോപിതനായ നിമിഷപ്രിയയുടെ മുൻ തൊഴിലുടമ 33 ശതമാനം ഷെയർ ആവശ്യപ്പെട്ടു. ഇതോടെ തലാലിന് 66 ശതമാനവും മുൻ തൊഴിലുടമയ്ക്ക് 33 ലഭിക്കുന്ന തരത്തിൽ കരാർ ഒപ്പു വയ്ക്കാൻ നിമിഷപ്രിയ നിർബന്ധിതയായി. ഇടയ്ക്ക് നാട്ടിലേക്ക് മടങ്ങിയ ദമ്പതികളില്‍ നിമിഷ മാത്രമാണ് തിരികെ പോയത്. പിന്നാലെ പോവാനിരുന്ന ടോമിയ്ക്ക് യെമന്‍-സൗദി യുദ്ധം കാരണം അതിന് സാധിച്ചില്ല. വ്യാജരേഖകൾ കെട്ടിചമച്ച് നിമിഷപ്രിയയെ തന്റെ ഭാര്യയായി ചിത്രീകരിച്ച് മുഴുവൻ വരുമാനവും കൈക്കലാക്കാനുള്ള ശ്രമം തലാൽ നടത്തി. തലാലിന്റെ പെരുമാറ്റം ശാരീരിക പീഡനത്തിലേക്ക് വഴി മാറിയപ്പോഴാണ് അനസ്തേഷ്യ മരുന്ന് നൽകി നിമിഷപ്രിയ അയാളെ കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിലുള്ള വാക്കു തർക്കം പതിവായിരുന്നു. തർക്കം ക്രിമിനൽ കേസിൽ എത്തുകയും ഇക്കാരണത്താൽ ഇരുവർക്കും ചെറിയ ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. താൻ നിമിഷ പ്രിയയെ നിയമപരമായി വിവാഹം കഴിച്ചുവെന്ന് തലാൽ ഇതിനകം ആളുകളോട് പറഞ്ഞിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾതലാൽ നിമിഷപ്രിയയെ ശാരീരികമായി ഉപദ്രവിക്കുന്നത് തുടരുകയും സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു.
തലാലിന്റെ കൊലപാതകം
പീഡനം വർധിച്ചപ്പോൾ, തന്റെ യാത്രാ രേഖകളും പാസ്‌പോർട്ടുകളും തിരികെ നൽകണമെന്ന് നിമിഷ പ്രിയ തലാലിനോട് അപേക്ഷിച്ചു, നിമിഷയുടെ ആ ആവശ്യം തലാൽ നിരസിച്ചു. കേരളത്തിലെ വീട്ടുകാരോട് സംസാരിക്കാനും അനുവദിച്ചിരുന്നില്ല. ക്ലിനിക്ക് ജോലി ചെയ്ത കാലത്ത് പരിചയമുള്ള ഹനാൻ എന്ന യെമനി നഴ്‌സ് സഹായത്തോടെയാണ് നിമിഷ പ്രിയ തലാലിന് അനസ്തേഷ്യ മരുന്ന് നൽകുന്നത്. അമിത ഡോസാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചത്. ഹനാന്റെ ഉപദേശപ്രകാരം, തലാലിന്റെ ശരീരം പല കഷ്ണങ്ങളാക്കി, ബാഗുകളിലാക്കി, ഒരു വാട്ടർ ടാങ്കിൽ വലിച്ചെറിഞ്ഞു. തുടർന്ന് ഇരുവരും ഒളിവിൽ പോയെങ്കിലും പൊലീസ് ഇവരെ കണ്ടെത്തി. ഹനാനെ ആദ്യം അറസ്റ്റ് ചെയ്തു, ഒരു മാസത്തിന് ശേഷം നിമിഷ പ്രിയയും അറസ്റ്റിലായി.
വിചാരണ
യെമനിലെ ഒരു കീഴ്‌ക്കോടതിയിലാണ് കേസ് പരിഗണിച്ചത്, 2020-ൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷയും ഹനാന് ജീവപര്യന്തവും വിധിച്ചു. കൊലപ്പെടുത്തിയ ശേഷം തലാലിന് എന്തു സംഭവിച്ചുവെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. എന്നാല്‍ അനസ്‌തേഷ്യ മരുന്ന് നല്‍കിയ ശേഷം എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നാണ് നിമിഷ പ്രിയ കോടതിയില്‍ പറഞ്ഞിരുന്നത്. പണമില്ലാത്തതിനാൽ നിമിഷ പ്രിയക്ക് അഭിഭാഷകനെ ഏർപ്പാടാക്കാൻ കഴിഞ്ഞില്ല, പക്ഷേ വിചാരണ കോടതി നിയമസഹായം നൽകി. മഹ്ദിയുടെ കുടുംബം എതിർപ്പ് ഉന്നയിച്ചതിനാൽ നിമിഷ പ്രിയയുടെ ദയാഹർജികൾ തുടർന്നുള്ള വിധികളിൽ അപ്പീൽ കോടതികൾ നിരസിച്ചു.
content summary: order issued to execute Nimisha Priya a kerala nurse in Yemen