July 17, 2025 |

പ്രവര്‍ത്തനം തുടങ്ങും മുമ്പേ കര്‍മ്മ ചാനലില്‍ കൂട്ടപ്പിരിച്ചുവിടല്‍, സ്വപ്ന സുരേഷിനെയും പുറത്താക്കി

മുന്‍കൂര്‍ നോട്ടീസ് തരാതെയാണ് 16 ജീവനക്കാരെ പുറത്താക്കിയത്

കര്‍മ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ സാറ്റലൈറ്റ് ചാനലായ പ്രജ്ഞ ന്യൂസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പേ കൂട്ടപ്പിരിച്ചുവിടല്‍. ‘മുന്‍കൂര്‍ നോട്ടീസ് പോലും തരാതെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഞങ്ങള്‍ 16 ജീവനക്കാരെ പിരിച്ചുവിട്ടതെന്ന്’ മാധ്യമപ്രവര്‍ത്തകന്‍ അഴിമുഖത്തോട് പറഞ്ഞു. മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട മാനേജ്‌മെന്റ് നടപടിക്കെതിരെ എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഏറെ വിവാദമായ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്‌ന സുരേഷും പിരിച്ചുവിട്ടവരില്‍ പെടുന്നു. ദക്ഷിണേന്ത്യയിലെ എക്‌സിക്യൂട്ടീവ് ബിസിനസ് അഡ്മിനിസ്‌ട്രേറ്ററായി കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ സ്വപ്‌ന സുരേഷ് ബാംഗ്ലൂര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിച്ചുവന്നത്.

‘സാമ്പത്തിക പ്രതിസന്ധി പറഞ്ഞാണ് മാനേജ്‌മെന്റ് ഞങ്ങളെ ഒഴിവാക്കിയത്. എന്നാല്‍ ഒരുലക്ഷവും ഒന്നരലക്ഷവുമൊക്കെ വാങ്ങുന്നവരെ നിലനിര്‍ത്തിക്കൊണ്ടാണ് ബാക്കിയുള്ളവരെയെല്ലാം ഒഴിവാക്കിയിരിക്കുന്നത്. എല്ലാവരും പല സ്ഥാപനങ്ങളിലെയും ജോലി വേണ്ടെന്ന് വെച്ചാണ് പ്രജ്ഞാ ന്യൂസില്‍ കയറിയത്. ആറുമാസത്തെ നഷ്ടപരിഹാരമാണ് ഞങ്ങള്‍ ആദ്യം ചോദിച്ചത്. അത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ മൂന്ന് മാസമാക്കി ചോദിച്ചു. അതും അംഗീകരിച്ചില്ല. പിരിച്ചുവിട്ട മെയില്‍ കിട്ടിയ ശേഷം ഞങ്ങള്‍ രണ്ട് തവണ സിഇഒ സോംദേവിനെയും എച്ച്ആര്‍ മേധാവികളായ ടിംസണ്‍ അഭിലന്ദ് എന്നിവരെയും കണ്ടിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല’ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.

ഒമ്പത് മാധ്യമപ്രവര്‍ത്തകരും രണ്ട് വീഡിയോ എഡിറ്റേഴ്‌സ്, രണ്ട് ഗ്രാഫിക് ഡിസൈനര്‍മാരും, കാമറാമാന്‍, രണ്ട് മാര്‍ക്കറ്റിംഗ് സ്റ്റാഫുകളും സ്വപ്‌ന സുരേഷിനെയുമാണ് പിരിച്ചുവിട്ടത്. പലരും ജനുവരി മുതല്‍ പ്രജ്ഞയില്‍ ജോലി ചെയ്യുന്നവരാണ്.

മാനേജ്‌മെന്റിന്റെ മുന്നയിപ്പില്ലാത്ത പിരിച്ചുവിടല്‍ നടപടിക്കെതിരെ സ്വപ്‌ന സുരേഷ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. സിഇഒ സോംദേവ് നേരിട്ട് വിളിച്ച് സെറ്റില്‍ ചെയ്യാതെ പിരിഞ്ഞുപോകില്ലെന്നായിരുന്നു സ്വപ്‌നയുടെ കുറിപ്പ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്വപ്‌ന സുരേഷ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

2025 ന്റെ തുടക്കത്തില്‍ പ്രജ്ഞ ന്യൂസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ആദ്യഘട്ടത്തില്‍ ഇടപ്പള്ളി ബൈപാസിലെ ഒബ്‌റോണ്‍മാളില്‍ ആയിരുന്നു ജീവനക്കാര്‍ക്കായി സൗകര്യം ഒരുക്കിയിരുന്നത്. പിന്നീട് വെണ്ണലയില്‍ ചാനലിന് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന സ്റ്റുഡിയോ സമുച്ചയത്തിലേക്ക് മാറ്റി. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായി ഒരുക്കാതെയാണ് മാറ്റിയിരുന്നതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.

സമൂഹമാധ്യമ പേജുകളില്‍ വാര്‍ത്താ കാര്‍ഡുകള്‍, വീഡിയോകള്‍ ഒക്കെയായി പതിയെ ജോലികളും ആരംഭിച്ചിരുന്നു. ഇതിനിടെ മാനേജ്‌മെന്റ് തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കമ്പനി സി.ഇ.ഒ സോംദേവിന് മര്‍ദനമേല്‍ക്കുയും ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ കമ്പനിയില്‍ പ്രശ്‌നങ്ങളും ആരംഭിക്കുകയായി. തുടര്‍ന്ന് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ സ്ഥാപനത്തില്‍ നിന്നും രാജിവെച്ചു. തുടര്‍ന്ന് ജീവനക്കാര്‍ ജോലിയില്ലാതെ ഓഫീസില്‍ വെറുതെ ഇരിക്കുന്ന സാഹചര്യവും ഉണ്ടായി.

തുടര്‍ന്ന് കമ്പനി സി.ഇ.ഒ മാധ്യമ പ്രവര്‍ത്തകരുടെ യോഗം വിളിക്കുകയും പുതിയ പേരില്‍ സ്ഥാപനം നിലവില്‍ വരുമെന്നും ആരുടെയും ജോലിയെ പ്രതികൂലമായി ബാധിക്കില്ലെന്നും ജീവനക്കാര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ മെയ് 21 ന് രാത്രി 12 മണിയോടെ ജീവനക്കാര്‍ക്ക് എച്ച്ആറില്‍ നിന്നും ഇ മെയില്‍ വരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം മെയ് 31 ന് എല്ലാവരെയും പിരിച്ചുവിടുന്നു എന്നായിരുന്നു സന്ദേശം.

”ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. എല്ലാവരും ലോണും ഇഎംഐയുമൊക്കെ ഉള്ളതിനാല്‍ പ്രതിസന്ധിയിലാണ്. മെയ് 28 ന് ഞങ്ങള്‍ക്ക് മറ്റൊരു മെയില്‍ വരുകയുണ്ടായി. കമ്പനിക്കെതിരെ ഇനിയുള്ള അഞ്ച് വര്‍ഷക്കാലം ഞങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഒപ്പിട്ട് നല്‍കണമെന്നായിരുന്നു ഭീഷണി’ ജീവനക്കാര്‍ അഴിമുഖത്തോട് പറഞ്ഞു.

10 ദിവസം മുമ്പ് മാത്രം അറിയിപ്പ് നല്‍കിയാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരിക്കുന്നത്. മറ്റൊരു ജോലി കണ്ടെത്താനുള്ള സാവകാശമോ നഷ്ടപരിഹാരമോ നല്‍കാതെ തീര്‍ത്തും മനുഷ്യത്വരഹിതമായ നടപടിയാണ് കര്‍മ ന്യൂസ് നേതൃത്വം നല്‍കുന്ന പ്രജ്ഞ ന്യൂസ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തക കൂട്ടായ്മയായ കെയുഡബ്യുജെ കുറ്റപ്പെടുത്തുന്നു.

അതേസമയം, പ്രജ്ഞ ന്യൂസ് സിഇഒ സോംദേവിനെ ബന്ധപ്പെടാന്‍ അഴിമുഖം ശ്രമിച്ചെങ്കിലും ലഭ്യമായില്ല. എച്ച്ആര്‍ മേധാവി ടിംസണെ കോണ്‍ടാക്ട് ചെയ്‌തെങ്കിലും കാര്യങ്ങളെ കുറിച്ച് കൂടുതലായി ഒന്നും അറിയില്ലെന്നും താനൊരു മൂന്നാംകക്ഷി മാത്രമാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.Karma News lays off 16 journalists including Swapna Suresh without any prior notice.

Content Summary: Karma News lays off 16 journalists including Swapna Suresh without any prior notice

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×