ശാസ്ത്രീയമായി ചിന്തിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, ഈ മൃഗങ്ങള്‍ക്ക് എന്തിന്റെ കേടാണെന്ന്. അല്ല, വല്ല കാര്യവുമുണ്ടോ കഷ്ടപ്പെട്ട് മറ്റു ജീവികളെയൊക്കെ പിന്തുടര്‍ന്ന് പിടികൂടി കടിച്ചുവലിച്ചു തിന്ന്, വലിയൊരു ദഹനവ്യവസ്ഥ ഉപയോഗിച്ചതിനെയൊക്കെ ദഹിപ്പിച്ച് ഊര്‍ജ്ജമുണ്ടാക്കാന്‍? എന്തേ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍ എന്നായിരിക്കും. അല്ല, ഞാന്‍ ആലോചിക്കുകയായിരുന്നു. ഒന്നാകാശത്തോട്ടു നോക്കൂ. ഏറ്റവും വലിയ ഊര്‍ജ്ജസ്രോതസ് അതാ തലയ്ക്കു മീതെ കിടക്കുന്നു. നമ്മുടെ സൂര്യന്‍ തന്നെ. സോളാര്‍ പാനലുകള്‍ പോലെ ഒരു സംഗതിയോ മറ്റോ ഉപയോഗിച്ച്, സൗരോര്‍ജ്ജത്തെ നേരിട്ടുപയോഗിക്കാനുള്ള ഒരു സംവിധാനമുണ്ടായിരുന്നെങ്കില്‍ എത്ര എളുപ്പമാണ്. ആരുടെ പിന്നാലേയും ഓടണ്ട. പറക്കണ്ട. വെറുതെ നിന്നാല്‍ മതി. ജീവിക്കാനും അതിജീവിക്കാനുമുള്ള ഊര്‍ജ്ജം ഉള്ളില്‍ത്തന്നെ നേരിട്ടു കിട്ടും. എന്താണ് പരിണാമം ആ വഴിക്കൊന്നും തിരിയാഞ്ഞത്? ഈ കഴിവൊക്കെയുള്ള സസ്യങ്ങളെ നോക്കൂ. അവര്‍ക്കു ഇരപിടിക്കേണ്ട. ആരുടെ പിന്നാലേയും ഓടേണ്ട. അതുകൊണ്ടല്ലേ അവര്‍ അനങ്ങാപ്പാറകളായി നില്‍ക്കുന്നത്.
ജീവനുള്ള എന്തിനും ഈ ഭൂമിയില്‍ നിലനില്‍ക്കാന്‍ രണ്ടു കാര്യങ്ങളാണ് ഏറ്റവും പ്രധാനമായി വേണ്ടത്. ഒന്ന് ഊര്‍ജ്ജം രണ്ട് കാര്‍ബണ്‍. ഊര്‍ജ്ജമുപയോഗിച്ച് കാര്‍ബണ്‍ മൂലകത്തിലേക്ക് നൈട്രജനും ഓക്‌സിജനും ആവശ്യത്തിന് ചേര്‍ത്ത് ഓര്‍ഗാനിക കാര്‍ബണ്‍ സംയുക്തങ്ങള്‍ പിറക്കുന്നതോടെ അമിനൊ ആസിഡ്, ന്യൂക്ലിയോടൈഡ് എന്നീ അടിസ്ഥാന തന്മാത്രകള്‍ പിറക്കുകയായി. ജീവകണങ്ങളാണവ. അതില്‍ നിന്ന് പ്രോട്ടീനും ജനിതക തന്മാത്രകളായ ഡി എന്‍ എയും ആര്‍ട്‌സ് എന്‍ എയും ഉണ്ടാവുന്നു. ഇനി ഊര്‍ജ്ജമാകട്ടെ, ജീവികളില്‍ ഗ്ലൂക്കോസ് തന്മാത്രകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അപ്പോള്‍ ഈ ഗ്ലൂക്കോസിന്റെ നിര്‍മ്മാണമാണ് നിലനില്പിന്റെ അടിസ്ഥാനം എന്നു വരുന്നു.
ഇവിടെയാണ് ഒരു ജീവിയും സസ്യവും തമ്മിലുള്ള അന്തരം. എന്തൊക്കെയാണവ? ഒരുപാടു വ്യത്യാസങ്ങള്‍ എണ്ണമിട്ടു പറയാന്‍ നിങ്ങളുടെ കൈയ്യില്‍ കാണും. പക്ഷെ, ശാസ്ത്രീയമായി പറയുകയാണെങ്കില്‍ ഒന്നേയുള്ളൂ. അത് അതിന്റെ നിലനില്പിനു വേണ്ടി ഊര്‍ജ്ജത്തെ ഉപയോഗിക്കുന്ന രീതിയിലാണ്. ലോകത്തില്‍ ജീവനുള്ള എല്ലാത്തിനും ഊര്‍ജ്ജം ആത്യന്തികമായി വരുന്നത് സൂര്യനില്‍ നിന്നാണ്. സൗരോര്‍ജ്ജമാകട്ടെ ഭൂമിയിലെ ജീവന്റെ ആധാരവും. ആ ഊര്‍ജ്ജത്തെ ജീവനുള്ള കോശങ്ങള്‍ എങ്ങനെ നേടിയെടുക്കുന്നു എന്നതിലാണ് ഏറ്റവും പ്രാധാന്യമേറിയ മൃഗസസ്യവ്യത്യാസം. സസ്യങ്ങള്‍ നേരിട്ടും. മൃഗങ്ങള്‍ പരോക്ഷമായും.
മൃഗങ്ങളെ ഹെറ്ററോട്രോഫുകള്‍ എന്നാണ് പറയുക. അതായത്, സ്വന്തമായി കാര്‍ബണ്‍ ഉപയോഗിച്ച് സംയുക്തങ്ങള്‍ ഉണ്ടാക്കാനോ, ഊര്‍ജ്ജം നേരിട്ടു സ്വീകരിക്കാനോ കഴിയാത്തവര്‍. അവയ്ക്ക് മറ്റു സസ്യങ്ങളേയോ ജന്തുക്കളേയോ ഭക്ഷിച്ചിട്ടേ, ഇപ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യാനൊക്കൂ. പക്ഷെ, സസ്യങ്ങളാകട്ടെ ഓട്ടോട്രോഫുകളാണ്. അതായത് അവരുടെ കാര്‍ബണ്‍ ആവശ്യം നേരിട്ട് അന്തരീക്ഷത്തില്‍ നിന്നോ ജലത്തില്‍ നിന്നോ പിടിച്ചെടുക്കാന്‍ സാധിക്കും. ആവശ്യാനുസാരം അതിനെ ഓര്‍ഗാനിക സംയുക്തങ്ങളാക്കാനും, വേണ്ടവിധത്തില്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കാനും കഴിയും. അതുപോലെ സൗരോര്‍ജ്ജത്തെ നേരിട്ടു സ്വീകരിക്കാനുള്ള സിദ്ധിയുമുണ്ട്. സസ്യങ്ങളുടെ ഈ കഴിവിനു കാരണം അവരിലെ ക്ലോറോപ്ലാസ്റ്റ് എന്ന സംയുക്തമാണ്. സൗരോര്‍ജ്ജം ഉപയോഗിച്ചുള്ള പ്രകാശസംശ്ലേഷണം ക്ലോറോപ്ലാസ്റ്റിലൂടെ മാത്രമേ സംഭവിക്കൂ.
സസ്യങ്ങള്‍ സൗരോര്‍ജ്ജമുപയോഗിച്ച് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അഥവാ ഇംഗാലാമ്ലവാതകത്തില്‍ നിന്നും ജലതന്മാത്രകളില്‍ നിന്നും ഗ്ലൂക്കോസ് എന്ന അന്നജത്തെ ഉത്പാദിപ്പിക്കുന്നു. ആ രാസപ്രവര്‍ത്തനത്തിലൂടെ ഓക്‌സിജന്‍ അന്തരീക്ഷത്തിലേക്കു ഉദ്ഗമിക്കുകയും ചെയ്യുന്നു. നേരത്തെ ചോദിച്ച എന്തേ ജന്തുക്കള്‍ക്കും അങ്ങനെ ചെയ്താല്‍ എന്ന ചോദ്യം ഇവിടെ ആവര്‍ത്തിക്കട്ടെ.
ഉത്തരം അമ്പരപ്പിക്കുന്നതാണ്. നിങ്ങള്‍ക്കറിയാമോ സൗരോര്‍ജ്ജം നേരിട്ടുപയോഗിക്കുന്ന ചില ജീവികള്‍ ഈ ലോകത്തിലുണ്ട്. സസ്യങ്ങള്‍ കുത്തകയാക്കി വെച്ചിരിക്കുന്ന ഈ അത്ഭുതവിദ്യ സ്വായത്തമാക്കിയ സൂത്രക്കാര്‍. ഇക്കൂട്ടര്‍ ഈ സസ്യരീതി ഊര്‍ജ്ജോത്പാദനത്തില്‍ ശരിക്കും പിന്തുടരുന്നുണ്ട് എന്നതാണ് സത്യം.
അവരെ ഞാന്‍ പരിചയപ്പെടുത്താം. പവിഴപ്പുറ്റിലെ ജീവികളാണ് ആദ്യത്തെ കൂട്ടര്‍. സൗരോര്‍ജ്ജം നേരിട്ടുപയോഗിക്കുന്നവരാണിവര്‍. സ്പഞ്ചുകളാണ് മറ്റൊരു വര്‍ഗ്ഗം. പിന്നൊന്ന് ഒരിനം കടന്നലാണ്. ഓറിയന്റല്‍ വാസ്പ്. ഇവ സൗരോര്‍ജ്ജത്തെ വൈദ്യുതി തന്നെയായി മാറ്റുന്നുമുണ്ട്.
ഈ അത്ഭുത ജീവികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമാക്കേണ്ടതുണ്ട്. പവിഴപ്പുറ്റുകള്‍ ഈ സൗരോര്‍ജ്ജ ഏര്‍പ്പാടു നടത്തുന്നത് അതിനുള്ളില്‍ വളരുന്ന പ്രകാശസംശ്ലേഷണ ആല്‍ഗകളെ ഉപയോഗിച്ചാണ്. ആല്‍ഗകള്‍ സസ്യങ്ങളാണല്ലോ. എന്നാല്‍ ഓറിയന്റല്‍ കടന്നലുകളാകട്ടെ, അവയുടെ ശരീരത്തിലെ സാന്തോപ്‌റ്റെരിന്‍ എന്ന വര്‍ണ്ണവസ്തുപയോഗിച്ചാണ് സൗരോര്‍ജ്ജത്തെ വൈദ്യുതിയാക്കുന്നത്.
ഇനി മറ്റൊരു വിരുതന്‍ ഒരുതരം കടല്‍ ഒച്ചുകളാണ്. കിഴക്കന്‍ മരതക കടലൊച്ച് എന്നു വേണമെങ്കില്‍ നീട്ടിവിളിക്കാം. ഈസ്റ്റേണ്‍ എമറാള്‍ഡ് എലീസിയ എന്ന് ഇംഗ്ലീഷ് പേര്. ശാസ്ത്രനാമമാകട്ടെ എലീസിയ ക്ലൊറോട്ടിക്ക എന്നും. ഈ മരതക ഒച്ചിന് സസ്യങ്ങളെപ്പോലെ പ്രകാശസംശ്ലേഷണം നടത്താനാവും. നേരിട്ടു സൂര്യപ്രകാശം ഉപയോഗിച്ച്. അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ കണ്ടുവരുന്ന ഈ മരതക ഒച്ചിന്റെ പ്രധാനപ്പെട്ട ഭക്ഷണം ആല്‍ഗകളാണ്. ആശാന്‍ വെറുതെ തിന്നുകയല്ല ഈ ആല്‍ഗകളെ ചെയ്യുക. ആല്‍ഗകളിലെ ക്ലോറോപ്ലാസ്റ്റിനെ വേര്‍തിരിച്ചെടുത്ത് സ്വന്തമായി ഊര്‍ജ്ജോല്പാദനം നടത്തി ഒരു കൊല്ലത്തോളം ഭക്ഷണമില്ലാതെ കഴിയാന്‍ ഇവയ്ക്കു കഴിയും എന്നതാണ് ആരേയും അമ്പരപ്പിക്കുന്ന വസ്തുത. സത്യം പറഞ്ഞാല്‍ ഇതൊരു മോഷണമായാണ് ജൈവശാസ്ത്രജ്ഞന്മാര്‍ കാണുന്നത്. അതിനാലാവും ഈ ഏര്‍പ്പാടിനെ ക്ലെപ്‌റ്റോപ്ലാസ്റ്റി എന്നു വിളിക്കുന്നത്. ഒച്ചുകള്‍ പിടിച്ചെടുത്ത ക്ലോറോപ്ലാസ്റ്റിനെ ക്ലെപ്‌റ്റോപ്ലാസ്റ്റ് എന്നും വിളിപ്പേരുണ്ട്.
ലോകത്തിലെ ഈ സൗരജീവികളൊന്നും തന്നെ ജൈവശാസ്ത്രവര്‍ഗ്ഗീകരണപ്രകാരം നമ്മുടെ അടുത്തൊന്നും ഉള്ളവരല്ല. ഇനി കശേരുകികളില്‍ അതായത് നട്ടെല്ലുള്ള ജീവികളില്‍ ആര്‍ക്കെങ്കിലും ഇതിനുള്ള കഴിവുണ്ടോ? അതിനും ഉണ്ട് എന്നു തന്നെയാണ് ഉത്തരം. പുള്ളി സാലമാന്‍ഡര്‍ എന്ന ഉഭയജീവിയാണ് ഇവിടെ താരം.
പുള്ളി സാലമാന്‍ഡറിന്റെ രീതിയും മേല്‍പ്പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമല്ല. ആല്‍ഗ വേണം കാര്യങ്ങള്‍ നടത്താന്‍. ഇവയുടെ ഭ്രൂണത്തിലുള്ള ഒവോഫീലിയ ആംബ്ലിസ്റ്റൊമാറ്റിസ് എന്ന ഏകകോശ ഹരിത ആല്‍ഗയുടെ സാന്നിദ്ധ്യം ഈ അത്ഭുതം സൃഷ്ടിക്കുന്നു. സാലമാന്‍ഡറുകള്‍ വെള്ളത്തിലാണ് മുട്ടയിടുക. മണിക്കൂറുകള്‍ക്കകം ആല്‍ഗ ആ അണ്ഡത്തിനകത്തു പ്രവേശിച്ചിരിക്കും. ഈ സഹജീവനത്തില്‍ ആല്‍ഗകള്‍ക്കു എന്താണു ഗുണം? അതാണു രസകരം. ഭ്രൂണത്തില്‍ നടക്കുന്ന ചയാപചയപ്രവര്‍ത്തനങ്ങളുടെ ഉച്ഛിഷ്ടമാണ് ആല്‍ഗക്കാവശ്യമത്രെ. കൂടുതല്‍ ആല്‍ഗകള്‍ ഉള്ള ഭ്രൂണം ഏതോ, അതായിരിക്കും ആ വെള്ളത്തില്‍ അതിജീവിക്കുക. അത്തരത്തിലുള്ള ആല്‍ഗാഭ്രൂണങ്ങളായിരിക്കും ഏറ്റവും വേഗത്തില്‍ വളരുകയും ചെയ്യുക.
കോശത്തിനുള്ളില്‍ കഴിയുന്ന ആല്‍ഗകളില്‍ നിന്ന് ഓക്‌സിജനും ഗ്ലൂക്കോസും വളര്‍ച്ചക്കായി ഭ്രൂണം ഉപയോഗിക്കുന്നുണ്ട് എന്നതാണ് പുതിയ കണ്ടുപിടുത്തം. അതായത്, സാലമാന്‍ഡര്‍ ഭ്രൂണങ്ങളുടെ ഊര്‍ജ്ജനിലയങ്ങളാണ് ആല്‍ഗകളത്രെ. അവിടെ ഉത്പാദിപ്പിക്കുന്ന ഇന്ധനമാണ് സാലമാന്‍ഡറിന്റെ ത്വരിത വളര്‍ച്ചക്കു നിദാനവും.
അണ്ഡത്തില്‍ നിന്നുള്ള വളര്‍ച്ചയില്‍ വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ മൃഗങ്ങളില്‍ ഒരു പക്ഷെ ഈ ആല്‍ഗാ സഹായം പ്രവര്‍ത്തിക്കുന്നുണ്ടാവണം. അത്തരം ഉദാഹരണങ്ങള്‍ക്കുള്ള മറ്റു തെളിവുകള്‍ നമുക്കിതുവരെ കിട്ടിയിട്ടില്ല എന്നേയുള്ളൂ. മനുഷ്യനെപ്പോലുള്ള സസ്തനികളില്‍ എന്തായാലും ഈ സാധ്യത ഇല്ലെന്നുതന്നെ പറയാം. കാരണം, സസ്തനികളിലെ ഭ്രൂണവളര്‍ച്ച തീര്‍ത്തും അടച്ചു വേര്‍തിരിക്കപ്പെട്ട ഒരു വ്യവസ്ഥയിലൂടെയാണ് എന്നതിനാല്‍. Organisms that use solar energy directly, such as photosynthetic organisms
Content Summary; Organisms that use solar energy directly, such as photosynthetic organisms
This post was last modified on March 9, 2025 11:41 am
Leave a Comment