April 20, 2025 |
Share on

745 സാധാരണക്കാരെ കൂട്ടക്കൊല ചെയ്തു; സിറിയയില്‍ രണ്ട് ദിവസത്തില്‍ കൊല്ലപ്പെട്ടവര്‍ ആയിരത്തിലധികം

മുന്‍ ഭരണാധികാരി അസദിന്റെ വംശമായ അലവികളെയാണ് കൂട്ടക്കൊല ചെയ്തത്

സിറിയയില്‍ രണ്ടു ദിവസമായി തുടരുന്ന അക്രമ പരമ്പരകളില്‍ ഇതുവരെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് ബഷര്‍ അസദിന്റെ അനുയായികളും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടലും തുടര്‍ന്നുണ്ടായ പ്രതികാര കൊലപാതകങ്ങളും രാജ്യത്തെ 14 വര്‍ഷത്തെ സംഘര്‍ഷത്തിലെ ഏറ്റവും മാരകമായ സംഭവങ്ങളിലൊന്നിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാധാരണക്കാരാണ് കൂട്ടക്കൊലയ്ക്ക് ഇരയാകുന്നതെന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ വാര്‍ത്ത. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (SOHR)റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കൊല്ലപ്പെട്ടവരില്‍ 745 പേര്‍ സിവിലിയന്മാരാണ്. ക്ലോസ് റേഞ്ചില്‍ നിന്ന് വെടിവച്ചാണ് ഇവരില്‍ അധികം പേരെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കരുതുക്കൂട്ടിയുള്ള കൂട്ടക്കൊലയാണ് നടന്നതെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 125 സുരക്ഷാ ഉദ്യോഗസ്ഥരും, അസദുമായി ബന്ധമുള്ള 148 പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ച ജബ്‌ലെയ്ക്കു സമീപം ഒരു പിടികിട്ടാപ്പുള്ളിയെ കസ്റ്റഡിയിലെടുക്കാനുള്ള സുരക്ഷാ സേനയുടെ ശ്രമം അസദ് വിശ്വസ്തര്‍ തടഞ്ഞതാണ് ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത ആക്രമണങ്ങളിലേക്ക് മാറിയത്. സുരക്ഷ സേനയെ അസദ് അവുകൂലികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഒബ്‌സര്‍വേറ്ററിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് എപി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച്ചത്തെ സംഭവം വെള്ളിയാഴ്ചയായതോടെ കടുത്ത പ്രതികാരത്തിലേക്ക് മാറി. രൂക്ഷമായ ആക്രമണങ്ങള്‍ ഉണ്ടായി. സര്‍ക്കാരിനോട് വിശ്വസ്തരായ സുന്നി മുസ്ലീം സായുധവിഭാഗം അസദിന്റെ ന്യൂനപക്ഷ വിഭാഗമായ അലവികളെ(അലവിറ്റ്‌സ്) ലക്ഷ്യം വച്ച് കനത്ത ആക്രമണം അഴിച്ചുവിട്ടു. അസദിനെ അട്ടിമറിക്കാന്‍ സഹായിച്ച ഹയാത്ത് തഹ്രിര്‍ അല്‍-ഷാമിന് ഈ അക്രമസംഭവങ്ങള്‍ ഒരു പ്രധാന വെല്ലുവിളിയായി മാറിയിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി അലവികളെ ലക്ഷ്യമിട്ട് നടത്തിയത് 30 ഓളം ‘കൂട്ടക്കൊലകളാണെന്നാണ് എസ്ഒഎച്ച്ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ബഷര്‍ അല്‍-അസദിന്റെ ഹൃദയഭൂമിയായ മേഖലയാണ് കൂട്ടക്കൊല നടന്ന ലതാകിയ. അലവി വിഭാഗത്തില്‍പ്പെട്ട നേതാവാണ് അസദും. നൂറുകണക്കിന് ആളുകള്‍ ഇവിടെ വീടുകള്‍ വിട്ട് പലായനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ വെള്ളവും വൈദ്യുതിയും മുടങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ പ്രവിശ്യയുടെ നിയന്ത്രണം സര്‍ക്കാരിന്റെ കൈയില്‍ ആണെന്നാണ് സിറിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ്, ദേശീയ മാധ്യമമായ സന ന്യൂസിനോട് അവകാശപ്പെട്ടിരിക്കുന്നത്. അലവികള്‍ വലിയ ഭീതിയിലാണ് ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് തുടര്‍ന്നാല്‍ ജീവന് ഭീഷണിയാണെന്നു മനസിലാക്കി വലിയ വിഭാഗം അലവികള്‍, ലതാകിയയില്‍ തന്നെയുള്ള ഹ്‌മിമിലുള്ള റഷ്യന്‍ സൈനിക താവളത്തില്‍ അഭയം തേടിയെത്തിയിട്ടുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യന്‍ ക്യാമ്പിന് മുന്നില്‍ വന്ന് തങ്ങള്‍ക്ക് റഷ്യന്‍ സംരക്ഷണം നല്‍കണമെന്ന് അലമുറയിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. കുറെ കുടുംബങ്ങള്‍ ലബനനിലേക്കും അഭയം തേടിപ്പോയിട്ടുണ്ടെന്നാണ് വിവരം. സുന്നി മുസ്ലിം ഭൂരിപക്ഷമായ സിറിയയില്‍, ഷിയ വിഭാഗത്തിലെ ഒരു ശാഖയായ അലവികള്‍ ജനസംഖ്യയുടെ വെറും 10 ശതമാനം മാത്രമാണുള്ളത്. Over 1,000 people have been killed in Syria within two days, with nearly 750 civilians.

Content Summary; Over 1,000 people have been killed in Syria within two days, with nearly 750 civilians.

Leave a Reply

Your email address will not be published. Required fields are marked *

×