2024 പടിയിറങ്ങി. ഈ വര്‍ഷം ഇഫിക്കും (IFFI) ഐഎഫ്എഫ്‌കെ (IFFK) ക്കും പോയിട്ടില്ല, ഫെസ്റ്റിവല്‍ വൈബും, ചില അന്താരാഷ്ട്ര സിനിമകളും അങ്ങിനെ മിസ്സായിട്ടുണ്ട്. വിശദമായി മോളിവുഡ്.
ഐശ്വര്യമായിട്ടു ഗുണകേവില്‍ നിന്ന് തുടങ്ങാം. മഞ്ഞുമ്മല്‍ ബോയ്‌സ് ആയിരുന്നല്ലോ നല്ല കാലത്തിന്റെ തുടക്കം. യുവസംവിധായകനായ ചിദംബരം സീന്‍ മാറ്റി. ഷൈജു ഖാലിദിന്റെ സിനിമാട്ടോഗ്രാഫിയും, സുഷിന്റെ മ്യൂസിക്കും, അജയന്‍ ചാലിശ്ശേരിയുടെ ഗുണ കേവ് സെറ്റും പൊളിച്ചു. സൗബിനും, ശ്രീനാഥ് ഭാസിയും, കൂട്ടുകാരും, യഥാര്‍ത്ഥ സൗഹൃദത്തിന്റെ ആഴങ്ങളിലേക്ക് കയറു കെട്ടി ഇറങ്ങിയതോടെ, അതിര്‍ത്തികള്‍ ഭേദിച്ച്, മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബ്ബിലേക്ക് ഓടിക്കയറി. ഗിരീഷ് എഡിയുടെ പ്രേമലു കണ്ടപ്പോ, നസ്ലന്റെ (Naslen) ആ കുണുവാവ പ്രയോഗവും, ചുരുക്കം ചില’ ശ്യാം മോഹന്‍’ സീനുകളുമൊക്കെ ചിരിപ്പിച്ചെങ്കിലും GenZ പ്രേമം അത്രക്കങ്ങോട്ടു ഫ്രഷ് ആയി തോന്നിയില്ല. ഒരു കാലത്തെ തമിഴ് സിനിമകളിലെ ആ പാവം ധനുഷിനെ ഓര്‍മ്മ വന്നു. എന്തായാലും, പ്രേമലു പിള്ളേരും കോടി ക്ലബ്ബില്‍ കസേരയിട്ടിരുന്നു. പ്രൊഡ്യൂസര്‍ റോളില്‍ ആയിരുന്നു അപ്പോള്‍ ഫഫ(ഫഹദ്). പിന്നെ, ഇന്‍സ്റ്റയില്‍ പോലും ഫ്രണ്ട്സ് ഇല്ലാത്ത, വേദനിക്കുന്ന ഗ്യാങ്സ്റ്റര്‍- രംഗ അണ്ണനായി ഒരു വരവ് വന്നു. ആവേശം! എല്ലാവരെയും ആവേശം കൊള്ളിപ്പിച്ചു സൂപ്പര്‍ഹിറ്റാക്കി. അതിലും പിള്ളേര് തകര്‍ത്തു. സുഷിന്‍ ഇവിടെയും ഫോമിലാണ്. ഡയറക്ടര്‍ ജിത്തു മാധവന് പണിയറിയാം.
പക്ഷെ, ഈ വര്‍ഷം ഏറ്റവും മഹത്തായ സിനിമ പ്രൊമോഷന്‍ കിട്ടിയത് ആടുജീവിതത്തിന്. ബെന്യാമിന്‍ പകര്‍ത്തിയ നജീബിനോട് ഉണ്ടായിരുന്ന വികാരപരമായ അടുപ്പം കളയാന്‍ പൃഥ്വിരാജിനും, ബ്ലെസ്സിക്കും കഴിഞ്ഞു. സന്തോഷം. നായകന്റെ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനും, കൊവിഡ് കാലത്തെ ഷൂട്ടിംഗ് കഥകളുടെ ദുരിതങ്ങളും മാര്‍ക്കറ്റ് ചെയ്യപ്പെട്ടപ്പോള്‍ മലയാളത്തില്‍ നിന്ന് വരേണ്ടിയിരുന്ന ഒരു യൂണിവേഴ്‌സല്‍ തീമിന്റെ കാതല്‍ നഷ്ട്‌പെട്ടു. സത്യത്തില്‍ വിഷമമുണ്ട്. കളക്ഷന്‍ 150 കോടി കടന്നു എന്തായാലും. ബേസിലും നസ്രിയയും അഭിനയിച്ച സൂക്ഷ്മദര്‍ശിനി അമ്പതു കോടി എത്തിയെന്നാണ് ഇപ്പോഴത്തെ കണക്ക്. ഇവര്‍ രണ്ടു പേരും പ്രൊമോഷന്‍ ഇന്റര്‍വ്യൂസില്‍ പൃഥ്വിക്കു ഭീഷണിയാവുമോ എന്നാണ് ഒരു ആശങ്ക.
സൂപ്പര്‍സ്റ്റാറുകളെ വിട്ടോ എന്ന് തെറ്റിദ്ധരിക്കരുത്. മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ വല്ലാതെ ബോധിച്ചു. ഈ മോണോക്റോം കൊടുമണ്‍ പോറ്റിയെ മലയാള സിനിമ മറക്കില്ല, പ്രേക്ഷകരും. സിദ്ധാര്‍ഥ് ഭരതന്‍ അഭിനയിക്കുന്നതാണ് നല്ലതു എന്ന് തോന്നി. വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെ, ഫീല്‍ഡില്‍ നില്‍ക്കുന്ന അര്‍ജുന്‍ അശോകന്റെ വേഷപ്പകര്‍ച്ചകളും ആസ്വദിക്കുന്നുണ്ട്. രാഹുല്‍ സദാശിവന് ഭാവിയുണ്ട്. ‘ഭൂതകാലം’ ഇഷ്ടപ്പെട്ടിരുന്നു. ഇരുട്ടില്‍ അലഞ്ഞു തിരിയുന്ന ആത്മാക്കളും, ഭ്രമയുഗത്തില്‍ അകപ്പെട്ട മനുഷ്യരും. രാഹുലിന് സെറ്റിങ്ങുകളില്‍ ശ്രദ്ധയുണ്ട്. ക്രാഫ്റ്റിലും. ആറ്റികുറുക്കിയ സ്‌ക്രിപ്റ്റില്‍ ടിഡി രാമകൃഷ്ണനും അഭിനന്ദനം. ഷെഹ്നാദ് ജലാല്‍ ക്യാമറയില്‍ ഏതോ ഒരു കാലഘട്ടത്തെ, കൃത്യമായി പിടിച്ചു വെച്ചിട്ടുണ്ട്. ഭാഗ്യമന ആണത്. കിഷ്‌കിന്ധാകാണ്ഡവും അവിടെ ഷൂട്ട് ചെയ്തതല്ലേ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലയ്ക്കോട്ടെ വാലിബന്‍’ ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് തന്നെ അടി കിട്ടാനുള്ള വകയാണ്. വേരുകള്‍ ഇല്ലാതെ, നാടുകള്‍ താണ്ടി മല്ലയുദ്ധം നടത്തുന്ന വാലിബന്‍. മോഹന്‍ലാല്‍ വളരെ ഫ്‌ളെക്‌സിബിള്‍ ആയി ചെയ്ത കഥാപാത്രം. ‘മലയാളത്തിന്റെ മഹാനടനെ’ ഇപ്പോ അങ്ങിനെ കാണുന്നതൊക്കെ അപൂര്‍വമല്ലേ. മധു നീലകണ്ഠന്റെ മനോഹരമായ ഫ്രെമുകള്‍. തിരക്കഥ ദുര്‍ബലമായിരുന്നു. പ്രത്യേകിച്ചും ഹരീഷ് പേരടി വന്നു ആ ഫ്‌ളാഷ്ബാക്ക് പറഞ്ഞതോടെ അതുവരെ ബുദ്ധിമുട്ടി കണ്ടിരുന്ന പ്രേക്ഷകര്‍ തിയേറ്ററില്‍ വൈലന്റ് ആയി. സ്‌ക്രീനില്‍ ഒരു അടുക്കും ചിട്ടയും ഇല്ലാതെ കറങ്ങി നടന്ന, വാലിബന്റെ ഭാഷയോട് കൂറ് പുലര്‍ത്താത്ത സബ്ടൈറ്റില്‍സ് മറ്റൊരു പ്രശ്‌നം ആയിരുന്നു. അങ്ങിനെ മലയാളികള്‍ മാത്രമല്ല, പുറമെയുള്ള ലിജോ ഫാന്‍സും നിരാശരായി. പക്ഷെ, ഇപ്പോഴും പറയുന്നു, മലയ്ക്കോട്ടെ വാലിബന്‍ ഒരു മോശം വര്‍ക്ക് അല്ല. അതില്‍ നമ്മള്‍ ഇതുവരെ കാണാത്ത ഒരു സിനിമയുടെ ആര്‍ട്ടുണ്ട്, ഒരു കഥാപാത്ര നിര്‍മിതി ഉണ്ട്. കമന്റ് തീര്‍ത്തും വ്യക്തിപരം.
ഉള്ളൊഴുക്കില്‍ കുട്ടനാടിന്റെ അത്ര റൊമാന്റിക് അല്ലാത്ത മഴയും, രഹസ്യങ്ങളുടെ കലവറയായ വീടുകളും, സ്ത്രീകളും, അവരുടെ പ്രായോഗിക ജീവിതങ്ങളും നിറഞ്ഞു നില്‍ക്കുന്നു. ക്രിസ്റ്റോ ടോമിയുടെ ക്രാഫ്റ്റ് കൊണ്ട് രക്ഷപെട്ട ഒരു പ്രമേയം. അല്ലെങ്കില്‍, ഒരു പൈങ്കിളി സീരീസിന്റെ കഥ. ഉര്‍വശിയും പാര്‍വതിയും കട്ടക്ക് നിന്നു. അഭിനയത്തില്‍ ഉര്‍വശിക്കു അനന്തരാവകാശികള്‍ ഉണ്ടോ? അത്രയ്ക്ക് റേഞ്ച് ആര്‍ക്കും കാണുന്നില്ല. പ്രശാന്ത് മുരളിയേയും അര്‍ജുന്‍ രാധകൃഷ്ണനെയും ഓര്‍ക്കുന്നു. ഈ സിനിമയുടെ അവസാനത്തെ ഷോട്ട് കണ്ടപ്പോള്‍ ഈ വര്‍ഷത്തെ മറ്റൊരു സിനിമയുടെ പേരാണ് ഓര്മ വന്നത്. ‘girls will be girls ‘.
ഇനി കിഷ്‌കിന്ധാകാണ്ഡം. നന്നായൊന്നു ചുഴിഞ്ഞു നോക്കിയാല്‍ കുറെ വിടവുകള്‍ ഉള്ള സ്‌ക്രിപ്റ്റ് ആണ് ബാഹുല്‍ രമേഷിന്റെ. ബാഹുലിന്റെ ഫ്രെയിംസ് കൊള്ളാം; വിജയരാഘവനും. സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍ ഈ സിനിമയെ നന്നായി ഒതുക്കിയിട്ടുണ്ട്. മലയാളത്തില്‍ ഇങ്ങിനെ ഒരു തീം വന്നതായി ഓര്‍ക്കുന്നില്ല. സോഷ്യല്‍ മീഡിയ റിവ്യൂസ് കിഷ്‌കിന്ധകാണ്ഡത്തെ എവിടെയൊക്കെയോ കൊണ്ടുപോയി. നമ്മള്‍ അല്ലെങ്കിലും അങ്ങനെയാണല്ലോ. പൊക്കിയാലങ്ങു പൊക്കും. ഈ ഫിലിം ആസിഫ് അലിക്കും ഒരു മൈലേജ് ആണ്. ഒരു റോളിലെ കണ്‍സിസ്റ്റന്‍സി ആസിഫ് നന്നായി പരിശീലിക്കണം. അര്‍ഫാസ് അയൂബിന്റെ ലെവല്‍ ക്രോസ്സിലും അത് ശ്രദ്ധിച്ചു. ഇടയില്‍ ആസിഫ് കഥാപാത്രത്തെ മറക്കും. നല്ല രീതിയില്‍ ചെയ്യാമായിരുന്നു അര്‍ഫാസിനു ലെവല്‍ ക്രോസ്സ്. നല്ല തീം, ലൊക്കേഷന്‍. പക്ഷെ പ്രേക്ഷകര്‍ക്ക് വേണ്ടത് വികാരപരമായ കഥകള്‍ മാത്രം ആണല്ലോ എന്ന തിരിച്ചറിവില്‍ കണ്ടു മടുത്ത ഫ്‌ളാഷ്ബാക്കുകളിലേക്കു പോയി. പിന്നെയങ്ങോട്ട് കൈവിട്ടും പോയി. അമല പോള്‍ എന്ന് അഭിനയം പഠിക്കും? ഹൈ ഗ്രോസ്സര്‍ പട്ടികയില്‍ വിപിന്‍ ദാസിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ ആറാമതാണ്. പൃഥ്വി- ബേസില്‍ കോംബോ കോമഡി. കുറച്ചൊക്കെ ചിരിച്ചു. ആളുകള്‍ പറയുന്നത്ര വിരോധം ഈ സിനിമയോട് തോന്നിയില്ല. 30 കോടി ഇറക്കി 100 കോടിക്ക് മീതെ കളക്ഷന്‍ ഉണ്ടാക്കിയ എആര്‍എം അഥവാ ‘അജയന്റെ രണ്ടാം മോഷണം’ എട്ടാമത്തെ പൊസിഷനില്‍ ആണ്. ജിതിന്‍ ലാല്‍ ഈ ഫോക്ലോര്‍ തീം നന്നാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അമ്പതു തികച്ചു നമ്മുടെ സുന്ദരന്‍ ടോവിനോ ഇതില്‍. അര്‍പ്പണബോധം കാണാം ഈ നടനില്‍. സിനിമയുടെ സ്‌ക്രിപ്റ്റ് നന്നാകാനുണ്ട്, പ്രത്യേകിച്ച് അജയന്റെ 90കളിലേ ജീവിതകാലം. പലരും അതില്‍ മീശമാധവന്‍ കണ്ടു. 3ഡിയുടെ പ്രശ്ങ്ങള്‍ ഇല്ലാത്തതു കൊണ്ടും ഇത്തരം ജോണറുകള്‍ മലയാളത്തില്‍ വിരളം ആയതുകൊണ്ടും പൊതുവെ എആര്‍എം ഇഷ്ടപ്പെട്ടു. അടുത്തിറങ്ങിയ ഉണ്ണി മുകുന്ദന്‍ ഫെയിം മാര്‍ക്കോ ദിനംപ്രതി കളക്ഷന്‍ കൂടി വരുന്നു. നൂറു കോടി ക്ലബ്ബില്‍ എത്തുമോ. സിനിമ കണ്ടിട്ടില്ല. ‘അനിമല്‍’ ഇന്‍സ്പിറേഷന്‍ ആണോ ? അതുക്കും മേലെ ഭയാനകമായ ചോരക്കളി എന്ന് കേട്ടു.
2024ലെ മറ്റു സിനിമകള്‍ ഒരുപാടുണ്ട്. എല്ലാം കണ്ടിട്ടില്ല. നോട്ട് ചെയ്ത ചിലത് പറയാം. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം കുറച്ചു പ്രതീക്ഷ തന്നു, പഴയ ഫോര്‍മാറ്റിന്റെ, കുറച്ചുകൂടെ ഓപ്പണ്‍ ആയ വേര്‍ഷന്‍. വിഷ്ണു നാരായണന്റെ ‘നടന്ന സംഭവം’ എന്ന ഫിലിമിലും ചില സത്യങ്ങള്‍ പറയുന്നുണ്ട്. ദാമ്പത്യത്തിനുള്ളിലെ. അടുക്കളയില്‍ നടക്കുന്ന ആ ക്യാഷല്‍ സെക്‌സ് ടോക്കും കൊള്ളാം. അതിലെ ബിജു മേനോന്‍ ചെയ്ത കഥാപാത്രം ഏതു പ്രായത്തിലെ സ്ത്രീകളും സുഹൃത്താക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്നാണ്. അത്ര തന്നെ തെറ്റിദ്ധരിക്കപ്പെടാനും. ‘വിശേഷം’ സിനിമ ഇപ്പോഴും മാറാത്ത സമൂഹ മനസ്ഥിതിയെ കാണിക്കുന്നു. പക്ഷെ, ഒരു ഷോര്‍ട് ഫിലിമില്‍ ഒതുക്കാവുന്നതേ ഉള്ളു. സംവിധാനം സൂരജ് തോമസ്. സി ഐ ഡി രാമചന്ദ്രന്‍ റിട്ടയേര്‍ഡ് എസ് ഐ ചെയ്ത സനൂപ് സത്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ പെരുമഴയിലും സ്വന്തം സിനിമയെ കാത്തിട്ടുണ്ട്. ജയറാം അഭിനയിച്ച, മിഥുന്‍ മാനുവല്‍ ഫിലിം ‘എബ്രഹാം ഓസ്‌ലെര്‍’ എവിടെയെക്കൊയോ പാളിയെങ്കിലും, കഥക്ക് പൊട്ടെന്‍ഷ്യല്‍ ഉണ്ടെന്നു തോന്നി. ജിത്തു ജോസ്ഫിന്റെ ‘നുണക്കുഴി’ വിരിഞ്ഞില്ല. 2022 പടമാണെങ്കിലും ‘അടിത്തട്ട്’ ന്റെ ഒടിടി റിലീസ് ഈ വര്‍ഷമായിരുന്നു. ജിജോ ആന്റണി സംവിധാനം. മേക്കിങ് -ആക്ടിങ് മോശമില്ല.
എസ് ഹരീഷിന്റെ ‘രാത്രി കാവലിനെ’ ആസ്പദമാക്കി ചെയ്ത ‘തെക്കു വടക്കു’ നല്ല തീം ആയിരുന്നു. ചെറുപ്പത്തിലേ തുടങ്ങി, തല നരച്ചിട്ടും തമ്മിലുള്ള മത്സരത്തിന്റെ ഊര്‍ജ്യത്തില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന രണ്ടു മനുഷ്യര്‍. അവര്‍ സത്യത്തില്‍ സുഹൃത്തുക്കളാണ്. ഒരാള്‍ പോയപ്പോ മറ്റേ ആള്‍ക്ക് ജീവിതത്തില്‍ ചെയ്യാന്‍ ഒന്നുമില്ലാതാകുന്നു. പക്ഷേ സ്‌ക്രിപ്റ്റിനോ, ഡയറക്ടര്‍ പ്രേംശങ്കറിനോ, സുരാജിനോ, വിനായകനോ തെക്കു വടക്കിന്റെ ഈ തലം മനസിലായതായ് തോന്നിയില്ല. വാഴ-എ ബിയോപിക് ഓഫ് എ മില്യണ്‍ ബോയ്‌സ് -ആനന്ദ് മേനോന്‍ സംവിധാനം ചെയ്തിരിക്കുന്നു. സിനിമയുടെ പേര് പോലെ സത്യസന്ധത ഉള്ള പ്രമേയമാണ്. കൊഴപ്പമില്ലാതെ ചെയ്തിരിക്കുന്നു, പിള്ളേരും അച്ഛന്മാരും. ഈയടുത്തു ഒടിടിയില്‍ വന്ന മുസ്തഫയുടെ ‘മുറ’ എന്‍ഗേജിങ് ആയിത്തോന്നി. ഇതിലും ക്വട്ടേഷന്‍ ഗ്യാങ് പിള്ളേര്‍ തകര്‍ത്തു. ഹൃദു ഹാറൂണ്‍ നയിക്കുന്നു. സുരാജ് പതിവ് രീതികള്‍ കുറച്ചിട്ടുണ്ട്. മാല പാര്‍വതി അങ്ങിനെ റോളുകളില്‍ നിന്ന് റോളുകളിലേക്കു വളര്‍ന്നു കൊണ്ടിരിക്കുന്നു.
ലാജോ ജോസിന്റെ നോവല്‍ അടിസ്ഥാനമാക്കിയ ‘ബോഗെയ്ന്‍വില്ല’ -അമല്‍ നീരദ് പടം ജ്യോതിര്‍മയിക്കു വിട്ടുകൊടുക്കാം. ഇരുത്തി, സെറ്റ് ചെയ്തു എടുത്ത ഫ്രെയിംകള്‍ക്കു ഓര്‍ഗാനിക് സ്വഭാവം നഷ്ടപെട്ടിട്ടുണ്ട് പലപ്പോഴും. സെക്കന്റ് ഹാഫില്‍, ഡോക്ടര്‍ റോയിയും, എന്‍ഡില്‍ സിനിമയും മൊത്തം കൈവിട്ടു പോകുന്നു. ശ്രിന്ദയുടെ പൊളിറ്റിക്കലി കറക്റ്റ് ഡയലോഗ് കൂടിയായപ്പോള്‍ കുളിരു വന്നു. ബാക്കിയായ കുറച്ചു സംശയങ്ങള്‍ തീര്‍ക്കാന്‍ നോവല്‍ വായിക്കണം എന്നുണ്ട്.
ആഷിഖ് അബുവിന്റെ ‘റൈഫിള്‍ ക്ലബ്’ കണ്ടിട്ടില്ല. മീര ജാസ്മിന്റെ ‘പാലും പഴവും’. ‘പണി’ എടുത്തു പണി കിട്ടിയ ജോജു. ആദ്യ സംവിധാനം. മിസ് ആയവയില്‍ പെടും. പക്ഷെ ഈ വര്‍ഷത്തെ വിവിഐപി റിലീസ് ഇതൊന്നുമല്ലലോ. ക്രിസ്മസ് റിലീസ് ആയ ലാലേട്ടന്റെ ‘ബാറോസ്’ അല്ലെ? കന്നി സംവിധായകന് മലയാളികള്‍ അത്ര വലിയ സ്വീകരണം കൊടുത്തു കാണുന്നില്ല. എങ്ങും കരിങ്കൊടി. കണ്ടിട്ടു മാത്രേ വിലയിരുത്തു.
2024 മൊത്തത്തില്‍ മലയാള സിനിമയില്‍ പിള്ളേര്‍ വൈബ് ആണ് പച്ച പിടിച്ചത് എന്ന് തോന്നുന്നു. യുവാക്കളുടെ കാലം ഭാവി കൂടിയാണ്. ആര്‍ട്ടും വാണിജ്യവും കൈകോര്‍ക്കുന്നതാണ് ഇഷ്ടമുള്ള ഫോര്‍മാറ്റ്. അയ്യോ, 30 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ എത്തിയ കാന്‍ പുരസ്‌കാരം മറന്നു. ദിവ്യപ്രഭക്കും, കനി കുസൃതിക്കും, പായല്‍ കപാഡിയക്കും ഔപചാരികമായ നന്ദി. ‘ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്’ പക്ഷെ ഫേവറേറ്റ് ലിസ്റ്റില്‍ ഇല്ല. 2025 കൊണ്ട് വരുന്ന സിനിമ അനുഭവങ്ങള്‍ക്കായി കാത്തിരിക്കാം. Overview of 2024 Malayalam cinema
Content Summary; overview of 2024 Malayalam cinema