ആ വീഡിയോ ദൃശ്യം പകര്‍ത്തപ്പെട്ട് 15 മിനിട്ട് കഴിഞ്ഞ് കാണും, മിര്‍ മുഹ്ഫുസുര്‍ റഹ്‌മാന്‍ മുഗ്‌ദോയുടെ നെഞ്ചില്‍ വെടിയുണ്ടകള്‍ തുളഞ്ഞു കയറി
‘പാനി ലഗബെ പാനി…’
വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കവേ ബംഗ്ലാദേശിന്റെ തെരുവുകളില്‍ മുഴങ്ങി കേള്‍ക്കുന്നത് ഈ വാക്കുകളാണ്; ഒരു മുദ്രാവാക്യത്തിന്റെ ചുവയുണ്ടതിന്.
സര്‍ക്കാര്‍ ജോലിയിലെ സംവരണത്തിനെതിരേ തുടങ്ങി, ഒടുവില്‍ ഷെയ്ഖ് ഹസീനയെന്ന കരുത്തയുടെ കസേര തെറിപ്പിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ് തെരുവുകളില്‍ കുപ്പി വെള്ളവുമായി ഓരോ മനുഷ്യരോടും, നിങ്ങള്‍ക്ക് വെള്ളം വേണ്ടി വരും എന്ന് പറഞ്ഞു നടക്കുന്നത്. ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തില്‍ മനുഷ്യദാഹം തീര്‍ക്കാനുള്ള ഒരു സത്പ്രവര്‍ത്തി എന്നത് മാത്രമല്ല, അതിനപ്പുറം വിദ്യാര്‍ത്ഥി പ്രതിഷേധ പ്രസ്ഥാനത്തിലെ ഓരോ അംഗത്തിനും ഈ വെള്ളം വിതരണം ഒരു കര്‍ത്തവ്യം കൂടിയാണ്; മിര്‍ മുഹ്ഫുസുര്‍ റഹ്‌മാന്‍ മുഗ്‌ദോ എന്ന വിദ്യാര്‍ത്ഥിക്ക് വേണ്ടി, അവരുടെ കൂട്ടുകാരന് വേണ്ടി ചെയ്യേണ്ട കര്‍ത്തവ്യം.
ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റ് ഓഫ് പ്രൊഫഷണല്‍സിലെ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു മുഗ്‌ദോ. വിദ്യാര്‍ത്ഥി പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്തിറങ്ങിയ ഒരു വീഡിയോ ദൃശ്യത്തില്‍ മുഗ്‌ദോയെ കാണാം. പാനി ലഗബെ പാനി…എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് തന്റെ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഓടി നടക്കുന്ന മുഗ്‌ദോയുടെ വീഡിയോ കൂട്ടത്തിലാരോ പകര്‍ത്തിയതാണ്. പക്ഷേ, അവരാരും അപ്പോള്‍ ഓര്‍ത്തിരുന്നില്ല, ഇനി ഇങ്ങനെ മാത്രമെ തങ്ങള്‍ക്ക് മുഗ്‌ദോയെ കാണാനാകൂ എന്ന്.
ആ വീഡിയോ ദൃശ്യം പകര്‍ത്തപ്പെട്ട് 15 മിനിട്ട് കഴിഞ്ഞ് കാണും, മിര്‍ മുഹ്ഫുസുര്‍ റഹ്‌മാന്‍ മുഗ്‌ദോയുടെ നെഞ്ചില്‍ വെടിയുണ്ടകള്‍ തുളഞ്ഞു കയറി.
ജൂലൈ 18 നാണ് ധാക്കയ്ക്ക് സമീപപ്രദേശമായ ഉട്ടാരയില്‍ വിദ്യാര്‍ത്ഥി സമരം നടക്കുന്നതിനിടയില്‍, പ്രതിഷേധക്കാര്‍ക്ക് വെള്ളവും ഭക്ഷണവും ബിസ്‌കറ്റുമെല്ലാം വിതരണം ചെയ്തു കൊണ്ടിരുന്ന മുഗ്‌ദോ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
മുഗ്‌ദോയുടെ രകത്സാക്ഷിത്വം വിദ്യാര്‍ത്ഥികള്‍ വളരെ വൈകാരികതയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. വെടിയുണ്ടകള്‍ ജീവനെടുക്കുന്ന സമയത്തും ആ വിദ്യാര്‍ത്ഥി പറഞ്ഞു കൊണ്ടിരുന്ന വാചകമാണ്, ‘പാനി ലഗബെ പാനി’. പുറത്തെയും അകത്തെയും ചൂടില്‍ വെന്തു നില്‍ക്കുന്ന തന്റെ സഹപാഠികള്‍ക്ക് വെള്ളം വേണ്ടി വരുമെന്നറിഞ്ഞുകൊണ്ട് അവന്‍ നടത്തിയ സേവനം.
മുഗ്‌ദോയുടെ അവസാന വാചകമാണ് ഇന്നിപ്പോള്‍ ഒരു മുദ്രാവാക്യം പോലെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തിരിക്കുന്നത്. ബംഗ്ലാദേശ് തെരുവുകളില്‍ അതിപ്പോള്‍ ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ധാക്കയിലെ വിവിധ കവലകളില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനൊപ്പം കാല്‍നടക്കാര്‍ക്ക് സൗജന്യ വെള്ളം വിതരണം ചെയ്യുന്നുമുണ്ട് വിദ്യാര്‍ത്ഥികള്‍.
‘ഞങ്ങളുടെ സഹോദരന്മാരില്‍ ഒരാള്‍, കൊല്ലപ്പെട്ടത് സമരം ചെയ്യുന്നവര്‍ക്ക് വെള്ളം കൊടുത്തു കൊണ്ടിരിക്കുമ്പോഴായിരുന്നു, ഇപ്പോള്‍ ഞങ്ങള്‍ ആളുകള്‍ക്ക് വെള്ളം കൊടുക്കുന്നത് അവനോടുള്ള ആദരം പ്രകടിപ്പിക്കാന്‍ കൂടിയാണ്’ തെജ്‌ഗോണ്‍ കോളേജിലെ മാര്‍ക്കറ്റിംഗ് വിദ്യാര്‍ത്ഥിയായ റകിബ് ധാക്ക ട്രിബ്യൂണിനോട് പറയുന്നു. ജനം ചൂടില്‍ ദാഹിച്ച് വലയുകയാണ്, ഈ വെള്ളം അവര്‍ക്ക് ആശ്വാസം നല്‍കുമെന്നും റാകിബ് കൂട്ടിച്ചേര്‍ക്കുന്നു.
‘ മുഗ്‌ദോ തുടങ്ങി വച്ചത് ഞങ്ങള്‍ തുടരുകയാണ്, ഈ ഉത്തരവാദിത്തം അവന്‍ ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ്’ – ധാക്ക സര്‍വകലാശാലയിലെ സിഎസ്ഇ വിദ്യാര്‍ത്ഥിയായ ആരിഫിന്റെതാണ് ഈ വാക്കുകള്‍. മുഗ്‌ദോയുടെ പേരില്‍ കുടിവെള്ളം പുറത്തിറക്കണമെന്നാണ് മോഹനോഗോര്‍ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥി തഹ്‌മിന ആവശ്യപ്പെടുന്നത്. ‘ അതവനെ എന്നെന്നും ഓര്‍മിക്കാന്‍ ഇടവരുത്തും, അടുത്ത തലമുറയ്ക്കും അവനെ അറിയാന്‍ സാധിക്കും’ തഹ്‌മിന പറയുന്നു. കുപ്പിവെള്ള കമ്പനി അവരുടെ വരുമാനത്തിന്റെ ഒരു വിഹിതം മുഗ്‌ദോയുടെ കുടുംബത്തിന് നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്.
തങ്ങള്‍ സമര രംഗത്തായിരുന്നപ്പോള്‍ നിരവധിയാളുകളാണ് വെള്ളവും ഭക്ഷണവും കൊണ്ടു വന്നത് തന്നത്. കവലകളില്‍ ഗതാഗത നിയന്ത്രണത്തിന് നില്‍ക്കുമ്പോഴും ആളുകളുടെ സ്‌നേഹം തുടരുകയാണ്. അതിനവര്‍ക്ക് തിരിച്ചും ഞങ്ങള്‍ സഹായം ചെയ്യുന്നുവെന്നാണ് എച്ച്എസ്‌സി വിദ്യാര്‍ത്ഥിയായ മൊഹമ്മദ് നയീം പറയുന്നത്. ജനങ്ങളും വിദ്യാര്‍ത്ഥികളോട് നന്ദി പറയുകയാണ്. ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് കഴിയുമെന്നാണ് ആളുകള്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്. ഇതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവില്‍ നിന്നപ്പോഴും ജനങ്ങള്‍ അവര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തിട്ടുണ്ടെന്നാണ് ധാക്ക ട്രിബ്യൂണ്‍ പറയുന്നത്. Paani Lagbe Paani, why this words are now ringing in streets of Bangladesh
Content Summary; Paani Lagbe Paani, why this words are now ringing in streets of Bangladesh