ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ അക്രമകാരികളിൽ രണ്ട് പേർ സഞ്ചാരികളിൽ മുസ്ലീങ്ങളല്ലാത്തവരെ തിരഞ്ഞുപിടിച്ച് വധിച്ചതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ട് പുറത്ത്. ദി വയർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അക്രമകാരികൾ മതാടിസ്ഥാനത്തിൽ സഞ്ചാരികളെ വേർതിരിച്ചുവെന്നും അക്രമത്തിന്റെ ദൃശ്യങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പകർത്തിയതായും ദൃക്സാക്ഷികൾ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു. 26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനത്തിനുള്ളിൽ നിന്ന് വെടിയുതിർത്തുകൊണ്ടാണ് അക്രമികൾ സഞ്ചാരികളുടെ അടുത്തേക്ക് പാഞ്ഞടുത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 40 മിനിറ്റോളമാണ് അക്രമം നീണ്ടുനിന്നത്.
‘തോക്കുധാരിയായ ഭീകരൻ സഞ്ചാരികളിലൊരാളോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടിരുന്നു. അയാൾക്കത് കഴിയാതെ വന്നതോടെ കൊലപ്പെടുത്തുകയും ചെയ്തു’, അക്രമണരംഗം നേരിട്ട് കണ്ട തന്റെ സഹോദരന്റെ അനുഭവം ഒരു യുവാവ് പങ്കുവെച്ചതായി റിപ്പോർട്ടിൽ പറയുന്നു. കലിമ പറഞ്ഞ ആളെ അക്രമികൾ വെറുതെ വിട്ടതായും യുവാവ് കൂട്ടിച്ചേർത്തു.
അതേസമയം, മതത്തിന്റെ പേരിൽ മാത്രമല്ല ജനങ്ങളുടെ വസ്ത്രധാരണ രീതി പരിശോധിച്ച് എന്താണ് അവരുടെ സാഹചര്യം എന്ന് കൂടി മനസിലാക്കിയാണ് ആക്രമണകാരികൾ ആളുകളെ ലക്ഷ്യം വച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഒരു സ്ത്രീ സിന്ദൂരം ധരിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട തോക്കുധാരി അവരുടെ ഭർത്താവിനെ ഒരു ചോദ്യവും ചോദിക്കാതെ തന്നെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.
പരിക്കേറ്റ ചില വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് കയറ്റിയാണ് പലരും ആശുപത്രികളിലേക്ക് കൊണ്ട് പോയത്. അക്രമികളിൽ നിന്നും ഓടി രക്ഷപ്പെടാൻ കഴിയാതെ ചിലർ പരിഭ്രാന്തരായി വീണുപോവുകയും ചെയ്തു.
ആക്രമണത്തിന്റെ ഒരു വീഡിയോയിൽ രണ്ട് വ്യത്യസ്ത തരം വെടിയൊച്ചകൾ കേൾക്കാൻ കഴിഞ്ഞിരുന്നു എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ അക്രമികൾ എകെ-47 റൈഫിളുകളായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിലെ അംഗങ്ങളാണ് അക്രമം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. നാല് ഭീകകരിൽ മൂന്ന് പാക് ആക്രമണകാരികളുടെ രേഖാചിത്രങ്ങൾ ജമ്മു കശ്മീർ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അനന്ത്നാഗ്, പുൽവാമ ജില്ലകളിൽ നിന്നുള്ള രണ്ട് പ്രാദേശിക തീവ്രവാദികൾക്കൊപ്പം ഈ മൂന്ന് പേരും അടുത്തിടെ കശ്മീരിലേക്ക് കടന്നതായാണ് ലഭിക്കുന്ന വിവരം.
സ്ത്രീകളെയും കുട്ടികളെയും ആക്രമണത്തിൽ നിന്നും ഒഴിവാക്കിയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു. ആക്രമണകാരികൾ അവരുടെ ലക്ഷ്യങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തതായാണ് ദൃക്‌സാക്ഷികളുടെ മൊഴികളിൽ നിന്നും വ്യക്തമാകുന്നത്. ആക്രമണത്തിനായുള്ള ആസൂത്രണം, അതിനായി അക്രമകാരികൾ നടത്തിയ പരിശീലനം തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ വെളിവാകുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു.
കശ്മീരി മുസ്ലീമായ സയ്യിദ് ആദിൽ ഹുസൈൻ എന്ന വ്യക്തിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഏക മുസ്ലീം. വിനോദസഞ്ചാരികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആദിൽ ഹുസൈന് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ളവരാണ് ഇവരെന്നും സ്ഥിരീകരിച്ചിരുന്നു.
ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് ഭീകരരും ആയുധങ്ങളുമേന്തി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. പഹൽഗാം ഭീകരാക്രമണത്തില്‍ ഇവര്‍ നാലുപേര്‍ക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
Content Summary: pahalgam terrorist attack; Two terrorists targeted non-Muslims
Leave a Comment