June 18, 2025 |
Share on

പഹല്‍ഗാം; ഭീകരര്‍ ചോരവീഴ്ത്തിയത് കശ്മീര്‍ ടൂറിസത്തിന്റെ ഹൃദയത്തില്‍

നൂറു കണക്കിന് കശ്മീരികളുടെ ഉപജീവനം കൂടിയാണ് ഭീകരര്‍ ഇല്ലാതാക്കുന്നത്‌

കശ്മീര്‍ താഴ്‌വരയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യമായിരുന്നു പഹല്‍ഗാം. താഴ്‌വരുടെ വിനോദസഞ്ചാരത്തിന്റെ ഹൃദയഭൂമി. 2018 മുതല്‍ ഇങ്ങോട്ടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് ക്രമാനുഗതമായി ഉയരുകയാണ്. ആ നാട് സാധാരണമായൊരു ജീവിതത്തിലേക്ക് കടന്നിരിക്കുന്നുവെന്നതിന് ലോകത്തിനു മുന്നില്‍ അടയാളമായി നിന്നതും പഹല്‍ഗാം ആയിരുന്നു. അവിടെയാണ് ഭീകരര്‍ ചോരവീഴ്ത്തിയത്.

താഴ്‌വരയിലെത്തുന്ന എല്ലാ സഞ്ചാരികളുടെയും ലിസ്റ്റില്‍ ഉള്ള സ്ഥലമാണ് തെക്കന്‍ കശ്മീരിലെ പഹല്‍ഗാം. വസന്തകാലത്താണ് പഹല്‍ഗാം സഞ്ചാരികളുടെ സ്വര്‍ഗമാകുന്നത്. മനോഹരമായ പുല്‍മേടുകളും, മുഗള്‍ ഉദ്യാനങ്ങളും ആയിരങ്ങളെ ആകര്‍ഷിക്കുന്ന കാഴ്ച്ചകളാണ്. മേഖല സജീവമാകുന്ന സീസണ്‍ തന്നെ ഭീകരര്‍ അവരുടെ ക്രൂരപദ്ധതിക്കായി തിരഞ്ഞെടുക്കുകയും ചെയ്തു. പഹല്‍ഗാം സഞ്ചാരികളുടെ ലക്ഷ്യസ്ഥാനമാകുന്നതിന് പല കാരണങ്ങള്‍ വേറെയുമുണ്ട്. അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തെരഞ്ഞെടുക്കുന്ന രണ്ട് വഴികളില്‍ ഒന്ന് പഹല്‍ഗാമാണ്. പ്രശസ്തമായ ട്രെക്കിംഗ് പാതയായ ബൈസരന്‍ പൈന്‍ വനവും ഇവിടെയാണെന്നതും പഹല്‍ഗാമിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു.

ഒരുകാലത്ത് പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന്റെ ഭീതി പൊതിഞ്ഞിരുന്ന മേഖലയായിരുന്നു. അവിടെ നിന്നാണ് പതിയെ എങ്കിലും പഹല്‍ഗാം സന്തോഷത്തിന്റെ ഇടമായി തീരുന്നത്. എന്നാല്‍ ഇപ്പോള്‍ നടന്ന ഭീകരാക്രമണം എല്ലാം തകര്‍ക്കുമെന്നാണ് ടൂറിസം മേഖലയിലുള്ളവര്‍ നിരാശയോടെ പറയുന്നത്. വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്ന് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് കശ്മീര്‍ പ്രസിഡന്റ് റൗഫ് ട്രാമ്പൂ എന്നയാള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. സമാധാനപരമായ അന്തരീക്ഷത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മേഖലയിലെ വിനോദസഞ്ചാരം ക്രമാനുഗതമായ പുരോഗതി കൈവരിച്ചിരുന്നുവെന്ന് റൗഫ് പറയുന്നു. എന്നാല്‍ ചൊവ്വാഴ്ച്ചത്തെ ഭീകരാക്രമണം എല്ലാം തകര്‍ത്തു. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നവര്‍ അവരുടെ ടൂര്‍ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്യുന്നതിനായി വിളിച്ചു കൊണ്ടിരിക്കുകയാണെന്ന് റൗഫ് നിരാശയോടെ പറയുന്നു. ശിക്കാരി ബോട്ട് ഓടിക്കുന്നവര്‍ മുതല്‍ ഹോട്ടല്‍ ജീവനക്കാര്‍ വരെയുള്ള ആയിരക്കണക്കിന് പേരുടെ ജീവിതോപാധി കൂടിയാണ് ഭീകരര്‍ ഇല്ലാതാക്കുന്നതെന്നും അയാള്‍ പറയുന്നു.

ജമ്മു കശ്മീരിനെ വിനോദസഞ്ചാര സൗഹൃദ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. 2023 മേയില്‍ നടന്ന മൂന്നാമത് ജി 20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് ആതിഥേയത്വം വഹിക്കാന്‍ ശ്രീനഗറിനെയാണ് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഏകദേശം 60 വിദേശ പ്രതിനിധികളെങ്കിലും ഈ മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ പോലും ജമ്മു-കശ്മീര്‍ സാധാരണനിലയിലേക്ക് എത്തുന്നുവെന്ന് ലോകത്തെ മനസിലാക്കിക്കാന്‍ ആ സംഗമത്തിന് കഴിഞ്ഞിരുന്നു.

ജമ്മു കശ്മീര്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു വരികയായിരുന്നു. കൂടുതല്‍ ഔദ്യോഗിക പരിപാടികള്‍ക്ക് ജമ്മു കശ്മീര്‍ വേദിയാക്കുന്നതും, സിനിമ ചിത്രീകരണം പ്രോത്സാഹിപ്പിക്കുന്നതുമെല്ലാം സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമാണ്. വിനോദ സഞ്ചാരികള്‍ ജമ്മു കശ്മീരിന്റെ യഥാര്‍ത്ഥ സമാധാന പ്രചാരകരാണെന്നായിരുന്നു ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കഴിഞ്ഞ ദിവസം പറഞ്ഞത്. 2024 ല്‍ 2.3 കോടി വിനോദ സഞ്ചാരികള്‍ ജമ്മു കശ്മീരില്‍ എത്തിയിരുന്നുവെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള അറിയിച്ചത്. 2018 ല്‍(ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പുള്ള സമയം) ജമ്മു-കശ്മീരില്‍ എത്തിയത് 1.6 കോടി സഞ്ചാരികളായിരുന്നുവെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. ഇതില്‍ 8.3 ലക്ഷം പേര്‍ കശ്മീര്‍ താഴ്‌വരയില്‍ എത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം വലിയ തിരിച്ചടിയുണ്ടായി. ലോക്ഡൗണും ആശയവിനിമയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും 2019 ല്‍ സഞ്ചാരികളുടെ എണ്ണം വളരെയേറെ ചുരുക്കി. ആ വര്‍ഷം കശ്മീരില്‍ എത്തിയത് വെറും 5.65 ലക്ഷം പേരാണ്. 2020 കോവിഡ് മഹാമാരി കാലമായിരുന്നതിനാല്‍ സംഖ്യ വീണ്ടും കുറഞ്ഞു. 41,000 പേര്‍ മാത്രമായിരുന്നു അത്തവണ കശ്മീരിലെത്തിയത്. കോവിഡാനന്തര കാലം കശ്മീരിലെ വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വുണ്ടാക്കി. 2023 ല്‍ റെക്കോര്‍ഡ് നമ്പര്‍ ഉണ്ടായി. 2 കോടി സഞ്ചാരികളാണെത്തിയത്. ഇതില്‍ 27 ലക്ഷം പേര്‍ താഴ്‌വരയില്‍ മാത്രം എത്തിയവരാണ്.  Pahalgam; Terrorists targeted the heart of Kashmir tourism

C0ntent Summary; Pahalgam; Terrorists targeted the heart of kashmir tourism

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×