കശ്മീരിൽ അതിർത്തി മേഖലയിൽ പാകിസ്ഥാൻ്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ, വിദ്യാർത്ഥികളും ഉൾപ്പെടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ക്രൈസ്റ്റ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ തങ്ങളുടെ രണ്ട് കുട്ടികൾ അവരുടെ വീടിനുള്ളിൽ കൊല്ലപ്പെട്ടതായി പൂഞ്ചിലെ കത്തോലിക്ക സഭയിലെ കാർമലൈറ്റ് മേരി ഇമ്മാകുലേറ്റ് (സിഎംഐ) അംഗമായ ഫാദർ ഷിജോ കാഞ്ഞിരിത്തിങ്കൽ പറഞ്ഞതായി യുസിഎ ന്യൂസ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട വിദ്യാർത്ഥികൾ ക്രൈസ്റ്റ് സ്കൂളിൽ പഠിച്ചിരുന്നവരായിരുന്നുവെന്നും സ്കൂളിനോട് ചേർന്നാണ് അവരുടെ വീടുകൾ ഉണ്ടായിരുന്നതെന്നും ഫാദർ ഷിജോ കാഞ്ഞിരിത്തിങ്കൽ പറഞ്ഞു. സർക്കാരിൽ നിന്ന് തങ്ങൾക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിർദേശം ലഭിച്ചതിനെ തുടർന്ന് സ്കൂളിലെ വൈദികർ ബങ്കറിനെ ആശ്രയിച്ചുവെന്നും ഫാദർ ഷിജോ കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഇന്ത്യ – പാക് ആക്രമണങ്ങളിൽ ഇരുവശത്തും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുകയും മതസ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇത് കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയാണ് ഉയർത്തുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. പാക് ആക്രമണത്തിൽ ജമ്മു കശ്മീരിലെ കാർമൽ സ്കൂളിന് നേരെയാണ് ഒരു ഷെൽ പതിച്ചത്. എന്നാൽ അതിൽ ഒരു വാട്ടർ ടാങ്കിന് കേടുപാടുകൾ സംഭവിച്ചെങ്കിലും പൗരന്മാർക്ക് പരിക്കുകൾ ഉണ്ടായിരുന്നില്ല. പിന്നീട് തുടർന്നും ഷെല്ലാക്രമണം ഉണ്ടാവുകയായിരുന്നു. ആക്രമണം രൂക്ഷമായതോടെ കോൺഗ്രിഗേഷൻ ഓഫ് ദി മദർ ഓഫ് കാർമൽ (സിഎംസി) നടത്തുന്ന സ്കൂൾ ഉൾപ്പെടെ മേഖലയിലെ മറ്റ് സ്കൂളുകളും അടച്ചുപൂട്ടി.
പ്രദേശവാസികളിൽ ഭയവും ഉത്കണ്ഠയും വർദ്ധിച്ചുവരുന്നതായും നിരവധി പേർ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്യുന്നതായും സഭാ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ദുരിതബാധിതരെ പിന്തുണയ്ക്കുന്നതിനായി കത്തോലിക്കാ പുരോഹിതന്മാരും കന്യാസ്ത്രീകളും പ്രദേശത്ത് തന്നെ തുടരുന്നതായും സഭാ നേതാക്കൾ അറിയിച്ചു.
സംഘർഷത്തെ തുടർന്ന് പാകിസ്ഥാനിൽ സ്കൂളുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം അടച്ചിരിക്കുകയാണ്. പാക് – പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിലുള്ള സുബാഹാനുള്ള മസ്ജിദിന് നേരെയുണ്ടായ ഇന്ത്യയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. നിരോധിത സംഘടനയായ ജെയ്ഷെ മുഹമ്മദിൻ്റെ പ്രധാന കേന്ദ്രമായിരുന്ന ഇസ്ലാമിക് സ്കൂളിന് സമീപമായിരുന്നു മസ്ജിദ് സ്ഥിതി ചെയ്തിരുന്നത്. മസ്ജിദിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് സെന്റ് ഡൊമിനിക് കത്തോലിക്കാ പള്ളി. സുബാഹാനുള്ള മസ്ജിദിന് സമീപം ആക്രമണമുണ്ടായപ്പോൾ കത്തോലിക്കാ പുരോഹിതന്മാർ സെന്റ് ഡൊമിനിക് കത്തോലിക്കാ പള്ളിയിൽ കഴിയുകയായിരുന്നു.
ഇരുരാജ്യങ്ങളും ആക്രമണം അവസാനിപ്പിക്കണമെന്ന് പാകിസ്ഥാനിലെ ക്രൈസ്തവ നേതൃത്വം അറിയിച്ചതായി യുസിഎ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇനിയും ആക്രമണം തുടർന്നാൽ സാധാരണക്കാരായ ജനങ്ങളുടെ ജീവൻ നഷ്ടമാകുമെന്നും പാകിസ്ഥാൻ ക്രൈസ്തവ നേതൃത്വം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് കേന്ദ്രങ്ങളിലായി ഇന്ത്യ 24 മിസൈല്‍ ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണത്തിൽ ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ മധ്യനിര, മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രിൽ 22 ന് പാകിസ്ഥാൻ ഭീകരർ നടത്തിയ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്.
Content Summary: pak attack on india; Two Catholic school students killed
This post was last modified on May 8, 2025 2:44 pm
Leave a Comment