ഇന്ത്യന്‍ സൈനികശേഷി തകര്‍ക്കും; ആണവ ഭീഷണിയുമായി പാകിസ്ഥാന്‍

ഭാവിയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദി ഇന്ത്യ

‘ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ യുദ്ധമേഖലയുടെ പ്രതിരോധശേഷി തകര്‍ക്കാന്‍ പാകിസ്ഥാന്റെ സൈനിക ശേഷിക്ക് സാധിക്കുമെന്ന് പാകിസ്ഥാന സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറിന്റെ വെല്ലുവിളി.

കാകുളിലെ പാകിസ്ഥാന്‍ മിലിട്ടറി അക്കാദമിയില്‍ (PMA) നടത്തിയ ഉന്നതതല പ്രസംഗത്തിനിടയിലാണ് ആസിം മുനീറിന്റെ പ്രസ്താവന. അതിര്‍ത്തിക്കടുത്തുള്ള അഫ്ഗാനിലെ സാധാരണക്കാര്‍ക്കെതിരായ പാക് വ്യോമാക്രമണങ്ങള്‍ക്കിടെ, ഇസ്ലാമാബാദിന്റെ ഈ ആണവായുധ ഭീഷണി ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

”അണുവായുധങ്ങളുടെ ചുറ്റുപാടില്‍ യുദ്ധത്തിന് സ്ഥാനമില്ല’ എങ്കിലും, ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഒരു ‘ചെറിയ പ്രകോപനം’ പോലും പാകിസ്ഥാന്റെ ‘നിര്‍ണായകവും അതിരുകടന്നതുമായ’ പ്രതികരണത്തിന് വഴി തുറക്കും” മിലിട്ടറി അക്കാദമിയില്‍ നിന്ന് പുറത്തിറങ്ങിയ പുതിയ ബാച്ചിനെ അഭിസംബോധന ചെയ്ത് ആസിം മുനീര്‍ ഊന്നിപ്പറഞ്ഞു.

‘ശത്രുതയുടെ ഒരു പുതിയൊരു അധ്യായം തുറക്കുകയാണെങ്കില്‍, പ്രകോപനം സൃഷ്ടിക്കുന്നവര്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും പാകിസ്ഥാന്റെ പ്രതികരണം,’ അദ്ദേഹം പറഞ്ഞു. ‘പോരാട്ട, ആശയവിനിമയ മേഖലകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, ഞങ്ങളുടെ ആയുധ സംവിധാനങ്ങളുടെ പ്രഹരശേഷിയും മാരകത്വവും ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയെ തകര്‍ക്കും.’

‘വളരെ വേദനാജനകമായ സൈനിക, സാമ്പത്തിക നഷ്ടങ്ങള്‍’ ഉണ്ടാകുമെന്നും മുനീര്‍ മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏത് സംഘര്‍ഷത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യയില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ഉപകരണമായി ഇന്ത്യ തീവ്രവാദത്തെ ഉപയോഗിക്കുന്നു എന്നും മുനീര്‍ ആരോപിച്ചു. തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ (TTP) നെ പേരെടുത്ത് പറയാതെ തന്നെ, അഫ്ഗാന്‍ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ‘ചാവേറുകളെയും’ നിശേഷം തുടച്ചുമാറ്റുമെന്നും ആസിം മുനീര്‍ മുന്നറിയിപ്പ് നല്‍കി.

മുനീറിന്റെ ഈ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ വന്നിരിക്കുന്നത്, ഡ്യൂറന്റ് ലൈനിന് കുറുകെ അഫ്ഗാനിസ്ഥാനിലേക്ക് വ്യോമാക്രമണം നടത്തിയതിന് പാകിസ്ഥാന്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ്. ഈ ആക്രമണത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളായ സിബ്ഗത്തുള്ള, ഹാറൂണ്‍, കബീര്‍ ആഘ എന്നിവരടക്കം നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
അഫ്ഗാന്‍ താലിബാന്‍ അതിര്‍ത്തി കടന്ന് നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നാണ് പാകിസ്ഥാന്‍ സൈനിക നടപടിക്ക് നിര്‍ബന്ധിതരായത്.

പാക് നയതന്ത്രത്തിലെ വൈരുദ്ധ്യം

ആസിം മുനീര്‍ ഇന്ത്യയെ കുറ്റപ്പെടുത്തുമ്പോള്‍, വര്‍ഷങ്ങളുടെ സംഘര്‍ഷത്തില്‍ നിന്നും മാനുഷിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന അഫ്ഗാനിസ്ഥാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിച്ചതിന് പാകിസ്ഥാന്‍ സൈന്യം കടുത്ത വിമര്‍ശനം നേരിടുകയാണ്.

മുനീര്‍ പ്രകോപനപരമായ ഭാഷ ഉപയോഗിക്കുന്നത് ഇത് ആദ്യമായല്ല. ഈ വര്‍ഷം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ്, കശ്മീരിനെ പാകിസ്ഥാന്റെ ‘ജീവനാഡി’ എന്നായിരുന്നു മുനീര്‍ വിശേഷിപ്പിച്ചത്. ഇത് മേഖലയില്‍ കൂടുതല്‍ ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു.

സംഘര്‍ഷങ്ങളിലൂടെ പാകിസ്ഥാന്‍ മുന്നോട്ട് പോകുമ്പോള്‍, പാക് സൈനിക മേധാവിയുടെ ഈ പുതിയ പ്രസ്താവന ദക്ഷിണേഷ്യയിലെ ആണവ മുനമ്പിലെ സാഹസികതയുടെ അപകടസാധ്യതകളെക്കുറിച്ച് വീണ്ടും കടുത്ത ആശങ്കകളാണ് ഉയര്‍ത്തുന്നത്.

Content Summary: Pakistan threatens to shatter India’s military capability

This post was last modified on October 20, 2025 6:17 am

അഴിമുഖം ഡെസ്‌ക്:
Leave a Comment