ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ പതിച്ച പാക് മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ, പാക്കിസ്ഥാൻ തൊടുത്തുവിട്ട മിസൈലിന്റെ ഭാഗങ്ങളാണ് തടാകത്തിലെ പതിവ് ശുചീകരണ പ്രവർത്തനങ്ങൾക്കിടെ കഴിഞ്ഞ ഞായറാഴ്ച കണ്ടെടുത്തത്. ശ്രീനഗറിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ദാൽ തടാകം. ഈ മിസൈൽ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു.
മിസൈലിന്റെ പ്രവർത്തനക്ഷമമായ ഭാഗങ്ങൾ നിർവീര്യമാക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്ന് ജമ്മു കശ്മീർ പോലീസ് എൻഡിടിവിയോട് സ്ഥിരീകരിച്ചു. മിസൈലിന്റെ ഒരു ഭാഗം വ്യോമസേനയ്ക്ക് കൈമാറിയിട്ടുണ്ട്.
മേയ് മാസത്തിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മിസൈൽ പോലുള്ള ഒരു വസ്തു ദാൽ തടാകത്തിൽ പതിച്ചത്. മേയ് 10-ന് രാവിലെ വലിയ സ്ഫോടന ശബ്ദങ്ങൾ നഗരത്തെ നടുക്കിയിരുന്നു. ഈ വസ്തു തടാകത്തിൽ പതിച്ചപ്പോൾ പുക ഉയരുന്നതായി കണ്ടിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
പാഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി, ഇന്ത്യ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷൻ സിന്ദൂർ. മേയ് 6-നും 7-നും ഇടയിലുള്ള രാത്രിയിൽ ഇന്ത്യൻ സൈന്യവും വ്യോമസേനയും സംയുക്തമായി നടത്തിയ ഈ ഓപ്പറേഷനിൽ, 24 മിസൈലുകൾ 9 ഭീകര ക്യാമ്പുകളിൽ പതിക്കുകയും 70 ഭീകരരെ വധിക്കുകയും ചെയ്തു. പുലർച്ചെ 1:05 മുതൽ 1:30 വരെ, വെറും 25 മിനിറ്റിനുള്ളിലാണ് ഈ ആക്രമണങ്ങൾ നടന്നത്.
content summary: Pakistani Missile Debris Found in Kashmir Lake During Operation Sindoor
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.