ഗാസയില്‍ മരിച്ചു വീണ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍; ആരാണ് സാലേ അല്‍ജഫറാവി?

ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത് ജനങ്ങളെ അറിയിക്കുന്ന സാലേയുടെ വീഡിയോ വൈറല്‍ ആയിരുന്നു

Palestinian journalist Saleh Aljafarawi KIlled in Gaza

ഗാസയില്‍ നിന്നുള്ള സമാധാന വാര്‍ത്തകള്‍ക്കിടയില്‍ വന്ന ദുഖകരമായ മറ്റൊരു വാര്‍ത്തയാണ് മാധ്യമ പ്രവര്‍ത്തകന്‍ സാലേ അല്‍ജഫറാവിയുടെ മരണ വാര്‍ത്ത. രണ്ടു വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിച്ച് ഹമാസും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് ഗാസ സിറ്റിയില്‍ നടന്ന ഏറ്റുമുട്ടലില്‍ പലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ സാലേ കൊല്ലപ്പെട്ടത്.

ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന കാര്യം ജനങ്ങളെ അറിയിക്കുന്ന സാലേയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. പലസ്തീനികള്‍ അദ്ദേഹത്തെ തോളിലേറ്റിയാണ് അവരുടെ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നത്. ജനങ്ങളുടെ ആരവങ്ങള്‍ക്കിടയിലാണ് സാലേ സമാധാനം കടന്നു വരുന്നതിന്റെ വിവരങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ വീഡിയോ പുറത്തു വന്നതിന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഗാസയുടെ ഭാവിയെന്താണെന്ന് അറിയാതെ, അതിനെയോര്‍ത്ത് എന്നും ആകുലപ്പെട്ടിരുന്ന ആ ചെറുപ്പക്കാരന്‍ ഇല്ലാതെയായി.

ഇസ്രയേല്‍ പിന്തുണയുള്ള ഗോത്രസംഘമായ ദോഗ്മുഷ് ആണ് സാലേയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഗാസ നഗരത്തിന് തെക്ക് ഭാഗത്തുള്ള അല്‍സാബ്ര പ്രദേശത്ത് വച്ചാണ് സാലേ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തില്‍ ഗാസയിലുണ്ടായിരിക്കുന്ന മനുഷ്യ നഷ്ടങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞതിലൂടെ സോഷ്യല്‍ മീഡിയ വഴി ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ മാധ്യമപ്രവര്‍ത്തകനായിരുന്നു 28 കാരനായ സാലേ. അല്‍സാബ്രയിലെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലായിരുന്നു സാലേ കൊല്ലപ്പെടുന്നത്.

ഗാസയിലുള്ള ഗോത്ര സംഘമായ ദോഗ്മുഷ് ഇസ്രയേല്‍ അധിനിവേശവുമായി ബന്ധമുള്ള സായുധ സംഘമായാണ് ഗോഗ്മുഷിനെ പറയുന്നത്. ഞായറാഴ്ച്ച ദോഗ്മുഷ് സംഘവും ഹമാസും തമ്മില്‍ ഈ പ്രദേശത്ത് പോരാട്ടം നടന്നിരുന്നുവെന്നു പറയുന്നു. ഇതിനിടയിലാണ് മാധ്യമപ്രവര്‍ത്തകനായ സാലേയെ മനപൂര്‍വം ലക്ഷ്യമിട്ടത്. ഏഴ് തവണ സാലേയ്ക്ക് നേരെ ദോഗ്മുഷ് ആയുധ സംഘം വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച മുതല്‍ സാലേയെ കാണാതായിരുന്നു. പിന്നീടാണ് അദ്ദേഹം കൊല്ലപ്പെട്ടതായി അറിയുന്നത്.

ഗാസ യുദ്ധത്തിന്റെ കെടുതികള്‍ ലോകത്തെ അറിയിച്ച യുവ പലസ്തീന്‍ മാധ്യമപ്രവര്‍ത്തകരില്‍ പ്രധാനിയായിരുന്നു സാലേ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയിലും സാലേ പ്രശസ്തനായിരുന്നു.

”ഈ 467 ദിവസങ്ങളില്‍ ഞാന്‍ കടന്നുപോയ എല്ലാ രംഗങ്ങളും സാഹചര്യങ്ങളും എന്റെ ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല’ എന്നായിരുന്നു ഈ ജനുവരിയില്‍, അല്‍ജസീറയുമായി സംസാരിക്കവെ സാലേ അല്‍ജഫറാവി യുദ്ധം തന്നെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നു വ്യക്തമാക്കിയത്.

ഏതു നിമിഷവും മരണം തന്നെ തേടി വരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അക്കാര്യം സാലേ പറയുന്നുമുണ്ട്. ‘ഞങ്ങള്‍ നേരിട്ട എല്ലാ സാഹചര്യങ്ങളും ഒരിക്കലും മറക്കാന്‍ കഴിയില്ല, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാതെ ഞാന്‍ ജീവിതം നയിക്കുകയാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഒടുവില്‍ അത് സത്യമാവുകയും ചെയ്തു.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ ഗാസയില്‍ തുടങ്ങിയ യുദ്ധത്തില്‍ ഇതുവരെ 250-ല്‍ അധികം മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരുടെ ശവപറമ്പായി മാറിയിരുന്നു ഗാസ. സമാധാനം പുലര്‍ന്നെന്ന് ലോകം കരുതിയിരിക്കുമ്പോഴാണ് വീണ്ടുമൊരു മാധ്യമപ്രവര്‍ത്തകന്‍ അവിടെ ‘ ലക്ഷ്യം’ ആയി മാറിയത്.

This post was last modified on October 13, 2025 11:40 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment