June 13, 2026 |

പാമ്പൻ പാലം പൊളിച്ച് നീക്കുന്നു

പാക് കടലിടുക്കിലെ കരുത്ത് ഇനിയോർമ്മ

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, രണ്ടുകിലോമീറ്ററിലേറെ നീളമുള്ള പാമ്പൻ പാലം ഓർമയിലേക്ക്. ഏതാണ്ട് ഒരു നൂറ്റാണ്ടോളം ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽ പാലം എന്ന ബഹുമതി പാമ്പൻ പാലത്തിനായിരുന്നു. പാക് കടലിടുക്കിലെ ഇന്ത്യയുടെ എഞ്ചിനീയറിങ് വൈദഗ്ധ്യം കൂടിയാണ് ഈ റെയിൽവേ പാലം. പുതിയ പാലത്തിന്റെ പണിതീർത്ത് ഉദ്ഘാടനത്തിനൊരുങ്ങി നിൽക്കുന്ന സാഹചര്യത്തിൽ പഴയ പാലം പൊളിക്കുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ ഉടൻ പുറത്തിറക്കും. കപ്പലുകളും മത്സ്യബന്ധനബോട്ടുകളും പോകുന്ന പാതയിൽ, പഴയ പാലത്തിന്റെ സംരക്ഷണം പ്രയാസമാണെന്നതാണ് കാരണം.

ദക്ഷിണേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ധനുഷ്‌കോടിയും രാമേശ്വരവും. 1914ലാണ് മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ചുകൊണ്ട് കടൽപാലം വരുന്നത്. കാലപ്പഴക്കം മൂലം അറ്റകുറ്റ പണികൾ അസാധ്യമായതോടെ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം 2022ൽ നിർത്തിയിരുന്നു. ഇതിന് ശേഷമാണ് പഴയ പാമ്പൻ പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെ പണി ആരംഭിച്ചത്.

വാണിജ്യപരമായി പാമ്പൻ ദ്വീപിനുണ്ടായിരുന്ന പ്രാധാന്യം കണക്കിലെടുത്ത് 1914ൽ ബ്രിട്ടീഷുകാരാണ് പാമ്പൻ പാലം നിർമിച്ചത്. ദ്വീപിലെ തെക്കേ അറ്റമായ ധനുഷ്‌ക്കോടിയിൽനിന്ന് 16 കിലോമീറ്ററാണ് ശ്രീലങ്കയിലേക്ക്. ധനുഷ്‌കോടി വരെ ട്രെയിനിലും അവിടെനിന്ന് കപ്പലിലും ശ്രീലങ്കൻ തീരത്ത് വേഗമെത്താമായിരുന്നു. മറ്റ് യാത്രാമാർഗങ്ങൾ പുരോഗമിച്ചപ്പോൾ പാതയുടെ പ്രാധാന്യം കുറഞ്ഞു. ട്രെയിൻ സർവീസ് രാമേശ്വരംവരെയായി ഒതുങ്ങി. 2024 ഒക്ടോബറിലാണ് പാമ്പനിലെ പുതിയ പാലം പൂർത്തിയായത്. റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പഴയപാലത്തിന് സമാന്തരമായി പാലം നിർമിച്ചത്. നീളം 2.10 കിലോമീറ്റർ. ബോട്ടുകൾക്ക് വഴിയൊരുക്കാൻ പാലത്തിന്റെ മധ്യഭാഗം ഉയർത്താനും താഴ്ത്താനും കഴിയും. പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലാണിത്. തൈപ്പൂയ ആഘോഷദിവസമായ ഫെബ്രുവരി 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം ഉദ്ഘാടനം ചെയ്‌തേക്കും. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൈപ്പൂയ ദിനത്തിൽ ഉദ്ഘാടനമുണ്ടായേക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

1964 ഡിസംബർ 22 നുണ്ടായ ചുഴലിക്കാറ്റ് ധനുഷ്‌കോടിയെ വീണ്ടെടുക്കാനാവാത്തവിധം കശക്കിയെറിഞ്ഞുകളഞ്ഞു. അന്ന് 115 യാത്രികരുള്ള ഒരു ട്രെയിൻ പോലും കടലെടുത്തു, പട്ടണവും റോഡും റെയിൽവേപ്പാളവും നശിച്ചു. പാമ്പൻ പാലത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും കപ്പലുകൾ വരുമ്പോൾ തുറക്കുന്ന ഭാഗത്തിന് തകരാറുണ്ടായില്ല. പ്രതീക്ഷിച്ചതിലും വേഗത്തിൽ 46 ദിവസം കൊണ്ട് പാമ്പൻ പാലത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്താണ് എഞ്ചിനീയർ ഇ. ശ്രീധരൻ ശ്രദ്ധേയനാവുന്നത്.

1988 ൽ റെയിൽവേ ട്രാക്കിനു സമാന്തരമായി റോഡു വഴിയുള്ള പാലം വരുന്നതു വരെ രാമേശ്വരത്തുള്ളവർക്ക് വൻകരയുമായുള്ള ഏകബന്ധം ഈ പാമ്പൻ പാലമായിരുന്നു. ഇന്നും പാമ്പൻ പാലമെന്ന എൻജിനീയറിങ് വിസ്മയം രാമേശ്വരത്തും ധനുഷ്‌കോടിയിലും എത്തുന്നവരെ ആകർഷിക്കുന്നു. പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം 2019 നവംബറിൽ പ്രഖ്യാപിച്ചപ്പോൾ, 2022 മാർച്ചിൽ പൂർത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ വരവ് പാലത്തിന്റെ നിർമാണം വൈകിപ്പിച്ചു.

രാമേശ്വരം തീർഥാടകർക്കും ധനുഷ്‌കോടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതായിരിക്കും പുതിയ പാമ്പൻ പാലം. പഴയ പാലത്തേക്കാൾ മൂന്നു മീറ്റർ ഉയരം കൂടുതലുണ്ട് പുതിയ പാമ്പൻ പാലത്തിന്റെ തൂണുകൾക്ക്. രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ് പാമ്പൻ പാലമെന്ന് റെയിൽവേ ബോർഡ് ചെയർപഴ്സൻ അറിയിച്ചിട്ടുണ്ട്.

ട്രെയിൻ നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് വെർട്ടിക്കൽ ലിഫ്റ്റ് സംവിധാനം പ്രവർത്തിക്കുക. ബോട്ടുകളും കപ്പലുകളും കടന്നു പോകുമ്പോൾ പാലം കുത്തനെ ഉയർത്തുകയും ട്രെയിൻ പോവേണ്ട സമയത്ത് താഴ്ത്തുകയും ചെയ്യും. പാമ്പൻ പാലത്തിന്റെ നടുവിലായുള്ള 72.5 മീറ്റർ ഭാഗമാണ് ഇങ്ങനെ ഉയർത്തുക. 22 മീറ്റർ വരെ ഉയരമുള്ള കപ്പലുകൾക്ക് പാലത്തിനടിയിലൂടെ കടന്നു പോവാനാവും. 18.3 മീറ്റർ അകലത്തിലുള്ള 100 തൂണുകളും നടുവിലായി 63 മീറ്ററുള്ള നാവിഗേഷൻ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. പുതിയ പാമ്പൻ പാലത്തിന്റെ പണി പൂർത്തിയാവുന്നതോടെ പാമ്പൻ ദ്വീപിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പവും സുരക്ഷിതവുമാവും.

content summary; Pampan Palam will be demolished soon

Leave a Reply

Your email address will not be published. Required fields are marked *

×