June 04, 2026 |
Share on

‘പറയുന്നത് ശുദ്ധ അസംബന്ധം, പാരസെറ്റാമോൾ ഓട്ടിസത്തിന് കാരണമാകില്ല’

ട്രംപിന്റെ വാദങ്ങൾ തള്ളി മുൻ ഡബ്ല്യു. എച്ച്.ഒ ശാസ്ത്രജ്ഞ

പാരസെറ്റമോൾ സുരക്ഷിതമായ ഒരു മരുന്നാണ്, അതിന്റെ ഉപയോഗത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ശിശുരോഗ വിദഗ്ദ്ധയും മുൻ ലോകാരോഗ്യ സംഘടനയുടെ (WHO) ചീഫ് സയന്റിസ്റ്റുമായിരുന്ന ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

വേദനസംഹാരിയായ പാരസെറ്റമോൾ ഓട്ടിസത്തിന് കാരണമാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു ഡോ. സൗമ്യ സ്വാമിനാഥൻ. പാരസെറ്റമോൾ ഓട്ടിസത്തിന് കാരണമാകുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയപരമായ തെളിവുകളെക്കുറിച്ച് എനിക്ക് അറിവില്ലെന്ന് എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡോ. സൗമ്യ പറയുന്നു.

നിരവധി പഠനങ്ങൾ പാരസെറ്റമോളിന്റെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്ന് ഉപയോഗിക്കുകയെന്നും അവർ നിർദ്ദേശിച്ചു. വൈദ്യോപദേശത്തിനായി ഗൂഗിളിനെ ആശ്രയിക്കുന്നത് തെറ്റാണെന്നും അവർ മുന്നറിയിപ്പ് നൽകി.

ഏത് മരുന്നിന്റെയും ദീർഘകാല ഉപയോഗം ദോഷകരമാണ്. പാരസെറ്റമോൾ വൃക്കകൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടെന്ന് അറിയാമെങ്കിലും, ഡോക്ടറുടെ നിർദേശ പ്രകാരം ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ്. അതിന്റെ ഗുണങ്ങൾ അപകടസാധ്യതകളെക്കാൾ വലുതാണെന്നും ഡോ സൗമ്യ പറയുന്നു. പാരസെറ്റമോൾ ഏറ്റവും സുരക്ഷിതമായ മരുന്നുകളിൽ ഒന്നാണെന്നും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് (FIGO) അതിന്റെ ഉപയോഗം ശുപാർശ ചെയ്യുന്നുണ്ടെന്നും ശിശുരോഗ വിദഗ്ദ്ധ കൂട്ടിച്ചേർത്തു.
ഭയപ്പെടേണ്ട ആവശ്യമില്ല. ശാസ്ത്രീയപരമായ തെളിവുകളുടെ പിൻബലമില്ലാത്ത അസംബന്ധമായ അവകാശവാദങ്ങളാണ് അദ്ദേഹം പറയുന്നുതെന്നാണ് ഡോ സൗമ്യ വ്യക്തമാക്കുന്നത്.

ടൈലനോൾ എന്നത് അസെറ്റാമിനോഫെൻ എന്ന മരുന്നിന്റെ ബ്രാൻഡ് നാമമാണ്. ഇത് സാധാരണയായി ഉപയോഗിക്കുന്നതും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ലഭിക്കുന്നതുമായ വേദനസംഹാരിയാണ്. പനി, തലവേദന, നടുവേദന, ആർത്തവ വേദന എന്നിവ ഉൾപ്പെടെയുള്ള ചെറിയ വേദനകൾക്ക് ടൈലനോൾ സാധാരണയായി ഉപയോഗിക്കുന്നു. ഗർഭിണികൾ പാരസെറ്റമോൾ ഉപയോഗിക്കുന്നത് ഓട്ടിസം സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ട്രംപിന്റെ അവകാശ വാദം.

അസെറ്റാമിനോഫെൻ അടങ്ങുന്ന പാരസെറ്റാമോൾ കഴിക്കുന്നതും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ശാസ്ത്രീയ വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്. മെഡിക്കൽ, പൊതുജനാരോഗ്യ സംഘടനകളും ഈ വാദത്തോട് യോജിക്കുന്നു. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ടൈലനോൾ ഉപയോഗിക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ദ്ധരുമായി കൂടിയാലോചിക്കണമെന്ന നിർദേശവും നൽകുന്നുണ്ട്.

content summary: A former World Health Organization scientist has firmly rejected Donald Trump’s claims, calling the idea that paracetamol causes autism pure nonsense

 

Leave a Reply

Your email address will not be published. Required fields are marked *

×