July 10, 2026 |
Share on

ഞാന്‍ ഗുരുവായൂരപ്പനെ നേരില്‍ കണ്ടിട്ടുണ്ട്, അത് അബ്ദുള്‍ കലാമായിരുന്നു

അഴിമുഖം പ്രതിനിധി ഇതിനകം പലരോടായി പറഞ്ഞു കഴിഞ്ഞതാണെങ്കിലും പരമേശ്വരന്‍ നായര്‍ക്ക് മടുപ്പില്ല. എത്ര തവണവേണമെങ്കിലും ഇനിയുമിനിയും പറയാന്‍ വെമ്പുകയാണ് ആ മുഖം. അത്രമേല്‍ അദ്ദേഹം എപിജെ അബ്ദുള്‍ കലാം എന്ന മനുഷ്യനെ സ്‌നേഹിക്കുന്നു. തന്റെ ഏറ്റവും വലിയ ആരാധ്യദേവനായ സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്‍ തന്നെയാണ് കലാം എന്ന് വിശ്വസിക്കുന്നൊരാള്‍ക്ക് അദ്ദേഹത്തെ കുറിച്ച് എത്രകണ്ട് പറഞ്ഞാലാണ് മതിയാവുക. പ്രായാധിക്യത്തിന്റെ അവശതയുണ്ടെങ്കിലും തിരുവനന്തപുരത്ത് ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ ശ്രീ ഗുരുവായൂരപ്പന്‍ ഹോട്ടലിലെ തിരക്കുകള്‍ക്കിടയില്‍ സജീവമാണ് പരമേശ്വരന്‍ നായര്‍ ഇപ്പോഴും. കണ്ണും […]

അഴിമുഖം പ്രതിനിധി

ഇതിനകം പലരോടായി പറഞ്ഞു കഴിഞ്ഞതാണെങ്കിലും പരമേശ്വരന്‍ നായര്‍ക്ക് മടുപ്പില്ല. എത്ര തവണവേണമെങ്കിലും ഇനിയുമിനിയും പറയാന്‍ വെമ്പുകയാണ് ആ മുഖം. അത്രമേല്‍ അദ്ദേഹം എപിജെ അബ്ദുള്‍ കലാം എന്ന മനുഷ്യനെ സ്‌നേഹിക്കുന്നു. തന്റെ ഏറ്റവും വലിയ ആരാധ്യദേവനായ സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്‍ തന്നെയാണ് കലാം എന്ന് വിശ്വസിക്കുന്നൊരാള്‍ക്ക് അദ്ദേഹത്തെ കുറിച്ച് എത്രകണ്ട് പറഞ്ഞാലാണ് മതിയാവുക.

പ്രായാധിക്യത്തിന്റെ അവശതയുണ്ടെങ്കിലും തിരുവനന്തപുരത്ത് ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ ശ്രീ ഗുരുവായൂരപ്പന്‍ ഹോട്ടലിലെ തിരക്കുകള്‍ക്കിടയില്‍ സജീവമാണ് പരമേശ്വരന്‍ നായര്‍ ഇപ്പോഴും. കണ്ണും കാലും തെറ്റാതെ കാല്‍ നൂറ്റാണ്ടിലേറെയായി ഈ തിരക്കുകള്‍ക്കിടയില്‍ കഴിഞ്ഞയാള്‍ പക്ഷെ കസ്റ്റമറുടെ കയ്യില്‍ നിന്ന് പണം വാങ്ങാന്‍പോലും മറന്ന് ശൂന്യതയുടെ ആഴത്തിലേക്ക് വീണുപോയത് ഇന്നലെ രാത്രിയിലാണ്. അച്ഛന്റെ പ്രിയപ്പെട്ട കലാം സാര്‍ മരിച്ചു എന്ന വാര്‍ത്തയുമായി മകളുടെ ഫോണ്‍ വന്നതിനു പിന്നാലെ. മകള്‍ വിളിച്ചു പറഞ്ഞകാര്യം കേട്ട് ശരിക്കും ഞാന്‍ ഷോക്കായി പോയി. മുന്നില്‍ മൊത്തം ഇരുട്ടായതുപോലെ. കുറച്ചുസമയം എടുത്തു തിരിച്ചുവരാന്‍. എനിക്കദ്ദേഹം അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു, ഗുരുവായൂരപ്പനെപ്പോലെയല്ല, ഗുരുവായൂരപ്പന്‍ തന്നെയായിരുന്നു അദ്ദേഹമെനിക്ക്; പതിഞ്ഞ ശബ്ദത്തില്‍ പരമേശ്വരന്‍ നായര്‍ പറഞ്ഞു.

21 കൊല്ലക്കാലത്തെ ബന്ധമാണ് അബ്ദുള്‍ കലാമും പരമേശ്വരന്‍ നായരും തമ്മിലുള്ളത്. വാചാലമായിരുന്നില്ല അത്, ഇഴടയുപ്പം മനസുകള്‍ തമ്മിലായിരുന്നു. തിരക്കുപിടിച്ചു ഓടിക്കയറിവന്ന് രണ്ടപ്പവും ഒരു ഗ്ലാസ് പാലും കുടിച്ച് അതേ ധൃതിയില്‍ മടങ്ങിപ്പോയിരുന്ന ചെറുപ്പക്കാരനില്‍ ചില പ്രത്യേകതകളുണ്ടെന്ന് തോന്നിയിരുന്നെങ്കിലും അതു നേരിട്ട് ചോദിക്കാന്‍ പരമേശ്വരന്‍ നായര്‍ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീടൊരു ദിനം ഇന്ദിരാ ലോഡ്ജിലെ വാച്ച്മാനാണ് ഐ എസ് ആര്‍ ഒയിലെ വലിയ ശാസ്ത്രജ്ഞനെയാണ് താന്‍ ദിവസും കാണുന്നതെന്ന് പരമേശ്വരന്‍ നായരോട് പറഞ്ഞുകൊടുത്തത്. ലോഡ്ജിലെ ഒറ്റമുറിയില്‍ നിലത്തു വിരിച്ചിടുന്ന പായയില്‍ കുറെ പുസ്തകങ്ങളുമായാണ് ആ വാച്ച്മാന്‍ കലാമിനെ കണ്ടിട്ടുണ്ടായിരുന്നത്. ജോലിക്കു പോകാറാകുന്നതുവരെ വായനയാണ്. പിന്നെ പെട്ടെന്നുള്ളൊരു ഒരുക്കം. ആ തിരക്കിന്റെ ഇടയിലാണ് തന്റെ ഹോട്ടലിലേക്കുള്ള വരവെന്ന് പരമേശ്വരന്‍ നായര്‍ മനസ്സിലാക്കി. സമയം ഇല്ലാത്തതു കൊണ്ടാണ് നിന്നുള്ള ആഹാരം കഴിപ്പെന്നും പിടികിട്ടി. ആളെ കുറച്ചടുത്ത് മനസ്സിലായതോടെ ഇഷ്ടവും ബഹമാനവുമൊക്കെ കൂടി. തന്റെ ജോലി കഴിഞ്ഞ് എപ്പോഴാണ് താമസസ്ഥലത്തേക്ക് മടക്കമെന്ന് കലാമിനുപോലും നിശ്ചയമില്ലാതിരുന്നതുകൊണ്ട് രാത്രി ഭക്ഷണത്തെ കുറിച്ച് ഒരിക്കലും കലാം പരമേശ്വരന്‍ നായരോട് പറഞ്ഞിരുന്നില്ല. പക്ഷെ ഒരു പാത്രത്തില്‍ രണ്ടപ്പവും ഒരു ഗ്ലാസ് പാലുമായി പരമേശ്വരന്‍ നായര്‍ ആ സ്ഥിരോത്സാഹിയെ കാത്തിരുന്നു. പാതിരാത്രിവരെ ആ കാത്തിരിപ്പു തുടരും. ഹോട്ടലിലെ വെളിച്ചം കാണുമ്പോള്‍ കലാം അങ്ങോട്ടുവരും. ഭക്ഷണം ഉണ്ടെന്നു അറിയുമ്പോള്‍ ക്ഷമാപണത്തോടെ പറയും നിങ്ങള്‍ ഇനിയും എനിക്കുവേണ്ടി ഉറക്കമളയ്ക്കണ്ട, ഞാനിത് മുറിയില്‍ കൊണ്ടുപോയി കഴിച്ചോളം. പക്ഷെ പരമേശ്വരന്‍ നായര്‍ക്ക് അതിലൊട്ടും വിഷമമില്ലായിരുന്നു. അദ്ദേഹം കഴിച്ചു കഴിയും വരെ ഞാനവിടെ തന്നെയിരിക്കും. ചിലപ്പോഴോക്കെ ഒരു മണിയൊക്കെ കഴിഞ്ഞായിരിക്കും വീട്ടിലെത്തുക. വീട്ടിലപ്പോള്‍ വഴക്കു പറയും; ഒരു മനുഷ്യനുവേണ്ടി ഇത്രസമയം കാത്തിരിക്കുന്നതെന്തിനാണെന്നായിരുന്നു അവരുടെ ചോദ്യം. എനിക്കറിയാമിയരുന്നു അദ്ദേഹം വെറുമൊരു മനുഷ്യന്‍ മാത്രമല്ലെന്ന്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനുവേണ്ടി എന്തു ചെയ്യാനും സന്തോഷമെ ഉണ്ടായിരുന്നുള്ളൂ.

തിരക്കുകൊണ്ട് പലപ്പോഴും അദ്ദേഹത്തിന് മര്യാദയ്ക്ക് ആഹാരം കഴിക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാലും മിതമായ ആഹാരത്തിലൂടെ തന്റെ ആരോഗ്യം കാത്തുസൂക്ഷിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് സിദ്ധിച്ച അനായാസേനയുള്ള മരണംപോലും ഒരുപക്ഷേ അദ്ദേഹത്തിന്റെ ആഹാരക്രമത്തിന്റെകൂടെ ഭാഗമായിരിക്കണം; പപരമേശ്വരന്‍ നായര്‍ പറയുന്നു.

കൂടുതല്‍ ഉയരങ്ങളിലേക്ക് അദ്ദേഹം പോവുകയും പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റെടുക്കയും ചെയ്തശേഷവും പഴയകാലവും സൗഹൃദങ്ങളും മറക്കാന്‍ കലാം തയ്യാറായിരുന്നില്ല എന്നതിന് ഉത്തമ തെളിവാണ് പരമേശ്വരന്‍ നായര്‍. രാഷ്ട്രപതിയായ ശേഷം ഒരിക്കല്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ അദ്ദേഹം എന്നോട് രാജ്ഭവനിലേക്ക് വരാന്‍ പറഞ്ഞു. എന്നെ കാണാന്‍. കുടുംബമായി തന്നെ വരണമെന്നും പറഞ്ഞു. അവിടെ വച്ച് എന്റെ മക്കളെ കണ്ടപ്പോള്‍ അദ്ദേഹത്തിന് ആദ്യം മനസ്സിലായില്ല. മക്കളാണെന്നു പറഞ്ഞപ്പോള്‍ സന്തോഷം. പണ്ട് മേശപ്പുറത്തിരുത്തി കളിപ്പിച്ച കുട്ടികളാണോ ഇവരെന്ന് ചോദിച്ച് വളരെയെറെ സ്‌നേഹം അവരോടു പങ്കുവച്ചു. പിന്നീട് കൊച്ചിയില്‍ എത്തിയപ്പോഴും എന്നെ കാണണമെന്നു പറഞ്ഞു. അന്നും ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു. അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ച. അദ്ദേഹത്തിന് ഞാന്‍ എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് മനസ്സിലാക്കിയ മറ്റൊരു സന്ദര്‍ഭം കൂടിയുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കുറച്ചുപേര്‍ ഒരു ദിവസം എന്നെ കാണാന്‍ എത്തി. ഞാനുമായി യാതൊരുവിധ ബന്ധവുമില്ലായിരുന്ന അവര്‍ തേടിപ്പിടിച്ച് എന്റടുത്ത് വരാന്‍ ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ; അബ്ദുള്‍ കലാമിന്റെ നന്‍പന്‍ ആണ് ഞാനെന്ന കാരണം.

മരണം എല്ലാര്‍ക്കുമുന്നിലും എത്തുമെന്ന് അറിയാം. പക്ഷെ അദ്ദേഹത്തെ പെട്ടെന്നു വിളിച്ചുകൊണ്ടുപോയപ്പോള്‍ മരണം വളരെ അവശ്വസനീയമായ ഒന്നാണെന്ന് എനിക്കു തോന്നുന്നൂ. അദ്ദേഹത്തിന് മരണം സംഭവിക്കരുതായിരുന്നു. പക്ഷെ അദ്ദേഹം ഇനിയില്ല എന്നതാണ് അംഗീകരിക്കാന്‍ മടിക്കുന്ന സത്യം. എനിക്ക് പ്രായമായി. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. എങ്കിലും നാളെയൊന്ന് രാമേശ്വരത്ത് പോണമെന്നാണ് ആഗ്രഹം.അദ്ദേഹം വിളിക്കാതെ തന്നെ എനിക്ക് അദ്ദേഹത്തെ ഒന്നുപോയി കാണണം…

Tags:

Leave a Reply

Your email address will not be published. Required fields are marked *

×